Latest News

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”

 

ലണ്ടൻ ∙ കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനും പ്രതിരോധിക്കാനും ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്നത് ലക്ഷണം ഇല്ലാത്ത രോഗികളുടെ എണ്ണം ആയിരുന്നു. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളിൽ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുകെ സർക്കാർ. ഓക്സ്ഫഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (യുകെ–ആർടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.

കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ, 20 മിനിറ്റിൽ ഫലമറിയാൻ സാധിക്കും. ആന്റി‍ബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയത് വളരെ നല്ല വാർത്തയാണെന്ന് യുകെ–ആർടിസി മേധാവി ക്രിസ് ഹാൻഡ് പറഞ്ഞു.

ഈ വർഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആർടിസിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.

എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്ക് പകരം ഓൺലൈൻ വിപണിയിൽ ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം.

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്‍മാരെയും അവരുടെ പ്രകടനങ്ങളെ കുറിച്ചും ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിവരാണ് തന്നെ ഏറെ സ്വാധീനിച്ച നടന്‍മാര്‍ എന്നാണ് ഫഹദ് പറയുന്നത്. ‘കിരീടം’, ‘തനിയാവര്‍ത്തനം’, ‘ന്യൂഡല്‍ഹി’, ‘ധനം’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് തന്നെ സ്വാധീനിച്ചതെന്നും ഫഹദ് ഫിലിം കമ്പാനിയനോട് പറഞ്ഞു.

എണ്‍പതുകളിലെ മലയാള സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് താന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചുവെന്ന് മനസിലാവും എന്നും ഫഹദ് പറയുന്നു.

”തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്. യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍.”

”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്” എന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ കൊറോണ ലക്ഷണം ആദ്യ തുടക്കമായതിനാല്‍ വീട്ടില്‍ ക്വാറന്റൈനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം മുഴുവന്‍ ഇപ്പോള്‍ ഇതേ ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതൽ നാളെ രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്. ഈ സാഹചര്യത്തില്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് ചുണ്ടിക്കാട്ടുന്നു.

കേരള തീരത്ത് അറബിക്കടലിൽ ഇന്നു മുതൽ 22-07-2020 വരെ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് അടുത്ത 5 ദിവസത്തേക്ക് മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് പറയുന്നു.

വിവിധ മേഖലകളിൽ വിവിധ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

18-07-2020 മുതൽ 22-07-2020 വരെ : തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

18-07-2020 മുതൽ 22-07-2020 വരെ : കർണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

18-07-2020 മുതൽ 19-07-2020 വരെ : മധ്യ-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഇക്കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അധികൃർ വ്യക്തമാക്കുന്നു.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.

അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.

2008-ല്‍ ഐപിഎല്‍ ടി20 ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ഹൈദരാബാദിന്റെ ടീമായ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ ലേലം വിളിച്ചെടുത്തത് ഡെക്കാണ്‍ ക്രോണിക്കിള്‍സ് ആയിരുന്നു. ബിസിസിഐയും ടീം ഉടമയും തമ്മില്‍ 10 വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരുന്നത്.

എന്നാല്‍, 2012 ഓസ്റ്റ് 11-ന് ബിസിസിഐ ഈ കരാര്‍ റദ്ദാക്കാതിരിക്കുന്നതിന് കാരണം കാണിക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ബിസിസിഐ 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ടീമിനെ ബിസിസിഐ പുറത്താക്കിയെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഈ തീരുമാനത്തിനെതിരെ ഉടമകള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോടതി 2012 സെപ്തംബറില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച സി കെ ഥാക്കറെ ഏകാംഗ ആര്‍ബിട്രറായി നിയമിച്ചു.

ഉടമകളുടെ വാദം അംഗീകരിച്ച ആര്‍ബിട്രര്‍ 4790 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടാതെ ഫ്രാഞ്ചൈസി തുകയായ 36 കോടി രൂപയും ലഭിക്കും. ബിസിസിഐയ്ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാം.

2011 സെപ്തംബര്‍ 19-നാണ് ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ കൊച്ചി ടസ്‌കേഴ്‌സ് വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബിസിസിഐ പുറത്താക്കിയത്. 2012 ഫെബ്രുവരിയില്‍ ഉടമകളായ റെന്‍ഡേവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് കോടതിയെ സമീപിക്കുകയും കോടതി ജസ്റ്റിസ് ലഹോട്ടിയെ ആര്‍ബിട്രറായി നിയമിക്കുകയും ചെയ്തു. 2015 ജൂലൈയില്‍ അദ്ദേഹം ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

ബോളിവുഡ് താരം രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ കശ്മീരി മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീനഗറിൽ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു.

അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.

രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.

 

ചൈനയുമായുള്ള അതിർത്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രത്തിന്റെ സമീപനത്തെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർ‌ലെയ്ൻ, ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം 1938 ൽ നാസി ജർമ്മനിക്ക് വിട്ടുകൊടുത്തതിനൊട് ഉപമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ ഈ പെരുമാറ്റം ചൈനയെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾക്ക് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.

“ചൈന നമ്മുടെ ഭൂമി കൈയടക്കി, കേന്ദ്രസർക്കാർ ഷാംബർ‌ലെയിനെപ്പോലെ പെരുമാറുന്നു. ഇത് ചൈനയെ കൂടുതൽ ധൈര്യപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം കാരണം ഇന്ത്യ വലിയ വില നൽകേണ്ടി വരും, ” മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

1938 ൽ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർ‌ലെയിയ്നും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഡലാഡിയറും നാസി ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമായുള്ള മ്യൂണിച്ച് കരാറിൽ ഒപ്പു വച്ചിരുന്നു. ഈ കരാർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കിയെങ്കിലും പടിഞ്ഞാറൻ ചെക്കോസ്ലോവാക്യയിലെ സുഡീറ്റൻലാൻഡിനെ ജർമ്മൻ ആധിനിവേശത്തിന് വിട്ടുകൊടുത്തിരുന്നു.

ലേയിലെ പാങ്കോങ്‌സോയിലെ ഏറ്റുമുട്ടൽ പ്രദേശത്ത് നിന്ന് വളരെ അകലെയല്ലാത്ത ഒരു ഫോർ‌വേഡ് പോസ്റ്റിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച സന്ദർശനം നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള “ചർച്ചകളിലെ പുരോഗതി” പ്രശ്‌നം പരിഹരിക്കുമെന്ന് രാജ്നാഥ് സിങ്ങ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞില്ല.

“അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നിലവിൽ ചർച്ചകൾ നടക്കുന്നു. ഇതുവരെ ചർച്ചകളിൽ കൈവരിച്ച പുരോഗതി വഴി പ്രശ്‌നം പരിഹരിക്കണം. അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. എന്നാൽ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യൻ പ്രദേശത്തിന്റെ ഒരിഞ്ച് തൊടാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു, ” എന്ന് ഫിംഗർ 4 ൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലുകുങിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved