കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി എത്തിയ ആള്‍ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതികജ്ഞാനവും ഹര്‍ജിക്കാരനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമേദ് സിംഹ് പി ചാവ്ദ എന്നയാളാണ് കൊക്കകോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് ഈ രണ്ട് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു – കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇരു പാനീയങ്ങള്‍ക്കും നിരോധനം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു ഉമേദ് ചാവ്ദ.
കൊക്ക കോളയും തംസ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും നല്‍കാനില്ലാത്ത ഹര്‍ജിക്കാരന്‍ നിയമ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്തതായി സുപ്രീം കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളി, ഹര്‍ജിക്കാരന് പിഴയിട്ടത്. ഒരു മാസത്തിനകം സുപ്രീം കോടതി രജിസ്ട്രിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഹര്‍ജിക്കാരനോട് ഉത്തരവിട്ട സുപ്രീം കോടതി, ഇത് സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ്‌സ് അസോസിയേഷന് കൈമാറുമെന്നും അറിയിച്ചു.
യു.എസില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിച്ചേക്കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അങ്ങിനെ സംഭവിച്ചാല്‍ സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്‌ലി ഷോയുടെ ട്രെവർ നോവയോട് സംസാരിച്ച ബൈഡന്‍ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ് എന്നും അദ്ദേഹം പറയുന്നു.
മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങളാണ് ബൈഡന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നുമൊക്കെ പലതവണ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് തന്നെ വോട്ടു ചെയ്യാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിട്ടുണ്ടെന്നും, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അധികാരം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത സൈനികർ ഇടപെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡന്‍ നോഹയോട് പറഞ്ഞു. മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡനെക്കാള്‍ ഏറെ പിറകിലാണ്. സിഎൻഎൻ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ 14 പോയിന്റ് മുന്നില്‍ ബൈഡനാണ്.
അതേസമയം, ട്രംപിന്‍റെ പ്രചാരണ വിഭാഗം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം മുർതോഗ് ബിഡന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ‘ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്താനുള്ള ശ്രമവും ജോ ബൈഡന്റെ ബുദ്ധിശൂന്യമായ മറ്റൊരു ഗൂഡാലോചന സിദ്ധാന്തവും ആണെന്നും’ അദ്ദേഹം പ്രതികരിച്ചു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കണ്ണൂർ പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ മരിച്ച ഇന്നലെ ടി പിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അസഭ്യവർഷവുമായി സിപിഎം അനുകൂലികൾ. “എൻ്റെ സഖാവേ” എന്ന് പറഞ്ഞ്, ടി പി ചന്ദ്രശേഖരൻ്റെ ഫോട്ടോയാുമായാണ് ഇന്നലെ കെ കെ രമ പോസ്റ്റിട്ടത്. ഇതിന് താഴെയാണ് സിപിഎം അനുകൂലികൾ രമയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും അസഭ്യ പരാമർശങ്ങൾ നടത്തിക്കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കുഞ്ഞനന്തന് പല തവണ പരോൾ നൽകിയത് വിവാദമായിരുന്നു. പിന്നീട് ശിക്ഷാ ഇളവ് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും അടക്കമുള്ളവർ പി കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിക്കിടെ നടത്തിയ ‘നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് ശ്രേഷിന് നന്ദി പറയുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു സ്വദേശിയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ശ്രേയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നന്നത് ചൂണ്ടി കാണിച്ചാണ് വാര്‍ണര്‍ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ചത്.
‘നല്ല ദിവസം, നമസ്തേ. കോവിഡ് 19-ല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ശ്രേയസ് ശ്രേഷിന് നന്ദി പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ശ്രേയസ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കൊറോണ കാലത്ത് ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമിന്റെ ഭാഗമാണ് , ”വാര്‍ണര്‍ വീഡിയോയില്‍ പറഞ്ഞു. നിങ്ങളുടെ അമ്മയും അച്ഛനും ഇന്ത്യയും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. മഹത്തായ പ്രവര്‍ത്തനം തുടരുക, കാരണം നാമെല്ലാവരും ഇതില്‍ ഒന്നാണ്, ”വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സിനോട് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയിരുന്നു. 23കാരിയായ കോട്ടയം സ്വദേശി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലിയുടെ പ്രശംസ. ഒരു വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് താരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ഷാരോണ്‍ വര്‍ഗീസിന് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഷാരോണ്‍ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്.
Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://t.co/NfT0Q7G6P8
To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
— Austrade India (@AustradeIndia) June 2, 2020
#Australia values Indian students contribution during #COVID19 to help the community in Australia.
Here’s a video from @davidwarner31 thanking Shreyas for the work he has done during the pandemic.https://t.co/PsnbouDPGx#InThisTogether #InAusTogether @AusHCIndia 🇦🇺 & 🇮🇳— Austrade India (@AustradeIndia) June 4, 2020
മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീതിന് മകൻ അശ്‌ളീല സന്ദേശം അയച്ചു എന്ന് ആരോപിച്ച സംഭവത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ സീമയുടെ ട്രോമയ്ക്ക് ഒപ്പമാണെന്നു നടി മാലാ പാര്‍വ്വതി. മകന്റെ തെറ്റ് താന്‍ ന്യായീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേ സമയം, മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ നടി മാലാ പാര്‍വ്വതി മടിക്കുന്നത് എന്തു കൊണ്ടാണെന്ന് സീമാ വിനീത് ചോദിച്ചു.
മാലാ പാര്‍വ്വതിയുടെ ഇരുപത്തിയേഴുകാരനായ മകന്‍ അനന്തകൃഷ്ണന്‍ 2017 മുതല്‍ തനിക്ക് ഫെയ്‌സ് ബുക്കില്‍ അശ്‌ളീല മെസേജുകള്‍ അയച്ചതായി കാണിച്ച് കഴിഞ്ഞ ദിവസമാണു ട്രാന്‍സ് വ്യക്തിയായ സീമ വിനീത് രംഗത്ത് വന്നത്. മാലയുടെയും മകന്റെയും പേര് പരാമര്‍ശിക്കാത്ത തരത്തിലായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് മാല സീമയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മകന് വേണ്ടി മാപ്പ് പറയുകയും ചെയ്തിരുന്നു.
”ജൂണ്‍ ഒന്‍പതിനാണ് സീമ വിനീതിന്റെ ആദ്യത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്. ഫെമിനിസ്റ്റും ആക്റ്റിവിസ്റ്റുമായ അമ്മ, സ്ത്രീകളെ സംരക്ഷിക്കാനായി നടക്കുമ്പോള്‍ മകന്‍ നഗ്‌നത അന്വേഷിച്ചു നടക്കുകയാണ്, ഇന്‍ബോക്‌സ് തുറന്നു നോക്കിയപ്പോഴാണ് അവരുടെ മകന്‍ അയച്ച സന്ദേശങ്ങള്‍ ആദ്യമായി കാണുന്നത് എന്ന്. എന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു അത് ചേച്ചിയെക്കുറിച്ചാണെന്ന്. ഞാന്‍ മകനോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നു തോന്നുന്നു, കുറേ വര്‍ഷം മുന്‍പായതു കൊണ്ട് ഓര്‍മയില്ലെന്നു പറഞ്ഞു,” മാലാ പാര്‍വ്വതി പറഞ്ഞു.
മാലാ പാര്‍വ്വതി
തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ വേണ്ടി സീമയെ വിളിച്ച മാലാ പാര്‍വ്വതി, മകന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അമ്മയെന്ന രീതിയിലും സ്ത്രീയെന്ന രീതിയിലും, സീമയോട് മാപ്പ് പറയുകയും ചെയ്തതായി പറഞ്ഞു. ‘ചേച്ചി ട്രാന്‍സ്‌ജെന്‍ഡറുകളോടെല്ലാം നല്ല രീതിയില്‍ സംസാരിക്കുന്ന ആളാണ്, ആരെയും വേദനിപ്പിക്കാനല്ല, ചേച്ചിയല്ല മാപ്പ് പറയേണ്ടത്’ എന്നായിരുന്നു സീമയുടെ മറുപടി എന്നും മാലാ പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ട സീമയോട് താന്‍ അവരുടെ കൂടെയുണ്ടെന്നും നിയമപരമായി പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കും എന്നും വ്യക്തമാക്കി.
