Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളിലും വൻ വർധന. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75).

മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 

ന്യൂഡൽഹി ∙ കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവർത്തിപ്പിക്കാം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്.

സ്കൂളും കോളജും തുറക്കാമെന്നു കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്. സമാന്തരമായി ഓൺലൈൻ ക്ലാസുകൾക്കും അനുമതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്ത തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ഒക്ടോബർ 15 മുതൽ പ്രവർത്തിക്കാം. പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.

ആളുകളുടെ എണ്ണം നിയന്ത്രിച്ചു പ്രദർശന ഹാളുകളും വിനോദ പാർക്കുകളും തുറക്കാനും അനുമതിയായി. മാർച്ച് 24ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗണിനെ തുടർന്നുള്ള അടച്ചിടലിൽനിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്. കോവിഡ് കേസുകൾ വളരെയധികം ഉയരത്തിലെത്തി നിൽക്കുമ്പോഴാണ് ഇളവുകൾ പ്രഖ്യാപിച്ചത് എന്നതു ശ്രദ്ധേയം. 80,472 പുതിയ കേസുകളുമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 9,40,441 ആക്ടീവ് കേസുകളാണു രാജ്യത്തുള്ളത്. 51,87,826 പേർ രോഗമുക്തി നേടി. 97,497 പേർക്കു ജീവൻ നഷ്ടമായി.

ഇന്ത്യയില്‍ ടെലിവിഷന്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്ന് തുടങ്ങിയ ബിഗ് ബോസ് ഇന്ന് മലയാളം വരെ എത്തി നിൽക്കുന്നു. കാത്തിരിപ്പിനൊടുവിലായിരുന്നു ബിഗ് ബോസ് രണ്ടാം ഭാഗം എത്തിയത്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ ഷോ നിർത്തിവെയ്ക്കുകയായിരുന്നു

]ഉടനെ മറ്റൊരു സീസണ്‍ കൂടി വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ബിഗ് ബോസ് പ്രേമികള്‍. കൊവിഡ് പശ്ചാതലത്തില്‍ നിന്നും മാറിയതിന് ശേഷമായിരിക്കും ഷോ ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ഉടന്‍ തുടങ്ങാന്‍ പോവുകയാണ്. ഹിന്ദിയിലും തമിഴിലുമാണ് അടുത്ത മാസങ്ങളില്‍ ബിഗ് ബോസ് തുടങ്ങുക.

എന്നാൽ മലയാളം സീസണിൽ മത്സരിപ്പിക്കാന്‍ സാധ്യത ഉണ്ടാവുന്ന ചില താരങ്ങളുടെ പേര് വിവരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്

രഹാന ഫാത്തിമ ശാലു മേനോന്‍, സരിത എസ് നായര്‍ തുടങ്ങിയവര്‍ അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ തവണ റിമി ടോമി അടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിചാരിക്കാത്ത താരങ്ങളായിരുന്നു എത്തിയത്.

സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയ യൂട്യൂബറെ ആക്രമിച്ചതിൽ ഭാഗ്യല്സക്ഷ്മിയെ സപ്പോർട്ട് ചെയ്ത് നിരവധി ആളുകൾ രംഗത് രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ സംഭവത്തിൽ സംഭവത്തില്‍ പ്രതികരിച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്, തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് ബാലചന്ദ്രമേനോൻ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ

പലതരത്തിലുള്ള പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട് . ഇഷ്ടമില്ലാത്തവരുടെ കോലം കത്തിച്ചു ,”കത്തട്ടങ്ങിനെ കത്തട്ടെ …” എന്ന് മുദ്രാവാക്യം മുഴക്കുന്നത് വരെ . എന്നാൽ ഒരു ട്രാക്റ്റർ ലോറിയിൽ കൊണ്ടു വന്നിട്ട് ജനനിബിഡമായ ഇന്ത്യ ഗേറ്റിനരികിൽ കത്തിച്ചു പ്രതിഷേധിക്കുന്ന കർഷകരുടെ ധാർമ്മികരോഷമാണ് ഇന്നത്തെ പ്രധാനവാർത്ത. കർഷകർക്ക് മാത്രമല്ല , അസഹിഷ്ണുതയും ധാർമിക രോഷവും ഇപ്പോൾ ‘തൂണിലും തുരുമ്പിലും’ ഉണ്ടെന്നുള്ളതാണ് വാസ്തവം . ഇന്നലെ മുഴുവൻ എല്ലാ ചാനലുകളും മത്സരിച്ചു സംപ്രേഷണം ചെയ്ത ശ്രീമതി ഭാഗ്യലക്ഷ്മിയുടെ കരി ഓയിൽ പ്രയോഗവും കടന്നാക്രമണവും തന്നെയാണ് ഈ കുറിപ്പിന് ആധാരം .

