Latest News

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.

4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സത്യം കുംഭകോണം, വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സെബി രണ്ടുവര്‍ഷത്തേയ്ക്ക് ഈ കമ്പനിയെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപതാം ലോ കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്‌സ് ഫോറം 2017ല്‍ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. 2017 മുതല്‍ കേരള സര്‍ക്കാര്‍ ഈ കമ്പനിക്ക് കരാർ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി. ഷാ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, കെഫോണ്‍ പദ്ധതി എന്നിവയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇലക്ട്രിക് ബസ് ഇടപാടിന് ഇത്തരമൊരു കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്തിനാണ് സാമ്രാജ്യത്വ കമ്പനിയോട് താത്പര്യം കാണിക്കുന്നത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണം. ഇടപാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിഞ്ഞിരുന്നോ എന്നും സെബിയുടെ നിരോധനം നിലനില്‍ക്കുന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു. കണ്‍സള്‍ട്ടന്‍സി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മധ്യപ്രദേശിൽ ​ഗോ സംരക്ഷക സേന ജില്ലാ നേതാവിനെ നടുറോഡിൽ വെടിവെച്ചു കൊന്നു. ഭോപ്പാലിൽ നിന്ന് 150 കിലോമീറ്റർ അകലെ പിപാരിയ ടൗണിൽ ശനിയാഴ്ചയാണ് സംഭവം.

വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്ന രവി വിശ്വകർമ (35)നെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. കൊലപാതകം ദൃശ്യങ്ങൾ ചിലർ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.

സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ആസൂത്രണം ചെയ്താണ് കൊലപാതകം നടന്നതെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

 

തൂത്തുക്കുടിയില്‍ അതിക്രൂരമായ കസ്റ്റഡി പീഡനങ്ങള്‍ക്കൊടുവില്‍ മരിച്ച ജയരാജ്, ബെന്നിക്സ് എന്നിവരെ പരിശോധിച്ച് കോവൈപട്ടി സബ് ജയില്‍ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരുവര്‍ക്കും പീഡനമേറ്റതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയില്‍ നിന്നും സബ് ജയിലിലെത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

ആശുപത്രി റെക്കോര്‍ഡുകളിലും ഇരുവര്‍ക്കും സാരമായ പരിക്കുകളേറ്റത് വിവരിക്കുന്നുണ്ട്. 58കാരനായ ജയരാജന്റെ ഗുദഭാഗത്ത് നിരവധി മുറിവുകളുണ്ടെന്ന് ഈ റെക്കോര്‍ഡ് വ്യക്തമാക്കുന്നു. 31കാരനായ ബെന്നിക്സിന്റെ ഗുദഭാഗത്തും മുറിവുകളുണ്ടെന്ന് റെക്കോര്‍ഡ് പറയുന്നുണ്ട്. ഇരുവരുടെയും ഗുദത്തില്‍ പൊലീസ് ലാത്തി കയറ്റിയാണ് പീഡിപ്പിച്ചത്. രണ്ടുപേരെയും മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമ്പോഴും ഗുദത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റ് ഡി സരവണന്‍ പക്ഷെ പൊലീസ് കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്.

കോവില്‍പട്ടി സബ് ജയിലിലെ അഡ്മിഷന്‍ റെക്കോര്‍ഡുകളിലും ഗുദത്തിലെ പരിക്കുകള്‍ സംബന്ധിച്ച് വിവരമുണ്ട്. കാലിലും കൈയിലും നീര് കെട്ടിയിരുന്നെന്നും റെക്കോര്‍‌‍ഡില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 19നാണ് തൂത്തുക്കുടിയിലെ സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനം അരങ്ങേറിയത്. എട്ട് പൊലീസുകാര്‍ ചേര്‍ന്ന് ജയരാജനെയും ബെന്നിക്സിനെയും പീഡിപ്പിക്കുകയായിരുന്നു. കാലിന്റെ ചിരട്ടകള്‍ തല്ലിത്തകര്‍ത്തു. ഗുദത്തിലേക്ക് ലാത്തികള്‍ കയറ്റി. ബെന്നിക്സിന്റെ നെഞ്ചിലെ രോമം മുഴുവന്‍ പറിച്ചെടുത്തു. ഈ സംഭവങ്ങള്‍ നടക്കുന്ന നേരമത്രയും സുഹൃത്തുക്കള്‍ക്ക് പൊലീസ് സ്റ്റേഷനു വെളിയില്‍ നിസ്സഹായരായി കാത്തു നില്‍ക്കേണ്ടി വന്നു. ആരില്‍ നിന്നും സഹായം കിട്ടില്ലെന്നതായിരുന്നു സ്ഥിതി.

