മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.
“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിധിക്ക് എതിരെ നിലപാട് സ്വീകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേൽ. എന്നാൽ ഈ ആവശ്യത്തോട് പ്രതികരിക്കാൻ വിമുഖത കാണിക്കുകയാണ് ഇന്ത്യ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയർത്തണമെന്നും ഐസിസിക്ക് വ്യക്തമായ സന്ദേശം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.
ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇക്കാര്യം നയതന്ത്ര ഉദ്യോഗസ്ഥർ വഴി ഇന്ത്യ അറിയിച്ചിട്ടുണ്ട്.
റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രായേലും അംഗമല്ല. എന്നാൽ ഇസ്രയേൽ ഐസിസി വിധിയെ പ്രകോപനപരമാണെന്ന് അപലപിക്കുകയും തീരുമാനം കോടതിയെ “ഒരു രാഷ്ട്രീയ സംഘടന” ആക്കി മാറ്റിയെന്ന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ അധികാരപരിധി ഇസ്രായേൽ അംഗീകരിക്കുന്നില്ലെന്നും പലസ്തീൻ അതോറിറ്റി ഒരു പരമാധികാര രാജ്യമല്ലെന്നും ഐസിസിക്ക് “അത്തരമൊരു തീരുമാനം എടുക്കാൻ അധികാരമില്ല” എന്നും ഇസ്രായേൽ പറഞ്ഞു. നെതന്യാഹു ഈ വിധിയെ “ആന്റിസെമിറ്റിസം” (യഹൂദവിരോധം) എന്ന് വിളിച്ചു.
കിഴക്കന്‍ ജെറുസലേം, ഗാസാ മുനമ്പ്, എന്നിവയുള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ വിധിയും വരുന്നത്.
ഇന്ത്യയെ “സമാന ചിന്താഗതിക്കാരായ” രാജ്യമായി കാണുന്ന ഇസ്രായേൽ, ഇന്ത്യയിൽ നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിച്ചത്. പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടതിന് സമാനമായ നീക്കങ്ങള്‍ കശ്മീരില്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.
അതേസമയം, വിഷയത്തില്‍ ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തിൽ “വിള്ളലോ പ്രശ്‌നമോ അല്ല”, എന്നിരുന്നാലും ഇന്ത്യയിൽ നിന്നുള്ള അനുകൂല പ്രതികരണം “പ്രധാനം” ആകുമായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
അടുത്തിടെ മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു പലസ്തീന്‍ വിഷയത്തില്‍ മോദിയുടെ സഹായം തേടി കത്തയക്കുന്നത്.
സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്. കേസിൽ ഫെബ്രുവരി 25 ന് വിധി പറയും.
കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ബിജു രാധാകൃഷ്ണൻ വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 2016 ജനുവരി 25 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ കേസിന്റെ വിചാരണ പൂർത്തിയായി.
കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പാണ് സോളർ കേസിലൂടെ പുറത്തുവന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്. സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.
ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26 ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്റ്റണിലെ സുമ സിബി എന്നിവരുടെ അമ്മയായ മേരി വര്‍ഗീസ് (72) നിര്യാതയായി . മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിന് കെന്റില്‍ ആകസ്മിക മരണം. മേരി വര്‍ഗീസ് പത്തനംതിട്ട നരിയാപുരം ചെടിയത്ത് സ്വദേശി ആണ് . ഒരു വര്‍ഷമായി വിസ കാലാവധി നേടി പെണ്‍മക്കളുടെ വീടുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന മേരി വര്‍ഗീസിന് രണ്ടു ദിവസം മുമ്പ് അത്താഴ ശേഷം പെട്ടെന്ന് ആരോഗ്യം വഷളാവുകയായിരുന്നു. വാര്‍ധക്യ സഹജമായ നേരിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത്താഴ ശേഷം പെട്ടെന്ന് തലവേദനയും തളര്‍ച്ചയുമുണ്ടാകുകയായിരുന്നു. പ്രമേഹം ഉള്‍പ്പെടെയുണ്ടായിരുന്ന മേരിയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് മരണകാരണം.പരേത സിബി മേപ്രത്തിന്റെ ഭാര്യാ മാതാവാണ് .
അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഇരിക്കവേ വിശ്രമിക്കാന്‍ മുകളിലെ നിലയിലേക്ക് പോയി. ഇതിനിടെ തലവേദന തോന്നി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവം ശക്തമായിരുന്നു. പ്രായമേറിയതിനാല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അന്ത്യകൂദാശ ചടങ്ങുകള്‍ നല്‍കിയിരുന്നു. കെന്റിലെ ഡാറന്‍വാലി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അന്തിമ ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളും യുകെയില്‍ തന്നെ ആയതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഇവിടെ വച്ച് നടത്താനും ആലോചനയുണ്ട്. കോവിഡ് ആശങ്ക കുറഞ്ഞാല്‍ ഏപ്രിലോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം ഉള്‍പ്പെടെ ചടങ്ങുകള്‍ക്കൊപ്പമുണ്ടാകാനാണ് മേരി ഒരു വര്‍ഷം മുമ്പ് മക്കളുടെ അടുക്കലെത്തിയത്.
പത്തനംതിട്ട നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ് മേരി വര്‍ഗീസ്,
സുജ വര്‍ഗീസ്, സുമ മാത്യു എന്നിവര്‍ മക്കളാണ്. സോണിയ ,ജോസ്മി ,റിമി എന്നിവര്‍ കൊച്ചുമക്കളാണ്.
അശ്ലീല വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ നിര്‍മ്മാണ കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ കോ-ഓര്‍ഡിനേറ്ററായ ഉമേഷ് കാമത്ത് അറസ്റ്റില്‍.
മുംബൈ പോലീസ് ആണ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വീഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിക്കുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നത്.
രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാള്‍ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണ് വീഡിയോകള്‍.
ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളായ പെണ്‍കുട്ടികള്‍ക്ക് പരമാവധി 20,000 രൂപയാണു നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ലെങ്കിലും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതി വിധി.
2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം പ്രസ്താവിച്ചത്. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്.
മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് വിധി പ്രസ്താവിക്കുന്നതിനിടെ, ഋതുമതിയായ പെൺകുട്ടിക്ക് അവൾക്ക് താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേർപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(പ്രിൻസിപ്പിൾസ് മൊഹമ്മദൻസ് ലോ)എന്ന പുസ്തകത്തിലെ 195ാം വകുപ്പ് കോടതി പരാമർശിച്ചു.
ഈ ഗ്രന്ഥപ്രകാരം സ്ഥിരബുദ്ധിയില്ലാത്തവർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്കായി രക്ഷിതാക്കൾക്ക് വിവാഹക്കരാറിലേർപ്പെടാൻ അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായവരുടെ പൂർണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195ാം വകുപ്പിൽ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും ഈ വകുപ്പ് വ്യക്തമാക്കുന്നു.
കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി കുറുപ്പുംപറമ്പില്‍ വീട്ടില്‍ സോളമന്‍ (23) ആണ് കൊല്ലത്തിന്റെ താരമായി മാറിയത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നു കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തിയ സോളമനും കൂട്ടുകാരും കാറില്‍ കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് ബൈപാസില്‍ മങ്ങാട് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. പാലത്തില്‍ ആളുകള്‍ നിറഞ്ഞെങ്കിലും ആര്‍ക്കും കായലില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാനായില്ല.
കയര്‍ എറിഞ്ഞു കൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ സോളമന്‍ പാലത്തില്‍ നിന്നു കായലിലേക്കു ചാടി നീന്തിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലേക്കു നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ യുവാവിനെയും സോളമനെയും വള്ളത്തില്‍ കയറ്റി തീരത്തെത്തിച്ചു.
