Latest News

വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്നടിച്ചു.

അതേസമയം, എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.

എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

പരപുരുഷ ബന്ധം തുടര്‍ന്ന അമ്മയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകന്റെ ക്രൂരത. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ദാരുണ സംഭവം. പരപുരുഷന്മാരുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് ഷിഗോണ്‍ പോലീസ് പറയുന്നു. ഒരു പുരുഷനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അത് അംഗീകരിക്കാത്ത മകന്‍ അമ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തിയതായും കുടുംബാംഗങ്ങളും ആരോപിച്ചു.

വിഷയത്തില്‍ അമ്മയുമായി തര്‍ക്കിച്ച മകന്‍ തുടര്‍ന്ന് ബലാത്സംഗ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല്‍പ്പതുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുമ്പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മകനൊപ്പം വാനഹള്ളിയില്‍ താമസിച്ചിരുന്ന സ്ത്രീ അതേ പ്രദേശത്തുള്ള ഒരാളുമായി അടുപ്പത്തിലാവുകയായിരുന്നു.

പ്രദേശവാസികളാണ് സ്ത്രീക്ക് പരപുരുഷന്മാരുമായി ബന്ധങ്ങളുണ്ടെന്ന് മകനോട് പറഞ്ഞത്. മുമ്പും സമാനമായ കാരണങ്ങള്‍ക്ക് അമ്മയുമായി പ്രതി വഴക്കിട്ടിരുന്നു. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. അതേസമയം, കാമുകനുമായുള്ള ബന്ധം തുടരുമെന്ന് സ്ത്രീ മകനോട് പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായ നാലാം തവണയും ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തർകിഷോർ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു.

എൻഡിഎ മന്ത്രിസഭയിലെ 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിട്ടുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീത് പാസ്വാനും ബിജെപിയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

മേവാലൻ ചൗധരി, ഷീല മണ്ഡൽ, വിജേന്ദ്ര യാദവ്, വിജയ് ചൗധരി,അശോക് ചൗധരി, എന്നിവരാണ് ജെഡിയുവിൽ നിന്നുള്ള മന്ത്രിമാർ.

തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ വെല്ലുവിളി എൻഡിഎ സഖ്യം മറികടന്നാണ് പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. 243 അംഗ ബിഹാർ നിയമസഭയിൽ 125 സീറ്റുകളിൽ വിജയിച്ചാണ് എൻഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകൾ നേടി ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാൻ കഴിഞ്ഞത്.

ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിരുന്നു.

വന്ദേ ഭാരത് വിമാനത്തില്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും അതിന്റെ നൂലാമാലകളെക്കുറിച്ചും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യുഎൻ ഉദ്യോഗസ്ഥനും ക്രൈസിസ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റുമായ മുരളി തുമ്മാരുക്കുടി. നാട്ടിലേക്കുള്ള യാത്ര സുഖമമാണ്. പക്ഷെ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം

കൊറോണക്കാലത്തെ വിമാനയാത്ര
(ഇന്ത്യയിലേക്ക്)
ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേർ പറഞ്ഞു.
ഇന്നലെ (നവംബർ പതിമൂന്ന്) ജനീവയിൽ നിന്നും വന്ദേ ഭാരത് ഫ്ലൈറ്റുകൾ വഴി ഇന്ന് (നവംബർ പതിനാല്) കൊച്ചിയിൽ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങൾ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങൾ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പർ അഞ്ചിനാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. നവമ്പർ പതിമൂന്നിന് അത് പ്രാബല്യത്തിൽ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
1. യൂറോപ്പിൽ ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാനങ്ങൾ ഉണ്ട്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടും പാരീസിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹി വഴിയും ആണ്.
2. യൂറോപ്പിൽ ഉവരിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവർക്ക് ലണ്ടൻ വഴി വരണമെങ്കിൽ യു കെ വിസ വേണം (വിമാനത്താവളത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കിൽ കൂടി)
3. പാരീസിൽ നിന്നോ ഫ്രാങ്ക്ഫർട്ടിൽ നിന്നോ ഉള്ള വിമാനത്തിൽ വരുന്നതിന് മുൻപ് ഫ്രാൻസിലെയോ ജർമ്മനിയിലെയോ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്യണം. ഇപ്പോൾ ഇത് ഓട്ടോമാറ്റിക് ആണ്, ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്യണം, യാത്ര ചെയ്യുന്ന തീയതി വേണ്ട. ഒരു ദിവസത്തിനകം അനുമതി കിട്ടും. ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ “ഈ യാത്രക്കിടയിൽ നിങ്ങൾക്ക് രോഗം ഉണ്ടായാൽ എയർ ഇന്ത്യ ഉത്തരവാദിയല്ല” എന്നൊരു ഫോം പൂരിപ്പിക്കാനായി അയച്ചു തരും (ഈ ഫോം പിന്നെ ആരും ചോദിച്ചില്ല)
4. അനുമതി കിട്ടിയാൽ എയർ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി കാണിക്കേണ്ട ആവശ്യമില്ല.’
5. ടിക്കറ്റ് വാങ്ങുമ്പോൾ സീറ്റ് നമ്പർ കൂടി റിസർവ്വ് ചെയ്യാൻ പറയണം.
6. ടിക്കറ്റ് കിട്ടിയാൽ ഉടൻ ഡൽഹി എയർപോർട്ട് വെബ്‌സൈറ്റിൽ കയറി എയർ സുവിധ പോർട്ടലിൽ സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഫിൽ ചെയ്യണം.വരുന്ന തിയതി, വിമാനത്തിന്റെ നമ്പർ, സീറ്റ് നമ്പർ ഇത്രയും വേണം. കൂടാതെ നാട്ടിലെ അഡ്ഡ്രസ്സും ഫോൺ നമ്പറും വേണം.
7. നാട്ടിലേക്ക് വരാൻ കോവിഡ് ടെസ്റ്റ് (RTPCR) ആവശ്യമില്ല. പക്ഷെ യാത്ര തുടങ്ങുന്നതിന് എഴുപത്തി രണ്ടു മണിക്കൂർ മുൻപ് RTPCR ടെസ്റ്റ് എടുത്ത് ആ വിവരം എയർ സുവിധ സൈറ്റിൽ രെജിസ്റ്റർ ചെയ്താൽ നാട്ടിലെ ക്വാറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കും എന്ന് പറയുന്നു (ഞാൻ ടെസ്റ്റ് ചെയ്യാതെ ആണ് വന്നത്). യൂറോപ്പിൽ കൊറോണയുടെ രണ്ടാം തിരമാല ആയതിനാൽ യാത്രക്കായി ടെസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പോരാത്തതിന് പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപത് ശതമാനത്തിൽ കൂടുതലാണ്, അപ്പോൾ ടെസ്റ്റിംഗിന് പോയാൽ അവിടെ കോവിഡ് ഉള്ളവരുമായി സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്, എന്തിനാ വെറുതെ വേലിയിൽ ഇരിക്കുന്ന വൈറസിനെ ടെസ്റ്റ് ചെയ്തു പിടിക്കുന്നത് ?)
8. കഴിഞ്ഞ പ്രാവശ്യം (രണ്ടു വർഷം മുന്പാണെന്ന് തോന്നുന്നു) എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി കൊച്ചിയിലേക്ക് വരുമ്പോൾ വിദേശത്ത് വച്ച് കൊച്ചിയിലേക്ക് നേരിട്ട് ലഗ്ഗേജ് ചെക് ചെയ്താലും ഡൽഹിയിൽ വന്നതിന് ശേഷം ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് കണക്ട് ചെയ്യുന്നതിന് ഡൽഹിയിൽ ഇമിഗ്രെഷനും കസ്റ്റംസും ക്ലിയർ ചെയതിന് ശേഷം ലഗേജ് എടുത്ത് വീണ്ടും എയർ ഇന്ത്യയെ ഏൽപ്പിക്കണം എന്നതായിരുന്നു രീതി. ഇപ്പോഴത്തെ രീതി എന്താണെന്നുള്ളതിന്റെ ഉത്തരം ആരും കൃത്യമായി തന്നില്ല. ഇത് വളരെ പ്രധാനമാണ്. കാരണം ഡൽഹിയിൽ ഇറങ്ങിയാൽ പിന്നെ ആഭ്യന്തര വിമാനത്തിൽ കയറുന്നതിന് RTPCR ടെസ്റ്റ് നിര്ബന്ധമാണ്, അല്ലെങ്കിൽ ഡൽഹിയിൽ ഏഴു ദിവസം ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കണം. ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയാൻ ഞാൻ എയർ സുവിധയുടെ ഹെല്പ് ഡെസ്കിൽ വിളിച്ചു നോക്കി. അവർ അവരുടെ വെബ്‌സൈറ്റിലേക്ക് റഫർ ചെയ്തതല്ലാതെ ഒരു വിവരവും തന്നില്ല.