സംഭവത്തിലുള്‍പ്പെട്ട പൊലീസുകാരെ രക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുകയാണ്. സസ്പെന്‍ഷനില്‍ കാര്യങ്ങളൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വകുപ്പുതല നടപടികള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് ഭീഷണിക്കിടെ ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണവും. ഡല്‍ഹിയുടെ തെക്കു പടിഞ്ഞാറന്‍ ജില്ലകളിലാണ് വെട്ടുകിളി ആക്രമണം.ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാന പൈലറ്റുമാര്‍ക്ക് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ മുന്‍കരുതല്‍ നല്‍കി. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലെടുക്കണമെന്ന് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ നിര്‍ദേശിച്ചു. പാടശേഖരങ്ങളില്‍ വന്‍ നാശം വിതച്ച, ഉത്തരേന്ത്യയുടെ ഉറക്കം കെടുത്തിയ വെട്ടുകിളികള്‍ ഗുരുഗ്രാമില്‍ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. ഫരീദാബാദിലേയ്ക്കും ഡല്‍ഹിയുടെ തെക്കന്‍ മേഖലകളിലേയ്ക്കും പ്രവേശിച്ചു.

കാറ്റിന്റെ ഗതി കാരണം ന്യൂഡല്‍ഹി ഉള്‍പ്പെടെ നഗരമേഖലകളിലേയ്ക്ക് പ്രവേശിച്ചില്ല. യുപിയിലേയ്ക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കീടനാശിനികള്‍ തളിക്കാന്‍ പമ്പുകള്‍ തയ്യാറാക്കിവയ്ക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കണ്ട്രോള്‍ റൂമുകള്] സജ്ജമാക്കിയിട്ടുണ്ട്. വെട്ടുകിളി ആക്രമണം നേരിടുന്ന കര്‍ഷകര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഏറെ ഭീഷണിയുയര്‍ത്തിയ ശേഷമാണ് വെട്ടുകിളികള്‍ മഹാരാഷ്ട്ര, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.

കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എല്ലാ ചെടികളും മരങ്ങളും വിളകളും ഇവ ആഹാരമാക്കാറുണ്ട്.

പാകിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ സാധാരണ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണമുണ്ടാവാറ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതീക്ഷയും തെറ്റിച്ചാണ് ഇവയുടെ വരവ്. രാജസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്താനിലെ പ്രദേശങ്ങള്‍ വെട്ടുകിളികളുടെ പ്രജനന കേന്ദ്രങ്ങളായെന്നാണ് ഗവേഷകരില്‍ പലരുടേയും വിലയിരുത്തല്‍. ഏപ്രില്‍ 11 മുതലാണ് രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടം എത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

ആഫ്രിക്കക്കും ഏഷ്യക്കുമിടയിലാണ് സാധാരണ ഇത്തരം വെട്ടുകിളി കൂട്ടങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വലിയ തോതിലുള്ള വംശ വര്‍ധനക്കും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിനും കാരണമായിട്ടുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പച്ചപ്പും നനവുള്ള മണല്‍ പ്രദേശങ്ങളുമാണ് വെട്ടുകിളികളുടെ വംശവര്‍ധനവിന് ഏറ്റവും അനുയോജ്യമായ സാഹചര്യമെന്നാണ് വേള്‍ഡ് മെട്രൊളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഒമാനില്‍ വലിയ തോതില്‍ പെരുകിയ വെട്ടുകിളികള്‍ ഭക്ഷണം തേടി ഇറാന്‍ വഴി പാകിസ്താനിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിയെന്നാണ് കരുതപ്പെടുന്നത്.

പ്രതി ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നുവെന്നും നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും പ്രതികൾ. ഷംന വിളിച്ചത് കൊണ്ടാണ് പോയതെന്നും പണം അവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികൾ പറഞ്ഞു.

പ്രതി ഷരീഫ് അൻവർ അലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ആൾമാറാട്ടം നടത്തിയത്. അൻവർ അലി എന്ന ഷരീഫ് ഷംനയുമായി അടുപ്പത്തിലായിരുന്നു. ഷരീഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങൾ ഷംനയുടെ വീട്ടിൽ പോയത്. വിവാഹം മുടക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കല്യാണം നടക്കാതെ വന്നപ്പോൾ ഷംന പരാതി നൽകുകയായിരുന്നുവെന്നും പ്രതികൾ കൂട്ടിച്ചേർത്തു.

കല്യാണം ഉറപ്പിച്ചതിന് ശേഷം അഞ്ച് ദിവസം പ്രതികളിൽ ഒരാളുമായി സംസാരിച്ചിരുന്നുവെന്ന് നടി ഷംന ഇന്നലെ ട്വന്റിഫോറിന്റെ കുറ്റവും ശിക്ഷയും പരിപാടിയിൽ പറഞ്ഞിരുന്നു. അൻവർ അലി എന്ന വ്യക്തിയുമായാണ് സംസാരിച്ചിരുന്നതെന്നാണ് ഷംന പറഞ്ഞത്. എന്നാൽ ഷരീഫ് എന്ന വ്യക്തിയായിരുന്നു യഥാർത്ഥത്തിൽ ഇത്. ഷരീഫ് നിലവിൽ ഒളിവിലാണ്.

അതേസമയം, പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ അവശ്യപ്പെട്ടിരിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ അവസാനിച്ചതോടെ അമൃതയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിനിടയിൽ ആയിരുന്നു ബാലയുമായുള്ള വിവാഹം. വിവാഹത്തിനുശേഷവും സംഗീതത്തിൽ സജീവമായിരുന്നു അമൃത. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇരുവരും വിവാഹമോചിതരായി. പാപ്പു എന്ന് വിളിക്കുന്ന അവന്തിക ആണ് ഇരുവരുടേയും മകൾ. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്ന് അമൃത പറഞ്ഞിരുന്നു. അമൃതംഗമയ എന്ന് ബാൻഡുമായി അമൃതയും സഹോദരി അഭിരാമിയും സജീവമാണ്.

പുതിയ കമ്പോസിങ്ങിലേക്ക് കടക്കുന്ന വേളയിലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചത്. അവസാനനിമിഷമാണ് ഒരു തീരുമാനമെടുത്തതെന്ന് അമൃത പറയുന്നു. ബിഗ് ബോസിൽ എത്തിയ ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്. ബാലയും ആയി വീണ്ടും ഒന്നിക്കാൻ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ വരെ ഉയർന്നിരിക്കുകയാണ്.

മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാവിലെയാണ് ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടി തെളിയിക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

തുടർന്ന് ജില്ലയിൽ കാണാതായവരുടെ പട്ടിക പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു (23)വിലേക്ക് അന്വേഷണം എത്തിയത്. ജൂൺ മൂന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.

ജൂൺ മൂന്നിന് ബാറിൽ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാറുകാരുമായി അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഷർട്ട് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ചെരുപ്പും ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ജിഷ്ണു തൂങ്ങിമരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം എന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്തിമ നടപടി പൂർത്തിയാക്കുക. ജിഷ്ണുവിനെ കാണാതായ സംഭവത്തിൽ വൈക്കം പോലീസിനാണ് ബന്ധുക്കൾ പരാതി നൽകിയിരുന്നത്.

യുവ ഡോക്ടറടക്കം 47 പേർ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായി. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂൺ (31) ആണ് അറസ്റ്റിലായത്. അതേസമയം, ഈ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

കോട്ടയം മാനത്തൂർ സ്വദേശി ടിനു തോമസ് (23) ആണ് ഇടുക്കി ജില്ലയിൽ പിടിയിലായ മറ്റൊരാൾ. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത് അവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിച്ചു. ഓരോ ഗ്രൂപ്പിലും ഇരുനൂറിലധികം അംഗങ്ങളുണ്ടായിരുന്നു.

ഐപി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ഇന്നലെ രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് എന്ന പേരിൽ റെയ്ഡ്. ചിലർക്ക് കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

3 പേരെയാണ് കോട്ടയം ജില്ലയിൽ അറസ്റ്റ് ചെയ്തത്. 5 പേർക്കെതിരെ കേസെടുത്തു. പെരുന്ന സ്വദേശി നിതിൻ (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖിൽ (21) എന്നിവരാണ് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി, കോട്ടയത്തു താമസിക്കുന്ന തൃശൂർ സ്വദേശി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും മാത്രമല്ല, തിരയുന്നതും കുറ്റകരം. ഇത്തരം വിഡിയോ കാണുന്നവരുടെ വിവരങ്ങൾ കേരള പൊലീസിന്റെ സൈബർ ഡോം കണ്ടെത്തി അതതു പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നുണ്ട്. രാജ്യാന്തര, ദേശീയ അന്വേഷണ ഏജൻസികളും ഇവ കണ്ടെത്തി പൊലീസിനു കൈമാറുന്നുണ്ട്.

ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും കൗമാരക്കാരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണെന്ന് അറിയാതെ കണ്ടതാണെന്നു പിടിയിലായവർ പറയുന്നുണ്ടെങ്കിലും കേസിൽനിന്ന് ഒഴിവാക്കപ്പെടില്ല. സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്.

