കൊച്ചി: തെങ്ങ് വീണ് പത്തു വയസുകാരൻ മരിച്ചു. മാടശേരി ബിജു-ഷൈല ദമ്പതികളുടെ മകൻ മിലനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിക്ക് പിതാവ് ബിജുവിൻ്റെ കൺമുന്നിലാണ് സംഭവം.
വീടിനു സമീപത്തെ പറമ്പിൽ കൂട്ടുകാരോടൊപ്പം സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അപകടം. അടിഭാഗം ദ്രവിച്ച തെങ്ങിൻ്റെ ഒരുഭാഗം മിലൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഈ സമയം പിതാവ് ബിജുവും സംഭവ സ്ഥലത്തുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മിലൻ. സംസ്കാരം ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ നടക്കും. സഹോദരൻ അലൻ.
പാലക്കാട് ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോഗിച്ചിരുന്ന തോക്കാണിത്.
ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും. തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.
നടി മംമ്ത മോഹന്‍ദാസിന്‍റെ റെഡ് കര്‍പ്പറ്റ് അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടി രേവതി സമ്പത്തും മംമ്തക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പ്രിവിലേജ് കുന്നിന്റെ മുകളിലിരുന്ന് അസഭ്യം വിളമ്പരുതെന്നാണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
‘എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ,
ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം. ‘എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്. ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും’ – രേവതി സമ്പത്ത്
ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും. ഒറ്റമകളായതിനാല്‍ ഒരാണ്‍ക്കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയതെന്നും അതിനാല്‍ ലോകത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ടെന്നാണ് മംമ്ത അഭിമുഖത്തില്‍ പറഞ്ഞത്.
ഡാക്കർ (സെനഗൽ): 2002 ഫിഫ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ 1998 ചാന്പ്യന്മാരായെത്തിയ ഫ്രാൻസിനെ അട്ടിമറിച്ച സെനഗലിന്റെ ഗോൾ നേട്ടക്കാരനായിരുന്ന പാപ ബൂബ ഡിയൊപ് (42) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു.
സെന്റർ ബാക്കും, ഡിഫൻസീവ് മിഡ്ഫീൽഡറുമായിരുന്ന ഡിയൊപ് 2002 ലോകകപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഉറുഗ്വെ, ഫ്രാൻസ് എന്നിവരെ പിന്തള്ളി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിൽ പ്രവേശിച്ച സെനഗൽ, 2002ൽ ക്വാർട്ടറിൽവരെ എത്തി. ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു ഫ്രാൻസിനെതിരായ സെനഗലിന്റെ ജയം. ഗ്രൂപ്പിൽ ഉറുഗ്വെയുമായി 3-3നു സമനില പാലിച്ച മത്സരത്തിലും സെനഗലിന്റെ ഹീറോ ഡിയൊപ് ആയിരുന്നു. ഡിയൊപ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 3-0നു മുന്നിട്ടുനിന്നശേഷമായിരുന്നു സെനഗൽ സമനില വഴങ്ങിയത്.
സെനഗലിനായി 63 മത്സരങ്ങളിൽനിന്ന് 11 ഗോൾ നേടി. ഫുൾഹാം, ബിർമിംഗ്ഹാം സിറ്റി, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളുടെ ജഴ്സിയണിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചു.
നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്”, സര്‍റെ ന്യൂട്ടന്‍ എം.പി സുഖ് ധാലിവാള്‍ പ്രതികരിച്ചു.
അതേസമം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. കര്‍ഷകുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ ദേശീയ നേതാക്കള്‍ ഞായറാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.
എന്നാൽ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഡിസംബര്‍ മുന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
കിം കിം കിം എന്ന ഗാനം ജനശ്രദ്ധമാകുമ്പോൾ തൻ്റെ സിനിമാ ഗാനം വൈറലായതിൻ്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുടക്കാരൻ രാം സുരേന്ദർ . റാം സംഗീതം നൽകിയ ജാക് എൻ ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് മഞ്ചു വാര്യരും എഴുതിയത് ബി.കെ ഹരിനാരായണനും ആണ്.

ഒരു കാലത്ത് സൂപ്പർ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ചെയ്യുകയും , നിരവധി ഹിറ്റ് ആൽബം സോങ്ങുകൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാം സുരേന്ദറിൻ്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമാകുന്നത്. സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് റാം .
ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്. ‘ഉറുമി’ക്ക് ശേഷം ഒന്‍പത്‌വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം, നെടുമുടിവേണു, അജു വര്‍ഗീസ്, ബേസിൽജോസഫ്, ഇന്ദ്രന്‍സ് , എസ്തര്‍ അനില്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെ സംഗീത സംവിധായകൻ റാമിനെ തേടി സിനിമ മേഖലയിൽ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികൾ എത്തുന്നു. 9526355443 റാം സുരേന്ദർ. ജാക്ക് എൻ ജില്ലിൽ തന്നെ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങൾ കൂടി റാമിൻ്റേതായി പുറത്തിറങ്ങാനുണ്ട്..
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്നു ഷക്കീലയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രം ഷക്കീല റിലീസിന്. ക്രിസ്തുമസിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
16ാം വയസിലാണ് ഷക്കീല തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.
തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയിരുന്നത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കാലിന് പരിക്കേറ്റു. ഞായറാഴ്ച തന്റെ വളര്‍ത്തുപട്ടിയുമായി കളിക്കുന്നതിനിടെയായിരുന്നു ബൈഡന് പരിക്കേറ്റത്.
പരിശോധനയില്‍ കാലിന് ചെറിയ പൊട്ടലുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല്‍ ഗുരുതരമല്ല. കാലിന് പ്രൊട്ടക്ടീവ് ബുട്ടുകള്‍ ധരിച്ച് വേണ്ടിവരും ബൈഡന് ഇനി അഴ്ചകളോളം സഞ്ചരിക്കാനെന്ന് ഡോക്ടരുടെ വിദ്ഗധ സംഘം പറഞ്ഞു.
അതേസമയം ജോ ബൈഡന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ ആശംസ.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവന്‍. മലയാള സിനിമയെ കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങി. അധികവും വില്ലന്‍ വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. നേരത്തെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ദേവന്‍ പറഞ്ഞ വാക്കുകള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ലോകത്തിലെ പത്ത് നടന്മാരെ തിരഞ്ഞെടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആ ലിസ്റ്റില്‍ മോഹന്‍ലാല്‍ വരില്ലെന്നും ആയിരുന്നു ദേവന്‍ പറഞ്ഞത്.
ദേവന്റെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോള്‍ അന്ന് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ദേവന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും വാവാദങ്ങള്‍ക്കുള്ള മറുപടിയും താരം തുറന്ന് പറഞ്ഞത്.
ദേവന്റെ വാക്കുകള്‍ ഇങ്ങനെ,
ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ചോദ്യ കര്‍ത്താവ് മോഹന്‍ലാലോ എന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ ലെവല്‍ വേറെയാണ്. അവര്‍ അവിടെ സ്‌റ്റോപ് ചെയ്തു.
ഞാന്‍ ഉദ്ദേശിച്ച് വന്നത്, രജനികാന്തിന്റെ കാര്യം വെച്ച് പറയാം. രജനികാന്തിനെയും അദ്ദേഹത്തിന്റെ ജനപ്രീതിയും നമുക്ക് ആരോടെങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുമോ? പറ്റില്ല. രജനികാന്തിനെ പോലെ തന്നെ സംവിധായകന്‍ രാജമൗലിയെയും ആരുമായിട്ടും താരതമ്യപ്പെടുത്താന്‍ പറ്റില്ല. അതുപോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്‌ളെക്‌സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. ഈ പത്ത് നടന്മാരെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണെന്ന് പറയാന്‍ സമ്മതിച്ചില്ലെന്നുള്ളതാണ് അവിടെ ഉണ്ടായത്. അതിലൂടെ അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും.
വ്യാഴാഴ്ച കന്യാകുമാരിക്ക് സമീപംവരെ ചുഴലിക്കാറ്റെത്തുമെന്ന് മുഖ്യമന്ത്രി. ഏതുസാഹചര്യവും നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി. അര്‍ധരാത്രി മുതല്‍ കേരളതീരത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു. തിരുവനന്തപുരം എറണാകുളം വരെ ക്യാംപുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവിക, വ്യോമസേനകളുടെ സഹായം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏഴ് എന്‍ഡിആര്‍എഫ് ടീമുകളെക്കൂടി കേരളം ആവശ്യപ്പെട്ടു. കേന്ദ്രസേനകളോടും സജ്ജമായിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് ജാഗ്രതാനിര്‍ദേശം. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടുണ്ട്.
ഒാഖി ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുറെവി ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അർധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കാലാവസ്ഥാ പ്രവചനം ശരിവച്ച് കടലിന്റെ മുഴക്കവും തിരമാലകളുടെ ശക്തിയും ആപത്തിന്റെ മുന്നറിയിപ്പെന്നാണ് കാലങ്ങളായി കടലിനെ അറിയുന്നവരുടെ സാക്ഷ്യം.