Latest News

കോവിഡിനെ പ്രതിസന്ധിയിലായ സിനിമാമേഖല പുനരുജ്ജീവിപ്പിക്കണമെന്ന് ഉണ്ണി മുകുന്ദന്‍. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിക്കണമെന്നും തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം:

”സിനിമയും ഒരു തൊഴിലാണ്

കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.

എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു”.

വീട്ടുജോലിക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി അയേഷ ജുൽക മൃഗസംരക്ഷണ പ്രവർത്തകയും സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയുടെ വൈസ് പ്രസിഡന്റും കൂടിയാണ് നടി. ലോണാവാലയിലെ തെരുവിൽ നിന്നാണ് അയേഷ നായയെ എടുത്തു വളർത്തിയത്. റോക്കി എന്നായിരുന്നു പേര്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നായ ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നതെന്നും മുങ്ങി മരിക്കാനുള്ള സാധ്യതകൾ കുറവാണെന്നും കണ്ടെത്തിയിരുന്നു. ലോണാവാല പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റപത്രം തയ്യാക്കി. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക പറയുന്നു. ഇക്കാര്യം അന്വേഷിച്ച് ഫോറൻസിക് വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. എന്നാൽ, ഫോറൻസിക് വകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കൂട്ട മതപരിവർത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിവാഹത്തിനുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശ് സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

“എന്തിനാണ് മതപരിവർത്തനം നടത്തുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൂട്ട പരിവർത്തനങ്ങൾ അവസാനിപ്പിക്കണം. എനിക്കറിയാവുന്നിടത്തോളം, മുസ്‌ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിനുള്ള പരിവർത്തനത്തെ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,” വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“മതപരിവർത്തനം ബലമായി നടക്കുന്നുണ്ടെന്ന് പല കേസുകളിലും കണ്ടു. സ്വാഭാവിക വിവാഹവും വിവാഹത്തിനുള്ള നിർബന്ധിത പരിവർത്തനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ നിയമങ്ങൾ ഉണ്ടാക്കിയ സർക്കാരുകൾ ഇതെല്ലാം പരിഗണിച്ചതായി ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണരേഖയിലെ സ്ഥിതി, പുതിയ കാർഷിക നിയമങ്ങൾ, അതിനെതിരായ പ്രതിഷേധം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിരോധമന്ത്രി അഭിമുഖത്തിൽ ചർച്ച ചെയ്തു.

കർഷകരെ “അന്നദാതാക്കൾ” എന്നും “സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്” എന്നും വിശേഷിപ്പിച്ച സിങ് “നക്സലുകൾ” അല്ലെങ്കിൽ “ഖാലിസ്ഥാനികൾ” തുടങ്ങിയ പരാമർശങ്ങളെ ശക്തമായി എതിർത്തു. കർഷകർക്കെതിരെ ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

“നമ്മുടെ കർഷകരോട് നാം അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. കർഷകരോടുള്ള ആദരവോടും ബഹുമാനത്തോടും തല കുനിക്കുന്നു. അവരാണ് നമ്മുടെ ‘അന്നദാതാക്കൾ’. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.”

കൃഷിക്കാരുടെ താൽപ്പര്യത്തിനുവേണ്ടിയാണ് കാർഷിക നിയമങ്ങൾ ഉണ്ടാക്കിയതെന്നും പ്രതിഷേധിച്ച കർഷകർ രണ്ടുവർഷത്തേക്ക് അവ നടപ്പാക്കുന്നത് അംഗീകരിക്കണമെന്നും സർക്കാരുമായി യുക്തിസഹമായ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന് സിംഗ് പറഞ്ഞു.

“ചില ശക്തികൾ കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചു. നിരവധി കർഷകരുമായി ഞങ്ങൾ സംസാരിച്ചു. കൃഷിക്കാരോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന യുക്തിക്ക് നിരക്കുന്ന നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ച നടത്തണം. മാത്രമല്ല, യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം മാത്രം പ്രതീക്ഷിച്ചാവരുത് ചർച്ച. പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തും. ഞാൻ നിയമവ്യവസ്ഥകൾ കണ്ടിരുന്നു. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് എനിക്കറിയാം. കർഷകർ കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഈ നിയമങ്ങൾ നടപ്പാക്കുന്നത് ഒരു പരീക്ഷണമായി കാണണം. ആവശ്യമുണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ ഞങ്ങൾ തയ്യാറാകും. ചില ഉപവാക്യങ്ങളിൽ ഭേദഗതി വരുത്താൻ വിദഗ്ധരുമായും സർക്കാരുമായും സംസാരിക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പൂർണ്ണമായും വഴങ്ങും,” രാജ്നാഥ് സിങ് പറഞ്ഞു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഫൈസര്‍ വാക്‌സീന്‍ നേരത്തേ തന്നെ യുകെയില്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചായി യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നൂറ് ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടൻ ഓർഡർ ലൽകിയിരിക്കുന്നത്.

“ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർ‌എ) ശുപാർശ സർക്കാർ അംഗീകരിച്ചു,” ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് മഹാമാരി ഇതിനകം തന്നെ ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളുടെ ജീവൻ കവരുകയും, ആഗോള സമ്പദ്‌വ്യവസ്ഥ തകർക്കുകയും ചെയ്തു കഴിഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ബ്രിട്ടനും ദക്ഷിണാഫ്രിക്കയും. ഇത് വ്യാപനശേഷി കൂടിയ വൈറസാണ്. പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള അതിർത്തി അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുകയാണെന്നും തങ്ങളുടെ വാക്സിൻ ഇതിനെതിരെ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്ട്രാസെനക്കയും മറ്റ് വാക്സിൻ നിർമാതാക്കളും പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോപിക്കപ്പെടുന്ന ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡ് ടീമിനും റെഗുലേറ്ററി അംഗീകാരം കൂടുതൽ ഊർജം പകരുന്നതാണ്.

വാക്സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 70.4% ആണെന്ന് ആ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നു. ഇന്ത്യയിലും ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിനെ നയിക്കും. ജനുവരി 11 ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നാല് പുതുമുഖങ്ങളാണ് ഇത്തവണ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.

മത്സരങ്ങൾ
ജനുവരി 13 ന് മുംബൈക്കെതിരെ
ജനുവരി 15 ന് ഡൽഹിക്കെതിരെ
ജനുവരി 17 ന് ആന്ധ്രക്കെതിരെ
ജനുവരി 19 ന് ഹരിയാനക്കെതിരെ

കേരള ടീം: സഞ്ജു സാംസൺ ( ക്യാപ്‌റ്റൻ ), സച്ചിൻ ബേബി, ജലജ് സക്‌സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ് എം.ഡി., ആസിഫ് കെ.എം., അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ., അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മൊഹമ്മദ് അസറുദ്ദീൻ, റോഹൻ കുന്നുമ്മേൽ, മിഥുൻ എസ്., വത്സാൽ ഗോവിന്ദ് ശർമ, റോജിത് കെ.ജി., ശ്രീരൂപ് എം.പി.

വാതുവയ്‌പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം അഭിഭാഷകനായ ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കണക്റ്റിക്കട്ട് വിന്‍ഡ്‌സര്‍ ലോക്ക്‌സിലില്‍ ക്രിസ് മസ് ദിനത്തിലായിരുന്നു സംഭവം. സഫ്ഫില്‍ഡ് സിറ്റി ഡെയ്ല്‍ സ്ട്രീറ്റില്‍ ഭാര്യാ മാതാവിന്റെ വീട്ടില്‍ താമസിച്ചിരുന്ന അറ്റോര്‍ണിമാരായ ജോണ്‍ ലിക്വറി (59) ഭാര്യ സിന്‍ഡി ലിക്വറി(55) എന്നീ ദമ്പതികളാണ് മരിച്ചത്.

ഇവര്‍ കിടക്കുന്ന മുറിയിലാണ് ഇരുവരും വെടിയേറ്റു കിടന്നിരുന്നത്. ഭാര്യാ മാതാവ് സംഭവം കണ്ടയുടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തുനിന്നും വെടിവെയ്ക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന റിവോള്‍വറും കണ്ടെടുത്തു. 32 വര്‍ഷമായി ലോയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ജോണ്‍ ലിക്വറി.