ഇസ്‍ലാമബാദ്∙ കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവർത്തന ചെലവ് വെട്ടിക്കുറച്ചു. 2020–21 വർഷത്തെ പ്രവർത്തനത്തിന് 7.2 ബില്യൻ പാക്കിസ്ഥാനി രൂപ (352 കോടി രൂപ) യുടെ ബജറ്റാണ് പിസിബി ബോർഡ് ഓഫ് ഗവര്‍ണേഴ്സ് പ്രഖ്യാപിച്ചത്. 2019–20 ബജറ്റിൽനിന്ന് 10 ശതമാനം ‘കട്ട്’ ചെയ്താണ് പുതിയ പ്രഖ്യാപനം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രിക്കറ്റിനെ പിടിച്ചു നിർത്താനാണ് ബജറ്റിലെ 71.2 ശതമാനവും ഉപയോഗിക്കുക.

ബജറ്റിലെ ആകെ തുകയിൽ 25.2 ശതമാനം, അതായത് 1.95 ബില്യന്‍ പാക്കിസ്ഥാനി രൂപ (88 കോടി രൂപ) ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണു മാറ്റിവച്ചിരിക്കുന്നത്. താരങ്ങൾക്കു മികച്ച ശമ്പളം ഉറപ്പാക്കാനാണ് ഇത്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വർഷങ്ങളിൽ വലിയ പിന്നോട്ടുപോക്കാണ് ഉണ്ടായത്. താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഇതേ തുടർന്നാണു പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെട്ട മാച്ച് ഫീസ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

പുതിയ ഘടന പ്രകാരം 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കിയാണു തരംതിരിക്കുക. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളെ ഉൾപ്പെടുത്തി ‘എ പ്ലസ്’ എന്ന ഗ്രേഡ് ഉണ്ടാക്കും. 150,000 പാക്കിസ്ഥാനി രൂപ (67,706 ഇന്ത്യൻ രൂപ) യാണ് ഇവർക്ക് ഒരു മാസം ലഭിക്കുക. രണ്ടാമതുള്ള എ വിഭാഗത്തിൽ 38 താരങ്ങളാണ് ഉണ്ടാകുക. ഇവർക്ക് 85,000 പാക്കിസ്ഥാനി രൂപ (38,366 രൂപ) ലഭിക്കും. ബി വിഭാഗത്തിലെ 48 താരങ്ങൾക്ക് 75,000 പാക്കിസ്ഥാനി രൂപ (33,853 രൂപ) യും സി, ഡി കാറ്റഗറിക്കാർക്ക് 65,000 (29,339 രൂപ), 40,000 (18,055) എന്നിങ്ങനെയുമാണു തുക ലഭിക്കുക. അടുത്ത മാസം അവസാനത്തോടെ വിവിധ ഗ്രേഡ് വിഭാഗങ്ങളിൽപെടുന്നവരുടെ പേരു വിവരങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിടും.

ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയതോടെയാണ് ഇന്ത്യയില്‍ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തുകയില്‍ വൻ വർധനയുണ്ടായത്. പുതിയ ശമ്പള വർധന പ്രഖ്യാപിച്ചതിനു ശേഷം രഞ്ജി ട്രോഫി പോലെയുള്ള ഇന്ത്യൻ ആഭ്യന്തര മത്സരങ്ങൾ കളിച്ചുതന്നെ താരങ്ങൾക്ക് വർഷം 50–70 ലക്ഷം വരെ രൂപ നേടാൻ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മില്‍ ശമ്പള സ്കെയിലിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണ് ഉള്ളത്. പാക്കിസ്ഥാനി ആഭ്യന്തര താരങ്ങളെ നോക്കിയാൽ ഒരു മാസം പരമാവധി 67,706 രൂപയാണ് ഉണ്ടാക്കാൻ സാധിക്കുക. അതേസമയം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ രണ്ട് ദിവസം കൊണ്ടു നേടുന്നത് 70,000 രൂപയാണ്.

ഏറ്റവും താഴെയുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾപോലും ഇന്ത്യയിൽ രണ്ട് ദിവസത്തിൽ 20,000 രൂപയും മാസം മൂന്ന് ലക്ഷവും സമ്പാദിക്കുന്നുണ്ട്. രണ്ടു ബോർഡുകളിലും ആഭ്യന്തര താരങ്ങൾക്കു ലഭിക്കുന്ന തുകയിലെ അന്തരം അത്രയേറെയാണ്. ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരത്തിലേക്കെത്താൻ പാക്കിസ്ഥാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വൻതുക തന്നെ നിക്ഷേപിച്ച് ക്രിക്കറ്റിനെ വീണ്ടെടുക്കാനാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പിസിബി ചെയർമാൻ എഹ്സാൻ മാനി എന്നിവരുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റങ്ങൾക്ക് പിസിബി മുൻകൈയെടുക്കുന്നത്.

ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തി ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍. ഹൈവേ പോലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദിന്റെ കൃത്യമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ ആലത്തൂര്‍ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പാലക്കാട് എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

 

RECENT POSTS
Copyright © . All rights reserved