ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.
ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂർണമെന്റിലെ പ്രധാന ആകർഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും. ടൂർണമെൻ്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങൾ ലീഗ് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.
കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് കൃഷ്ണ രാം (55) സെൻട്രൽ കോൾ ഫീൽഡ്‌സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായിരുന്നു. ഈ ജോലി കരസ്ഥമാക്കാനാണ് 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെ മകൻ കൃഷ്ണ രാമിനെ ബർക്കകാനയിൽ വച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് സബ് ഡിവിഷനൽ പോലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്‌തോയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തനിക്ക് സിസിഎല്ലിൽ ജോലി ലഭിക്കുന്നതിനായാണ് പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സിസിഎല്ലിന്റെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിക്കുന്ന കുടുംബാംഗത്തിന് ജോലി നൽകും.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ഒരു കിടിലന്‍ ഗെറ്റപ്പിലാണ് ജോജു പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ ആര്‍സി 100 ബൈക്ക് ഉയര്‍ത്തുന്ന ജോജു ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ നിമിഷമാണ് ചിത്രത്തില്‍ കാണുന്നത്. ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രമാണ് ജോജു പങ്കുവച്ചിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്.
പീസില്‍ നായകന്റെ റോളിലാണ് ജോജു എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാകും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. സക്കറിയയുടെ ‘ഒരു ഹലാല്‍ ലൗ സ്റ്റോറി’ക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണിത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ എന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്ന ജോജുവിന്റെ മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലേറിയയില്‍ നിന്നും ഡെങ്കിപ്പനിയില്‍ നിന്നും കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രാജസ്ഥാനിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ പാമ്പ് കടിച്ചു. രാജവെമ്പാലയാണ് കടിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഇയാന്‍ ജോണ്‍സ് എന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞ ദിവസം ഡിസ് ചാര്‍്ജ്ജ് ചെയ്തിരുന്നു. മേഖലയിലെ ഒരു ഗ്രാമത്തില്‍ വച്ച് പാമ്പുകടിയേറ്റ ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കോവിഡ് പോസിറ്റീവ് ആയി പിന്നീട് രോഗമുക്തി നേടിയിരുന്ന ഇവാന്‍ ജോണ്‍സ് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇയാന്‍ ജോണ്‍സിന് ഇന്ത്യയില്‍ വച്ച് മലേറിയയും കോവിഡ് 19നും ബാധിച്ചിരുന്നതായി മകന്‍ സെബ് ജോണ്‍സ് പറഞ്ഞു.
ദക്ഷിണ ഇംഗ്ലണ്ടിലാണ് ഇവരുടെ സ്വദേശം. കോവിഡ് മൂലം നാട്ടിലേയ്ക്ക് മടങ്ങാതെ ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനവുമായി തുടരുകയായിരുന്നു ഇയാന്‍ ജോണ്‍സ്. രാജസ്ഥാനില കരകൗശല വസ്തു നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ ഇംഗ്ലണ്ടില്‍ വില്‍ക്കാന്‍ ഇയാന്‍ ജോണ്‍സ് ഗ്രാമീണര്‍ക്ക് സഹായം നല്‍കിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് കിഫ്ബിയുടെ മസാല ബോണ്ടിനെകുറിച്ചും അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐയില്‍നിന്ന് തേടിയതായാണ് സൂചന. മസാല ബോണ്ടുമായി ബന്ധപ്പെട്ട സിഎജി യുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇത്.
മസാലാ ബോണ്ട് വാങ്ങിയ നടപടിയെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിഎജിയുടെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതില്‍ സിഎജി ഭാഗമാകുന്നുവെന്ന വിമര്‍ശനമാണ് കേരള സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാലബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിക്കുകയും ആ പണം വിവിധ കിഫ്ബി പദ്ധതികള്‍ക്കായി ചിലവാക്കുകയും ചെയ്തിരുന്നു.
ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിരാക്ഷേപ പത്രം മാത്രമാണ് ആര്‍ബിഐ നല്‍കിയതെന്നാണ് മറ്റൊരു വാദം
വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍ണായക പദ്ധതികളിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിന്റെ പ്രധാന വരുമാനമാര്‍ഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജന്‍സികള്‍കളുടെ അന്വേഷണം നീളുന്നത്.
നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ പരിപാടികളിലെ അഭിനേതാവായിരുന്നു. ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് നടൻ ആയുഷ് ആനന്ദ് പറഞ്ഞു.
നടിയുടെ സഹോദരൻ കഴിഞ്ഞ ദിവസമാണ് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിത്. കുറച്ചു വർഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നൽകിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്നും ആയുഷ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ എന്നറിയപ്പെടുന്ന വിനോദ് നാരായണന്റെ പ്രഭാഷണമാണ് . ചിരിയും ചിന്തയും വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണൻ 2016 മുതൽ ബല്ലാത്ത പഹയൻ എന്ന പേരിൽ ആരംഭിച്ച വീഡിയോ ബ്ലോഗിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചിട്ടുള്ളത് . മലയാളഭാഷയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വെട്ടിത്തുറന്ന പാതയിലൂടെ കോഴിക്കോടൻ ശൈലിയിലും ഉച്ചാരണത്തിലൂടെയും ശ്രോതാക്കളിൽ ഗൃഹാതുരത്വമുണർത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിക്കുന്നത്.
ചിരിയിലൂടെ ചിന്തയാണോ ചിന്തയിലൂടെ ചിരിയാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വിനോദ് നാരായൺ കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത് . അമേരിക്കയിൽ കോർപ്പറേറ്റ് ലോകത്തിന്റെ ഭാഗമായി ജോലി നോക്കുമ്പോൾ തന്നെ കവി, ബ്ലോഗർ, പോഡോകാസ്റ്റർ, സ്വതന്ത്ര ഫിലിം മേക്കർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. മലയാളികളെ നാണംകെട്ടവർ എന്നു വിളിച്ച അർണബ് ഗോസ്വാമിയോട് പ്രൊഫഷണൽ ലോകത്ത് കോട്ടും ടൈയും ഇട്ട് നിൽക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു മലയാളിയായി ലുങ്കിയുടുത്ത് നിൽക്കുന്നതിന് മലയാളിക്ക് മടിയും നാണവുമില്ലെന്ന് തന്റെ ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞ വിനോദ് നാരായണൻ, കോട്ടും ടൈയും ഇട്ട് വന്ന് അർണബിനെ തേച്ചൊട്ടിച്ച് ലുങ്കി മടക്കിക്കുത്തിയാണ് മടങ്ങിയത് . ഈ നവംബർ മാസത്തിൽ ചെയ്ത ബ്ലോഗിലൂടെ അമേരിക്കയിലെ ഏതൊരു സാധാരണ മലയാളിയേയും പോലെ ട്രംപിന്റെ പരാജയത്തിൽ തുള്ളിച്ചാടാനാണ് തോന്നിയതെന്ന് പറഞ്ഞ് ട്രംപിനെ തുരുമ്പ് എന്ന് കളിയാക്കാനും മറന്നില്ല. വിനോദ് നാരായൺ കോഴിക്കോട് ചേവായൂർ സ്വദേശിയാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രശസ്ത കവയിത്രിയും ദളിത് ആക്ടിവിസ്റ്റുമായ എസ് മൃദുലാദേവി ‘പാളുവ’ ഭാഷയെക്കുറിച്ച് നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് .എല്ലാവർക്കും പ്രയോജനപ്രദമായ മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
ചിരിയും ചിന്തയും പ്രദാനം ചെയ്യുന്ന ‘കടൽ കടന്നെത്തുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ബല്ലാത്ത പഹയന്റെ പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും എല്ലാ ഭാഷാസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.
മലയാളം ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക
https://www.facebook.com/MAMIUKCHAPTER/live/
ഒരിടവേളയ്ക്ക് ശേഷം താര സംഘടന അമ്മ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നത്. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. നാടകീയ രംഗങ്ങളായിരുന്നു കൊച്ചിയിൽ അരങ്ങേറിയത്
യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു. എന്നാൽ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ. ലാലേട്ടന്റെ ഈ പെരുമാറ്റം കണ്ടുനിന്നവരെയെല്ലാം ഒരുനിമിഷം ഞെട്ടിച്ചു കളഞ്ഞു.
ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്.
യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.
കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറഞ്ഞ പ്രതിയെ പൊലിസ് പിടികൂടി.
കേബിള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലിസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.
ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.