ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ നാലുപേർ അറസ്റ്റിൽ. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി നടിയുടെ മാതാവാണ് മരട് പോലീസിൽ പരാതി നൽകിയത്. ഇത് പ്രകാരമാണ് നടപടി.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂർ സ്വദേശി അഷറഫ് ഏന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാരിൽ മുന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പേലീസ് അറിയിച്ചു.
അതേസമയം, വിവാഹാലോചനയുമായി വന്നവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് ഷംന കാസിം പ്രതികരിച്ചു. വിവാഹാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാൽ ഇവരെ കുറിച്ച് നേരിട്ട് പോയി അന്വേഷിക്കാനായില്ല. ഇതിനിടെയാണ് വരനായി വന്നയാൾ പണം ആവശ്യപ്പെട്ടത്. ഇതോടെ സംശയം തോന്നുകയും പരാതിപ്പെടുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയത് മറ്റാരും തട്ടിപ്പിന് ഇരയാവാതിരിക്കാനാണെന്നും നടി പ്രതികരിച്ചതായി ചൂണ്ടിക്കാട്ടുന്നു.
മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് അഭിനയത്തിനോടല്ല പ്രിയം. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഇതിനു പുറമേ തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ പുതിയ വീഡിയോ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആയോധനകല അഭ്യസിക്കുന്നതിന്റെ വീഡിയോ വിസ്മയ മുൻപും പങ്കുവച്ചിട്ടുണ്ട്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. എഴുത്തിന്റെ പാതയിലാണ് വിസ്മയ. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
തായ്‌ലൻഡിലാണ് ഇപ്പോൾ വിസ്മയയുളളത്. എന്നാൽ പ്രണവ് അച്ഛനും അമ്മയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലാണ്. അടുത്തിടെയാണ് മോഹൻലാൽ 60-ാം പിറന്നാൾ ആഘോഷിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും വിസ്മയ എത്തിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ അച്ഛന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. ഹാപ്പി അറുപതാം ജന്മദിനം അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാളും സ്‍നേഹിക്കുന്നുവെന്നുമാണ് വിസ്‍മയ എഴുതിയത്.
എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. ജൂൺ 30 നു പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ജൂൺ 30 നു തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ വിദ്യാഭ്യാസവകുപ്പിനു നിർദേശം നൽകി.
ഫലപ്രഖ്യാപനം ഇനിയും വെെകിയാൽ അത് വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. എത്രയും വേഗം ഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവനും തുടങ്ങി. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് പരീക്ഷാഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായത്.
എസ്എസ്എൽസി ഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലെെ ആദ്യവാരത്തിൽ തന്നെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കാനാണു തീരുമാനം. കണ്ടെയ്‌ൻമെന്റ് സോണുകളിലെ മൂല്യനിർണയം വെെകിയതാണ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതു നീണ്ടുപോകാൻ കാരണം. മൂല്യനിർണയം രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പല അധ്യാപകർക്കും സ്‌കൂളുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു പ്രതിസന്ധി നേരിട്ടതോടെ ഫലപ്രഖ്യാപനവും വെെകി.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. അതിനുശേഷം അടുത്ത ഘട്ട മൂല്യനിർണയം ആരംഭിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സാധാരണനിലയിലുള്ള അധ്യയനം ജൂലൈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്‌കൂളുകൾ സാധാരണ രീതിയിൽ തുറക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരുപക്ഷേ, ഓഗസ്റ്റ് പകുതിയോടെ മാത്രമേ സ്‌കൂളുകളും കോളേജുകളും തുറക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, സംസ്ഥാനത്ത് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അധ്യയനം ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. 10 പാക് താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് താരങ്ങള്‍ കൂടി കോവിഡിന് പിടിയിലാണെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്.
പാക് താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പാക് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ മലാംഗ് അലിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊന്നും ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച താരങ്ങളെ ക്വാറന്റൈന്‍ ചെയ്തു. കഴിഞ്ഞ ദിവസം പാക് താരങ്ങളായ ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 24-ന് താരങ്ങളെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് നെഗറ്റീവായ താരങ്ങളെ മാത്രമാകും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ഇംഗ്ലണ്ടിലെത്തിയ ശേഷവും താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും.
ഇതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമെ കളിക്കാരെ മത്സരത്തിനായി ഇറക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് മുമ്പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും പാക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.
ജൂലൈ അവസാനമാണ് പാകിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരിച്ചു.
വിസ്ഡന്‍ ഇന്ത്യ ഫേസ്ബുക്കില്‍ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി രാഹുല്‍ ദ്രാവിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്രാവിഡ് നേട്ടം സ്വന്തമാക്കിയത്
11,400 ആരാധകര്‍ പങ്കെടുത്ത പോളില്‍ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്. ചൊവാഴ്ച രാവിലെ 42 ശതമാനം വോട്ടുകള്‍ മാത്രം നേടിയ ദ്രാവിഡിന്റെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. കളിക്കളത്തില്‍ ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലി പോലെ തന്നെ ആയിരുന്നു അദ്ദേഹം വോട്ടെടുപ്പിലും പൊരുതി ഒടുവില്‍ മാന്യമായ ലീഡ് നേടിയത്.
വിസ്ഡന്‍ ഇന്ത്യയുടെ വോട്ടെടുപ്പ് തുടക്കത്തില്‍ 16 ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളാണ് മത്സരത്തിനുണ്ടായത്. സെമി ഫൈനല്‍ ഘട്ടത്തില്‍ അത് നാലായി കുറഞ്ഞു, അവിടെ ദ്രാവിഡ് സുനില്‍ ഗവാസ്‌കറിനെയും സച്ചിനെയും വിരാട് കോഹ്ലിയെയും പരാജയപ്പെടുത്തി.
എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മൂന്ന് പതിറ്റാണ്ടുകളായി താൻ |എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്.
എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്രൈo ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ 21 കേസുകളിൽ പ്രതിയാണ്.
പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി.
ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രുതി ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തിൽ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്റ് ചെയ്തത്.
ഗൗരവമേറിയ കേസ് എസ്‌ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടിരുന്ന മലയാളി ബിസിനസുകാരന്‍ ടി.പി. അജിതും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് അജിതിനെ ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിത് ദുബായ് മെഡോസിലെ വില്ലയിലാണ് താമസം.
ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.
പ്രമുഖ വ്യവസായി ആയിരുന്ന ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണം എന്നുമായിരുന്നു അജിതിന്റെ അഭിപ്രായം. എന്നാല്‍ അറയ്ക്കല്‍ ജോയി പോയ വഴിയ്ക്ക് തന്നെ അജിതും പോയി.
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കിയ സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസാണ് കേസെടുത്തത്.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ‘സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ’ എന്ന് കുറിച്ചുകൊണ്ടാണ് രഹ്ന കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ എട്ടുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലെ പുതുതായി വാങ്ങിയ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭരത്പട്ടേല്‍ (62), മരുമകള്‍ നിഷ (33), നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. കുടുംബം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവിടെ താമസിക്കാനെത്തിയതെന്നും നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.