Latest News

ബ്രിട്ടനിൽ മകളെ സന്ദർശിക്കുവാൻ എത്തിയ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു . തൃശൂർ ആമ്പല്ലൂരിന് സമീപം കല്ലൂർ സ്വദേശി തെക്കേത്തല സണ്ണി ആന്റണി ആണ് അല്പം മുൻപ് നോർത്താംപ്ടണിലെ ആശുപത്രിയിൽ മരിച്ചത് . . ഇദ്ദേഹത്തിന് അറുപത്തി ഒന്ന് വയസ്സായിരുന്നു . മകൾ ബിസ സണ്ണിയെ സന്ദർശിക്കാൻ നാല് മാസം മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കോവിഡ് രോഗബാധിതനായി കുറച്ചു ദിവസങ്ങളിലായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി വെന്റിലേലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

നാല് മാസം മുൻപ് ഭാര്യയോടൊപ്പം മകളെയും കുടുംബത്തെയും സന്ദർശിക്കുവാൻ വേണ്ടി യു കെയിൽ എത്തിയതായിരുന്നു .ഈ ജൂലൈ മാസം തിരികെ നാട്ടിലേക്കു പോകുവാൻ ഇരുന്നതാണ് .മുൻപ് ചില ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം . ബ്രിട്ടനിൽ ഉള്ള മകൾ ഉൾപ്പടെ രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.

സണ്ണി ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങൾ.

എടത്വ: കോവിഡ്-19 നെ അതിജീവിക്കാം പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ കരുതലോടെ. കേരളത്തിലെ മൂന്ന് വ്യത്യസ്ത കത്തോലിക്കാസഭകളിലെ 57 സന്യാസിനിമാര്‍ ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് ഒന്നുചേര്‍ന്ന് ആലപിച്ച കോവിഡ് അതിജീവനഗാനം ശ്രദ്ധേയമാകുന്നു. ആതുര സേവകര്‍ക്കും നിയമപാലകര്‍ക്കും നന്ദി അര്‍പ്പിച്ചും നല്ലൊരു നാളേയ്ക്കായി സ്വപ്നം കണ്ടീടുന്ന നമ്മള്‍ക്ക് മുന്നിലേക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ പ്രാര്‍ത്ഥനാ ഗാനത്തിന്റെ മനോഹരമായ വരികള്‍ എഴുതിയത് സിസ്റ്റര്‍ മരിയറ്റ് എസ്.എ.ബി.എസാണ്. സിസ്റ്റര്‍ മരിയറ്റ് എടത്വാ ചങ്ങംകരി വടക്കേപുരയ്ക്കല്‍ ജയിംസ് അന്നമ്മ ദമ്പതികളുടെ മുത്തമകളാണ്. വിതുര ഛായം ആള്‍ സയ്ന്റ്‌സ് അഡറോഷന്‍ കോണ്‍വെന്റില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ മരിയറ്റ് എടത്വാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും പിതാവ് ജയിംസ് ചങ്ങംകരി സണ്‍ഡേസ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്.
ഈ കോവിഡ് അതിജീവനഗാനത്തിന് സംഗീതം ജോണി ബാലരാമപുരവും കീബോര്‍ഡ് & മിക്‌സിഗ് ജിയോ പയസും ക്യാമറ സോണി വിന്‍സെന്റുമാണ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാന്‍ ഇസ്ലാംമത പ്രചാരകന്‍ സാക്കീര്‍ നായിക്ക് വന്‍തുക വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുന്നതിന്റെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഈ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചുരുങ്ങിയ കാലയളവില്‍ കോടി കണക്കിന് രൂപയാണ് സാക്കീര്‍ നായിക്ക് വിദേശരാജ്യങ്ങളില്‍ നിന്നും സമാഹരിച്ചത്. ഇത്തരത്തില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും വന്‍ തുകകള്‍ പിന്‍ വലിക്കുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനും രാജ്യത്ത് മത സ്പര്‍ദ്ദ വളര്‍ത്തിയതിനും ഇന്ത്യയില്‍ നിയമ നടപടി പേടിച്ചാണ് സാക്കീര്‍ നായിക്ക് നാടു വിട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മലേഷ്യയില്‍ കഴിഞ്ഞു വരുകയാണ് സാക്കീര്‍ നായിക്ക്. സാക്കീറിന് ഇപ്പോള്‍ സംരക്ഷണ കവചമൊരുക്കുന്നത് പാകിസ്ഥാനാണ്.

ഇക്കാര്യത്തില്‍ ഇന്ത്യയെ എതിര്‍ക്കാനായി തുര്‍ക്കിയെ പാക്കിസ്ഥാന്‍ സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറി തീവ്രവാദ ആക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞതിന് പിന്നാലെ ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്.

ബംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേയ്ക്ക് എത്തിയ നടി ഭാവനയുടെ സ്രവം സാംപിള്‍ എടുത്ത ശേഷം ക്വാറന്റൈലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് താരം മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് എത്തിയത്.

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് തൃശ്ശൂരിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായവുകയും ചെയ്യുകയായിരുന്നു.

ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ആവേശമായി. സെല്‍ഫി എടുക്കാനും തിടുക്കം കൂട്ടലായി, പലരും സാമൂഹിക അകലമൊക്കെ പാലിച്ച് സെല്‍ഫി പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്റൈനിലേക്ക് പോലീസ് അകമ്പടിയോടെയായിരുന്നു താരത്തിന്റെ തുടര്‍ന്നുള്ള യാത്ര.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് താരം താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്.

കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്രയുടെ മരണത്തിന് കാരണമായത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ. പാമ്പിനെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. പാമ്പിന്റെ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജീർണ്ണിച്ച അവസ്ഥയിൽ ആയിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. ഉത്രയെ കടിച്ച കരിമൂർഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.

പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റുമോർട്ടത്തിൽ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.

അതേസമയം,പാമ്പിനെക്കൊണ്ട് മുറിയിൽ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പോലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് 29 പേര്‍ക്കും, കണ്ണൂര്‍ 8 പേര്‍ക്കും, കോട്ടയം 6 പേര്‍ക്കും മലപ്പുറം എറണാകുളം എന്നിവിടങ്ങളില്‍ 5 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ കൊല്ലം 4 പേര്‍ക്ക് വീതവും, കാസര്‍കോട് ആലപ്പുഴ 3 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1 ഡല്‍ഹിയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 7 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 963 ആയി.

ഇതില്‍ 415 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളത് 104336 പേരാണ്. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്.

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. ധാരാളംപേര്‍ സന്നദ്ധപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരു വിഭാഗത്തെ പോലീസിനൊപ്പം പോലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പോലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനം ലഭ്യമാക്കും. രണ്ട് പോലീസുകാരടങ്ങിയ സംഘത്തോടൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം. ഇവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നഴ്‌സുമാർക്ക് അവസരമൊരുക്കി സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി. സ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും.

നഴ്‌സിങിൽ ബിരുദമുള്ള (ബിഎസ്‌സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ ( ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ ) ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടത്.

2018 മാര്‍ച്ച് 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെടുന്നത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നു.മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബെവ് ക്യൂ ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. ബെവ് ക്യൂ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ബുക്ക് ചെയ്ത മദ്യം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ.

ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.എസ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം.

ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യം നല്‍കുക.

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ. മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ സ്വാര്‍ഗ്ഗാരോപണമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved