ഹഥ്‌റാസിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും എതിരെ ഉത്തർപ്രദേശ് പോലീസ് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. ആതിഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് സിദ്ദീഖിന് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ.
ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന, യുഎപിഎയിലെ സെക്ഷൻ 17 ഉം ഇവർക്കെതിരായ എഫ്‌ഐആറിൽ ചുമത്തിയിട്ടുണ്ട്. ഹഥ്‌റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സിദ്ദീഖിനെയും സംഘത്തെയും മഥുരയിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
സംശയിക്കത്തക്ക ചില ആളുകൾ ഡൽഹിയിൽനിന്ന് ഹാഥ്‌റസിലേക്ക് പോകുന്നതായി വിവരം വിവരം ലഭിച്ചിരുന്നുവെന്ന് യുപി പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയും സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകർക്കാൻ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തായും പോലീസ് അറിയിച്ചു. തങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.
തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.
സിരുതാവൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്.
ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷൻ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.
പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട്, കറുത്തവര്‍ മേയ്ക്കപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നത്..? നടി സഞ്ജു സുനിച്ചന്റെ ചോദ്യമാണ് ഇത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴും ഞാന്‍ ഒരുങ്ങും. കണ്ണെഴുതും പൊട്ട് വെക്കും. ലിപ്സ്റ്റിക് ഇടും. മുഖം ഡ്രൈ ആകുന്നതിനാല്‍ പൗഡര്‍ ഇടാറില്ല, എന്നാല്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്നം ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം ചേട്ടന്‍മാരും ചേച്ചിമാരും ഉടനെ വന്ന് പുട്ടിയിട്ടതെന്തിനാ, ചായത്തില്‍ വീണോ, കറുപ്പായിരുന്നു നല്ലതെന്നൊക്കെ പറഞ്ഞ് വരും.
ഒഴിച്ചുകൂടാന്‍ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാന്‍ നിങ്ങള്‍ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. കറുത്തവര്‍ മേക്ക് അപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നതെന്ന് പുട്ടി കഥ പറയുന്നവരോട് ചോദിക്കാന്‍ തോന്നാറുണ്ട്. മേക്കപ്പ് ചെയ്യുന്നത് സ്‌കിന്‍ ടോണിലാണ്, വൈറ്റ് വാഷ് അല്ല.- മഞ്ജു രോഷത്തോടെ കുറിച്ചു. കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അനുഭവം കൂടി പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ… അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and lovely തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ കളർ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി…
പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും… കണ്ണെഴുത്തും… ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോൾ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്.. ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ make up ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങൾ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം… ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു. ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം..” അയ്യേ എന്തോന്നിത് “(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. “ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്”
(വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. “എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. “അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം .. അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട് തുടങ്ങും. കറുത്തോളും nee ടെൻഷൻ അടിക്കേണ്ട.. ” എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.
അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. “അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ…. എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം.. ❤️❤️❤️
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.
മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്.
മറ്റ് ആരോഗ്യ പ്രശ് നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോട് നിരീക്ഷണത്തിലേക്ക് മാറാൻ ഓഫീസ് ആവശ്യപ്പെട്ടു. രാവിലെ ഓൺലൈനിലൂടെ മന്ത്രി കാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.
പോർഷെയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം 911 കരേര എസ് സ്വന്തമാക്കി മലയാള സിനിമയിലെ ക്യൂട്ട് കപ്പിൾ ഫഹദ് ഫാസിലും നസ്രിയയും. കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഒരണ്ണം മാത്രമേയുള്ളൂ. ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.
ഫഹദും നസ്രിയയും ചേർന്നാണ് വാഹനം സ്വീകരിച്ചത്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്.
മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്നതാണ് ചിത്രം.
ചിത്രം പങ്കുവെച്ചതോടെ ഇതാരാണെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു.പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി സമൂഹമാധ്യമ പേജുകളിൽ ഇടം നേടിക്കഴിഞ്ഞു
https://www.facebook.com/PAMuhammadRiyas/posts/1584095635126372
കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തൃശൂര്‍∙ പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
എട്ട് മാസം മുൻപ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സതീഷ് മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം പീഡനക്കേസ് നടന്ന വീട് സ്ഥിതിചെയ്യുന്ന കോളനിയിൽ സതീഷ് വന്നിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്തുനിന്ന് സതീഷിനെ അന്വേഷിച്ച് രണ്ടുുപേർ വന്നിരുന്നതായും വിവരമുണ്ട്. അവിടെ നടന്ന എന്തെങ്കിലും സംഘർഷത്തിന്റെ പകപ്പോക്കലാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. സതീഷിന്റെ മൃതദേഹം കണ്ടെത്തിയ പറമ്പിനു സമീപമുള്ള വീട് മദ്യപസംഘങ്ങളുടെ താവളമാണെന്നും ഇന്നലെയും അവിടെ ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു.
കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.
അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.
സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്.
കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.
മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും.
സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.
ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞിരുന്നു.