കൊല്ലപ്പെട്ട ദമ്പതികളെ കുറിച്ചു സ്‌നേഹിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സിന്‍ഡി വളരെ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ഭാര്യാ മാതാവ് വീട്ടില്‍ കോവിഡ് രോഗിയായി കഴിയുകയായിരുന്നു. മകള്‍ സിന്‍ഡിക്കും കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ജോണ്‍ ലിക്വറിയുടെ റിസള്‍ട്ട് വരുന്നതിനു മുമ്പുതന്ന ഈ ക്രൂരകൃത്യം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പൊലീസ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് മേജര്‍ ക്രൈം സ്‌ക്വാഡുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന യുവ ശാസ്ത്ര പുരസ്‌കാരമാണ് മലപ്പുറം മേലാറ്റൂര്‍ സ്വദേശി അജിത് പരമേശ്വരന്‍ സ്വന്തമാക്കിയത്.

രണ്ട് തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകള്‍ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്.

അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017 ലെ ഫിസിക്സ് നൊബല്‍ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്. സ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.

പുരസ്‌കാരത്തിന് ഗുരുനാഥന്മാര്‍ക്കും തന്റെ വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്. 45 വയസില്‍ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

പാകിസ്താന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിന ആശംസകള്‍ നേര്‍ന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഡിസംബര്‍ 29ന് ട്വിറ്ററിലൂടെ സഖ്‌ലൈന്‍ മുഷ്താഖിന് സച്ചിന്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നു. സഖ്‌ലൈന്‍ മുഷ്താഖിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആശംസ അറിയിച്ചത്. പിന്നാലെയാണ് സച്ചിന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

വിദ്വേഷം വമിപ്പിക്കുന്ന നിരവധി കമന്റുകളാണ് സച്ചിന്റെ ട്വീറ്റിന് താഴെ എത്തിയത്. അതേസമയം തന്റെ ജന്മദിനം സ്‌പെഷ്യല്‍ ആക്കിയതിന് ഇതിഹാസത്തിനോട് നന്ദിയുണ്ടെന്ന് സഖ്‌ലൈന്‍ സചിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു.

1995 മുതല്‍ 2004 വരെ പാകിസ്താനായി കളത്തിലിറങ്ങിയ സഖ്‌ലൈന്‍ മുഷ്താവ് 169 ഏകദിനങ്ങളില്‍ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളില്‍ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്. നേരേത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

പാലക്കാട് തന്നെ നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.

പോലീസിൽ പരാതി നൽകിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു പോലീസ്. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്‌യുടെയും സുറുമിയുടെയും വിവാഹം.

വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ പോകുമ്പോൾ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവൻന്മാർ ഉൾപ്പെടെ ആറിലധികംപേർ ചേർന്നാണ് അക്ഷയ്‌യെ ആക്രമിച്ചത്.

മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരിൽ നിന്ന് അൽഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മങ്കര പോലീസിൽ പരാതി നൽകിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.

മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവൻ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസിൽ നിന്നും വേണ്ടതെന്ന് അക്ഷയ് ആവർത്തിക്കുകയാണ്. പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു. അതേസമയം, പാലക്കാട് തേങ്കുറുശ്ശിയിൽ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.

ലണ്ടൻ : രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ, ബ്രിട്ടനിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി. ഇന്നുച്ചയ്ക്ക് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.

ഇതിനോടകം തന്നെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് തൽകാലം വിമാനസർവീസ് പുനഃരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയിൽ മൂന്നുദിവസം ഉൾപ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സർവീസുകളാണ് വൈറസിന്റെ വകഭേദം മൂലം മുടങ്ങിപ്പോയത്.

വിമാന സർവീസുകൾ അപ്രതീക്ഷിതമായി മുടങ്ങിയതോടെ ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും യാത്രാമാർഗമില്ലാതെ വിഷമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved