തിരുവനന്തപുരം ∙ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഭർത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.
ജയലക്ഷ്മി
സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ
നിങ്ങളുടെ സദാചാരപുസ്‌തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി
നിനക്കു വേണ്ടിയതു ചിതയായി കത്തും
അതിലേക്കിറങ്ങി മോചിതരാകുക
അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത്
ഇതെന്റെ ലോകം
ഇതെന്റെ ദേഹം
ഇവിടെയെന്റെ സ്വരം മാത്രം
…………………………………..
നാണവും മാനവും പെണ്ണിന് നൽകി
നഷ്ടസ്വർഗങ്ങളുടെ വാതിൽക്കലെ കാവൽക്കാരേ
ഒന്നകത്തു കയറി നോക്കൂ
അതിനുള്ളിൽ നിന്റെ അമ്മയില്ല,
മകളും സോദരിയും തോഴിയുമില്ല
ഭാര്യയും ബോസും ടീച്ചറും കൊലീഗും ആരുമില്ല
ചിതലുതീനും കുറെ ഓലപ്പാട്ടങ്ങൾ
ഞങ്ങളുടെ സാന്നിധ്യമില്ലാതെ യജ്ഞപൂർത്തിക്കൊരുക്കിയ സുവർണവിഗ്രഹങ്ങൾ ഉടഞ്ഞുപോയിരിക്കുന്നു
……………………………….
.
എത്രയെത്ര സിനിമകൾ സൃഷ്ടിച്ചു ?
എത്രയെത്ര കഥകൾ? എത്ര പ്രവചനങ്ങൾ?
സ്ത്രീയുടെ ദൈവമായി, വിമോചകനായി, രക്ഷകർത്താവായി, ഹീറോയായി
സ്ത്രീയെ വരച്ചവരയ്ക്കുനിർത്താനുള്ള ശ്രമത്തിൽ വരച്ചു വരച്ചു വരച്ചു കൈകുഴഞ്ഞു വീണിരിക്കുന്ന മഹാനെത്ര പേർ !
അവളുടെ അഹങ്കാരം ശമിപ്പിച്ചു
അടക്കവും ഒതുക്കവും പഠിപ്പിച്ചു,
വിനീതയാക്കി,
ശാലീനയാക്കി,
നല്ലവളാക്കി.
ഒരു കോമഡിയിൽ ചോദിച്ചതു പോലെ ഞങ്ങളിത്രയും പീഡിപ്പിച്ചിട്ടും നിങ്ങൾ നന്നാകാത്തതെന്ത്?
നന്നായി നന്നായി നിങ്ങളെ പെറ്റുവളർത്തിയവർ തളർന്നുവീണിരിക്കുന്നു
അവരുടെ രോദനം മുദ്രാവാക്യമാക്കി ഞങ്ങളിതാ
………………. ..
വെറുതെയിരിക്കുമ്പോൾ മുടങ്ങാതോടുന്ന ശ്വാസത്തിലേക്കു ശ്രദ്ധ പോയി
അതോതി നീ നിന്റേതാണ്
നീ നിന്റേതാണ്
നീ നിന്റേതാണ്
ഞങ്ങൾ മനഃപാഠമാക്കിയ പാഠങ്ങൾ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ വിളിച്ചുണർത്തി ചിരിക്കും
ഉറക്കെ
ഉറക്കെ
ഉറക്കെ
പിന്നെ ഞങ്ങൾ ലോകം കണ്ടു
കഥകളിലൂടെ ഇന്റർനെറ്റിൻ മായാജാലങ്ങളിലൂടെ
കാലുകൾ ചിറകുകളെക്കാൾ ദൂരമെത്തിക്കുന്ന കാലത്ത്
ഞങ്ങൾ അവളെ കണ്ടു
സാരിയിൽ കുണുങ്ങിയും
പർദ്ദയിൽ ഒളിച്ചും
ഷോർട്സിൽ ഓടിയും
സ്വിമിങ്സ്യൂട്ടിൽ നീന്തിയും
ദുപ്പട്ടയിൽ ഒതുങ്ങിയും
ഡ്രെസ്സുകളിൽ ആടിയും
പാന്റ്സിൽ വിളങ്ങിയും
അങ്ങനെയങ്ങനെ അവൾക്കൊരു നൂറ് വേഷങ്ങൾ
അവളുടെ കണ്ണിൽ ഇതേ തീവ്രത
