Latest News

പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാ​ഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേളൂർ വില്ലേജിൽ തായന്നൂർ കരിയത്ത്​ അറക്കത്താഴത്ത്​ വീട്ടിൽ ജസ്​ന ബേബി (30)യാണ് മരിച്ചത്. ജസ്നയുടെ മൃതദേഹം നീലേശ്വരം ഓർച്ച പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി.

ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ജസ്ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവർ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്. ഇന്ന് പകൽ പന്ത്രണ്ട് മണിവരെ സർവകലാശാലയിൽ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അറക്കതാഴത്ത് വീട്ടിൽ ബേബി ജോസഫിൻ്റെയും റോസ്ലിയുടെയും മകളാണ് ജസ്ന. ഭർത്താവ് ശരത് മാത്യു കൊറോണയെ തുടർന്ന് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ. ഡിസംബർ 17 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു. ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ജനുവരിയോടെ സ്‌കൂളുകൾ തുറക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം 17 ന് ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും.

പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ജനുവരി ആദ്യ വാരത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വൺ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നത്.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ തുറക്കുന്ന കാര്യം 17 ലെ യോഗം ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും.

അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിൽ പറന്നിറങ്ങിയത് നൂറു കണക്കിന് കഴുകന്മാരുടെ സംഘം. കഴുകന്മാർ ഇവിടെ പറന്നിറങ്ങിയതുകാരണം നൂറ് കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകളുടെ മേൽക്കൂര കൊത്തിയും പോറൽ ഏൽപ്പിച്ചും നശിപ്പിച്ചു.

മാരകരഗങ്ങൾക്ക് കാരണമാകുന്ന ഇവയുടെ വിസർജ്യവും വായിൽ നിന്ന് വീഴുന്ന ഉച്ഛിഷ്ടവും രോഗഭീതിയും ഉണ്ടാക്കി. പലപ്പോഴും ദുർഗന്ധം വമിക്കുന്ന രീതിയിൽ ഇവ ഛർദിക്കുകയും ചെയ്തു. കഴുകന്മാരുടെ ഛർദ്ദിൽ ലോഹങ്ങളിൽ തുരുമ്പുണ്ടാക്കുകയും ചെയ്യും.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ പ്രശസ്ത സിനിമ ‘ദ ബേർഡ്സി’നെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ് തങ്ങളുടേതെന്നാണ് പെൻസിൽവാനിയയിലെ മാരിയറ്റ് നിവാസികൾ പറയുന്നത്. വീടുകളുടെ പരിസരത്ത് ഇവയുടെ ഛർദ്ദിൽ വന്നുവീണത്തോടെ അവിടം ‘ഒരായിരം ശവങ്ങൾ പഴുത്തു നാറുന്ന’ ദുർഗന്ധമാണ് പ്രദേശത്തുണ്ടാക്കിയത് എന്ന് മാരിയെറ്റ നിവാസികളിൽ ചിലർ പറഞ്ഞു.

ഒരു മരക്കൊമ്പിൽ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. പാത്രം മുട്ടിയും, വെടിവെച്ചും, കവണയ്ക്ക് കല്ലടിച്ചും ഈ കഴുകന്മാർ ഓടിക്കാൻ ഏറെ പണിപ്പെട്ടു. ചിലർ കണ്ടാൽ പേടിക്കുന്ന കോലങ്ങൾ നോക്കുകുത്തികളാക്കി വെച്ചും കഴുകൻ പടയെ ഓടിച്ചുവിടാൻ ശ്രമിച്ചു. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന പക്ഷികളായതിനാൽ ഇവയെ കൊല്ലാനും സാധിക്കില്ല.

 

 

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നടിയുടെ രണ്ടാം വിവാഹമാണിത്. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.

മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു

തമിഴ് സീരിയല്‍ താരം ചിത്ര തൂങ്ങിമരിച്ചതാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം പോസ്റ്റ് മോര്‍ട്ടം ചെയ്ത ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. അതിനിടെ മകളെ മരുമകന്‍ അടിച്ചുകൊന്നതാണെന്നു കുടുംബം ആരോപിച്ചു. ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

അകാലത്തില്‍പൊലിഞ്ഞ നടിമാരുെട കൂട്ടത്തിലെ ഒടുവിലത്തെ കണ്ണി. മിനി സ്ക്രീനില്‍ മുല്ലയായി നിറഞ്ഞു തമിഴകം കീഴടക്കിയ വി.ജെ ചിത്രയെന്ന നടി ഇനി ഓര്‍മ്മ. കില്‍പോക്ക് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെയാണു കോട്ടൂര്‍പുരത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയുമായി വീട്ടിലെത്തി. മരണകാരണം സില്‍ക്ക് സാരിയില്‍ തൂങ്ങിയതാണെന്ന നിഗമനത്തിലാണു പൊലീസ്.

പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. മുഖത്തുണ്ടായ മുറിവുകള്‍ മരണവെപ്രാളത്തിലുണ്ടായാതാകമെന്നും സര്‍ജന്‍ പൊലീസിനെ അറിയിച്ചു. മരണം കൊലപാതകമാണെന്നു ചിത്രയുടെ കുടുംബം ആരോപിച്ചു. മകളെ മരുമകന്‍ ഹേംനാഥ് അടിച്ചുകൊന്നതാണെന്നു ചിത്രയുടെ അമ്മ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. ചിത്രയുടെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്യും. പ്രതിശ്രുതവരന്‍ ഹേംനാഥിനെ ഇന്നലെ വൈകിയാണു പൊലീസ് വിട്ടയച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ ചിത്രയുടെയും ഹേംനാഥിന്റെയും ബന്ധത്തെ കുറിച്ചു ബന്ധുക്കളില്‍ ചിലരും സംശയമുന്നയിച്ചു രംഗത്തെത്തി.

ഇന്നലെ പുലര്‍ച്ചെയാണു തമിഴ് സീരിയല്‍ രംഗത്തെ മുന്‍നിര നടിയായ വി.ജെ. ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്പേട്ടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹേംനാഥിനെ പുറത്തുനിര്‍ത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു.

സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.

 

 

മലയാളസിനിമയിലെ കുടുംബനായകൻ എന്നാണ് ജയറാമിനെ അറിയപ്പെടുന്നത്. ഇന്ന് ജയറാമിന്റെ 56–ാം പിറന്നാളാണ്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ജയറാം 1988–ൽ നടന്ന ഗൾഫ് ഷോയ്ക്കിടെ നൽകിയ അഭിമുഖമാണിത്. എ.വി.എം ഉണ്ണിയാണ് ഈ അഭിമുഖം ചെയ്തിരിക്കുന്നത്.
ജയറാം എന്നല്ലേ പേര് എന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങുന്നത്. ചെറുപ്പം മുതല്‍ മിമിക്രി ചെയ്ത് കാണിക്കുമായിരുന്നു.

4,5 വയസ്സുള്ളപ്പോൾ തൊട്ട് വീട്ടിലുള്ളവരെ ഒക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് കലാഭവനിൽ എത്തിപ്പെട്ടു. പ്രമുഖർക്കൊപ്പം വേദികൾ പങ്കിട്ടു. ഇതിനുമുമ്പ് സിനിമയിലൊന്നും പ്രവർത്തിച്ചിട്ടില്ല. കലാകാരന്റെ അവസാന ലക്ഷ്യം സിനിമയായിരിക്കുമല്ലോ എന്നാണ് ജയറാം പറയുന്നത്..

സിനിമയിൽ ചാൻസ് ലഭിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ. അതേക്കുറിച്ച് പറയാമോ എന്ന് ചോദിക്കുമ്പോൾ ഇന്ന് ചാൻസ് തരാമെന്ന് പറയും. നാളെ ഏത് ജയറാമെന്ന് പറയും. അതുകൊണ്ട് ചാൻസ് കിട്ടിയെന്നുള്ള കാര്യം പറഞ്ഞ് നടക്കുന്നത് ശരിയല്ല എന്നാണ് ജയറാമിന്റെ മറുപടി.

ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് 70 ശതമാനം പിന്നിട്ടു. 5 ജില്ലകളിലുമായി ഇതുവരെ 70.76% പോളിങ്. കോട്ടയം – 69.17, എറണാകുളം- 70.96, തൃശൂർ – 69.73, പാലക്കാട്- 71.96, വയനാട് – 73.98 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 54.75, തൃശൂർ കോർപ്പറേഷനിൽ 58.02 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികൾ. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്.

യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നും മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവകാശപ്പെട്ടു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി പ്രതികരിച്ചു.

മന്ത്രി എ.സി.മൊയ്തീന് വടക്കാഞ്ചേരി കല്ലംപാറ ബൂത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 5 മിനിറ്റ് മുൻപ് വോട്ടുചെയ്യാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു നൽകിയെന്നാരോപിച്ചു കോൺഗ്രസ് ബൂത്ത് ഏജന്റ് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടർ ബൂത്തിനു മുൻപിൽ കുഴഞ്ഞു വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വരിനിലം കോളനിയിൽ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണു മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, സിന്ധു.

പ്രിയ താരത്തിന്റെ ചേതനയറ്റ മുഖം കണ്ട് വിങ്ങിപ്പൊട്ടുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ–സീരിയൽ ലോകം. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനശാസ്ത്രത്തിൽ ബിരുദധാരിയാണ്.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എറണാകുളം: മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ, അപ്പോൾ വരും നിർദേശം, മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ കൈകളിലേക്ക് ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ, കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീര താപനില സാധാരണ അവസ്ഥയിൽ ആണോ , സാനിറ്റേഷൻ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസർ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും. കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തും.

കളമശേരി സ്റ്റാർട്ട്‌അപ്പ്‌ വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് സായാ ബോട്ടിന്റെ നിർമാണത്തിന് പിന്നിൽ. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി ഇ ഒ ജയകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണ കൂടത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സായാ ബോട്ടിന്റെ സേവനം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved