Latest News

പോർഷെയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം 911 കരേര എസ് സ്വന്തമാക്കി മലയാള സിനിമയിലെ ക്യൂട്ട് കപ്പിൾ ഫഹദ് ഫാസിലും നസ്രിയയും. കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഒരണ്ണം മാത്രമേയുള്ളൂ. ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

 

ഫഹദും നസ്രിയയും ചേർന്നാണ് വാഹനം സ്വീകരിച്ചത്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്.

മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്നതാണ് ചിത്രം.

ചിത്രം പങ്കുവെച്ചതോടെ ഇതാരാണെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു.പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി സമൂഹമാധ്യമ പേജുകളിൽ ഇടം നേടിക്കഴിഞ്ഞു

https://www.facebook.com/PAMuhammadRiyas/posts/1584095635126372

 

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തൃശൂര്‍∙ പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

എട്ട് മാസം മുൻപ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സതീഷ് മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം പീഡനക്കേസ് നടന്ന വീട് സ്ഥിതിചെയ്യുന്ന കോളനിയിൽ സതീഷ് വന്നിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്തുനിന്ന് സതീഷിനെ അന്വേഷിച്ച് രണ്ടുുപേർ വന്നിരുന്നതായും വിവരമുണ്ട്. അവിടെ നടന്ന എന്തെങ്കിലും സംഘർഷത്തിന്റെ പകപ്പോക്കലാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. സതീഷിന്റെ മൃതദേഹം കണ്ടെത്തിയ പറമ്പിനു സമീപമുള്ള വീട് മദ്യപസംഘങ്ങളുടെ താവളമാണെന്നും ഇന്നലെയും അവിടെ ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു.

കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.

അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറ‍ഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.

സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്.

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.

മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴി‍ഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും.

സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.

ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.

സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറ‍ഞ്ഞിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന പേരിൽ ചിത്രീകരിക്കുന്ന ചിത്രം ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ. എന്നാൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സാങ്കൽപികമാണെന്നും യഥാർഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന സിനിമക്ക് ചിത്രീകരണത്തിന് കോടതി അനുമതി നൽകുകയും സുരേഷ്‌ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

സുരേഷ്‌ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥ‌യാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു ‍കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർത്ഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.

കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ ‘ഗ്യാങ്സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

കടുവയുടെ കഥ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നു പറയുന്നു. അങ്ങനെ വായിക്കാൻ ആ കഥ ഞാൻ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്ന് കടുവയുടെ സംവിധായകൻ തന്നെ വ്യക്തമാക്കിയതാണ്. ഇതു തികച്ചും സാങ്കൽപിക കഥാപാത്രമാണ്.

എന്റെ ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവച്ചറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുച്ചവൻ എന്ന പേര് എങ്ങനെ വന്നു എന്നതിനുള്ള കൃത്യമായ ഉത്തരം തിരക്കഥയിലുണ്ട്. അത് സിനിമയായി വരുമ്പോൾ നിങ്ങൾക്കും മനസിലാകും. അതല്ലാതെ, ഞങ്ങൾ ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തിന് എന്ത് തെളിവാണുള്ളത്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിയുമായി എന്റെ നായകനോ സിനിമയ്ക്കോ യാതൊരു ബന്ധവുമില്ല.

പിന്നെ പേരിന്റെ കാര്യം. കുര്യൻ, കുര്യോക്കാസ് എന്നിങ്ങനെ േപരുള്ള ആളുകളെ കുറുവച്ചൻ, കുറുവാച്ചൻ എന്നൊക്കെ വിളിക്കാറുണ്ട്. അതുപോലെ ജോസഫ്എന്നു പേരുള്ള ആളെ ഔസേപ്പേട്ടാ എന്നാകും നാട്ടിൽ ചിലർ വിളിക്കുക. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ മാത്രം സ്വന്തമാണെന്ന് പറയാനാകുക. ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഇതൊരു സാങ്കൽപിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ സഹകരണവും ഉണ്ടാകും.

നൂറുകോടിക്ക് മുകളിൽ ചെലവഴിച്ച് നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ച് എസ്.എസ് രാജമൗലി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇന്നലെ സെറ്റ് വീണ്ടും തുറക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. മാസങ്ങളോളം അടച്ചിട്ടതോടെ സെറ്റ് പൂർണമായും പൊടി പിടിച്ച നിലയിലായിരുന്നു. സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.

ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബെംഗളൂരു ശാന്തിനഗറിലുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ രാവിലെ 10.45നാണ് ബിനീഷ് ഹാജരായത്.

ഹോട്ടൽ തുടങ്ങാൻ അനൂപിന് പണം നൽകിയിട്ടുണ്ടെന്നും, ലഹരി ഇടപാടുകളിൽ അറിവില്ലെന്നുമുള്ള മൊഴി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാനായി അനൂപിന് നൽകിയ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങളുമാണ്.

RECENT POSTS
Copyright © . All rights reserved