അവളുടെ കൈകളിലിതേ കരുത്ത്
അവളുടെ മുടി കെട്ടഴിഞ്ഞു
ഗതിതേടും ജീവനെപ്പോലെ പറക്കുന്നു
അല്ല…
കാറ്റ് നെഞ്ചോടേറ്റു ഇലകളായിരം പേർ
വേരുകളുടെ ബലത്തിൽ ഉലഞ്ഞുലഞ്ഞാടും പോലെ
…………………………
ഉടഞ്ഞുവീഴുന്ന പളുങ്ങുകൊട്ടാരങ്ങളെ നോക്കി
വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല
കത്തികാട്ടീട്ടും ആസിഡൊഴിച്ചിട്ടും
പീഡനഭീഷണിമുഴക്കീട്ടും
പൂട്ടിയിട്ടിട്ടും മണ്ണെണ്ണ കൊളുത്തിയിട്ടും
കെട്ടിത്തൂക്കിയിട്ടും കെട്ടിച്ചുവിട്ടിട്ടും
അടിച്ചൊടിച്ചിട്ടും സ്‌ലട്ഷെയിം ചെയ്തിട്ടും
ചീത്തവിളിച്ചിട്ടും ചൂരലടിച്ചിട്ടും
ഒന്നുമൊന്നും കാര്യമില്ല
അവളെ ഉണർത്താനുള്ള പന്തവുമേന്തി
കാലമൊരപ്സരയായി നൃത്തം വയ്ക്കുന്നു
മേലെ… മേലെ… മേലെ…
ഞങ്ങളതുകണ്ടു താഴെ താഴെ താഴെ….
……………………………….
ആത്മാവു സ്വതന്ത്രമായാൽ പോരേ?
ശരീരമെന്തായാലെന്ത് ?
ശരീരം ശവകുടീരങ്ങളാകുന്നിടത്തു
ആത്മാവിരക്കുന്നതാരു കേൾക്കാൻ?
മറയ്ക്കാനാകാത്ത മറവി ബാധിച്ചു
ഇതേ ഓരോരുത്തരുമോടുന്നിവിടെ
ഞാൻ പുരുഷൻ നീ സ്ത്രീ
നീ ഭേദിക്കാത്ത ലക്ഷ്മണരേഖകൾ നിന്നെ തടവിലാക്കും
നീ ഭേദിക്കുന്നത് ഈ പ്രപഞ്ചതാളം തെറ്റുന്നതിന് കാരണമായി ഉത്ഘോഷിക്കപ്പെടും
ഇന്നിപ്പോൾ പ്രപഞ്ചങ്ങൾ താളം തെറ്റിയോടുന്നു
അവരവൾക്ക് കാരണമായിരമായിരം കൊടുത്തുകൊണ്ടേയിരിക്കുന്നു …
ജയലക്ഷ്മി
ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശിനിയാണ്. ഡൽഹിയിൽ സന്നദ്ധ സേവനരംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി മികച്ച ഒരു കഥക് നർത്തകിയും അധ്യാപികയുമാണ്. സ്റ്റുഡന്റ് ആക്റ്റിവിസത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.
കൊച്ചിൻ കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർകം ടീം അവതരിപ്പിക്കുന്ന “നക്ഷത്ര ഗീതങ്ങള്‍”: ഡിസംബര്‍ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണി മുതൽ (7:30 പിഎം ഇന്ത്യ) ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സാമ്പ്രിയ്ക്കല്‍ പരിപാടിയില്‍ മുഖ്യാതിഥി.
ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റ് ഫെയിം സൗപര്‍ണിക നായര്‍ സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. ബിബിസി വണ്ണിലെ ഒറ്റ പരിപാടിയിലൂടെ ലോക മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ കൊച്ചുമിടുക്കിയാണ് സൗപര്‍ണ്ണിക.
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായ ഗായകരും സംഗീത സംവിധായകരുമായ ഫാ. ഷിന്റോ ഇടശ്ശേരി, ഫാ. സെവേരിയോസ് തോമസ്, ഫാ. വിപിന്‍ കുരിശുതറ, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി, ഗായിക ജോസ്‌ന ഷാന്റി, പ്രശസ്ത കീബോർഡിസ്റ്റ് ലിജോ ലീനോസ് എന്നിവരാണ് ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടില്‍ നിന്നും ലൈവ് പ്രോഗ്രാമില്‍ അതിഥികളായെത്തുന്നത്.

യു.കെയില്‍ നിന്നും ഒരു കൂട്ടം പ്രഗത്ഭരായ വളര്‍ന്ന് വരുന്ന ഗായക നക്ഷത്രങ്ങളാണ് ഈ പരിപാടിയ്ക്ക് മിഴിവേകുവാനായി ഇമ്പമാര്‍ന്ന ഗാനങ്ങളുമായെത്തുന്നത്. അനീ അലോഷ്യസ്, അലീന സെബാസ്റ്റ്യന്‍, അന്ന ജിമ്മി, അനറ്റ് ബെന്നി, ടെസ്സ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഫിയോണ ബിജു, അനീഷ ബെന്നി, ഇസബെല്‍ ഫ്രാന്‍സിസ്, സേറ മരിയ ജിജോ, കെറിന്‍ സന്തോഷ് എന്നീ കൊച്ചുമിടുക്കിമാരാണ് ഗായകരായെത്തുന്നത്. “നക്ഷത്ര ഗീതങ്ങള്‍” എന്ന പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും കലാഭവന്‍ ലണ്ടന്‍ ടീം അംഗമായ റെയ്‌മോള്‍ നിധീരിയാണ്.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ഞാന്‍ ഐപ്പ് വള്ളിക്കാടന്‍.
സിസ്റ്റര്‍ അഭയയുടെ നിലവിളിക്ക് അവരുടെ നിലവിളിക്ക് വേണ്ടി ശബ്ദിച്ച ആളുകളുടെ വേദനകള്‍ക്ക് ഇന്ന് ആശ്വാസമായിരിക്കുകയാണ്. സി ബി ഐ കോടതി ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വിധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സിസ്റ്റര്‍ അഭയ കത്തോലിക്കാ സഭയുടെ മകളാകണം. അവരെ വിശുദ്ധയായി പ്രഖ്യാപിക്കണം. നമകരണത്തിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കണം. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പ്രബലമായ സഭയാണ് കത്തോലിക്കാ സഭ. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്. അവര്‍ രക്തസാക്ഷിയാണ്. സ്വന്തം സഭയെ സ്‌നേഹിക്കാനും സേവിക്കാനും സകലതും ഉപേക്ഷിച്ച് മഠത്തിലേയ്ക്ക് കയറി ചെന്ന് കന്യാസ്ത്രീയുടെ വൃതം സ്വീകരിച്ച സിസ്റ്റര്‍ അഭയയുടെ കണ്ണീരിനും നിലവിളിക്കും വിലയുണ്ടാകണം.
കാര്യങ്ങള്‍ പച്ചയ്ക്ക് തുറന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
[ot-video]
https://fb.watch/2xWatThPx3/
Posted by Iype Vallikadan on Tuesday, 22 December 2020
[/ot-video]
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.
പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.
അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.
അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.
അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.
മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.
നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.
ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടക്കവെ കുട്ടിയാനയെ ബൈക്കിടിച്ചു. അനക്കമില്ലാതെ കിടന്ന ആനക്കുട്ടിക്ക് സിപിആര്‍ നല്‍കി പുനര്‍ജന്മം നല്‍കി തായ്‌ലാന്റിലെ മാന ശ്രീവതെ എന്ന രക്ഷാ പ്രവര്‍ത്തകന്‍. ചന്ദാബുരിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടിച്ച ആളും ആനക്കുട്ടിയും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ആനക്കുട്ടിയ്ക്ക് അനക്കമില്ലാതായി. ഫോണ്‍ വിളിയെ തുടര്‍ന്നാണ് മാന സംഭവസ്ഥലത്തെത്തിയത്.
