കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി ചുമത്തുമെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്)അറിയിച്ചിരിക്കുന്നത്. കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിലപാട് കൈകൊണ്ടിരിക്കുന്നത്.
പൊതുപരീക്ഷയുടെയും ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഒമ്പത് മുതല്‍ 12 വരെ ഗ്രേഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 27 മുതല്‍ സ്‌കൂളുകളിലെത്തി പഠനം തുടരാനുള്ള അനുമതി നല്‍കിയത്.
ആറുമാസത്തിന് ശേഷം ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളും ഞായറാഴ്ച തുറന്നിരുന്നു. യൂണിവേഴ്സിറ്റി പഠനത്തിനായുള്ള പരീക്ഷ എഴുതേണ്ടാത്ത ആറ് മുതലുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ ലേണിങ് തുടരാമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.
വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1950 – 60 കാലത്ത് സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി.
ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ കഴിയുവെന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. സ്ഥാനം ഒഴിയാൻ ഉമ്മൻചാണ്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സൗഹാർദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പറഞ്ഞു.
അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങി.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി നായര്‍ പറയുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല.ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ ,യു.ജി.സിയുടെയോ അനുമതിയില്ലെന്നും പറയുന്നു. വിജയ് പി.നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നാണ് ഈ മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്.
റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.
സ്വഭാവവൈകല്യം ചൂണ്ടിക്കാട്ടി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍.ക്ലിനിക്കൽ സൈക്കോളജിറ്റ് എന്നു പറയുന്ന വിജയ് പി നായരുടെ യോഗ്യത അന്വേഷിക്കണമെന്നു കല ആവശ്യപ്പെടുന്നു. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ടെന്നും കല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്ലിനിക്കൽ സൈക്കോളജിസ്റ്, ആണ് അദ്ദേഹം എന്നാണ് അറിയുന്നത്.. അത് ഒന്ന് അന്വേഷിക്കണം.. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ട്.
ഇദ്ദേഹം വെച്ചിരിക്കുന്നത് ക്ലിനിക്കൽ സൈക്കോളജിസ്റ് എന്നാണ്. പ്രൊഫൈലിൽ കാണുന്നത് അംഗീകൃതമായ ഡിഗ്രി ആണോ എന്ന് അറിയണം. വ്യാജന്മാർ, അതിന്റെ മറവിൽ എത്ര പീഡനങ്ങൾ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടത്തുന്നു. ആൺകുട്ടികളുടെ കേസുകളും ഇല്ലേ? ഒന്ന് തിരക്കണം, ഈ അവസരത്തിൽ എങ്കിലും. അഥവാ ഇയാൾ, യഥാർത്ഥ പ്രഫഷണൽ ആണേൽ, ഇനിയും തുടരാൻ യോഗ്യൻ ആണോ? ഞാൻ അയാളുടെ വീഡിയോ കണ്ടതാണ്. അങ്ങേയറ്റം വൈകല്യമാണ് അതിൽ ഉടനീളം ഉണ്ടായിരുന്നത്.
ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഗുജറാത്തിലെ കച്ചില്‍ ദലിത് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ മുംബയ് മലാഡ് വെസ്റ്റിലെ ഒരു സ്റ്റേഷനറി കടയുടമ അറസ്റ്റിലായി. ഓള്‍ ഇന്ത്യ ബാക്ക്‌വാഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റേയും ലീഗല്‍ പ്രൊഫഷണല്‍സ് അസോസിയേഷന്റേയും നേതാവായ ദേവ്ജി മഹേശ്വരി ആണ് കൊല്ലപ്പെട്ടത്. പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക സമുദായങ്ങളില്‍പ്പെടുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റ് വാമന്‍ മേശ്രാം പറഞ്ഞത് ദേവ്ജി മഹേശ്വരി ഷെയര്‍ ചെയ്തിരുന്നു. ഇതായിരുന്നു ദേവ്ജിയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരത് റാവല്‍ എന്ന സ്‌റ്റേഷനറി കടയുടമയാണ് കൊല നടത്തിയത് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ഇരുവരും ഒരേ നാട്ടുകാരാണ്. കച്ചിലെ റാപ്പര്‍ സ്വദേശികളാണ്. ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേവ്ജി മഹേശ്വരിയുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് റാവല്‍, ദേവ്ജിയുമായി സോഷ്യല്‍മീഡിയയില്‍ കലഹിച്ചിരുന്നു. ഇത്തരം പോസ്റ്റുകളിടരുതെന്ന് പറഞ്ഞ് ഭരത് റാവൽ, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇവർ നിരന്തരം പോരിലായിരുന്നു.
രണ്ട് പേരും ഒരു ഗ്രാമക്കാരായതിനാല്‍ പ്രശ്‌നമുണ്ടാക്കാന്‍ നില്‍ക്കരുത് എന്ന് പറഞ്ഞാണ് ഭരത് റാവല്‍, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയത്. എന്ത് വേണമെങ്കിലും ചെയ്‌തോളാന്‍ അഭിഭാഷകന്‍, റാവലിനോട് പറഞ്ഞിരുന്നു. ദേവ്ജിയെ കൊല്ലണമെന്ന ഉദ്ദേശ്യവുമായി ബുധനാഴ്ച മുംബൈയില്‍ നിന്ന് റാപ്പറിലെത്തി കൃത്യം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദേവ്ജി മഹേശ്വരി ഓഫീസില്‍ വച്ചാണ് കൊല്ലപ്പെത്. ദേവ്ജി ഓഫീസിലേയ്ക്ക് കയറിപ്പോകുന്നതും ചുവന്ന ടീഷര്‍ട്ട് ധരിച്ചയാള്‍ പിന്തുടരുന്നതും സിസിടിവി ക്യാമറയില്‍ കാണാം. സെക്കന്റുകള്‍ക്ക് ശേഷം ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേയ്‌ക്കോടി പോകുന്നതാണ് കാണുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പുറമെ പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും റാവലിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഭരത് റാവലിനെ കസ്റ്റഡിയിലെടുക്കാനായി ഗുജറാത്ത് പൊലീസ് സംഘം മുംബൈയിലെത്തിയിരുന്നു.
ഗുജറാത്ത് പൊലീസ് ഭരത് റാവലടക്കം 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ റാവലടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. റാപ്പറില്‍ ദലിത് വിഭാഗക്കാര്‍ വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഭിഭാഷകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി ദേശീയ പ്രസിഡന്‌റ് വി എല്‍ മതാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കൊല നടന്ന് എട്ട് മണിക്കൂറായപ്പോളേക്കും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ സംശയകരമായ കാര്യങ്ങളുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും കുറ്റവാളികളെ സംരക്ഷിക്കുന്നതായി സംശയിക്കുന്നു. ഇതിനിടെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ദേവ്ജി മഹേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ഒരു വസ്തുതര്‍ക്കത്തിന്റെ പേരിലാണ് ദേവ്ജി മഹേശ്വരിയെ കൊലപ്പെടുത്തിയത് എന്നാണ് വീട്ടുകാരും ദലിത് ആക്ടിവിസ്റ്റുകളും പറയുന്നത്. ദേവ്ജിയാണ് ഈ കേസ് വാദിച്ചിരുന്നത്. വസ്തുതര്‍ക്ക കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.30നാണ് ദേവ്ജി മഹേശ്വരി വീട് വിട്ടുപോയതെന്ന് ഭാര്യ മീനാക്ഷി മഹേശ്വരി പറയുന്നു. ഭുജ്ജിലേയ്ക്ക് ഒരു സ്വകാര്യ വാഹനത്തിലാണ് പോയത്. ലുഹാര്‍ കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഉച്ചയ്ക്ക് ശേഷം 3.30ഓടെ തിരിച്ചെത്തി. എന്നിട്ടാണ് ഓഫീസിലേയ്ക്ക് പോയത്. കമ്മ്യൂണിറ്റി ഹാളിന്റെ കേസ് ഒരു അഭിഭാഷകനും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ദേവ്ജി ഇതിന് തയ്യാറായെന്നും മീനാക്ഷി പറയുന്നു. കേസ് ഫയലുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഭര്‍ത്താവിന് കൊല്ലുമെന്ന് കേസുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭരത് റാവല്‍ ഇവരുടെ വാടകക്കൊലയാളിയാണെന്ന് സംശയിക്കുന്നതായും മീനാക്ഷി പറഞ്ഞു.
