ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണികളിലൊരാളെക്കുറിച്ച് അന്വേഷകര്‍ക്ക് വിവരം കിട്ടിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷിനും ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് നിലവില്‍ അന്വേഷകരുടെ പിടിയിലുള്ള സരിത്ത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വപ്നം ഇപ്പോള്‍ ഒളിവിലാണ്. ഇവരാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
ഒരു ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നെന്നാണ് വിവരം. നേരത്തെയും പലതവണ ഇവര്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ നിറച്ച് സ്വര്‍ണം കടത്തിയിരുന്നെന്നും സൂചനകളുണ്ട്. സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡില്‍ (KSITIL) ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന. ഐടി മേഖലയില്‍ മുന്‍പരിചയമില്ലാത്ത സ്വപ്ന എങ്ങനെ ഈ പദവിയിലെത്തിയെന്നതിലും ദുരൂഹതയുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായി മാറി. സ്വപ്നയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും ഇവര്‍ സ്ഥാപനത്തില്‍ തുടരുന്നത് സ്പേസ് പാര്‍ക്കിന്റെ ചുമതലയുള്ളതു കൊണ്ടാണെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.
നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ചില വഴിവിട്ട ബന്ധങ്ങളുടെ പുറത്തായിരുന്നു പിരിച്ചുവിടലെന്നാണ് വിവരം. എങ്കിലും കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് നിരവധി പേരെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നു. വിമാനത്താവളത്തിനു പുറത്തേക്ക് ബാഗേജ് എത്തിക്കുകയെന്ന ചുമതലയാണ് സരിത്തിനുണ്ടായിരുന്നത്.
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.അതെസമയം സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടതായി മാധ്യമം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വപ്നയും സരിത്തും ചേര്‍ന്ന് 2019 മുതല്‍ 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയെന്നാണ് സരിത്തിന്റെ മൊഴികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചേരുന്നതെന്ന് സരിത്തിന് അറിയില്ല. സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതോടെ തന്റെ ജോലി കഴിയുന്നുവെന്നാണ് സരിത്തിന്റെ വിശദീകരണം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.
അഞ്ച് പേരെ ഉപയോഗിച്ചാണ് ഈ സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. ഇവരിലൊരാളാണ് സ്വപ്ന സുരേഷ്.ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജിലൊളിപ്പിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ഉടമ്പടി പ്രകാരം കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ല. ഇനി പരിശോധിക്കണമെങ്കില്‍ കേന്ദ്ര അനുമതി നിര്‍ബന്ധമാണ്. കൂടാതെ കോണ്‍സുലേറ്ററുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരമൊരു പരിശോധന നടത്താനാകൂ. കഴിഞ്ഞദിവസം നടത്തിയ പരിശോധനയും കോണ്ഡസലേറ്ററുടെ സാന്നിധ്യത്തിലായിരുന്നു.
മുംബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ വീണ്ടും ആരോഗ്യമേഖലയില്‍ ചര്‍ച്ചയാവുന്നു. രാജ്യത്തെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകളിലൊന്നായ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസീഷ്യന്‍സിലാണ് വെളിച്ചെണ്ണയുടെ ആരോഗ്യവശങ്ങളെ പ്രതിപാദിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രോഗാണുക്കള്‍ക്കെതിരെയുള്ള വെളിച്ചെണ്ണയുടെ ഇമ്മ്യൂണോമോഡുലേഷന്‍ ഗുണങ്ങളെ കുറിച്ചാണ് അവലോകനം. വെളിച്ചെണ്ണയില്‍ പൂരിത ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അവലോകനത്തിന്റെ പ്രധാന രചയിതാക്കളിലൊരാളായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സിലെ അംഗവും ഇന്ത്യന്‍ കോളേജ് ഓഫ് ഫിസീഷ്യന്‍സിലെ ഡീനുമാണ് ഡോ.ജോഷി.
കോവിഡ് 19 അല്ല വെളിച്ചെണ്ണയെ കുറിച്ചുളള പുതിയ പഠനത്തിലേക്ക് നയിച്ചതെന്നും എന്നാല്‍ വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് കോവിഡ് 19-നെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്നും ഡോ.ജോഷി ചൂണ്ടിക്കാട്ടി.
എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന വാദത്തെ എതിര്‍ത്തും ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 പോലെയുള്ള മഹാമാരിയില്‍നിന്ന് വെളിച്ചെണ്ണ സംരക്ഷിക്കുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അവരുടെ വാദം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സിങ്ക് വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത് ശരിയാണെന്നും എന്നാല്‍ വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന ഇവ മനുഷ്യശരീരത്തിന് എത്രമാത്രം ആഗിരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലെന്നും ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുന്നു.
വെളിച്ചെണ്ണയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത് വളരെ നല്ലതാണെന്നും എന്നാല്‍ വളരെ കുറച്ച് ഡേറ്റവെച്ച് അത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയില്ലെന്നും എന്‍ഡോക്രിനോളജിസ്റ്റ് ഡോ. അനൂപ് മിശ്ര പറഞ്ഞു
കുവൈത്ത് സിറ്റി∙ കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.
ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.
കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നായിരിക്കും കൂടുതല്‍ ആരാധകരും പറയുക. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയില്‍ ഈ കൂട്ടുകെട്ട് 6,609 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ആദ്യ ബോള്‍ നേരിടാന്‍ താന്‍ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ ഇതിനു സച്ചിന്‍ നല്‍കുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു.
”എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാന്‍ സച്ചിനോട് പറയാറുണ്ട്. എന്നാല്‍, സച്ചിന്‍ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിന്‍ പറയാറുള്ളത്. ഒന്ന്, ‘ഞാന്‍ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം’. രണ്ട്, ‘ഞാന്‍ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം. ഫോമിലല്ലെങ്കില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ വലിയ സമ്മര്‍ദം തോന്നും,’ ‘ ഇതാണ് സച്ചിന്‍ തരാറുള്ള മറുപടി. ആദ്യ പന്തില്‍ സച്ചിന് സ്‌ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യും ഗാംഗുലി പറഞ്ഞു.
മകൻ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആരതി എന്ന 22കാരി യുവതിയെ വിവാഹം ചെയ്തത്.
2016 ലായിരുന്നു അന്ന് 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിങിന്റെ മകനായ ഗൗതം സിങും തമ്മിലുള്ള വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2018ൽ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിൻറെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി. പിന്നീട് വിധവകളുടെ പുനർവിവാഹം നടത്തുന്നതിൽ എതിർപ്പില്ലാത്ത ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നുള്ള ചർച്ചകളിലാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്.
ആരതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിക്കുകയും ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിങ് ദൗദിന്റെ നേതൃത്വത്തിൽ ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ ആരതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിങ് അറിയിച്ചു. ആരതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
പാര്‍വതി തിരുവോത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായിക വിധു വിന്‍സന്റ്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു വിധു വിന്‍സന്റിന്റെ സിനിമയായ സ്റ്റാന്‍ഡ് അപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യങ്ങളുടെ തുടക്കമെന്ന് വിധു പറയുന്നു. ആ സിനിമയ്ക്കായി ഒരു നിര്‍മാതാവിനെ കിട്ടാന്‍ വേണ്ടി ഒരുപാടു അലഞ്ഞെന്നും പാര്‍വതിയുണ്ടെങ്കില്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെന്നു ചില നിര്‍മാതാക്കള്‍ പറഞ്ഞതനുസരിച്ച് പാര്‍വതിയെ സമീപിച്ചിരുന്നെന്നും വിധു വെളിപ്പെടുത്തി. എന്നാല്‍ ഒരു മറുപടി പോലും തരാനുള്ള മാന്യത പാര്‍വതിയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലെന്നും വിധു പറയുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു ശേഷം പരസ്യമാക്കിയ ദീര്‍ഘമായ രാജിക്കത്തിലാണ് പാര്‍വതിയ്ക്കെതിരെ വിധു വിന്‍സന്റ് അക്കമിട്ട് ആരോപണങ്ങള്‍ നിരത്തിയത്.
വിധുവിന്റെ വാക്കുകള്‍ ഇങ്ങനെ: ഗൾഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാർവതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കൂടി വലിയ കാൻവാസിൽ ഈ സിനിമ നിർമിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിക്കു തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോടു ചോദിക്കുകയും ചെയ്യുകയുണ്ടായി.
അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്നു കണ്ടപ്പോൾ അത് ഉപേക്ഷിച്ചു.
ഒരു “NO” പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസ്സിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ടു വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല.
അതേസമയം, ദിലീപിന് പരസ്യപിന്തുണ നല്‍കിയ സിദ്ദിക്കിനൊപ്പം പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയുടെ പ്രചാരണത്തിന് വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രതനിധീകരിച്ച് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ ചടങ്ങിന് എത്തിയതായും വിധു വെളിപ്പെടുത്തി. എന്നാല്‍, തന്റെ സിനിമയ്ക്കു നേരെ മാത്രമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വിമര്‍ശനം ഉയര്‍ന്നതെന്നും വിധു പറയുന്നു.
സിദ്ദിഖ് എന്ന നടൻ ജയിലിൽ പോയി പലതവണ ദിലീപിനെ സന്ദർശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നിൽക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ല്യുസിസിയെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്. ആയതിനാൽ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ല്യുസിസി അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഉയരെ എന്ന സിനിമയിൽ പാർവതി, സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവ്വതിയോട് ഡബ്ല്യുസിസി വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവിൽ ഇല്ല.– വിധു ചോദിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി റിമ കല്ലിങ്കലിന് മെസേജ് അയച്ചിരുന്നുവെന്നും അപ്പോള്‍ ലഭിച്ച മറുപടി പാർവതിക്ക് തെരഞ്ഞെടുക്കാൻ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നുമായിരുന്നെന്നും വിധു വെളിപ്പെടുത്തി. ഇതിനെതിരെയുള്ള തന്റെ നിലപാടും വിധു വിന്‍സന്റ് രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘അഞ്ജലിക്കും എനിക്കും തിരഞ്ഞെടുപ്പിനുള്ള ഓപ്ഷൻ ഒരുപോലെയാണെന്ന് ശരിക്കും നിങ്ങൾ കരുതുന്നുുണ്ടോ? അഞ്ജലിയെയും വിധുവിനെയും സമീകരിക്കാൻ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മൾ ഡബ്ല്യുസിസി എന്ന പേരിൽ ഒരുമിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായിട്ടുണ്ടെങ്കിലും വർഗ്ഗ വ്യത്യാസങ്ങളെ കുറിച്ച് നമ്മുടെ അംഗങ്ങൾക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കിൽ മറ്റൊന്നും പറയാനില്ല. വർഷങ്ങളോളം നിർമാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാമോഹികളില്ലേ? അവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാണ് ഇന്നും ഞാൻ. അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജെന്‍ഡർ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വർഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീരാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയിൽ നല്ലതായിരിക്കും.’–വിധു പറയുന്നു.
ദിലീപിന് ഒപ്പമുണ്ടായിരുന്നവരേയോ ഏതെങ്കിലും തരത്തിൽ അയാളുമായി ബന്ധപ്പെട്ടവരെയോ മാറ്റി നിർത്തി സിനിമ എടുക്കാനാണെങ്കിൽ മലയാള സിനിമയിൽ വെറും 5 ശതമാനത്തിൽ താഴെയേ ആളുകളുണ്ടാവൂ .അതിനാൽ ഒരു തൊഴിലിടം എന്ന നിലയിൽ യോജിക്കാൻ പറ്റുന്ന മേഖലകളിൽ യോജിക്കുകയും വിയോജിക്കേണ്ടപ്പോൾ കൈ ചൂണ്ടി പറയുകയുമാണ് വേണ്ടതെന്ന് ഒരു മുന്‍ അഭിമുഖത്തില്‍ പറഞ്ഞത് വിധു വിന്‍സന്റ് ആവര്‍ത്തിച്ചു. വിധു വിന്‍സന്റിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍, ഔദ്യോഗികമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിധുവിന്റെ രാജിയെക്കുറിച്ചോ പരസ്യമാക്കിയ കത്തിലെ വിവരങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.
മോഡി മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിച്ചേക്കും. ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിഫലിച്ചേക്കാം.
നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് സാധ്യത. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്‌കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.
വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്‍പിച്ചിരുന്നു. ഇതിന് സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് നിലവില്‍ ആലോചിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യില്‍നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.
അതേസമയം, ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. ഈ ഒഴിവുകളും നികഴ്ത്തും.
ആഗോളതലത്തില്‍ കൊവിഡ് ഇത്രയും വ്യാപിക്കാന്‍ കാരണം ചൈനയുടെ രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.
‘കാലങ്ങളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് നല്‍കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്. ഇപ്പോള്‍ അമേരിക്ക മാസ്‌കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം’ എന്നാണ് ഡൊണാള്‍ഡ് ഡ്രംപ് പറഞ്ഞത്.
ആഗോളതലത്തില്‍ ഈ വൈറസ് ഇത്രയും രൂക്ഷമായി ബാധിക്കാന്‍ കാരണം ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്നും വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം അമേരിക്ക ഇപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.
തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.
ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.
ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.