9. പാരീസിൽ വച്ച് വീണ്ടും എംബസിക്ക് വേണ്ടി ഒരു ഫോം പൂരിപ്പിക്കണം. ബുദ്ധിമുട്ടില്ല. ലഗേജ് കൊച്ചിയിലേക്ക് നേരിട്ട് ചെക്ക് ഇൻ ചെയ്തു. ഇമ്മിഗ്രെഷൻ എവിടെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പാരീസിലെ ഗ്രൗണ്ട് സ്റ്റാഫിന് അറിയില്ലായിരുന്നു.
10.പാരീസ് വിമാനത്താവളത്തിൽ മിക്കവാറും കടകൾ അടച്ചിട്ടിരിക്കയാണ്. പേരിന് ഒരു മക്ഡൊണാൾഡ്‌സ് മാത്രം ഉണ്ട്. എന്തെങ്കിലും ഭക്ഷണം കയ്യിൽ കരുതുന്നതാണ് ബുദ്ധി.
11. വിമാനത്തിൽ വച്ച് വീണ്ടും ഒരു സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഡ്യൂപ്‌ളിക്കേറ്റിൽ ഫിൽ ചെയ്യാൻ പറയും. ഡൽഹിയിൽ ഇറങ്ങുന്നതിന് മുൻപ് “അന്താരാഷ്ട്ര യാത്രക്കാർ ട്രാൻസ്ഫർ ഡെസ്കിൽ പോകണം എന്നും മറ്റുള്ളവർ ഡൽഹിയിൽ ഇമ്മിഗ്രെഷൻ ക്ലിയർ ചെയ്യണം എന്നും അനൗൺസ് ചെയ്തു.
12 . ഡൽഹിയിൽ ഇറങ്ങിയപ്പോൾ മുൻകൂട്ടി എയർ സുവിധയിൽ RTPCR കൊടുത്ത് ക്വറന്റൈൻ ഒഴിവാക്കാൻ അനുമതി കിട്ടാത്തവർക്കൊക്കെ ക്വറന്റൈൻ വേണം എന്ന് കണക്റ്റിംഗ് ഫ്ലൈറ്റിന്റെ ബോർഡിങ് പാസിൽ അടിച്ചു തന്നു.
13. ഡൽഹിയിൽ ഇമ്മിഗ്രെഷൻ കഴിഞ്ഞു പുറത്തു വന്ന ഞാൻ ആകെ കുഴപ്പത്തിലായി. കാരണം പുതിയ സജ്ജീകരണപ്രകാരം ലഗേജ് നേരിട്ട് കൊച്ചിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അത് പുറത്തേക്കെടുക്കാൻവലിയ പ്രക്രിയയാണ്, മൂന്നോ നാലോ മണിക്കൂർ എടുക്കും. ഇമ്മിഗ്രെഷൻ കഴിഞ്ഞതിനാൽ എനിക്ക് അകത്തേക്ക് പോകാനും കഴിയില്ല. ഇനി ഒന്നല്ലെങ്കിൽ ഡൽഹിയിൽ ഏഴുദിവസം ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ അല്ലെങ്കിൽ എയർ പോർട്ടിൽ തന്നെയുള്ള RTPCR ടെസ്റ്റ് എടുത്ത് അത് നെഗറ്റീവ് ആണെങ്കിൽ വേറൊരു ആഭ്യന്തര വിമാന സർവീസിൽ നാട്ടിലേക്ക് പോകാം. ചുരുങ്ങിയത് ഒരു ദിവസം ഗോപി !
14. ഭാഗ്യത്തിന് ഒരു നല്ല എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. വിമാനം ഇറങ്ങിയപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് എന്നെ ട്രാൻസ്ഫർ ഏരിയ വഴി കൊച്ചിയിലേക്കുള്ള ബോർഡിങ് ഗേറ്റിൽ എത്തിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും ഇമ്മിഗ്രെഷനോട് പറഞ്ഞു തിരിച്ചു പോകാൻ ശ്രമിക്കാം എന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇമ്മിഗ്രെഷൻ ഓഫീസറോട് പറഞ്ഞു ഇമ്മിഗ്രെഷൻ കാൻസൽ ചെയ്തു തിരിച്ചു അന്താരാഷ്ട്ര ടെർമിനലിൽ എത്തി. ഇത് ഇനി വരുന്നവർ ശരിക്കും ശ്രദ്ധിക്കണം. വന്ദേ ഭാരത് വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നവർ ഡൽഹിയിൽ പുറത്തിറങ്ങിയാൽ പണി പാളും !
15. സ്റ്റാർ ബക്സ്, കഫെ കോഫി ഡേ ഇവയല്ലാതെ വേറേ റെസ്റ്റോറന്റ് ഒന്നും ഡൽഹി വിമാനത്താവളത്തിലും ഇല്ല. കുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ഡൽഹി കൊച്ചി വിമാനത്തിൽ പച്ചവെള്ളം പോലും കിട്ടില്ല.
16 . കൊച്ചിയിൽ വരുമ്പോൾ ശരീരത്തിലെ ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. വീണ്ടും സെല്ഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. അത് പരിശോധിക്കാൻ ഇമ്മിഗ്രെഷന് മുൻപ് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം ഉണ്ട്.
17. മദ്യത്തിന്റെ വിഭാഗം ഒഴിച്ചാൽ കൊച്ചിൻ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ശുഷ്കമാണ്. നാട്ടിൽ വന്നു ചോക്കലേറ്റ് വാങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാകും.
18. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങമ്പോൾ ആ ഫോം ആരോഗ്യ വകുപ്പിന്റെ രണ്ടാമത്തെ സംഘം ഉണ്ട്, അവർ ഫോം വാങ്ങി വക്കും. എവിടെയാണ് ക്വാറന്റൈൻ ഇരിക്കുന്നതെന്നും എങ്ങനെയാണ് വീട്ടിൽ പോകുന്നതെന്നും അവർ നോട്ട് ചെയ്യും.
19. വിമാനത്താവളത്തിന് പുറത്ത് നിങ്ങൾ ഏതു ജില്ലയിലേക്കാണ് പോകുന്നത്, ടാക്സി ആണോ അതോ സ്വന്തം വണ്ടിയാണോ എന്നന്വേഷിക്കാൻ ഒരു ചെറിയ പോലീസ് സംഘം ഉണ്ട്.
20. ഇത്രയും കഴിഞ്ഞാൽ വീട്ടിലേക്കുള്ള വാഹനത്തിൽ കയറാം.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. നാട്ടിലേക്കുള്ള യാത്ര ഇപ്പോൾ സാധ്യമാണ്, പക്ഷെ നടപടി ക്രമങ്ങൾ ഉണ്ട്. എല്ലാം അറിഞ്ഞു പാലിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകാനും മതി.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

ലണ്ടൻ : കോവിഡ് ബാധ അനിയന്ത്രിതമായ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ കൂടുതൽ കർശനമാക്കണമെന്ന അഭ്യർത്ഥനയുമായി NHS. ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റ് സി.ഇ.ഒ ക്രിസ് ലോങ്ങ് ആണ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.  വളരെ ഉയർന്ന വൈറസ് ബാധ നിരക്കാണ് ഇപ്പോഴുള്ളത്, ലോക്ക് ഡൌൺ കർശനമായി നടപ്പാക്കുകയാണ് വൈറസ് ബാധ നിയത്രിക്കാനുള്ള ഏക മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൌൺ കർശനമാക്കുന്നതിന് പുറമെ വൈറസ് ബാധ കുറയുന്നത് വരെ സ്‌കൂളുകൾ അടച്ചിടാനും ക്രിസ് ലോങ്ങ് സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ രണ്ടാം ലോക്ക് ഡൌൺ സമയത്ത് സ്‌കൂളുകൾ അടച്ചിടാനുള്ള അഭ്യർത്ഥന പ്രധാന മന്ത്രി ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. രാജ്യ വ്യാപകമായി പല സെക്കണ്ടറി സ്‌കൂളുകളിലും വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പരിമിതമായ ലോക്ക് ഡൌൺ നിലനിന്നിട്ടും ഇംഗ്ലണ്ടിലെ മൊത്തം 315 കൗണ്സിലുകളിൽ 218 കൗണ്സിലുകളിലും കോവിഡ് ബാധ നിരക്കിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലകളിൽ ഒന്നാണ് ഹൾ. ഒരു ലക്ഷം ആളുകളിൽ 743 പേർക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. NHS ജോലിക്കാരുടെ ഷോർട്ടേജ് കാരണം ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മറ്റു ട്രസ്റ്റുകളിൽ നിന്നും ജോലിക്കാരെ താൽക്കാലികമായി കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റു NHS ഹോസ്പിറ്റലുകളിലും ഇത് പോലെ ജോലിക്കാരുടെ ഷോർട്ടേജ് വരുമോയെന്ന ഭീതി NHS മാനേജ്‌മെന്റിനുണ്ട്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.

അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ചങ്ങനാശ്ശേരി: കത്തോലിക്കാ സമുദായം സാമൂഹിക, സാമ്പത്തിക, മാധ്യമ രംഗങ്ങളില്‍ ശക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം വെബിനാറിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഇക്കാര്യത്തില്‍ സഭാംഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ സന്ദേശം നല്‍കി. സാമുദായിക മുന്നേറ്റത്തിന് യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ടിലെ ആദിവാസികള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍മാണെന്നും ഉപാധികളില്ലാതെ അദ്ദേഹത്തെ ജയില്‌മോഷചിതനാക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാവരും സഹോദരര്‍ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തെക്കുറിച്ച് റവ.ഡോ. ജോബി മൂലയിലും, അതിരൂപതാ മഹായോഗത്തെക്കുറിച്ച് റവ.ഡോ.ക്രിസ്‌റ്റോ നേര്യംപറന്പിലും വിശദീകരണം നടത്തി.

സാമുദായിക ശക്തീകരണത്തിനായി സഭയുടെ ജിഹ്വയായ ദീപികയെ ശക്തിപ്പെടുത്താന്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് സണ്ണി തോമസ് പുളിങ്കാല, ട്രഷറര്‍ ആന്‍സി മാത്യു ചേന്നോത്ത്, അതിരൂപതാ പ്രസിഡന്റ് ആന്റണി തോമസ് മലയില്‍ എന്നിവരെ യോഗം അനുമോദിച്ചു. എബിന്‍ അലക്‌സാണ്ടര്‍, ബീനാ സെബാസ്റ്റ്യന്‍ എന്നിവര്‍ കെസിബിസി പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ച്ച്ബിഷപ് മാര്‍ പെരുന്തോട്ടം പ്രഖ്യാപിച്ചു.

അനധികൃതമായി മരം മുറിക്കുന്നവർക്കു 10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ.

മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി.

വിഷൻ 2030നോടനുബന്ധിച്ചു ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങൾ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും

RECENT POSTS
Copyright © . All rights reserved