”സീമയെ താൻ വിളിച്ചതിനു ശേഷം, ആക്റ്റിവിസ്റ്റായ ദിയ സന എന്നെ വിളിച്ചിട്ട് നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഒരു ചാറ്റ് ഗ്രൂപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന രീതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പും ഇതിനിടെ എനിക്കു ലഭിച്ചിരുന്നു. നേരില്‍ കാണണം എന്നു പറയുകയും ഈ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുവെന്നു കേട്ടപ്പോള്‍ അതിലെനിക്കൊരു അസ്വാഭാവികത തോന്നി. സ്വകാര്യമായ ഒരു വിഷയം ഒരു ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പലരുടെയും അഭിപ്രായം സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ശരിയല്ലല്ലോ എന്ന് എനിക്ക് തോന്നി. ‘മകനോ അമ്മയോ മാപ്പ് പറയണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വാങ്ങണം’ എന്നും ചര്‍ച്ച ഉയരുന്നതായി ഒരു വോയിസ് നോട്ടില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. അത് ആര് പറഞ്ഞതാണ് എന്ന് എനിക്ക് വ്യക്തമല്ല. എന്നാല്‍ ഗ്രൂപ്പ് ആലോചന നടത്തിയാണ് ഈ വിഷയത്തില്‍ ഓരോ ചുവടും വയ്ക്കുന്നത് എന്നറിഞ്ഞതോടെ നിയമപരമായി നീങ്ങുന്നതാവും നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു.” പാര്‍വ്വതി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ നഷ്ടപരിഹാരം താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം സീമ വിനീത് നിഷേധിച്ചു.
”ട്രാന്‍സ് കമ്യൂണിറ്റികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ സംസാരിച്ചത് എനിക്കറിയേണ്ട കാര്യമില്ലല്ലോ? ഗ്രൂപ്പുകളില്‍ പല ചര്‍ച്ചകളും നടക്കും. ആ ഗ്രൂപ്പുകളില്‍ നഷ്ടപരിഹാരം വേണമെന്നോ, നഷ്ടപരിഹാരം കിട്ടിയാലേ പിന്മാറൂ എന്നതു സംബന്ധിച്ച് ഞാന്‍ സംസാരിച്ചതോ എന്റെ ഭാഗത്തു നിന്നുള്ള മെസേജുകളോ എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ. എവിടെയും ഹാജരാവാന്‍ ഞാന്‍ തയ്യാറാണ്. നിയമവശങ്ങള്‍ നോക്കി ഏതറ്റംവരെയയും പോകാന്‍ ഞാന്‍ ഒരുക്കമാണ്. അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്,” സീമ പറഞ്ഞു.
സീമ വിനീത്
മകനും സീമയും തമ്മില്‍ നടന്ന സംഭാഷണം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നാണു സീമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തനിക്ക് വ്യക്തമായത് എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
”മകനെ ഞാന്‍ ഡിഫന്‍ഡ് ചെയ്യുന്നില്ല. കല്യാണം കഴിക്കാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ചാറ്റ് ചെയ്തത് തെറ്റാണെന്നും വിശ്വസിക്കുന്നില്ല. നിയമപരമായി അവര്‍ നീങ്ങട്ടെ, ഞാനതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, അതിന്റെ അനന്തരഫലങ്ങള്‍ അയാള്‍ അഭിമുഖീകരിക്കട്ടെ,” മാലാ പാര്‍വ്വതി നിലപാട് വ്യക്തമാക്കി.
2017 മുതലുള്ള മെസേജുകളാണു താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത്. പരസ്പര സമ്മതോടെയുള്ള ചാറ്റായിരുന്നെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് മാലാ പാര്‍വ്വതിയുടെ മകന്റെ കൈയിലും ഉണ്ടാവുമല്ലോ? എന്നാണ് ഇതില്‍ സീമയുടെ പക്ഷം.