തുടര്‍ന്ന് മാന ആനക്കുട്ടിയ്ക്ക് സിപിആര്‍ നല്‍കാന്‍ തീരുമാനിച്ചു. ആനയുടെ ഹൃദയത്തിന്റെ സ്ഥാനം വീഡിയോകളില്‍ കണ്ട് മാത്രം പരിചയമുണ്ടായിരുന്ന മാന ഒരൂഹത്തില്‍ ആനക്കുട്ടിയെ പരിചരിക്കുകയായിരുന്നു. അമ്മയാനയും കൂട്ടത്തിലെ മറ്റാനകളും കുറച്ചകലെ നിന്ന് കുട്ടിയെ വിളിക്കുന്നത് കേള്‍ക്കാമായിരുന്നുവെന്ന് മാന പിന്നീട് പറഞ്ഞു.
അവസാനം മാനയുടെ ശ്രമം ഫലിച്ചു. ആനക്കുട്ടി അനങ്ങാന്‍ തുടങ്ങി. പത്തു മിനിറ്റിനുള്ളില്‍ ആനക്കുട്ടി പതിയെ എണീറ്റു നിന്നു. പിന്നീട് കൂടുതല്‍ ചികിത്സക്കായി അതിനെ മറ്റൊരിടത്തേക്ക് മാറ്റി. ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ അമ്മയുടെ അരികില്‍ തിരികെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആനക്കുട്ടി അനങ്ങിയപ്പോള്‍ തനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായി മാന പ്രതികരിച്ചു. നിരവധി റോഡപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായ താന്‍ സിപിആര്‍ നല്‍കി ജീവന്‍ തിരികെ ലഭിച്ചത് ഈ ആനക്കുട്ടിയ്ക്ക് മാത്രമാണെന്ന് സന്തോഷത്തോടെയും അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ കുറിച്ച് ദുഃഖത്തോടെയും മാന സൂചിപ്പിച്ചു.
ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചത്.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുകെയിലേക്ക് ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ നാലംഗ സംഘത്തിലെ ഒരാൾ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇതേ സംഘത്തിലെ മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടായി സ്വദേശി രഘുനന്ദന്‍ (22) രക്ഷപ്പെട്ടു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിൽ വെച്ച് ഞായറാഴ്ച് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരാണ് നെല്ലിയാമ്പതി കാണാൻ എത്തിയത്. രണ്ട് ബൈക്കുകളിലായിരുന്നു സംഘം. സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിലൂടെ നടന്നുപോകുന്നതിനിടെ സന്ദീപ് കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രഘുനന്ദന്‍ അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ശരത്തും സനലും അപകടത്തില്‍പ്പെട്ടവരുടെ പിന്നാലെയാണ് നടന്നിരുന്നത്. ഇവരുടെ കണ്‍മുന്നിൽ വെച്ചാണ് സുഹൃത്തുക്കള്‍ കൊക്കയിലേക്ക് വീണത്.
![]()
3200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണവരെ രക്ഷിക്കാന്‍ നടത്തിയത് അതിസാഹസിക പ്രവര്‍ത്തനം. പോലീസും അഗ്‌നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്ന് 23 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നെല്ലിയാമ്പതി വനമേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തെരച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12വരെയാണ് തുടര്‍ന്നത്. ഒടുവില്‍ സന്ദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
![]()
മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറില്‍ ചുമന്ന് വൈകീട്ട് ആറോടെ താഴ്‌വാരമായ നെന്മേനിയില്‍ എത്തിച്ചു. സീതാര്‍കുണ്ഡ് ഭാഗത്തുള്ള കൊക്കയില്‍ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാല്‍ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കില്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.
![]()
ചിറ്റൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുള്‍പ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തെരച്ചില്‍ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളില്‍ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു.
ഇതിനിടെ നെല്ലിയാമ്പതി സീതാര്‍കുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും മുകള്‍ഭാഗത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചില്‍ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങുകയായിരുന്നു. വടമില്ലാത്തതിനാല്‍ വടക്കഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മുകള്‍ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ ജീവനോടെ എത്തിക്കാന്‍ സാധിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തെരച്ചിലിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടര്‍ന്ന്, കാലത്ത് അഗ്‌നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പാറക്കെട്ടിന് താഴ ഇറങ്ങാന്‍ തീരുമാനിച്ചു.
വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടില്‍ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. സന്ദീപ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.
രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടെ 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ബ്രിട്ടണില്‍ രൂപമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.