അതേസമയം, സംഭവമറിഞ്ഞു ചാമക്കടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ അയത്തിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലെ പുഴയില്‍ നീന്തിയുള്ള പരിചയം മാത്രം കൈമുതലാക്കിയാണു സോളമന്‍ കായലില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഫിസിയോതെറപ്പി പഠനം കഴിഞ്ഞു മംഗളൂരുവില്‍ പരിശീലനം നടത്തുന്ന സോളമനും കൂട്ടരും ഇന്നലെ രാത്രിയോടെ മടങ്ങി.
പുലര്‍ച്ചെ അടഞ്ഞ് കിടന്ന ഹോട്ടലിന് മുനില്‍ നില്‍ക്കുന്ന സിംഹത്തെ കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിന്റെ ഗേറ്റ് കടന്ന് സിംഹം എത്തിയത്. ഗുജറാത്തിലെ ജുനഗഡ് നഗരത്തില്‍ ഹോട്ടല്‍ സരോവര്‍ പോര്‍ട്ടിക്കോയിലാണ് സംഭവം.
പുലര്‍ച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുളള പ്രധാനറോഡ് മുറിച്ചുകടന്നാണ് ഹോട്ടലില്‍ സിംഹമെത്തിയത്. ഹോട്ടലിനുളളില്‍ കയറി പാര്‍ക്കിംഗ് സ്ഥലത്ത് ചുറ്റിനടന്നു. ഈ സമയം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. അത്ഭുതരക്ഷയാണ് ഇദ്ദേഹത്തിന്.
ഹോട്ടലിന്റെ മുക്കിലും മൂലയിലും നടന്ന സിംഹം തിരികെ ഗേയിറ്റ് ചാടിക്കടന്ന് മടങ്ങി പോവുകയായും ചെയ്തു. ഹോട്ടല്‍ പരിസരത്ത് അധികം ആളുകള്‍ ഇല്ലാതിരുന്നതിനാലും ആര്‍ക്കും ആപത്തൊന്നുമുണ്ടായില്ല. രാവിലെ നിരവധി പേര്‍ ഈ റോഡിലൂടെ നടക്കാന്‍ പോകാറുണ്ട്. എന്നാല്‍ സിംഹം ആരെയും ഉപദ്രവിക്കാതെ മടങ്ങിയത് ഭാഗ്യമെന്നാണ് വീഡിയോ കണ്ട സോഷ്യല്‍മീഡിയയുടെയും പ്രതികരണം.
നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രക്ഷിതാക്കളുടെ പീഡനത്തെ തുടർന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നൽകിയിട്ടുുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചത്.
തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും ഇവർ നൽകിയിരുന്നില്ല. മുറിയുടെ ജനൽ തുറന്നു വെക്കുന്ന അവസരങ്ങളിൽ സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ കുട്ടികൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ജനലുകൾ അടച്ചിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ദമ്പതിമാർ ജോലിക്ക് പോയത്. ഇതോടെ ബംഗാൾ സ്വദേശികൾ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.
കോവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
അമേരിക്കയിലെ രോഗബാധയില്‍ 72.2 ശതമാനവും 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ പരത്തുന്നതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 20 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ 34 ശതമാനം അണുബാധയ്ക്ക് കാരണമാകുമ്പോള്‍ 35 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ മൂലം 38.2 ശതമാനം രോഗബാധയുണ്ടാകുന്നു. 9 വയസ്സ് വരെയുള്ള കുട്ടികള്‍ ആകെ രോഗബാധയുടെ 2.7 ശതമാനത്തിന് മാത്രമാണ് കാരണക്കാരാകുന്നതെന്നും 10 മുതല്‍ 19 വയസ്സ് വരെയുള്ളവര്‍ 7.1 ശതമാനം അണുബാധയുണ്ടാക്കുന്നെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഏറ്റവുമധികം രോഗവ്യാപനം ഉണ്ടാക്കുന്ന 20 മുതല്‍ 49 വരെ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമാകുമെന്നും പഠനം നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ കുത്തിവയ്പ്പ് നല്‍കിയാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായി പുനരാരംഭിക്കാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.