“ആ വ്യക്തി എനിക്കയച്ച മോശം മെസേജുകള്‍ ഇപ്പോഴാണു കണ്ടത്. ഇയാള്‍ എന്റെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ലിസ്റ്റിലില്ല. ഫ്രണ്ട് അല്ലാത്താവര്‍ അയയ്ക്കുന്ന മെസേജ് അണ്‍ലീഡഡ് ബോക്‌സിലാണല്ലോ ഉണ്ടാവുക. സമയം കിട്ടുമ്പോഴാണ് ഇത്തരം കാര്യങ്ങളൊക്കെ നോക്കുന്നത്.”
മെസ്സേജുകള്‍ സീമ കണ്ടത് ഇപ്പോഴാണ് എന്നതിനോട് തനിക്കു യോജിക്കാന്‍ സാധിക്കില്ല എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
“കാരണം ഫേസ്ബുക്ക് മെസഞ്ജറില്‍ റിക്ക്വസ്റ്റ് അയച്ചാല്‍, മറുവശത്തെ ആള്‍ അത് അക്സപ്പ്റ്റ് ചെയ്യുന്ന പക്ഷം, ‘You can now send messages and talk to each other’ എന്നൊരു കുറിപ്പ് വരും. 2017ലെ സ്ക്രീന്‍ ഷോട്ടില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് കാണാം. അതിനര്‍ത്ഥം സീമ ഫ്രണ്ട് റിക്ക്വസ്റ്റ് അപ്പോള്‍ അക്സപ്പ്റ്റ് ചെയ്തിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കൂടാതെ ഒരു ചാറ്റിനു തംബ്സ് അപ്പ് കൊടുത്തതായും സീമ പോസ്റ്റ് ചെയ്ത സ്ക്രീന്‍ഷോട്ടുകളില്‍ കണ്ടിരുന്നു. അതെങ്ങനെ. ആ സ്ക്രീന്‍ഷോട്ട് ഇടയ്ക്ക് വച്ച് എഡിറ്റ് ചെയ്തു മാറ്റുകയും ചെയ്തു.”
എന്നാല്‍ ഒരു ചാറ്റിന് താന്‍ തംബ്സ് അപ്പ് കൊടുത്തുവെന്നും അതു പിന്നീട് ഡിലീറ്റ് ചെയ്തുവെന്നമുള്ള ആരോപണം ശരിയല്ലെന്നും സീമ പറഞ്ഞു.
”ആരോപണവിധേയന്‍ ട്രാൻസ് കമ്യൂണിറ്റിയില്‍ തന്നെയുള്ള മറ്റൊരാള്‍ക്കു മെസേജ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടിയാണത്. എന്റെ പോസ്റ്റിനു താഴെ അവര്‍ അത് പോസ്റ്റ് ചെയ്തിരുന്നു. ഇതേ വ്യക്തി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ മോശമായി ഒന്നും ഇല്ലാത്തതിനാലാണ് ഷെയര്‍ ചെയ്യാതിരുന്നത്. ‘ഹായ് ഹലോ, എവിടെയാ?’ എന്നായിരുന്നു ആ മെസേജ്,” സീമ പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കാനോ വേറൊരു തരത്തില്‍ മാറ്റിമറിക്കാനോ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണു സീമയുടെ നിലപാട്. ഇതിനു മുന്‍പും ഇത്തരത്തില്‍ മോശമായി വന്നിട്ടുള്ള കമന്റുകള്‍ താന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഉണ്ടാവാത്ത രാഷ്ട്രീയവത്കരണം ഇപ്പോള്‍ മാത്രം എന്തു കൊണ്ടാണ് വന്നത്?
“ആത്മാര്‍ഥമായി എന്നെ പിന്തുണയ്ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ടു. പക്ഷേ കൂടുതലും കണ്ടത് വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ആളുകളുടെ വ്യഗ്രതയാണ്. ഒരു സ്ത്രീക്കുവേണ്ടി മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിലല്ല കാര്യം. ആ സ്ത്രീയ്ക്കു നീതി വാങ്ങിക്കൊടുക്കുന്നതിലാണു കാര്യം. വിഷയത്തിലേക്കു മാലാ പാർവ്വതി വലിച്ചിഴയ്ക്കപ്പെട്ടതില്‍ വളരെയധികം ദുഖമുണ്ട്,” സീമ വിനീത് പറഞ്ഞു.
വിഷയത്തില്‍ അമ്മയുടെ വളര്‍ത്തുദോഷമാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ സദാചാര ഗുണ്ടായിസമാണെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
അതേ സമയം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന മാലാ പാര്‍വ്വതി ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘വിനീത് സീമ ട്രാന്‍സ് ജെന്‍ഡര്‍’ എന്ന പേരിലാണെന്നും സീമ ആരോപിച്ചു. എല്ലാവര്‍ക്കും ഒരേപോലെയുള്ള നീതിക്കു വേണ്ടി സംസാരിക്കുന്ന മാലയ്ക്കു എന്റെ കാര്യം വന്നപ്പോള്‍ ഈ നിലപാട് എവിടെ പോയി? ഓരോ ആള്‍ക്കും ആണ്, പെണ്ണ് എന്ന് പറഞ്ഞ് അവര്‍ പേര് സേവ് ചെയ്യുമോയെന്നും സീമ ചോദിച്ചു.
രണ്ടു വർഷം മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നദിയ മൊയ്തു. 2018ൽ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടിൽ വിഎസ് അനന്ത കൃഷ്ണൻ പകർത്തിയ ചിത്രമാണ് നദിയാ മൊയ്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പഴയ കാല ചിത്രങ്ങൾ നദിയ മൊയ്ദു പങ്കുവയ്ക്കുകയാണ്. താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്”സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്.പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകൻ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.
സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിർവഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ നദിയ പറയുന്നു.
1984ലാണ് ഫാസില്‍ സംവിധാനം ചെയ്‌ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം പുറത്തിറങ്ങിയത്. നദിയ മൊയ്തുവിന്റെ ആദ്യ ചിത്രമായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്.
ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ നദിയ പറഞ്ഞതിങ്ങനെ:
“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”
ആലപ്പുഴയിലും പരിസരത്തുമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ചിത്രീകരണം. അഭിനയപരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ നദിയക്ക് പ്രയാസമില്ലായിരുന്നു. ബോംബെയിലെ വീട്ടില്‍ മലയാളം പറഞ്ഞിരുന്നത് കൊണ്ട് മലയാളം പതിപ്പില്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രത്തില്‍ നദിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്‌ച (ഇന്നലെ) രാത്രി 9. 25ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരോളിൽ കഴിയുന്നതിനിടെയാണ് മരണം. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. 2019 ജനുവരി മുതൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി പി വധ കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവ പര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്. മാർച്ചിലാണ് പികെ കുഞ്ഞനന്തന് ഹൈക്കോടതി പരോൾ അനുവദിച്ചത്. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമായിരുന്നു അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിദു:ഖം രേഖപ്പെടുത്തി
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ” – മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെയും പതിനായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,95,772 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം 2,91,588 ആണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലിൽ ഏഴര ലക്ഷത്തിലധികം പേർക്കും റഷ്യയിൽ അഞ്ച് ലക്ഷത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 75,83,521 പേർക്കാണ് ആഗോളതലത്തിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,23,082 ആയി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്ക പരത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുമ്പോൾ ഉറവിടം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ വെല്ലുവിളി. ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെ നീങ്ങുന്നുണ്ടെങ്കിലും സാമൂഹ്യവ്യാപനം തടയുക വലിയ വെല്ലുവിളിയാണ്.
സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. പിസിആർ ടെസ്റ്റിനു ശേഷം മാത്രമേ ഇവരുടെ രോഗവിവരം സ്ഥിരീകരിക്കൂ. ആന്റിബോഡി ടെസ്റ്റിനു കൃത്യത കുറവുണ്ട്. അതിനാലാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതും വെല്ലുവിളിയാണ്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കർശനമാക്കും.
ദിനേശ് ശ്രീധരൻ
തിരുവനന്തപുരം: വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരാകുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കോവിഡാനന്തര കേരളത്തില്‍ വ്യവസായം, കൃഷി മേഖലകള്‍ക്കാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള അനുമതികള്‍ അങ്ങേയറ്റം ലളിതമാക്കുകയും സംരംഭങ്ങള്‍ക്ക് വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തതായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വ്യക്തമാക്കി.
