Latest News

മലയാള സിനിമയിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേം നസീർ ആയിരുന്നെന്നും മോഹൻലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കുമെന്നും ആലപ്പി അഷ്റഫ്. വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ചാണ് ആലപ്പി അഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

അച്ഛന്റെ അപൂർവ ചിത്രവും , പുത്രനുണർത്തുന്ന പുതിയ പ്രതീക്ഷകളും…

എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. പ്രേംനസീർ, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമൻ രഘു, രാമു, ശങ്കരാടി തുടങ്ങി വൻ താരനിരതന്നെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു സവിശേഷചരിത്രം എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു എന്നതാണ്. ….സീമയുടെ കാമുകനായി.

ഈ ചിത്രത്തിന് വേണ്ടി നസീർസാർ കോമ്പിനേഷനിൽ മോഹൻലാൽ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആർക്കും അറിയാത്ത സത്യമാണ്. ഇന്നു അതിന്റെ ഓർമയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു ഫോട്ടോകൾ മാത്രം പഴയ ആൽബത്തിൽ ബാക്കിയാകുന്നു.

എന്നാൽ പ്രേംനസീർ കോമ്പിനേഷനിൽ ആ സമയത്ത് ഡേറ്റുകൾ ലാലിന് തീരെ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രത്തിൽ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യർത്ഥന, അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്‍കി. കഥയിൽ നിന്നും സിനിമയിൽ നിന്നും ആ കഥാപാത്രത്തെ പൂർണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാൻ ലാലിന്റെ ആവശ്യം പരിഗണിച്ചത്.

അടുത്ത പടം വനിതാ പൊലീസിൽ മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു. ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീർ–മോഹൻലാൽ കോമ്പിനേഷനിൽ , ഒരു കോമഡി ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു..

ആ ഫൈറ്റിൽ രണ്ടു പേർക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോൾ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകൾ കരുതാറുണ്ട്. ഡ്യൂപ്പിനും അഭിനേതാവിനും. എന്നാൽ തിരക്കിൽ കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലത്തിന് ഒരണ്ണമേ പൂർത്തിയാക്കാൻ പറ്റിയുള്ളു. മോഹൻലാൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.

ഇടയ്ക്ക് ഡ്യൂപ്പിന്റെ സീക്വൻസ് എടുക്കാൻ നേരം ആകെ ആങ്കലാപ്പായി. ഞാൻ എന്റെ ദേഷ്യം പ്രൊഡക്‌ഷൻ മാനേജർ കബീറിനോടും, കോസ്റ്റ്യൂമറോടും തീർത്തു. ഇത് മനസിലാക്കിയ മോഹൻലാൽ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താൻ ധരിച്ചിരുന്ന ഷർട്ട് ഊരി തന്റെ ഡ്യൂപ്പായ ഫൈറ്റർക്ക് നല്കി. അങ്ങനെ ഗംഭീര ഘോരസംഘട്ടന രംഗങ്ങൾ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോൾ, ആ ഷർട്ട് പിഴിഞ്ഞാൽ ഏകദേശം ഒരു ലിറ്ററോളം വിയർപ്പ് കിട്ടും. അത്രത്തോളം കുതിർന്ന് പോയി ലാലിന്റെ ആ ഷർട്ട്.

വീണ്ടും മോഹൻലാലിന്റെ സീക്വൻസ് എടുക്കണം. എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അകെ വിഷമിച്ചു.. ഷൂട്ടിങ് എല്ലാം കുളമായിപ്പോയല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ടപ്പോൾ, അതാ ലാൽ ഡ്യൂപ്പിനോട് ഷർട്ട് ഊരിത്തരാൻ ആവശ്യപ്പെടുന്നു.. അയാൾ മടിച്ചപ്പോൾ ലാൽ നിർബന്ധിച്ചു ,ആ തമിഴ് ഫൈറ്റർ ലാലിന്റെ നിർബന്ധത്തിനു വഴങ്ങി.‌‌

നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതിൽ നിന്നും പിന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു.. ലാലിന്റെ മറുപടിയാണ് ഞാൻ കേട്ടത്.

“അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ….?”

ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻലാൽ വീണ്ടും ധരിച്ച് ഷൂട്ടിങ് സന്തോഷത്തോടെ ഭംഗിയായി പൂർത്തികരിച്ച് തന്നു.

“അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളിൽ അന്നേ ആഴത്തിൽ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്നേഹിയായ ആ കലാകാരൻ, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വർത്ഥമാക്കുന്നു.

വീണ്ടും അതോർമ്മപ്പെടുത്തുന്നത് ലാലിന്റെ മകൻ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്. മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം. അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്.

ചലച്ചിത്ര ചരിത്രത്തിൽ പേരഴുതാൻ ആഗ്രഹിച്ചവർ ഏറെയാണ് , എന്നാൽ മാനുഷിക മൂല്യവും സഹജീവി സ്നേഹവും കൈമുതലാക്കിയവർ അവരുടെ പേരുകൾ അവിടെ രേഖപ്പെടുത്തപ്പെടും. മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്കൊട്ടയിലാണ്.

താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങൾക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേർവഴിക്ക് തിരുത്തി വിടാൻ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം. അത് അങ്ങിനെ തന്നെയാകട്ടെ.

മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹത്തിന്റെ മാതൃക പുരുഷൻ ശ്രീ പ്രേംനസീർ ആയിരുന്നു. ലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും ഉറപ്പാ, ആ നല്ല നാളുകൾക്കു വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം…

ആലപ്പി അഷറഫ്

അതിഥി തൊഴിലാളികളുടെ ശബ്ദമായി സജീവമാവുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് പ്രിയങ്കയുടെ അപേക്ഷ.‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ അപേക്ഷിക്കുന്നു. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. അതിർത്തിയിൽ ഞങ്ങൾ ഒരുക്കിയ ബസുകൾ കാത്തുനിൽക്കുന്നു. ആയിരത്തിലേറെ അതിഥി തൊഴിലാളികളെ സഹായിക്കണം. ഭക്ഷണമില്ലാതെ കാൽനടയായി സ്വന്തം നാട്ടിലേക്ക് പോവുകയാണ്. ദയവായി അനുമതി തരൂ..’ പ്രിയങ്ക വിഡിയോയിൽ ചോദിക്കുന്നു.

ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലയിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 500 ബസുകൾ തയാറാണ്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബസുകൾക്ക് വരുന്ന ചെലവ് വഹിക്കാൻ കോൺഗ്രസ് തയാറാണ്. എന്നിട്ടും ബിജെപി സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇതോടെയാണ് ഫെയ്സ്ബുക്കിലൂടെ അഭ്യർഥനയുമായി പ്രിയങ്ക രംഗത്തെത്തിയത്.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാസ് ലുക്കുമായാണ് രണ്ടാമത്തെ പോസ്റ്ററില്‍ നിവിന്‍ എത്തിയിരിക്കുന്നത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1950കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍, 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. മൂത്തോനുശേഷമുള്ള നിവിന്‍ പോളിയുടെ ചിത്രമാണ് തുറമുഖം. ഒപ്പം കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ തന്റെ വാസ സ്ഥലത്താണ് ചൈനീസ് അംബാസിഡർ ഡു വെയ് നെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. 57 കാരനായ ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുർത്തിയാക്കി വരിയാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉറക്കത്തിൽ സംഭവിച്ച സ്വാഭാവിക മരണമാണ് ചൈനീസ് അംബാസിഡറിടേത് എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ നൽകുന്ന സൂചനകൾ.

അതേസമയം, കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായ ഭാഷയിലായിരുന്നു ഡു വെയ്ന്റെ എംംബസി പ്രതികരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശങ്ങളോടായിരുന്നു ഡു വിന്റെ പ്രതികരണം. ജെറുസലേം പോസ്റ്റിൽ നൽകിയ പ്രസ്താവനയിലായിലായിരുന്നു ചൈനീസ് എംബസി നിലപാട് വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ് ഇസ്രായേലിലെ ചൈനീസ് അംബാസിഡറായി ചുമതലയേൽക്കുന്നത്. ഇതിന് മുൻപ് ഉക്രെയിനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തെല്‍ അവീവിന്റെ പ്രാന്തപ്രദേശമായ ഹെൽസിലിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനുമടങ്ങുന്ന കുടുംബം പക്ഷേ ഇസ്രായേലിലില്ല.

മേയ് നാല് മുതൽ നടപ്പാക്കിയ മാർഗനിർദ്ദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുകയും ബാറുകൾ തുറക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ, കോവിഡ് ലോക്ക് ലോക്ക് ഡൗണിൻ്റെ നാലാം ഘട്ടത്തിലും ബാറുകൾ തുറക്കാൻ അനുമതി നൽകുന്നില്ല എന്ന് വ്യക്തമാക്കി. മേയ് 31 വരെ രാജ്യത്ത് ബാറുകൾ തുറക്കില്ല.

വിവാഹച്ചടങ്ങുകൾക്ക് പരമാവധി 20 പേർ പങ്കെടുക്കാം, ഇതിൽ കൂടുതൽ പാടില്ല എന്നായിരുന്നു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലെ നിയന്ത്രണം. നാലാം ഘടത്തിലെത്തുമ്പോൾ വിവാഹച്ചടങ്ങുകൾ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാനേ അനുവാദമുള്ളൂ. മത, സാമുദായിക, സാമൂഹിക, രാഷ്ട്രീയ പരിപാടികളും ആരാധാനായലങ്ങൾ തുറന്നുപ്രവർത്തിക്കുന്നതും മതപരമായ കൂട്ടായ്മകളും കായിക മത്സരങ്ങളും പരിപാടികളുമെല്ലാം കർശനമായി വിലക്കിയിട്ടുണ്ട്.

സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും നിലവിലെ നിയന്ത്രണങ്ങൾ തുടരും. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കും മെട്രോ റെയിൽ സർവീസുകൾക്കും അനുമതിയില്ല. റെഡ് സോണുകളിൽ പെടാത്ത മേഖലകളിൽ മെട്രോ സർവീസുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണുകൾ തീരുമാനിക്കാനും അവയിലെ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കാനും സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട് നാലാം ഘട്ടത്തിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കരുത് എന്ന് മാത്രം പറയുന്നു.

ലണ്ടൻ ∙ ഗാർഡിയൻ പത്രം അഞ്ചുകോളം തലക്കെട്ടിൽ ഫുൾപേജ് അഭിമുഖം നൽകിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അതുവഴി കേരളത്തിനും ലഭിച്ച മൈലേജ് ചില്ലറയല്ല. എന്നാൽ അതിലേറെയാണ് ഈ ഒറ്റ വാർത്തകൊണ്ട് ഗാർഡിയൻ പത്രം നേടിയത്. ഇരുന്നൂറു വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ടീച്ചറുമായുള്ള ഗാർഡിയനിലെ അഭിമുഖം. വ്യാഴാഴ്ച ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവയിൽ ഏഴാം സ്ഥാനത്താണ് ടീച്ചറുടെ ഈ അഭിമുഖം.

ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരമാണിതെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ പോലും ട്വിറ്ററിലൂടെ ഈ വാർത്ത ഷെയർ ചെയ്തു. തരൂർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ ഇതിന് ലൈക്കും കമന്റും ഇട്ട പ്രമുഖർ നിരവധിയാണ്. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.

മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.

വ്യാഴാഴ്ച രാവിലെ പത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വാർത്തയുടെ ലിങ്കിന് ഇതിനോടകം ലഭിച്ച ലൈക്കുകൾ പതിനെണ്ണായിരത്തിന് അടുത്താണ്. ഒമ്പതിനായിരത്തി ഇരുന്നൂറിലധികം പേരാണ് ഈ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വാർത്തവായിച്ച് കമന്റ് ചെയ്തിരിക്കുന്നവരും നാലായിരത്തി അഞ്ഞുറിലേറെപ്പേർ.

2018ൽ നിപ്പ വൈറസിനെ വരുതിയിലാക്കിയ ടീച്ചറുടെ വിജയകഥയും ഇപ്പോൾ കൊറോണയ്ക്കെതിരേ, പ്ലാൻ എയും ബിയും സിയുമായി നടത്തുന്ന പോരാട്ടവുമെല്ലാം വിവരിക്കുന്ന അഭിമുഖം, വിദേശികളേക്കാളും ലോകമെമ്പാടുമുള്ള മലയാളികൾതന്നെയാണ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഗാർഡിയനും ടീച്ചർക്കും ഇടതുസർക്കാരിനും ഒരുപോലെ ഗുണപ്രദമായ ഈ വാർത്തകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു ലഭിച്ച മൈലേജും ചില്ലറയല്ല. ഇനിയും ഉണ്ടാകണം, ലോകത്തിനു കാട്ടിക്കൊടുക്കാൻ കേരളത്തിൽനിന്നും, ഇത്തരം, ഒട്ടേറെ മാതൃകകൾ.

