തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. ഏഴ് തൊഴിലാളികളാണ് വെന്തുമരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.
ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
1983-ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായി.
യുട്യൂബർ തിരുവനന്തപുരം സ്വദേശി വിജയ് പി.നായരെ മർദിച്ചെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.
പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്.
വിജയ് പി.നായർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേതുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നത്. ഇയാൾ ക്ഷണിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.
‘മക്കള്‍ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പോലീസുകാര്‍ ആദ്യം ഫോണ്‍ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മൊഴിയെടുക്കണമെന്നും കേസില്‍ സംശയമുള്ളവരുടെ പേരുകള്‍ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല’ – പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവര്‍ഷം തികയും. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്‌സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്‌കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു.
2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്.
നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്‌മെന്റുകൾ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു.
പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.
ജോൺ കുറിഞ്ഞിരപ്പള്ളി
വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.
പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്. തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്. ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പുസ്തകത്തിന്റെ പിന്നിലും ഒരു ദീർഘമായ ചരിത്രമുണ്ട്, ഏകാഗ്രതയുടെ ഐക്യത്തിന്റെ അച്ചടക്കത്തിന്റെ സ്വപ്നങ്ങളുടെ ചരിത്രങ്ങൾ . അവയ്ക്കു പിന്നിലെ വേദനയും യാതനയും അനുഭവിച്ചറിയണം .ചങ്ങാതിക്കൂട്ടത്തിലെ പത്തുപേർ ചേർന്ന് എഴുതുന്ന ഈ പുസ്തകത്തിന്റെ അകപ്പൊരുൾ തിരിച്ചറിയപ്പെടേണ്ടതാണ്. മലയാള സാഹിത്യനിരൂപണ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സുനിൽ പി.ഇളയിടം മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളെ
വിശേഷിപ്പിക്കുന്നത് ഓർമ്മകളുടെ സിംഫണി എന്നാണ്.
അവതാരികയിൽ അദ്ദേഹം പറയുന്നു, ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്?
ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.
അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്‌ളാദവും വിഷാദവും യാതനയും
കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ
ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം
ഇതിനപ്പുറമല്ലല്ലൊ.

പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ മറന്നു പോകുന്നവരാണ് പ്രവാസികളിൽ നല്ലൊരു വിഭാഗവും . അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകുന്നു. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ചിന്താഗതികളും, ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളുമായി രൂപംകൊണ്ടതാണ്
സൗഹൃദ കൂട്ടായ്‌മയായ സ്വിസ്സ് ചങ്ങാതിക്കൂട്ടം. ഈ സൗഹൃദ കൂട്ടായ്മയുടെ ഒരു പുതിയ
കാൽവെയ്പ്പാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഈ ഓർമ്മക്കുറിപ്പ്.
ഈ ഒക്ടോബർ 25 ന് പ്രകാശനം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രവാസി സമൂഹത്തിന് പ്രചോദനം ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഒക്ടോബർ 25 ന് സ്വിസ് സമയം രാവിലെ 11 മണിക്ക് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ശ്രീ സക്കറിയ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ ഓൺ ലൈനിൽ പ്രകാശനം ചെയ്യുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയ ഡോ നജ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം. വനിതാ ഡോക്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിംഗും വെര്‍ബര്‍ റേപ്പും നിറഞ്ഞ വിദ്വേഷ കമന്റുകളും പോസ്റ്റുകളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമായി നിന്നുകൊണ്ടായിരുന്നില്ല തന്റെ വെളിപ്പെടുത്തല്‍ എന്ന് ഡോ നജ്മ മാധ്യമങ്ങള്‍ക്കുമുന്നില്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഇവര്‍ ചില സംഘടനകള്‍ക്കുവേണ്ടി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ശക്തമാകുന്നുണ്ട്. ഇത്തരം വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍ നജ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശ്ശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ഡോ നജ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നജ്മയ്‌ക്കെതിരെ പ്രൊഫഷണല്‍ യോഗ്യതകളെചോദ്യം ചെയ്യുന്ന തരത്തിലും സ്ത്രീതത്വത്തെ അപമാനിക്കുന്ന തരത്തിലുമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിയധിക്ഷേപത്തിനെതിരെ കടുത്ത നടപടിയാക്കായുള്ള നിയമഭേദഗതിയ്ക്ക് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ വനനിതാ ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവമെന്നതും ശ്രദ്ധേയമാണ്.
നല്ല കാര്യങ്ങളള്‍ സംഭവിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ തെറ്റ് വരുമ്പോള്‍ അത് തുറന്നുപറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഡോ നജ്മ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ചോദിച്ചിരുന്നു. അത് സംഭവിക്കാത്തതുകൊണ്ടല്ലേ തനിക്ക് നാളെയുണ്ടാകുന്ന നെഗറ്റീവ് അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും അവര്‍ ചോദിച്ചു. സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് കയറണം എന്ന് സഹപ്രവര്‍ത്തകര്‍ തന്നോട് പറയുന്നുണ്ടെന്നും ഡോ.നജ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പറഞ്ഞു.
*ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഇവയാണ്*
1. *പനിയില്ലാതെ ഫ്‌ളു പോലുള്ള അവസ്ഥ:
തലവേദന, മണം നഷ്ടപ്പെടല്‍, പേശീവേദന, ചുമ, തൊണ്ടവേദന, നെഞ്ച് വേദന*
2. *പനിയോട് കൂടിയ ഫ്‌ളു പോലുള്ള അവസ്ഥ:
തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, തൊണ്ടവേദന, തൊണ്ടയടപ്പ്, പനി, വിശപ്പില്ലായ്മ*
3. *ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍:
തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ഡയേറിയ, തൊണ്ടവേദന, നെഞ്ച് വേദന, ചുമ ഇല്ല*
4. *ഗുരുതരമായവ ലെവൽ 1,
തളര്‍ച്ച: തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ച് വേദന, തളര്‍ച്ച*
5. *ഗുരുതരമായ,ലെവൽ 2,
തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, കണ്‍ഫ്യൂഷന്‍, പേശീവേദന*
6. *ഗുരുതരമായ,ലെവൽ 3,
അബ്‌ഡോമിനല്‍ ആന്റ് റസ്പിറേറ്ററി: തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, ആശയക്കുഴപ്പം, പേശീവേദന, ശ്വാസ തടസ്സം, ഡയേറിയ, വയറു വേദന
കൊവിഡ്-19 ലക്ഷണങ്ങള്‍ വിശകലനം ചെയ്‌തു ശാസ്ത്രജ്ഞമാർ വിദഗ്ദ്ധമായി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.ഓരോ കൂട്ടം രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.
രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടറിന്റെയോ വെന്റിലേറ്ററിന്റെയോ സഹായം വേണ്ടിവരുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാനാവും.
രോഗംബാധിച്ച് അഞ്ചാംദിവസം ഏത് തരം കൊവിഡ് രോഗമാണെന്ന് വ്യക്തമാവും. ഈ സമയത്തെ ലക്ഷണം അനുസരിച്ച് രോഗിയുടെ അവസ്ഥ എത്രത്തോളം ഗുരുതരമാവുമെന്നും വ്യക്തമാവും. ഇത് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സജ്ജീകരണങ്ങള്‍ക്കും സഹായിക്ക്കും .
ചുമ, പനി, മണം നഷ്ടപ്പെടുക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്കു പുറമേ തലവേദന, പേശീവേദന, തളര്‍ച്ച, ഡയേറിയ, കണ്‍ഫ്യൂഷന്‍, വിശപ്പില്ലായ്മ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളും ആപ്പിന്റെ ഡാറ്റ പരിശോധിച്ചതില്‍ കണ്ടെത്തി.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാത്തത് കേസിന്റെ വിചാരണ വൈകിക്കാന്‍ സാധ്യത. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രംഗത്തെത്തുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തീരുമാനം വൈകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ (ഡിജിപി)യുടെ പ്രതികരണം. ഇതോടെ കേസിന്റെ വിചാരണ സംബന്ധിച്ച അനിശ്ചിതത്വം ഏറിയിരിക്കുകയാണ്.
പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്, നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വഴി റിട്ട് ഹര്‍ജി ആയി ഹൈക്കോടതിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതി ഇത് പരിഗണിക്കുക. ഇതിന് കാലതാമസം എടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിചാരണ നീണ്ടു പോയേക്കാനുള്ള സാധ്യതയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എണ്‍പതോളം സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിലച്ച സ്ഥിതിയിലാണെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറയുന്നു.
കോടതി നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച് പോവുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ച് വിട്ട് പകരം ആളെ നിയമിക്കുകയോ ആണ് വേണ്ടതെന്ന് മുതിര്‍ന്ന അിഭാഷകനും പൊതുപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുന്നു. ഇരയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രോസിക്യൂട്ടര്‍ കേസിന്റെ വിചാരണ തടസ്സപ്പെടുത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. കോടതിയുടെ വിശ്വാസ്യതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. പദവിയില്‍ തുടര്‍ന്ന് കൊണ്ട് കോടതിയില്‍ ഹാജരാവാതിരിക്കുക എന്നത് ഗുരുതരമായ കൃത്യവിലേപമാണ്. കേസില്‍ ഹാജരായി വിചാരണ പൂര്‍ത്തിയാക്കുക എന്നത് പ്രോസിക്യൂട്ടറുടെ ധാര്‍മ്മികതയും ജോലിയും നിയമപരമായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമിച്ചയാളാണ് പ്രോസിക്യൂട്ടര്‍. സമയബന്ധിതമായി തീര്‍ക്കേണ്ട കേസാണിത്. സാധാരണ ഗതിയില്‍ കോടതി നടപടികളില്‍ വിശ്വാസ്യതയില്ലാതെ പ്രതിഭാഗമാണ് കോടതിയില്‍ ഹാജരാവാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് ചെയ്യുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പക്ഷേ കേസിന്റെ സ്വാഭാവികമായ അന്ത്യമായിക്കൂടി ഇതിനെ കണക്കാക്കാം. ഇന്‍-ക്യാമറിയിലാണ് വിചാരണ എന്നതിനാല്‍ കോടതിക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് അറിയില്ല. എന്നാല്‍ പുറത്ത് വരുന്ന സൂചനകളനുസരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തതിനെ ഒരു മുന്‍കൂര്‍ ജാമ്യമായിക്കൂടി കണക്കാക്കാം. കേസില്‍ ജയിക്കാം തോല്‍ക്കാം. എന്നാല്‍ ഹാജരാവാതെ വിചാരണ തടസ്സപ്പെടുത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കുകയാണ് ചെയ്യേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ഡിജിപിയെയാണ് അറിയിക്കേണ്ടത്. ഡിജിപിയാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ പ്രതികരണം.
കുവൈറ്റില്‍ ജനസംഖ്യ സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമത്തിന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ അംഗീകാരം. വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.
പ്രവാസി പൗരത്വത്തിനായി മുമ്പ് നിര്‍ദ്ദേശിച്ച ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ അവതരിപ്പിച്ച ശേഷമാണ് പുതിയ നിയമനിര്‍മാണം പാര്‍ലമെന്റ് പാസാക്കിയത്. നിര്‍ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തു നിന്നുമുള്ള വിദേശികളുടെ പരമാവധി എണ്ണം എന്നിവ നിര്‍ണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.
അടുത്ത 12 മാസത്തിനുള്ളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനസംഖ്യാ സന്തുലനം നടപ്പിലാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് നിലവില്‍ തുടരുന്ന ജനസംഖ്യയില്‍ വിദേശി അനുപാതം കുറയക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്റെ സുപ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിലെ എല്ലാ പ്രവാസി ജോലികളും മാറ്റിസ്ഥാപിക്കാന്‍ കുവൈറ്റ് എംപിമാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെയും (കെപിസി) അനുബന്ധ സ്ഥാപനങ്ങളിലെയും പ്രവാസികളുടെ തൊഴില്‍ 2020-21 വര്‍ഷത്തേക്ക് നിരോധിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രവാസി ജോലിക്കാരെയും ഉടന്‍ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും മെയ് മാസത്തില്‍ അറിയിച്ചിരുന്നു. അതേസമയം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.