“തന്നെപ്പറ്റി മോശമായ ഒരു പരാമർശം വന്നിട്ട് അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പൊലീസും പൊതു സമൂഹവും തയ്യാറായില്ല” എന്ന ഭാഗ്യലക്ഷ്മിയുടെ പരാതി തന്നെയാണ് ഇപ്പോൾ എന്റെ ഈ പ്രതികരണത്തിന് കാരണമെന്നും കരുതാം … എന്റെ ആദ്യ ചിത്രമായ “ഉത്രാടരാത്രി” മുതൽ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം. എന്റെ എത്രയോ ചിത്രങ്ങളിൽ ഡബ്ബിങ് ആര്‍ടിസ്റ്റ്‌ ആയി സഹകരിച്ചിട്ടുണ്ട് .”ഞാൻ സംവിധാനം ചെയ്യും ” എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് . ഞാൻ നയിക്കുന്ന റോസസ്‌ ദി ഫാമിലി ക്ല്ബ്ബിന്റെയും ,

എന്റെ പുസ്തകപ്രകാശങ്ങളുടെയും ചടങ്ങുകളിലൊക്കെ അവർ സജീവ സാന്നിധ്യമായിരുന്നു . കോടമ്പാക്കത്തു നിന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു വന്നതും എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും എനിക്ക് സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു …വെറും ഒരു ഡബ്ബിങ് ആർട്ടിസ്റ് എന്നതിലുപരി അന്തപുരിയിലെ സാമൂഹ്യ രംഗങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ അവർ വെച്ചടി വെച്ചടി ഉൽസുകയാകുന്നതും അഭിമാനത്തോടെ തന്നെ ഞാൻ കണ്ടിട്ടുണ്ട് .

വേഷവിധാനത്തിലും ഇടപഴലുകളിലും നോക്കിലും വാക്കിലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരു ഒരാളായിട്ടാണ് ഞാൻ അവരെ മനസ്സിലാക്കിയിരിക്കുന്നത് . എന്നാൽ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി .ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കുപിന്നിൽ ഉണ്ടോ എന്ന് അതിശയിച്ചുപോയി .വൈകിട്ടത്തെ ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി തന്റെ പ്രവർത്തിയെ സാധൂകരിച്ചു പറയുന്നതും ഞാൻ ശ്രദ്ധിച്ചു. “സ്വന്തം ചോരക്കു നോവുമ്പം ചോര പ്രതികരിക്കും’” എന്നവർ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു .’ആരാന്റമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല് ”

എന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് . തന്റെ മക്കളുടെയും മരുമകളുടെയും മുന്നിൽ തനിക്കു തോന്നിയ അഭിമാനക്ഷതം അവർ പറയുന്നത് തികച്ചും ന്യായം . ഒരു പ്രത്യേക നിമിഷത്തിൽ തന്റെ നിയന്ത്രണം വിട്ടു പോയി എന്ന് തുറന്നുസമ്മതിക്കാനും അവർ മടിച്ചില്ല .. ഇടപെടേണ്ടവർ സമയത്തു ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് കേരളത്തിലെ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ചു വക്കാലത്തെടുക്കേണ്ടി വന്നതെന്നാണ് അവർ സമർത്ഥിച്ചതു . അവർക്കിങ്ങനെ ഒരു ദുര്യോഗമുണ്ടായതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ച വീഡിയോ ഞാൻ കണ്ടില്ല ,

അതിനു ഹേതുവായ വ്യക്തിയെ ഒട്ടറിയുകയുമില്ല . ” നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന് പറഞ്ഞ ശ്രീ തോപ്പിൽ ഭാസിയെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത് . ” അച്ചനു ഈ പട്ടം തന്നതും എന്റെ അരക്കെട്ടഴിച്ചതും ഈ സമൂഹമാണച്ചോ ” എന്ന് പറയിപ്പിച്ച ശ്രീ എൻ.എൻ പിള്ളയേയും .( കാപാലിക എന്ന നാടകമാണോ എന്ന് സംശയം ) അപ്പോൾ അതാണ് കാര്യം . സമൂഹമാണ് ഇതിനു കാരണം .

സമൂഹം എന്നാൽ ഞാനും നിങ്ങളും അങ്ങിനെ എല്ലാവരും . അതിന്റെ അർഥം, എന്റെ ഒരു വിരൽ ലാപ്ടോപ്പിന്റെ കീബോർഡിൽ ഈ പോസ്റ്റ് തയ്യാറാക്കുമ്പോൾ മറ്റു ശേഷമുള്ള നാല് വിരലുകൾ എനിക്ക് നേരെ കുന്തമുനകൾ പോലെ നിൽക്കുന്നു എന്നെനിക്കു തോന്നുന്നു . .അപ്പോൾ നാം നന്നാവുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളു … ഭാഗ്യലക്ഷ്മിയുടെ കാര്യത്തിൽ പൊതു സമൂഹം പ്രതികരിച്ച രീതിയോടാണ് എനിക്ക് വിയോജിപ്പുള്ളത് . സമൂഹം അങ്ങേയറ്റം ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറും, ആരോഗ്യമന്ത്രിയും , വനിതാകമ്മീഷൻ ചെയർമാനുമൊക്കെ ഒരാളിന്റെ വീട്ടിൽ കയറിച്ചെന്നു കരി ഓയിൽ ഒഴിച്ച് കയേറ്റം ചെയ്‍ത ഒരാളെ അഭിനന്ദിക്കുന്ന തലത്തിൽ പെരുമാറിയത് നല്ല സന്ദേശമാണോ നൽകുന്നത് എന്ന് കൂടി ആലോചിക്കണം .

കുറ്റവാളിയെ പിടിക്കേണ്ട ജോലി പോലീസിനും , ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്കും , അവരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത് . വികാരവിക്ഷോഭം ഉണ്ടാകുമ്പോൾ ബുദ്ധി കൈവിട്ടു വികാരത്തിന് അടിമപ്പെടുന്നത് ശരിയാണോ എന്ന് ഭാഗ്യലക്ഷ്മിക്കു പിന്തുണ പ്രഖ്യാപിച്ച സംഘടനകളും ഒരു നിമിഷം ഓർക്കണം . ഇവിടെ നടന്നിരിക്കുന്നത് തികച്ചും ഒരു നിയമ പ്രശ്നമാണ് . നിയമം നിയമത്തിന്റെ വഴിക്കു പോകും; പോകണം .ഹിതപരിശോധനക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ല .

സമൂഹമനസ്സാക്ഷിയെ കൂട്ടുപിടിച്ചു ഇവിടെ നടന്ന കുറ്റകൃത്യത്തെ അതിരു വിട്ടു ആദർശവൽക്കരിച്ചാൽ , അങ്ങിനെ ഓരോരുത്തരും ഇതിനെ മാതൃകയായി സ്വീകരിച്ചാൽ , “പല്ലിനു പല്ല് ; നഖത്തിന് നഖം ” എന്ന നിലയിൽ അടി തുടങ്ങിയാൽ എന്താവും സ്ഥിതി എന്നാലോചിച്ചു നോക്കുക …. ഇവിടുത്തെ പ്രധാന വില്ലൻ സോഷ്യൽ മീഡിയ ആണ് . കോവിഡ് വെക്കേഷൻ തുടങ്ങിയതിൽ പിന്നെ യു ട്യൂബിന്റെ പ്രളയമാണ് . നവജാത ശിശുവും ഒരു ചാനാലായിട്ടാണ് അവതരിക്കുന്നത് . സമൂഹ മാധ്യമങ്ങളിൽ ആര് ,എവിടെ, എന്ത് കാട്ടിക്കൂട്ടുന്നു എന്നത് മോണിറ്റർ ചെയ്യാനുള്ള ഒരു സംവിധാനം പ്രായോഗികമാണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

സെൻസറിങ് ഇല്ലാത്തതു കൊണ്ട് ആർക്കും എന്തും ആരെപ്പറ്റിയും എഴുതാം എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനുള്ള ശ്രമം എത്രയും പെട്ടന്ന് ആരംഭിച്ച പറ്റൂ . ചാനലുകളിലെ സായാഹ്നചർച്ചകളിൽ മാത്രമായി ഇത് ഒതുങ്ങിപ്പോകരുത്‌ . ഒന്നേ എനിക്ക് പറയാനുള്ളു . ….ട്രാക്ടർ കത്തിക്കുന്നത് പോലെ ലാഘവമായി ഇവിടെ നടന്ന ഈ സംഭവത്തെ നിസ്സാരവൽക്കരിക്കരുത്

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നോവിലെ പ്രത്യേക കോടതി കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്കെതിരേ തെളിവുകളില്ലെന്നും പള്ളി പൊളിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ലെന്നും പ്രധാന പ്രതികള്‍ മസ്ജിദ് തകര്‍ക്കാനുള്ള ശ്രമം തടഞ്ഞുവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

പ്രധാന പ്രതികളായ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായി. മറ്റുള്ളവര്‍ നേരിട്ട് കോടതിയിലെത്തി.

