തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി പ്രിയാമണി. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയാമണി തിളങ്ങിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നടി അഭിനയിച്ചിരുന്നു. പരുത്തിവീരനിലെ പ്രകടനത്തിനാണ് 2006ല്‍ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചത്. അന്യാഭാഷാ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മലയാളത്തിലും നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൃഥ്വിരാജ് ചിത്രം തിരക്കഥയും പ്രിയാമണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ്. അതേസമയം ജെബി ജംഗ്ഷനില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ടിനി ടോം നായകനായ ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു സിനിമയിലും നായികയാവാനുളള ഓഫര്‍ നടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചുകൊണ്ട് ടിനി ടോം എത്തിയിരുന്നു. ഒരു ക്യാരക്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് പ്രിയാമണിയുടെ മാനദണ്ഡം, അത് ഓപ്പോസിറ്റ് നില്‍ക്കുന്ന താരത്തിന്റെ സ്റ്റാര്‍ വാല്യൂ ആണോ. അതോ പ്രതിഫലം ആണോ, സബ്ജക്റ്റ് ആണോ എന്നായിരുന്നു നടന്റെ ചോദ്യം.

ഇതിന് മറുപടിയായി സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തെ കുറിച്ചാണ് പ്രിയാമണി ആദ്യം പറഞ്ഞത്. സത്യത്തില്‍ തനിക്ക് ആദ്യം സിനിമയുടെ കഥ എന്താണെന്ന് പോലും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു. എന്നോട് ആരും പറഞ്ഞില്ലായിരുന്നു. അന്ന് ആ സമയത്ത് എനിക്ക് കേരളത്തില്‍ നിന്ന് കുറെ കോള്‍സ് വന്നിരുന്നു. നിങ്ങള്‍ സുരാജ് വെഞ്ഞാറമൂടിന്റെ റോളിന് ഒപ്പോസിറ്റ് അഭിനയിക്കുന്നുണ്ട്, എന്താണ് ആ കഥാപാത്രം എന്നൊക്കെ. ആ സമയത്ത് എനിക്ക് കഥ പോലും അറിയില്ലായിരുന്നു.

പിന്നെ എങ്ങനെയാണ് ഞാന്‍ ആ സിനിമയെ കുറിച്ച് പറയുന്നത്. എനിക്ക് ഇങ്ങനെത്തെ ഒരു സിനിമ വന്നിട്ടുണ്ട്. ആരാണ് ഹീറോ എന്ന് പോലും അപ്പോ അറിയില്ലായിരുന്നു. ഞാന്‍ ആദ്യം കമ്മിറ്റ് ചെയ്തില്ലായിരുന്നു. പിന്നെ മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞു. എനിക്ക് ആ സിനിമയെ കുറിച്ചൊന്നും അറിയില്ലാന്ന്. പിന്നെ ടിനിയുടെ കാര്യം. സംവിധായകന്‍ എന്റെയടുത്ത് കഥ പറയാന്‍ വന്നിരുന്നു. അതൊരു വ്യത്യസ്തമായ സബജക്ട് ആയിരുന്നു.

കഥയിലെ ചില കാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെയാണ് ടിനിയാണ് ഹീറോയെന്ന് പറയുന്നത്. ഞാന്‍ ഇത് എന്റെ അച്ഛനോടും അമ്മയോടും മാനേജറോടുമെല്ലാം ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് മുന്‍നിരയിലുളള സ്റ്റാര്‍സിന്റെ ലിസ്റ്റില്‍ ഒന്നും പെടാത്ത ആളായിരുന്നു ടിനി. അപ്പോ ആ ഒരു സാഹചര്യത്തില്‍ ഇങ്ങനെയൊരു ചിത്രം ചെയ്യണമെന്നോ എന്ന് എനിക്ക് മനസില്‍ തോന്നി. പ്രതിഫലത്തെ കുറിച്ചുളള കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു.

അതെല്ലാം മാനേജറായിരുന്നു നോക്കിയിരുന്നത്. എല്ലാം ഒകെയാണെങ്കില്‍ ഞാന്‍ വന്ന് അഭിനയിക്കും, പോവും. ഇതായിരുന്നു എന്റെ രീതി. ഞാന്‍ പിന്നെ ടിനിക്ക് മെസേജ് അയച്ചു. സോറി, എനിക്ക് ഇപ്പോള്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. അടുത്ത തവണ വരികയാണെങ്കില്‍ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നെ വീണ്ടും വിളിച്ചു.

ഇത് മാഡത്തിന് പറ്റിയ കഥാപാത്രമാണ്, മാഡത്തിനാണ് ഈ റോള്‍ നന്നായി ചേരുക എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോഴത്തെ ഒരു അവസ്ഥയില്‍ ഞാന്‍ ടിനിയൂടെ കൂടെ അഭിനയിച്ചാല്‍ നാളെ അത് കാര്യമായി ബാധിക്കുക എന്നെ തന്നെയാണ്. ഇത് മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം അഭിനയിച്ച് ഇപ്പോള്‍ എന്തിനാണ് ടിനിയെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും.

മുന്‍നിരയില്‍ ഇല്ലാത്ത ഒരു താരത്തിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ വരും. അതൊക്കെ എന്റെ കരിയറിനെയാണ് ബാധിക്കുക. ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച് അത് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പേരിലായിരിക്കും വിമര്‍ശനങ്ങള്‍ വരുക. സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ എല്ലാം പരാജയപ്പെട്ടാല്‍ മിക്കപ്പോഴും നായികമാര്‍ക്കാണ് വിമര്‍ശനങ്ങള്‍ വരാറുളളത്. ആ നടനെ ആരും കുറ്റം പറയാറില്ല. പ്രിയാമണി പറഞ്ഞു.