എൻഡിഎ സഖ്യത്തിന്റെ ശക്തമായ നെടുംതൂണുകളാണ് ശിവസേനയും അകാലിദളുമെന്നും, ഈ കക്ഷികളില്ലാതെ എൻഡിഎ എന്നൊരു സഖ്യമില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുയർന്ന വിയോജിപ്പുകളുടെ പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിനു പിന്നാലെയാണ് റൌത്തിന്റെ ഈ പ്രസ്താവന. ശനിയാഴ്ച രാത്രിയിലായിരുന്നു എൻഡിഎയുടെ ദീർഘകാല കക്ഷിയായ അകാലിദളിന്റെ വിടുതൽ പാർട്ടി തലവനായ സുഖ്ബീഡ സിങ് ബാദൽ പ്രഖ്യാപിച്ചത്. അകാലിദളിന്റെ മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് നേരത്തെ തന്നെ രാജി വെച്ചിരുന്നു. കാർഷികബില്ലുകളിൽ നിന്നും പിന്നാക്കം പോകാൻ ബിജെപി തയ്യാറല്ലെന്ന് വന്നതോടെയാണ് അകാലിദൾ പിൻവാങ്ങാൻ നിർബന്ധിതമായത്. ബില്ലുകൾ സംബന്ധിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന നിലപാടിലാണ് ബിജെപി ഇപ്പോഴുള്ളത്. പ്രധാനമന്ത്രി ഇതിനായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്യുകയുമുണ്ടായി.
എൻഡിഎക്ക് ഇപ്പോൾ ചില പുതിയ പങ്കാളികളെ കിട്ടിയിട്ടുണ്ടെന്നും അവർക്ക് താൻ നന്മകൾ നേരുന്നുവെന്നും സഞ്ജയ് റൌത്ത് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ എൻഡിഎയിൽ സംഭവിച്ച വലിയ കൊഴിഞ്ഞു പോക്കുകളാണ് സഖ്യത്തിൽ സംഭവിച്ചത്. തെലുഗുദേശം പാർട്ടി, ശിവസേന, അകാലിദൾ എന്നീ കക്ഷികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് സഖ്യം വിട്ടത്.
അസം ഗണപരിഷദ്, ഹരിയാന ജൻഹിത് കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേനാ പാർട്ടി, ആർഎസ്പി ബോൾഷെവിക്, ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രണ്ട് തുടങ്ങി ചെറുതും വലുതുമായി നിരവധി കക്ഷികൾ എൻഡിഎ വിടുകയുണ്ടായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ.
തങ്ങളുടെ അഭിപ്രായത്തെ മറികടന്നാണ് സർക്കാർ ബില്ലുകൾ പാസ്സാക്കിയെടുത്തതെന്നാണ് ശിരോമണി അകാലിദൾ പറയുന്നത്. എന്നാൽ തുടക്കത്തിൽ ബില്ലിനെ അനുകൂലിച്ച് നിലപാടെടുക്കുകയായിരുന്നു അകാലിദൾ എന്നാണ് വിമർശനമുയരുന്നത്. പിന്നീട് കർഷകർർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ അകാലിദൾ മറ്റ് മാർഗങ്ങളില്ലാതെ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. ബില്ലിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചാൽ സഖ്യത്തിൽ തുടരാമെന്ന ധാരണയിൽ അകാലിദൾ ആ സന്ദർഭത്തിൽ നിന്നുവെങ്കിലും ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതെത്തുടർന്നാണ് ഇന്നലെ സഖ്യം വിടുന്നതായി പാർട്ടി പ്രഖ്യാപിച്ചത്.
നേരത്തെ ജമ്മു കാശ്മീർ ഓഫീഷ്യൽ ലാംഗ്വേജസ് ബില്ലിൽ പഞ്ചാബി കൂടി ഉൾപ്പെടുത്തണമെന്ന അകാലിദളിന്റെ ആവശ്യവും എൻഡിഎ തള്ളിയിരുന്നു.അതെസമയം സഞ്ജയ് റൌത്ത് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹതയുണർത്തുന്നുണ്ട്. ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് റൌത്ത് പറയുന്നത്. തങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുകളുണ്ടെങ്കിലും ശത്രുക്കളല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം തങ്ങൾ കൂടിക്കാഴ്ച നടത്തിയത് സാമന പത്രത്തിലേക്കുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. സാമനയുടെ ചീഫ് എഡിറ്റർ കൂടിയാണ് റൌത്ത്.
യൂട്യൂബിലൂടെ അശ്ലീല വീഡിയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബറെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
എന്നാല്‍, അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് വീഡിയോകളിലൂടെ നിരന്തരം അപമാനിച്ച യൂട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തത്. മുഖത്ത് കരിഓയില്‍ ഒഴിച്ചും മുഖത്തടിച്ചുമായിരുന്നു രോഷം തീര്‍ത്തത്.
മന്ത്രിയുടെ വാക്കുകള്‍;
ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം.
സിഎഫ് തോമസ് എംഎല്‍എയുടെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമാവുന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകരില്‍ ഒരാളെ കൂടിയാണ്. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് എറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എക്കാലത്തും കെഎം മാണിയുടെ അടിയുറച്ച പിന്തുണക്കാരനായിരുന്നു സിഎഫ് തോമസ് എന്ന ചെന്നിക്കര ഫ്രാന്‍സിസ് തോമസ്. എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ ജോസഫ് പക്ഷത്തിനോടൊപ്പം നിന്ന് ജോസ് പക്ഷത്തെ ഞെട്ടിക്കുകയായിരുന്നു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം.
1956 ല്‍ കെ എസ് യുവിലൂടെയാണ് സിഎഫ് തോമസ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. പിടി ചാക്കോയായിരുന്നു ആരാധ്യനായ നേതാവ്. വിമോചന സമരത്തിന്‍റെ ഭാഗമായി പിടി ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സിഎഫ് തോമസ് സജീവ പങ്കാളിയായിരുന്നു. പിടി ചാക്കോയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികള്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മുന്‍നിരയില്‍ സിഎഫ് തോമസും ഉണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിന്‍റെ ആദ്യത്തെ ചങ്ങനാശ്ശേരി നിയോജക മണ്ഡലം സെക്രട്ടിയായിരുന്നു സിഎഫ് തോമസ്. പാര്‍ട്ടി രൂപീകരണം മുതല്‍ കെഎം മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് പല വിഭാഗങ്ങളായി പിളര്‍ന്നപ്പോഴും എക്കാലത്തും സിഎഫ് തോമസ് കെഎം മാണിക്കൊപ്പം ഉറച്ചു നിന്നു. ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവില്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനാണ്
തുടര്‍ച്ചയായി 9 തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1980 ലായിരുന്നു ആദ്യവിജയം. പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ചങ്ങനാശ്ശേരിയുടെ പ്രതിനിധി സിഎഫ് തോമസ് തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി, എകെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
പലപ്പോഴും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ അടിയുറച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായതും സിഎഫ് തോമസിന്‍റെ ഇടപെടലുകളായിരുന്നു. കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ മറിച്ചിടാനുള്ള ഇടത് നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തടയിട്ടതില്‍ സിഎഫ് തോമസിന്‍റെ പങ്ക് ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസിന് അകത്തെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് മാണിയെ പിന്തിരിപ്പിച്ച് മാണിയെ യുഡിഎഫില്‍ തന്നെ നിര്‍ത്തുന്നതിലും പ്രധാന സ്വാധീനമായത് തോമസിന്‍റെ ഇടപെടലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിട്ടെങ്കിലും പിന്നീട് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിലും സിഎഫ് തോമസിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നു.
മാണിയുടെ നിര്യാണത്തിന് പിന്നാലെ നടന്ന പിളര്‍പ്പില്‍ പിജെ ജോസഫ് പക്ഷത്തേക്ക് നിങ്ങാനുള്ള സിഎഫ് തോമസിന്‍റെ തീരുമാനത്തിന് പിന്നിലേയും പ്രധാന കാരണം യുഡിഎഫ് സ്വാധീനമായിരുന്നു. ജോസഫിനെ വെട്ടാന്‍ സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ആവട്ടെ എന്ന അടവ് ജോസ് മുന്നോട്ട് വെച്ചെങ്കിലും അതിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
പഴയ മാണി ഗ്രൂപ്പില്‍ നിന്നുള്ള പലരേയും ജോസഫിന് കീഴിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് സിഎഫ് തോമസിന്‍റെ കടന്നു വരവായിരുന്നു. ജോസഫുമായുള്ള തര്‍ക്കങ്ങളില്‍ ജോസ് കെ മാണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയും സിഎഫ് തോമസിന്‍റെ നിലപാടായിരുന്നു. ജോസഫ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും ഒരു ഘട്ടത്തിലും സിഎഫ് തോമസിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ജോസ് പക്ഷം തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് കേരള കോണ്‍ഗ്രസ് അണികളിലുള്ള സ്വാധീനം കണക്കിലെടുത്ത് കൊണ്ടുകൂടിയായിരുന്നു.
അസുഖ ബാധയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ സിഎഫ് തോമസിന് സാധിച്ചിരുന്നില്ല. വിപ്പ് ലംഘനം ആരോപിച്ച് ജോസഫിനും മോന്‍സ് ജോസഫിനും എതിരെ അയോഗ്യതാ നോട്ടീസ് നല്‍കുമ്പോള്‍ സിഎഫ് തോമസിനെ ഒഴിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ജോസ് വിഭാഗം ആശ്വാസമായി കണ്ടിരുന്നു.
നിയമസഭയില്‍ എത്തിയവരില്‍ സിഎഫ് തോമസും ഉണ്ടായിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവിനെതിരെ അയോഗ്യത നടപടി സ്വീകരിക്കുന്നതിലെ ധാര്‍മിക പ്രശ്നം ജോസ് വിഭാഗത്തെ അലട്ടുമായിരുന്നു. സിഎഫ് തോമസ് സഭയില്‍ എത്താതിരുന്നതിനാല്‍ മാത്രമാണ് ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാന്‍ സാധിച്ചത്.
ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നാണ് സിഎഫ് തോമസ് ജനിക്കുന്നത്. എസ്ബി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ അദ്ദേഹം എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു…
1980 ൽ കേരള കോൺഗ്രസ്സ് (എം) ഇടത് മുന്നണിയിലായിരുന്നത് കൊണ്ട് സാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് ആദ്യമായി ചങ്ങനാശേരി എം എൽ എ ആവുന്നത്. പിന്നീട് ഇതുവരെ 40 വർഷം ചങ്ങനാശേരിയുടെ അനിഷേധ്യ ജനപ്രതിനിധിയായി തുടർന്നു. കൂപ്പു കൈകളോടെ സിഎഫ് സാറിന് ആദരാഞ്ജലികൾ
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഞായറാഴ്ച രാവിലെയാണ് മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍.
1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു.
2010ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ പുതിയതായി 92,605 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനവും രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,612 പേരാണ് രോഗമുക്തരായതെന്ന്ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 80 ശതമാനത്തോട് അടുത്തു.
രാജ്യത്ത് ഇതുവരെ 54,00,619 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10,10,824 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 1,133 പേര്‍ കൂടെ മരണപ്പെട്ടതോടെ ആകെ മരണം 86,752 ആയി. ഒരാഴ്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 90,000 ത്തിനു മുകളിലാണ്. സെപ്റ്റംബര്‍ മാസം മാത്രം ഇതുവരെ 17 ലക്ഷം രോഗികളാണ് രാജ്യത്ത് ഉണ്ടായത്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10.58 % നില്‍ക്കുകയാണ്.