കേരളം ഒരു സമ്പൂര്‍ണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിക്ഷേപ നടപടികള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം വ്യവസായ വകുപ്പ് ഊന്നല്‍ നല്‍കിയത്. നിക്ഷേപ അനുമതികളും ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. 7 നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. ചെറുകിട വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമം കൊണ്ടുവന്നു. സംരംഭം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സുകളും മറ്റും നേടിയാല്‍ മതി. വന്‍കിട വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാനുള്ള വ്യവസ്ഥ ഈ മാസം നിലവില്‍ വരും. ഇതുപ്രകാരം ഒരു വര്‍ഷത്തിനകം അനുമതികള്‍ നേടിയാല്‍ മതി.
ഇല്ലായ്മ പറഞ്ഞ് മാറിനിന്ന് വിശകലനം നടത്തുന്ന കാലം മാറി. കുറവുകള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് കേരള ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പും സജീവമായി നിര്‍വഹിക്കുന്നുണ്ട്. അന്യായ പണിമുടക്കുകളും ലോക്കൗട്ടുകളും ഇന്ന് ഓര്‍മ്മയായി. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് 3434 കോടിയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഫുഡ് പ്രോസസ്സിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് രംഗങ്ങളിലായി പത്തിലധികം വ്യവസായ പാര്‍ക്കുകള്‍ നിക്ഷേപകര്‍ക്കായി ഒരുങ്ങുകയാണ്. ഐ ടി മേഖലയ്ക്ക് കൂടുതല്‍ സ്പേസ് ലഭ്യമാക്കുന്നുണ്ട്.
കേരള വികസനത്തില്‍ പ്രവാസികളുടെ പങ്ക് അമൂല്യമാണ്. ആ സഹകരണം തുടര്‍ന്നും ഉണ്ടാകണം. വിദേശത്തുനിന്ന് സംരംഭം തുടങ്ങാന്‍ പ്രായോഗികമായ മികച്ച ആശയങ്ങളുമായി സമീപിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശ, നിര്‍ദേശങ്ങളും നിയമസഹായവും മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ മലയാളി പ്രവാസികളുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാട്ടിലേക്ക് മടങ്ങിയവരുടെയും വിദേശത്ത് എത്തിയവരുടെയും വിസ കാലാവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയെും ശ്രദ്ധയില്‍പെടുത്തും. നോര്‍ക്ക വഴിയുള്ള സഹായങ്ങളും ലഭ്യമാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്സുമാരെ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് നഴ്സുമാരുടെ ഒഴിവ് വരുന്നുണ്ട്. ഈ മേഖലയിലേക്കും നോര്‍ക്കയുടെ സഹായത്തോടെ റിക്രൂട്ട്മെന്റിന് നടപടി സ്വീകരിക്കും. നഴ്സ് റിക്രൂട്ട്മെന്റില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കും. യു കെ യില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധ മികവ് ലോകമെങ്ങും മലയാളികളുടെ അഭിമാനം ഉയര്‍ത്തിയെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളം കൈകൊണ്ട നടപടികള്‍ പ്രശംസനീയമാണെന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ സംരംഭകരെ കേരളത്തിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് മികവിലേക്കെത്തിച്ച പ്രവര്‍ത്തനം മാതൃകയാണ്. എല്ലാ മേഖലയിലും കേരളം അഭിമാനമായ നേട്ടം കൈവരിക്കുകയാണ്. ബ്രിട്ടനിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ കേരള ഗവണ്‍മെന്റിന് ഉണ്ടാകുമെന്നും അറിയിച്ചു. തോമസ് ജോണ്‍ വാരിക്കാട്ട്, ടോം ജേക്കബ്, റെനി മാത്യു, സ്വപ്ന പ്രവീണ്‍, ശ്രീജിത്ത്, നെവില്‍ എബ്രഹാം, ബൈജു, മനോജ് പിള്ള, സിജി സലിംകുട്ടി, ലിയോസ്, സന്തോഷ് ജോണ്‍, സുഗതന്‍ തെക്കേപുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു സമീക്ഷ യു കെ നാഷണൽ സെക്രട്ടറി..ദിനേശ് വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.