Latest News

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 

നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ ആണ് വില്ലന്‍ ആയെത്തുന്നത്. മണികണ്ഠന്‍, ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താര പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്. രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നെട്രികണ്‍’. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജയിൽ ഡി.ജി.പി ഋഷിരാജ് സിം​ഗ് രംഗത്ത്. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

വ്യക്തമായ ധാരണയില്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പ് അധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുവൈറ്റില്‍ വന്‍തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യ വസ്തുക്കള്‍ കത്തിനശിച്ചു.

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ ശക്തമായ ഇടപെടലില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കരുതിക്കൂട്ടി വരുത്തിവെച്ച അപകടമാണോ എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- ഖുശ്ബു കുറിക്കുന്നു.

പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികൾ, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം. പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വർഷങ്ങളായി മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.

കടയിൽ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദം നടന്നതായി ആരോപണം ഉയർന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

സൈനിക വേഷം ധരിച്ചെത്തിയ 11 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. ഗുവഹാത്തി പോലീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. സൈനികവേഷം ധരിച്ചെത്തിയ ഇവർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാനാകാത്തതും സംശയം വർധിപ്പിച്ചിട്ടുണ്ട്. ഇവരുടെ പ്രവൃത്തികൾ സംശയാസ്പദമായ വിധത്തിലുമായിരുന്നെന്നും അതാണ് കസ്റ്റഡിയിൽ എടുക്കാൻ കാരണമായതെന്നും ഗുവാഹത്തി പോലീസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവരിൽ ഒരാളുടെ പക്കൽ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമന ഉത്തരവ് പിടികൂടി. ഇവർ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചില രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ഇവരുടെ കൈവശം ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

അതേസമയം, അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിന് സമീപം ഇവർ സൈനികവേഷം ധരിച്ചെത്തിയത് എന്തിനാണെന്ന് അതുവരെ വ്യക്തമായിട്ടില്ല. ആദ്യം നാല് പേരെയാണ് പോലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മറ്റ് ഏഴ് പേരിലേക്ക് കൂടി എത്തിച്ചേരുകയായിരുന്നു. ഒരു മാസത്തോളമായി ഇവർ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവഹാത്തി ജോയിന്റ് പോലീസ് കമ്മിഷണർ ദേബ് രാജ് ഉപാധ്യായ് പറഞ്ഞു. അവിടെ എത്തിച്ചേർന്നതിന്റെ വ്യക്തമായ കാരണം വെളിപ്പെടുത്തുകയോ തിരിച്ചറിയൽരേഖ കാണിക്കുകയോ ചെയ്യാത്തതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കൊല്ലം സ്വദേശികളായ പെണ്‍കുട്ടികള്‍ പുഴയില്‍ച്ചാടി മരിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു നാട് ഇനിയും മുക്തമായിട്ടില്ല. അറയ്ക്കല്‍ സ്വദേശിനി അമൃത , ആയൂര്‍ സ്വദേശിനി ആര്യ ജി.അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കൂട്ടുകാരിയെ വേര്‍പിരിയേണ്ടി വരുമെന്ന സങ്കടത്തെ തുടര്‍ന്നാണ് രണ്ടുപേരും പുഴയില്‍ച്ചാടിയതെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്തായിരിക്കും എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇല്ലാക്കഥകള്‍ പ്രചരിക്കുകയാണ്.

കുട്ടികളുടെ കുടുംബത്തിന് സംഭവത്തിന് നഷ്ടമോ വേദനയോ തിരിച്ചറിയാതെ കുപ്രചരണങ്ങള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. അനുജ ജോസഫ്. രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നത് പോലും ഓര്‍ക്കാതെ അവരുടെ സുഹൃദ് ബന്ധത്തിനെ ‘ലെസ്ബ്’ എന്ന് ദുഷ്ടലാക്കോടെ വിശേഷിപ്പിക്കുന്നത് വികൃതമായ മനസുള്ളവരാണെന്ന് ഡോ. അനുജ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം ആയൂര്‍ സ്വദേശിനികളായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയും തുടര്‍സംഭവങ്ങളുമാണ് ഈ ഒരു കുറിപ്പെഴുതുന്നതിന് നിദാനം.21വയസ്സുള്ള അമൃതയും ആര്യയും എന്തിനായിരുന്നു, അല്ലെങ്കില്‍ മരിക്കാന്‍ മാത്രം എന്തായിരുന്നു അവരുടെ വിഷയം. ഇതാലോചിച്ചിട്ടു ഉറക്കമില്ലാത്ത പോലെ തോന്നി പലരുടെയും അഭിപ്രായപ്രകടനം കാണുമ്പോള്‍!

‘ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ,
മരിക്കുമ്പോള്‍ രണ്ടാളും കൈകോര്‍ത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ
ഉറപ്പിച്ചു മൂന്നു തരം’,

രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടതല്ല ഇവിടെ വിഷയം, അവരുടെ സുഹൃദ് ബന്ധത്തില്‍ ലെസ്ബ്, ലെസ്ബ് എന്നു മുറവിളി കൂട്ടുന്ന കപട സദാചാര വാദികളോടായിട്ടു

‘നിന്റെയൊക്കെ മനസ്സിലെ കുഷ്ടം മറ്റുള്ളവരുടെ മേല്‍ എന്തിനാ അടിച്ചേല്പിക്കുന്നെ,

ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സില്‍, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു,
‘കാമം’
അതിനപ്പുറത്തേക്ക് ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലേ’

ഉറ്റ സുഹൃത്തുക്കള്‍, പിരിയാന്‍ കഴിയാത്ത വിധമുള്ള സ്‌നേഹം, അതില്‍ ഒരു കലര്‍പ്പില്ലാന്ന് ഉറപ്പിച്ചു പറയാം, ഉണ്ടായിരുന്നേല്‍ കപടതയുടെ മുഖം മൂടി ധരിച്ചു അവര്‍ നടന്നേനെ, ഏറെ വിഷമം തോന്നിയത്
‘ആരും ആരെയും പിരിയുന്നില്ല, കാലം കുറച്ചു മുന്നോട്ടാകുമ്പോള്‍ ഈ വേര്‍പാടൊക്കെ സുഖമുള്ള ഓര്‍മകളായി മാറുമെന്നും’ പറഞ്ഞു കൊടുക്കാന്‍ ഒരാള്‍ ഇല്ലാതായി പോയല്ലോ അന്നേരം!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ ഡിഗ്രി പഠന കാലം ഓര്‍മ വരുന്നു, നാലു കൊല്ലം ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനമത്രയും, ആ കാലയളവില്‍ കിട്ടിയ ഉറ്റ സുഹൃത്തുക്കളെ പിരിയാന്‍ കഴിയില്ലെന്ന് തോന്നിയ ദിനങ്ങള്‍, അവസാന സെമെസ്റ്റര്‍ ആ വേദനയില്‍ ആയിരുന്നു ഞങ്ങള്‍,

കുറച്ചു നാളുകള്‍ക്കിപ്പുറം പലരും കുടുംബമായി തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറിയപ്പോള്‍, മുന്‍പത്തെ, പിരിയാന്‍ നേരമുള്ള ഞങ്ങളുടെ ആ കരച്ചില്‍ സീന്‍ ഒക്കെ ഓര്‍ത്തു ഇന്നും ചിരിക്കാറുണ്ട്. അന്നത്തെ ആ മണ്ടത്തരങ്ങളും ചിന്തകളും ആലോചിച്ചിട്ട്, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതൊക്കെ വെറും തമാശകളായി മാറുമെന്നതാണ് വാസ്തവം, നിര്‍ഭാഗ്യവാശാല്‍, ഈ കാര്യങ്ങളൊക്ക പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ ഒരാളും ആ കുട്ടികള്‍ക്കില്ലാതെ പോയി.