സ്പിരിച്ച്വല്‍ ടീം. മലയാളം യുകെ.
ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ഇനി നാല് ദിവസം. ആത്മീയമായി ഒരുങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഉയിര്‍പ്പിലെ ആറാം ഞായറാഴ്ചയില്‍ രൂപതയിലെ വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച ആചരണത്തിലൂടെയാണ് തിരുസഭ അതിന്റെ ദൗത്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക. തിരുസഭയുടെ ദൗത്യം സഭയുടെ ശിരസ്സായ ഈശോയുടെ ദൗത്യമാണ്. അതില്‍ നമ്മളും പങ്കാളികളാകണം. സ്വര്‍ഗ്ഗാരോഹണ തിരുന്നാളിനായിട്ട് ഒരുങ്ങുന്ന ദിവസങ്ങളാണിത്. വരുന്ന വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍. അതിനുള്ള ഒരുക്കമായി, വചനം നമൃദ്ധമായി ഒഴുകപ്പെടണം. വചനത്താല്‍ നമ്മള്‍ കഴുകപ്പെടണം. പത്രോസിന് ഈശോ നല്കിയ പാഠമായിരിക്കണം നമുക്ക് പാഠമാകേണ്ടത്. ‘ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമായി കാണരുത്’. സഭാംഗങ്ങള്‍ ഇത് ഗ്രഹിക്കണം. എനിക്ക് ജീവിക്കാനുള്ള അവകാശമുള്ളതുപോലെ ഓരോ മനുഷ്യനും അവകാശമുണ്ട്. ക്രിസ്ത്യാനികളായ നമ്മള്‍ അത് മറക്കാന്‍ പാടില്ല.

അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞു.

സര്‍വകലാശാല ബിരുദാനച്ചടങ്ങില്‍ പങ്കെടുത്ത് ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.

രാജ്യത്ത് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനത്തോടെ യുഎസില്‍ നിലനിന്നുവരുന്ന വംശീയ വിവേചനം കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ കറുത്ത വര്‍ഗക്കാരനുഭവിച്ചിരുന്ന അധിക്ഷേപം വര്‍ധിച്ചതായും ഒബാമ പറഞ്ഞു.

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കൊവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.

ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. ഇവിടെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 90,000 പേര്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിക്കുകയും ചെയ്തു.

ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ചിത്രീകരണത്തിനായി ജോര്‍ദാനിന്‍ എത്തിയ പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവിടെ ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.

പിന്നീട് ജോര്‍ദാനില്‍ കര്‍ഫ്യൂ നിയമങ്ങളില്‍ ഇളവ് വന്നതോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിച്ചത്. ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്. ആടുജീവിതത്തിലെ കഥാപാത്രത്തിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.

ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രേവാവാളിനെ(32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മന്‍മീതിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

നവി മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മന്‍മീതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് മന്‍മീതും ഭാര്യ രവീന്ദ്ര കൗറുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്‍മീത് കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു.

മുറിയില്‍ കയറി മന്‍മീത് കതകടച്ചു. എന്നാല്‍ ഭാര്യ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മുറിയില്‍ നിന്നും കസേര വീഴുന്ന ശബ്ദം കേട്ടതോടെ ഭാര്യ ഓടിയെത്തി. എത്ര വിളിച്ചിട്ടും മന്‍മീത് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഭാര്യ സഹായത്തിനായി അയല്‍ക്കാരെ വിളിക്കുകയായിരുന്നു.

എന്നാല്‍ ആരും സഹായത്തിനായി എത്തിയില്ല. മന്‍മീതിന് കോവിഡാണെന്ന ഭീതിയില്‍ ആരും സഹായത്തിന് തയ്യാറായില്ലെന്ന് മന്‍മീതിന്റെ സുഹൃത്ത് മന്‍ജിത് സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു മന്‍മീതെന്ന് സൂചനയുണ്ട്.

പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് വായ്പകളുടെ തിരിച്ചടവും മുടങ്ങിയിരുന്നു. വാടകയായ 8500 രൂപ പോലും നല്‍കാനാകാതെ വന്നതോടെ മന്‍മീത് കൂടുതല്‍ സമ്മര്‍ദത്തിലായെന്നും സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഏതാനും മാസങ്ങളാകുന്നതേയുള്ളൂ. ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനാണ് മന്‍മീത് ഗ്രേവാള്‍.

RECENT POSTS
Copyright © . All rights reserved