പത്ത് മണിയോടെ വിധി പ്രസ്താവമുണ്ടാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വിധി വായിക്കുമ്പോള്‍ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

ലഖ്‌നൗ: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസില്‍ എല്ലാവരെയും വെറുതേ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ഇങ്ങിനെ സ്ഥാപിക്കാന്‍ രീതിയില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസിലെ 32 പ്രതികളെയും കോടതി വെറുതേ വിട്ടു. 2000 പേജുകള്‍ നീണ്ടതായിരുന്നു വിധി. സുരക്ഷയുടെ ഭാഗമായി കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ 350 ലധികം സാക്ഷികളെ വിസ്തരിക്കുകയും 600 ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്. കേസില്‍ രാഷ്ട്രീയമായി ഉള്‍പ്പെടുത്തി എന്നാണ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രില്‍ 19ന് പുനഃസ്ഥാപിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്. 17 പേര്‍ വിചാരണ വേളയില്‍ മരണമടഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണയ്ക്ക് വിധേയമാക്കി.

1992 ഡിസംബര്‍ 6 നായിരുന്നു മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിക്കൊടുക്കുകയുമായിരുന്നു.

ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വിനയ് കത്യാറിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായി പണം സമാഹരിച്ചെന്നും പോലീസ് നിഷ്ക്രിയത്വം പാലിച്ചെന്നും ഭരണകൂടം തടയാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നുമെല്ലാമായിരുന്നു കമ്മീഷ​ന്റെ കണ്ടെത്തല്‍. ജഡ്ജി സുരേന്ദര്‍കുമാര്‍ യാദവ് ഇന്ന് വിരമിക്കെയാണ് വിധി പറഞ്ഞത്. കാലാവധി അവസാനിച്ചെങ്കിലും സുപ്രീംകോടതി നല്‍കി സമയപരിധിക്ക് ഉള്ളില്‍ വിധി പ്രസ്താവ്യം നടത്തുകയായിരുന്നു. കേസ് പരിഗണിച്ച് ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോദ്ധ്യയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ രണ്ടാം ഘട്ടം കോറോണയുടെ വ്യാപനത്തിൽ വ്യാകുലരായിരിക്കുന്ന മലയാളികളാണ് കൂടുതലും. ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ ചിന്തകൾ രോഗത്തെക്കുറിച്ച് ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കൂടുതൽ ആശങ്കകൾ വളർത്താതെ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന മലയാളികളും യുകെയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിശേഷമാണ് യുകെ മലയാളികൾക്കായി മലയാളം യുകെ പങ്കുവെക്കുന്നത്.

‘ക്‌നാനായ പെണ്ണല്ലേ’… ക്നാനായ സമുദായത്തിലെ ഒരുപക്ഷെ ഏറ്റവും കൂടുതൽ പ്രസിദ്ധമായ ഗാനങ്ങളിൽ ഒന്നാണ്. വിൽസൺ പിറവം ആണ് ഈ പാട്ട് ഇറങ്ങിയപ്പോൾ പാടിയിരിക്കുന്നത്. എന്നാൽ കോവിഡിനെ പേടിക്കാതെ വേണ്ട മുൻകരുതൽ എല്ലാം എടുത്തുകൊണ്ടാണ് ക്‌നാനായ പെണ്ണല്ലേ എന്ന പാട്ടിനു ദൃശ്യാവതരണവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ രണ്ടു കുടുംബങ്ങൾ എത്തിയിരിക്കുന്നത്.

രണ്ടു മാസം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ മാത്രമാണ് എഡിറ്റിംഗ് എല്ലാം തീർത്തു പുറത്തു ഇറക്കിയിരിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഉള്ള സർവ്വകലാവല്ലഭനായ അശ്വിൻ തോമസ് ആണ് ഇതിന്റെ ചിത്രീകരണം എഡിറ്റിംഗ് എന്നിവ പൂർത്തിയാക്കിയത്.