ചിലപ്പോഴൊക്കെ വിവേകത്തിനു പകരം ഇമോഷണല്‍ ആയി പലരും മാറും, ആ സമയം അവരെടുക്കുന്നത് തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നാലും അതുമായി മുന്നോട്ടു പോകും. അത്തരത്തില്‍ ഒരു അവിവേകം ആയിട്ടേ മേല്‍പ്പറഞ്ഞ സംഭവത്തെ കാണാന്‍ കഴിയു.

നമ്മുടെ കുട്ടികളുടെ സൗഹൃദങ്ങളെ എല്ലാം മോശമാണെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ നിലപാട് നല്ലതല്ല. മാറാല പിടിച്ച മനസ്സിനെ ആദ്യം ചികില്‍സിക്കു, അല്ലെങ്കില്‍ കാണുന്ന എല്ലാറ്റിലും മോശം പറയുന്നതായി തീരും സ്വഭാവം.ഇവിടെ രണ്ടു കുടുംബങ്ങളില്‍ അവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആര്‍ക്കും കഴിയില്ല.

Dr. Anuja Joseph
Assistant Professor
Trivandrum.

വിനോദയാത്രയ്ക്കായി ഗോവയിലേക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ യാത്ര അവസാനിച്ചത് ദുരന്തമുഖത്ത്. മഹാരാഷ്ട്രയിൽ താമസിക്കുന്ന പുല്ലഴി സ്വദേശി മധുസൂദനൻ നായരും ഭാര്യ ഉഷയും മകൻ ആദിത്യയും ട്രാവലർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഇതോടെ മകൾ അർച്ചന ഒരു നിമിഷം കൊണ്ട് അനാഥയായി മാറി. അർച്ചനയും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നു. നിസാരപരിക്കുകളോടെ അപകടത്തിൽ നിന്നും അർച്ചന രക്ഷപ്പെട്ടു. സംസ്‌കാര ചടങ്ങുകൾക്കായി പുല്ലഴിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കൂടെ അനുഗമിച്ചെത്തിയ അർച്ചന എല്ലാവർക്കും നൊമ്പരമായി.

തന്നെ തനിച്ചാക്കി കുടുംബമൊന്നാകെ മരണത്തിന് കീഴടങ്ങിയതിന്റെ ആഘാതത്തിലാണ് അർച്ചന ഇപ്പോഴും. അർച്ചനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ പുല്ലഴിയിലെ കുടുംബവീട്ടിൽ കൂടിയ ബന്ധുക്കളും പതറുകയാണ.്

ദീപാവലി അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്ക് എത്തുന്നതായിരുന്നു മധുസൂദനൻ നായരുടെ പതിവ്. എന്നാൽ, ഇത്തവണ കോവിഡ് കാലമായതിനാൽ സുരക്ഷയെ കരുതി യാത്ര ഗോവയിലേക്ക് ആക്കുകയായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും യാത്രയിൽ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച പൂണെ-ബെംഗളൂരു ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ നദിയിലേക്ക് മറിയുകയായിരുന്നു.

അപകടമുണ്ടായ ദിവസം മധുസൂദനൻ നായരുടെ ജന്മദിനം കൂടിയായിരുന്നു. അപകടവിവരമറിഞ്ഞ് കുടുംബാംഗങ്ങൾ സത്താറയിലേയ്ക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച മൂന്നു മണിയോടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിൽനിന്ന് ആംബുലൻസിൽ പുല്ലഴിയിലെത്തിച്ചു. തറവാട്ടുവീടിന്റെ അകത്തളത്തിൽ പൊതുദർശനത്തിന് കിടത്തിയ മൃതദേഹങ്ങൾ ചെറുതുരുത്തിയിലെ പുണ്യതീരത്ത് സംസ്‌കരിച്ചു.

RECENT POSTS
Copyright © . All rights reserved