ഇന്ത്യയിലെയും ചൈനയിലെയും സൈനിക മേധാവികൾ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി തർക്കത്തിൽ പരിഹാരം കാണുന്നതിനായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഇന്തോ-ചൈന അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ അഭ്യാസത്തിൽ ഏർപ്പെടുന്നതായി കാണിക്കുന്ന ഒരു വീഡിയോ ചൈനീസ് സൈന്യം ഞായറാഴ്ച പുറത്തിറക്കി.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) നൂറുകണക്കിന് സൈനികരും ഒരു പിഎൽഎ വ്യോമസേനയുടെ വ്യോമസേന ബ്രിഗേഡും സൈനികാഭ്യാസം നടത്തുന്ന വീഡിയോ ചൈനീസ് സർക്കാർ നടത്തുന്ന ഒരു മാധ്യമം ഗ്ലോബൽ ടൈംസ് ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്തു. ചൈന-ഇന്ത്യ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് വടക്കുപടിഞ്ഞാറുള്ള ഉയർന്ന പ്രദേശത്തേക്ക് പോകാൻ സൈന്യം ഏതാനും മണിക്കൂറുകൾ മാത്രമേ എടുത്തുള്ളൂ എന്ന് ഗ്ലോബൽ ടൈംസ് അറിയിച്ചു.
Several thousand soldiers with a Chinese PLA Air Force airborne brigade took just a few hours to maneuver from Central China’s Hubei Province to northwestern, high-altitude region amid China-India border tensions. https://t.co/dRuaTAMIt0 pic.twitter.com/CtRJRk13IO
— Global Times (@globaltimesnews) June 7, 2020
സുഹൃത്തുക്കളോടൊപ്പം ആഴക്കടലിൽ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ വിഡിയോ വൈറലായി. ഷെയ്ഖ് ഹംദാൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ പങ്കുവച്ചത്.
വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കളോടൊപ്പം കടലിൽ നീന്തുന്നതും മീൻ പിടിക്കുന്നതുമാണ് വിഡിയോയിൽ മനോഹമരമായി പകർത്തിയിട്ടുള്ളത്. അദ്ദേഹം ആഴക്കടലിൽ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങൾ പിടിച്ചുനിൽക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിലെ ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നടി അപർണ നായർ. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് തിരുവനന്തപുരം സ്വദേശിയായ ഒരാൾ അശ്ലീല കമന്റുമായി എത്തിയത്. വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ തെറ്റിയെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും നടി കുറിച്ചു. കമന്റ് ചെയ്ത ആളുടെ കുടുംബ ചിത്രം അടക്കം പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.
അപർണയുടെ കുറിപ്പ് വായിക്കാം:
എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫെയ്സ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.
അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !
ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് തുടര്‍ച്ചയായ മൂന്നാംദിവസമാണ്. നാളെ കൂടുതല്‍ ഇളവുകളിലേക്ക് സംസ്ഥാനം കടക്കാനിരിക്കെയാണ് രോഗികളുടെ എണ്ണത്തില്‍ ഈ വന്‍ വര്‍ധന.
മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.
എയര്‍പോര്‍ട്ട് വഴി 47,033 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയില്‍വേ വഴി 18,375 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളംപേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്.
നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സമയത്തേക്കാളും ഗുരുതരമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് കൂടുതല്‍ ഇളവുകള്‍ വരുന്നത്. തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ നൂറിലധികം പുതിയ രോഗികള്‍. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പാലക്കാട്ട് സമ്പർക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്.
സമൂഹവ്യാപനത്തിന്റെ അരികെയെന്ന് സൂചന ലഭിച്ചതോടെ അതിജാഗ്രതയിലാണ് ജില്ല. ഉറവിടമറിയാത്ത രോഗബാധിരും മരണവുമുണ്ടായ കണ്ണൂര്‍, കൊല്ലം ജില്ലകളിലും കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ക്വാറന്റീന്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു. ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേരാണ് നീരീക്ഷണത്തില്‍. ഭൂരിഭാഗം പേരും അതിതീവ്ര മേഖലകളില്‍ നിന്നു വരുന്നവരും. അതു കൊണ്ടുതന്നെ ഇവര്‍ നിരീക്ഷണ പരിധി ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ വാര്‍ഡ് തല സമിതികള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നാളെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതിന് മുന്നോടിയായി ശുചീകരണവും അണുനശീകരണവും നടത്തണം. ചൊവ്വാഴ്ചയോടെയാണ് പ്രവര്ത്തനം തുടങ്ങുക. ഒരേസമയം ഏറ്റവും കുറച്ചുപേരെ മാത്രം പ്രവേശിപ്പിക്കുക, ശാരീരിക അകലം, മാസ്ക്ക്, സാനിറ്റെസേഷന് ഇവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ പ്രവേശിപ്പിക്കരുത്. രക്തപരിശോധനയിലൂടെ രോഗവ്യാപനം കണ്ടെത്തുന്ന ആന്റിബോഡി പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും നാളെ തുടക്കമാകും. ഹൈറിസ്ക് വിഭാഗത്തില്‍പെട്ട പതിനായിരം പേരിലാണ് പരിശോധന.
ടൊറന്റോ: ഒരേദിനം വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവതികളുടെ മരണം. കാനഡയിലെ മലയാളിസമൂഹത്തിന് ജൂണ്‍ അഞ്ച് മറ്റൊരു ‘ദുഃഖവെള്ളി’യായി. ഒണ്ടാരിയോയിലെ ലണ്ടനിൽ താമസിച്ചിരുന്ന അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന്‍ ബാബു എന്നിവരാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് അര്‍ച്ചനയുടെ (34) മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ മക്കളാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കല്‍ സംഘം ഉടനടി എത്തിയെങ്കിലും മരണം ഇതിനോടകം സംഭവിച്ചിരുന്നു. ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.
രണ്ട് വര്‍ഷം മുമ്പാണ് അര്‍ച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടന്‍ മലയാളി സമാജത്തില്‍ സജീവമായിരുന്നു ഇവര്‍. നിരവധി ടിക്ക്‌ടോക്ക് വീഡിയോകള്‍ ചെയ്തിട്ടുള്ള അര്‍ച്ചന ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്‌ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
വയനാട് മാനന്തവാടി സ്വദേശിനിയാണ് അര്‍ച്ചന. പനമരം കുഴിക്കണ്ടത്തില്‍ മാനുവല്‍ ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭര്‍ത്താവ് സിറിയക്കിന്റെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച നടക്കും. സംസ്‌കാരച്ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം അറിവായിട്ടില്ല.
അർച്ചനയ്ക്ക് വേണ്ടി ഒണ്ടാരിയോയിലെ സെന്റ് മേരീസ് സിറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ ഗോ ഫൻഡ് മി വഴി എല്ലാവരുടെയും സഹായഹസ്തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് സഹായിക്കാം
https://www.gofundme.com/f/ve7yd6-funeral-and-family-support
[ot-video]
[/ot-video]
ടൊറന്റോ ഈസ്റ്റ് ജനറല്‍ ആശുപതിയിലായിരുന്നു (മൈക്കേല്‍ ഗാരന്‍ ആശുപത്രി) അമൃത മിലന്‍ ബാബു വിന്റെ മരണം (34). മരണകാരണം എന്തെന്നുള്ള കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം മണര്‍കാട് സ്വദേശിനിയാണ്.
ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ ഇനി മുതല്‍ കൊവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്‌പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ഇനി ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായിരിക്കും. അതേസമയം കേന്ദ്രസര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.
‘ഡല്‍ഹിയില്‍ നിലവില്‍ 25,000 കൊവിഡ് കേസുകളുണ്ട്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതല്‍ 15 ദിവസമാണ്. ഇതിനര്‍ത്ഥം ജൂണ്‍ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളില്‍ 20 മുതല്‍ 25 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്’ എന്നാണ് അഞ്ചംഗ സമിതിയുടെ ചെയര്‍മാന്‍ ഡോ. മഹേഷ് വര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതി ഈ റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയത്.
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും പ്രമുഖ കന്നട താരവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനാണ്.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കന്നഡ ചലച്ചിത്രമേഖലയും. 2009 ല്‍ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു ഉള്‍പ്പെടെ 20 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
വളരെ ശക്തമായ ഭാഷയിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ചു പഠിച്ചു മറുപടി എഴുതുന്ന ഒരാളാണ് ഇറ്റലിയിൽ ഉള്ള മലയാളിയായ സിസ്റ്റർ സോണിയ. നമ്മൾ എല്ലാവരും കാണുന്ന ഒന്നാണ് സോഷ്യൽ മീഡിയ ഒരുപാട് നന്മകൾക്ക് ഇടം കണ്ടെത്താൻ സാധിക്കുന്ന, ചിലർക്കെങ്കിലും ജീവിതത്തിൽ താങ്ങായി സോഷ്യൽ മീഡിയ വഴികാട്ടിയായിട്ടുണ്ട്. എന്നാൽ ചിലർ ഇതിനെ വിഷം മാത്രം ചീറ്റുന്ന ഒന്നായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഇതിൽ ഏറ്റവും വലിയ ഉദാഹരണമാണ് സന്യസ്തരെ അവഹേളിക്കുന്ന പോസ്റ്റുകൾ. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ ഉണ്ടെന്നിരിക്കെ അതിൽ ഒരു ന്യൂനപക്ഷം ചെയ്യുന്ന ദുഷ്ചെയ്തികൾ പെറുക്കിയെടുത്തു മറ്റെല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രവണത… എല്ലാവരും മനുഷ്യരാണെന്നും തെറ്റുകൾ ആർക്കും പറ്റാം എന്ന് നമ്മൾ മലയാളികൾ പറയുമ്പോൾ തന്നെ തെറ്റുകൾ പാടില്ല എന്ന മുൻവിധിയോടെ നാം സമീപിക്കുന്ന ഒരു വിഭാഗം ആണ് ക്രിസ്തവ സന്യസ്ഥർ… യേശുവിന്റെ ശിഷ്യനായിരുന്ന യേശുവിന്റെ അത്ഭുതപ്രവർത്തികൾ കണ്ട യൂദാസ് പോലും മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത കാര്യം നമ്മൾ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമാണ് നമുക്ക് വിവേകം ഉണ്ടാവുക… കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന രീതി മാറ്റാൻ സാധിക്കുക… തെറ്റ് ചെയ്യുന്നവർ നിയമാനുസൃതമായി ശിക്ഷിക്കപ്പെടട്ടെ .. അതിൽ ആർക്കും ഒരെതിർപ്പും ഇല്ല…
ഫെസ്ബുക് പോസ്റ്റ് വായിക്കാം…
പ്രതിസന്ധികളെയും എതിര്‍പ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താന്‍ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ല…
‘എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…’ എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങള്‍ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കടന്നുവന്ന ചിന്തയിതാണ്: എന്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാന്‍… ദൈവത്തിന്റെ തിരുമുമ്പില്‍ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിയ്ക്ക് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാന്‍ ഏത് കാര്യവും അന്ധമായി വിമര്‍ശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം?
സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാന്‍.
പതിമൂന്നാം വയസ്സ് മുതല്‍ നാല് കിലോമീറ്റര്‍ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാന്‍ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങള്‍ കൊയ്തപ്പോഴും ചങ്കോടു ചേര്‍ത്തു നിര്‍ത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു… ആ ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
വിജയങ്ങളും പരാജയങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളും, സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു ദൈവീക സ്വപ്നം എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോള്‍ ലോകത്തിന്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുര്‍ബാനയും അനുദിനവും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നപ്പോള്‍ ക്രിസ്തുവിനോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും വര്‍ദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ഉള്ളില്‍ ഉദിച്ചു… ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു കുറവ്… ആ കുറവിനെ നികത്താന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്ന് എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആരംഭിച്ചു.
കായിക മികവിന്റെ പേരില്‍ വച്ച് നീട്ടിപ്പെട്ട ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തില്‍ ചേരണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഏതാനും നിമിഷം എന്റെ പ്രിയപ്പെട്ടവര്‍ നിശ്ചലരായി. ‘മോനീ, വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം…’ (‘മോനി’ എന്നത് എന്റെ അമ്മയുടെ പേരാണ്) എന്ന ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകള്‍ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി. എങ്കിലും സര്‍വ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു: ‘പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്നെ കെട്ടിച്ചുവിടാന്‍ പരിശ്രമിച്ചാല്‍ ഞാന്‍ പള്ളിയില്‍ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും’.
ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാല്‍ എന്റെ കുടുംബം ഒരു മരണവീടിന് തുല്യമായി… അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകള്‍… പപ്പായുടെ കഠിനമായ മൗനം… സഹോദരന്മാരുടെ പിണക്കമൂറുന്ന മുഖങ്ങള്‍… ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍… തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല, ചിലര്‍ പറയുന്നു ‘കയ്യും കാലും വെട്ടി വീട്ടില്‍ ഇടാന്‍’… പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും എന്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാന്‍ കഴിഞ്ഞില്ല.
അവസാനം പലരുടെയും ഉപദേശത്തിന്റെ ഫലമായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സിനായി എന്റെ മാതാപിതാക്കളില്‍ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്‌പോര്‍ട്‌സ്‌കാരി ആയതിനാല്‍ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു… പുതിയ രൂപതയായതിനാല്‍ രൂപതയ്ക്ക് പുറത്തു പോകുവാന്‍ മെത്രാന്റെ അനുവാദം വേണമെന്ന് പറഞ്ഞപ്പോള്‍ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു.
മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാല്‍ അവരുടെ മുമ്പില്‍ കൈകള്‍ നീട്ടാന്‍ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയില്‍ ഉള്ള ഒരു സ്വര്‍ണക്കടയില്‍ (കോട്ടയം കട) കയറി എന്റെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണ്ണമാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളില്‍ ഏല്പിച്ചിട്ട് പറഞ്ഞു, പിന്നീട് ആവശ്യം വരുമ്പോള്‍ തന്നാല്‍ മതി എന്ന്.
2004 ജൂലൈ 5 ന് ഇരുപത്തിനാലാം വയസ്സില്‍ എന്നെ കോണ്‍വെന്റില്‍ കൊണ്ട് ആക്കുമ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ കരുതിയിരുന്നത് ഞാന്‍ വേഗം മടങ്ങിവരും എന്നുതന്നെയാണ്… ഒരു വര്‍ഷവും രണ്ടുവര്‍ഷവും വേഗം കടന്നുപോയി… പക്ഷേ എന്റെ തീരുമാനത്തിന് മാറ്റമില്ലാതായപ്പോള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ എന്നെ പിന്തിരിപ്പിക്കുവാന്‍ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തില്‍ അധികമൊന്നും പ്രാധാന്യം നല്‍കാതിരുന്ന എന്റെ പപ്പാ ബൈബിള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ തുടങ്ങി… ‘തലതിരിഞ്ഞു’ പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിള്‍ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാന്‍ വീട്ടില്‍ വരുമ്പോള്‍ പലവിധ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ പ്രിയപ്പെട്ടവര്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
16 വര്‍ഷങ്ങള്‍ക്ക ശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവര്‍ ‘സിസ്റ്റര്‍ സോണിയ തെരേസ്’ എന്ന യാഥാര്‍ത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. എന്റെ വീട്ടുകാര്‍ക്ക് എന്നെ കെട്ടിച്ചു വിടാന്‍ കാശില്ലാഞ്ഞിട്ടോ, കല്ല്യാണ പ്രായം കഴിഞ്ഞിട്ടും ചെറുക്കനെ കിട്ടാഞ്ഞിട്ടോ, മറ്റാരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, മോഹനവാഗ്ദാനങ്ങള്‍ നല്കി ആരെങ്കിലും വശീകരിച്ചിട്ടോ, അതുമല്ലെങ്കില്‍ എന്തെങ്കിലും കുറവുകളോ പോരായ്മകളോ ഉണ്ടായിട്ടോ ഒന്നുമല്ല ഞാന്‍ മഠത്തില്‍ പോയത്. മറിച്ച്, എന്റെ ജീവിത വഴിത്താരയില്‍ വ്യക്തമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ആണ് ഞാന്‍ അനുഗമിക്കുന്നത്.
ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആര് നിങ്ങളെ വേര്‍പെടുത്തുമെന്ന് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ എഴുതിയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാര്‍ത്ഥ സന്ന്യാസിനി ഈ സമൂഹത്തില്‍ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ഇവയൊന്നും അവളെ വേര്‍പെടുത്തില്ല.
നെഗറ്റീവ് കമന്റുകളാകുന്ന കല്ലുകള്‍ കൊണ്ടും നിന്ദനങ്ങള്‍ കൊണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന എഴുത്തുകള്‍കൊണ്ടും വ്യാജവാര്‍ത്തകള്‍കൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടും
അവര്‍ക്ക് നന്മകള്‍ ആശംസിച്ചു കൊണ്ടും…
സ്‌നേഹപൂര്‍വ്വം…
സി. സോണിയ തെരേസ് ഡി. എസ്. ജെ.
NB: മെഡലുകള്‍ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വര്‍ഷങ്ങള്‍ കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്.. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാന്‍ പാടാണ്… പിന്നെ മെഡലുകള്‍ പിടിച്ച് നില്‍ക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങള്‍ എല്ലാം നശ്വരമാണെന്ന സാക്ഷ്യം…
[ot-video][/ot-video]
മോഹൻലാൽ എല്ലാവരുടേയും പ്രിയങ്കരനാകുമ്പോൾ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് അമ്മയെയാണ്. അമ്മയുടെ പുന്നാര മകനാണ് ലാൽ. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനായാണ് മോഹൻലാൽ. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് അമ്മ ശാന്ത കുമാരിയുടെ പേര് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയായിരുന്നു. ലോക്ക് ഡൗൺ പെട്ടെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് താരം ചെന്നൈയിലാണ്. അമ്മയുടെ അടുത്ത് എത്താനാകാത്തതിന്റെ ദുഃഖം ലാൽ അടുത്ത കാലത്ത് നൽകിയ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്ത കുമാരിയുടെ വാക്കുകളാണ് . കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ താൽ പര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ കാണൽ അവസാനിപ്പിച്ച് പോകുമെന്ന് അമ്മ പറയുന്നു. കൂടാതെ മകന്റെ അടിപിടി സിനിമകൾ കാണാൻ ഇഷ്ടമല്ലെന്നും ലാലേട്ടന്റെ അമ്മ പറയുന്നു. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് കണ്ടിട്ട് പിന്നെ നിർത്തുകയായിരുന്നു.എന്നാൽ അച്ഛന് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനെയാണ്.
മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ വെളിപ്പെടുത്തി. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകൻ അഭിനയിക്കാനായി അത്രയേറെ കഷ്‌ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്.
കഥകളി വേഷത്തിൽ മണിക്കൂറുകളോളം വെള്ളം കുടിക്കാതെയായിരുന്നു അഭിനയിച്ചത്. സ്ട്രോയിട്ടു പോലും വെളളമിറക്കാൻ താരം തുനിഞ്ഞില്ല കൂടാതെ ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ചു എന്നു പോലും ലാൽ പറഞ്ഞിരുന്നില്ല. ലാലിന് കഷ്ടപ്പെടാൻ ഏറെ ഇഷ്ടമാണ്.വളരെ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവർത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹൻലാലിന്റേതെന്നും അമ്മ.
കോവിഡ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതി ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലേക്ക് കുടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ജൂണ്‍ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം 12 വിമാനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നായി കേരളത്തിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വന്ദേ ഭാരത് ദൗത്യത്തിന് പുറത്ത് 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളുമായി നാട്ടിലെത്തും. കണക്കുകൾ പ്രകാരം ജൂൺമാസത്തിൽ പ്രവാസികളുടെ വലിയൊരു സംഘം കേരളത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടുതല്‍ പേരെ സ്വീകരിക്കാനും ഇവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറെടുക്കുന്നതിനും ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഒരു വിമാനത്തിൽ ശരാശരി 170 പേര്‍ എത്തിയാൽ 40,800 പേർ വന്ദേ ഭാരത് ദൗത്യം മുഖേന മാത്രം കേരളത്തിലെത്തും. പുറമെയാണ് വിവിധ കെഎംസിസി ഉൾപ്പെടെ ഒരുക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ. 420 വിമാനങ്ങളിൽ ഇത് പ്രകാരം 71,000 ആളുകളും നാട്ടിലെത്തും. അതായത് ജൂൺ മാസത്തിൽ ഒന്നേക്കാൽ ലക്ഷത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്ന് മാത്രം നാട്ടിലെത്തും.
ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യത്തിന് പുറത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 1,79,294 പേരാണ് കേരളത്തിൽ എത്തിയത്. എയര്‍പോര്‍ട്ടുകൾ വഴി 43,901 പേരും കപ്പല്‍ മാര്‍ഗ്ഗം 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും ട്രെയിന്‍ മാർഗ്ഗം 16,540 പേരും സംസ്ഥാനത്ത് ഒരുമാസത്തിനിടെ എത്തിയിട്ടുണ്ട്. ട്രെയിൻ സർവീസുകളും, പൊതുഗതാഗതവും, അന്തർ സംസ്ഥാന യാത്രകളും ഇളവുകൾക്ക് പിന്നാലെ വര്‍ദ്ധിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണവും കൂടും.
കഴിഞ്ഞ ഒരുമാസം ഉണ്ടായ പ്രവാസികളുടെ മടക്കത്തോടെ കേരളത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണവും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില് 1029 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ കണക്ക് പരിശോധിച്ചാൽ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധന വരുമാസങ്ങളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടിവരും.
ഈ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്താണ് ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോടാണ് ചീഫ് സെക്രട്ടറി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുന്നത്. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായാണ് (സി.എഫ്.ടി.സി.) തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിക്കുക. രോഗം സ്ഥികരിച്ചവർക്ക് ഐസൊലേഷനുള്ള സൗകര്യവും, നിരീക്ഷണത്തിലുള്ളവർക്ക് വാർഡുമാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രങ്ങൾ സജ്ജമാക്കാനാണു നിർദേശം. ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുക.
കെട്ടിടം സൗജന്യമായിട്ടായിരിക്കും ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുക്കുക. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്‌സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ എന്നിവയും ഒരുക്കും.
എന്നാൽ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം പ്രതീക്ഷിച്ച വിജയമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ദൗത്യം ഒരുമാസം പിന്നിടുമ്പോൾ. നാല് ലക്ഷം മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ നാട്ടിലെത്തിയത് 22,483 പ്രവാസികൾ മാത്രം. ആകെ 133 വിമാനങ്ങളാണ് ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ് നടത്തിയത്. യുഎഇ- 12,929, സൗദി അറേബ്യ 1,500, ഒമാൻ- 3,186, ഖത്തർ- 1,770, ബഹ്റീൻ- 1,456, കുവൈത്ത്- 1,650. അതായത് നാട്ടിലേക്ക് മടങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചവരിൽ 5.6 ശതമാനത്തിന് മാത്രമാണ് ഇതുവരെ കേരളത്തിലെത്താൻ കഴിഞ്ഞത്. സർവീസുകൾ ഈ നിലയിൽ തുടർന്നാൽ ഒരു വർഷം എടുക്കും ഇപ്പോൾ രജിസ്റ്റർ ചെയ്തവർ മാത്രം നാട്ടിലെത്താൻ എന്നാണ് വിവരം.