Latest News

മലയാളികളുടെ മനസില്‍ ഇഷ്ടം കോരിയിട്ട സൂപ്പര്‍ ഗായികമാരില്‍ ഒരാളാണ് സൈനോര ഫിലിപ്പ്. ചെറിയ പ്രായത്തില്‍ തന്നെ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വമ്പൻ മുന്നേറ്റം നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.ഇപ്പോഴിതാ ഭര്‍ത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സയനോര പറയുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം അനുഭവങ്ങളും പിന്നീട് അതേ സ്‌കൂളില്‍ തന്നെ പോയി ഇക്കാര്യം പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരിക്കുകയാണ്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്. തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു. ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു.

കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു. എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം.

അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളി.

യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.

അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.

അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.

രാജ്യത്ത് ഡ്രൈ റണ്‍ രണ്ടാംഘട്ടം വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവ്.

ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ വിതരണം ആരംഭിക്കാനിരിക്കെയാണ് തേജ് യാദവിന്റെ പ്രസ്താവന.

”പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം വാക്സിന്‍ സ്വീകരിക്കണം, അതിന് ശേഷം ഞങ്ങള്‍ സ്വീകരിക്കാം” തേജ് യാദവ് പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും, കോവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്‌സിന്‍ എടുക്കണം. ഇത് ജനത്തിന് വാക്‌സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന അഭിപ്രായവുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മ രംഗത്തെത്തിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ ചർച്ച നടത്തിയതെന്നാണ് സൂചന.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത്. ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ചർച്ചയ്ക്ക് എത്തിയെന്നും റിപ്പോർട്ടിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ട് നാണക്കേടിലായിരുന്നു. ട്വന്റി20യാകട്ടെ കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.

കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി20 വിജയിക്കൊടി പാറിച്ചു. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ട്വന്റി20ക്ക് സാധിച്ചു. അതേസമയം, എറണാകുളത്ത് ട്വന്റി20 വളരുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണാനാണ് ട്വന്റി20യുമായി കോൺഗ്രസ് ബാന്ധവം ആലോചിക്കുന്നത്.

കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബുഎം ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം. എന്നാൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് ട്വന്റി20 നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി20 മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ പറവൂർ, പെരുമ്പാവൂർ, പിറവം, ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിനും ആലോചനകൾ നടക്കുന്നുണ്ട്. ഇതോടെ വേരുകളുള്ള സ്ഥലങ്ങൾ കടപുഴകുമോ എന്ന ആശങ്കയും കോൺഗ്രസ് പാർട്ടിയെ തളർത്തുന്നുണ്ട്.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ

കുറിപ്പിന്റെ പൂർണ്ണ രൂപം

2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.

എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു.
പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..

എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു

തിരുവനന്തപുരം∙ പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്‌ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ  ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചെന്നൈ ∙ ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ ഹരിഹരൻ എന്ന ഇരുപത്തിരണ്ടുകാരനെ ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് ക്രൂരമായ കൊലപാതകം. ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിനു മുന്നിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊല. കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.

കോളജില്‍ സഹപാഠിയായിരുന്ന, അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ഹരിഹരൻ പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഹരിഹരനെ ഫോണിൽ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചിരുന്നു. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാമെന്നറിയിച്ചാണു കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള സംസാരം കയ്യേറ്റമായി. കുത്തേറ്റു നിലത്തുവീണിട്ടും അരിശം തീരാതെ പ്രതികൾ ഹരിഹരനെ നിർത്താതെ മർദ്ദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവര്‍ അറസ്റ്റിലായി. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഴുവന്‍ അക്രമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കുടുംബവും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നില്‍ സമരം നടത്തി.

എടത്വ:ക്യാൻസർ രോഗിയായ തലവടി ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ (70) തുടർ ചികിത്സയ്ക്കായി ഗ്രാമ വാസികൾ ഒന്നിച്ചു. കഴിഞ്ഞ 45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയാണ് പാപ്പൻ. തലയിൽ ചരുവത്തിൽ മത്സ്യവുമായി കഴിഞ്ഞ ദിവസം പോകും വഴി നടുവ് വേദന അനുഭവപെടുകയും പെട്ടെന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്. തുടർ ചികിത്സക്കും പരിശോധനകൾക്കും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഏക മകൻ സൗൗഹൃദ വേദിയെ സമീപിച്ചത്.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.

നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പുന്നൂസിൽ നിന്നും ആദ്യ സംഭാവന
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സ്വീകരിച്ചുകൊണ്ട് പാപ്പൻ ചികിത്സ സഹായ നിധി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനീ ഈപ്പൻ, അജിത്ത് കുമാർ പിഷാരത്ത്, ബി.ജെ.പി തലവടി പഞ്ചായത്ത് പ്രസിഡൻ്റ് സുരേന്ദ്രൻ ടി.ഡി, സി.പി.ഐ എം തലവടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.സി.പി.സൈജേഷ് , ഉത്തമൻ കളത്തിൽ ,ജെയിംസ് ചീരംകുന്നേൽ ,സി.കെ പ്രസന്നൻ, എൻ.കെ. ഭാസ്ക്കരൻ, അജോയി കടപ്പിലാരിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ,എൻ.ജെ.സജീവ്, ജോർജ് തോമസ് കടിയന്ത്ര, ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ജെയിംസ് ചീരംകുന്നേൽ ( ജനറൽ കൺവീനർ), കെ.കെ. ഉത്തമൻ (കൺവീനർ) എന്നിവരടങ്ങിയ 15 അംഗ ‘പാപ്പൻ ചികിത്സാ സഹായ സമിതി ‘ രൂപികരിച്ചു. സമിതിയുടെ നേതൃത്വത്തിൽ ജനുവരി 23, 24 എന്നീ തീയതികളിൽ ഭവനങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചു.

ചില ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടുചിറയിൽ തോമസ് ദാനിയേലിൻ്റെ (90) മൃതദേഹം ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കുന്നതിന് നേതൃത്വം നല്കിയ അജയൻ മറ്റത്തിൽ ,പുത്തൻപറമ്പിൽ പി.കെ ബിനു, തുണ്ടിചിറയിൽ സിജി സീലാസ്,മനു സന്തോഷ്, നെയിറ്റാരുപറമ്പിൽ ജയ്മോൻ എന്നിവരെ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അനുമോദിച്ചു.

കോട്ടയം: കാനഡയിലുണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന്‍ ഡെന്നീസ് (20) ആണ് മരിച്ചത്.

കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം ഡെന്നീസ് പാര്‍ട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ സിഗ്‌നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിമൂലം യാത്ര മുടങ്ങുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായില്‍ നഴ്‌സായ മിനിമോള്‍ ജോസഫ് ആണ് ഡെന്നീസിന്റെ മാതാവ്. സഹോദരി: ഡോണ എലിസബത്ത് (പുണെ).

വാഷിങ്ടൻ ∙ ഒടുവില്‍ യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കാപ്പിറ്റോൾ മന്ദിരത്തിൽ കടന്നുകയറി റിപബ്ലിക്കൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ട്രംപ് പ്രസ്താവനയിറക്കിയത്. ‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.

‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസാണ് അംഗീകരിച്ചത്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണു ബൈഡന്റെ വിജയം ഔദ്യോഗികമായത്. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനു ‌ശേഷം സഭ വീണ്ടും ചേർന്നാണു ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണു ബൈഡനു ലഭിച്ചത്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപിന് കിട്ടിയത് 232 വോട്ടും. റിപബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം പ്രഖ്യാപിച്ചത്.

 

RECENT POSTS
Copyright © . All rights reserved