ഈ പാട്ടിന്റെ ദൃശ്യാവതരണത്തിൽ പങ്കെടുത്തിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെയുള്ള രണ്ട് കുടുംബങ്ങൾ ആണ്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ വർഷങ്ങളായി ഗായകസംഘത്തിന് നേതൃത്വം നൽകിയ കുറുപ്പുംതറ സ്വദേശിയായ ജോസ് ആകശാലയും, ഭാര്യ സിനിജോസ്, മക്കൾ സിജിൻ ജോസ്, ജെറിൻ ജോസ് എന്നിവരോടൊപ്പം നാട്ടിൽ കിടങ്ങൂർ സ്വദേശിയും സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസിയും നഴ്‌സും ബിസിനസ് മാനും ആയ സെജിൻ ജോസ് കൈതവേലി, ഭാര്യ ലിനു സെജിൻ, മക്കൾ എലിസബത്ത് സെജിൻ, ജിയോ സെജിൻ, ജിം സെജിൻ, ആൻമേരി സെജിൻ എന്നിവരാണ്.

 

വീഡിയോ കാണാം..[ot-video][/ot-video]

 

 

സുപ്രീം കോടതിയിലെ ജസ്റ്റീസായി എയ്മി കോണി ബാരറ്റിനെ നാമ നിര്‍ദേശം ചെയ്ത ചോദ്യത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ അവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇന്ത്യ പരാമര്‍ശിക്കപ്പെട്ടത് ഒരു തവണ. കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയെ പരമര്‍ശിച്ചത്. “ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല” എന്നാണ് ട്രംപിന്‍റെ വിമര്‍ശനം. ‘ചൈന പ്ലേഗ്’ എന്ന പ്രയോഗം ട്രംപ് ഡിബേറ്റിലും ആവര്‍ത്തിച്ചു.

കോവിഡ് 19 മാഹാമാരിയെ 2009ലെ സ്വൈന്‍ ഫ്ലൂവുമായി താരതമ്യം ചെയ്ത ട്രംപ് ഒബാമ ഭരണകൂടം രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആവര്‍ത്തിച്ചു. വാക്സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് മാസ്കിന്റെ ഫലപ്രാപ്തിയെ ട്രംപ് ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ സ്വൈന്‍ ഫ്ലൂ മൂലം മരിച്ചത് 14,000 പേര്‍ മാത്രമാണെന്നും കോവിഡ് ബാധിച്ച് 2 ലക്ഷത്തിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു എന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് കൊറോണ വൈറസിനെ വിശ്വസിക്കരുതായിരുന്നു. അഅണുനാശിനി കഴിച്ചു കൊറോണ വൈറസില്‍ നിന്നും അമേരിക്കകാര്‍ക്ക് രക്ഷപ്പെടാം എന്നു പ്രസിഡണ്ട് പറഞ്ഞിരുന്ന കാര്യം ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. മാസ്ക് കൃത്യമായി ധരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം പേരെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു.

മുന്തിച്ചേല് എന്ന ആൽബം സോങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുട്ടനാടിൻെറ വശ്യമനോഹോരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ പ്രണയവും സൗഹൃദവും മനോഹര ദൃശ്യവിരുന്ന് ഒരുക്കുന്നു. പാട നടുവിലെ നാടൻ കള്ളുഷാപ്പിൽ ആണ് പാട്ട് തുടങ്ങുന്നത്. കലാഭവൻ മണിക്ക് ശേഷം ശുഷ്കിച്ച് പോയ നാടൻ പാട്ട് മേഖലയിൽ പുതിയ ഉണർവും ഉന്മേഷവും തരുന്നതാണ് ഈ ഗാനം.

അനേകം പാട്ടുകൾ രചിച്ചിട്ടുള്ള ലണ്ടൻ മലയാളിയായ പ്രകാശ്‌ അഞ്ചലിൻെറ വരികൾക്ക് ബിനു കലാഭവൻ ശബ്ദം നല്കി. ഗാനത്തിന്റെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുധീർ സുബ്രമണ്യം. ഗൃഹാതുരത്വത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്ക് നാടിന്റെ ഓർമകളെ  താലോലിക്കാൻ പര്യാപ്തമാണ് 4 മിനുട്ടിൽ ഒരുക്കിയിരിക്കുന്ന ഈ നാടൻ പാട്ട്.

യുവ നടന്‍ അക്ഷത് ഉത്‍കര്‍ഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനോടൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു അക്ഷത് ,അതിനിടെയാണ് മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്‍നേഹ ചൗഹാന്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു.

തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‍തെന്ന് പിന്നീട് സ്‍നേഹ ചൗഹാന്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ മുംബൈ പൊലീസിനെതിരെ ആരോപണവുമായി വീട്ടുകാര്‍ രം​ഗത്തെത്തി.അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്,ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.അസ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്‍തത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ബിഹാര്‍ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷത്‍ ഉത്‍കര്‍ഷിന്റെ അച്ഛന്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved