Latest News

2030–ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

എന്നാല്‍, ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ല. ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.

ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദുബായ്: യുഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. പി.എച്ച്.ഡിക്കാര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൂടി ഇനി മുതല്‍ ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാകും.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്കും ഇത്തരം വിസകള്‍ ലഭിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസകള്‍ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.

ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.

അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.

മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാര്‍ത്ത. നവി മുംബയില്‍ ഇന്ന് പുലര്‍ച്ചയൊണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.

എട്ടു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹന്‍(30), ദീപാ നായര്‍(32) ലീലാ മോഹന്‍ (35) ഇവര്‍ ന്യൂ മുംബൈയിലെ വാശി സെക്ടറില്‍ താമസിക്കുന്നവരാണ്.

മോഹന്‍ വേലായുധന്‍ (59), സിജിന്‍ ശിവദാസന്‍ (8) ദീപ്തി മോഹന്‍ (28) ഇവര്‍ കോപ്പര്‍ കിര്‍ണ സ്വദേശികളാണ്. സജ്ജുന മധുസൂദനന്‍ നായര്‍(15) വാശി സെക്ടര്‍, ഡ്രൈവര്‍ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിൻറ്റർ ആണ് ഈ വര്ഷം വരാനിരിക്കുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ സയന്റിഫിക് അഡ്‌വൈസർ പ്രൊഫസർ ക്രിസ് വിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്. അടുത്ത നാല് മാസം NHS ന്റെ ചരിത്രത്തിലെ ഏറ്റവും മോശം മരണ നിരക്ക് ആണ് റിപ്പോർട്ട് ചെയ്യപ്പെടുക. ഒക്ടോബർ മാസം രണ്ടാം ഘട്ട കൊറോണ ബാധ ശക്തമായ ശേഷം NHS അടക്കമുള്ള ബ്രിട്ടനിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഡോക്ടർമാർ, നഴ്സ്മാർ, ഹെൽത്ത് കെയർ ജോലിക്കാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകരും വരും മാസങ്ങളിൽ കിണഞ്ഞു ജോലി ചെയ്യേണ്ടി വരുമെന്നും ക്രിസ് വിറ്റി കൂട്ടിച്ചേർത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നത് കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ വിറ്റി ഇക്കാര്യം വിശദീകരിച്ചത്.

നവംബർ മുതൽ മാർച്ച്‌ വരെയുള്ള വിൻറ്റർ മാസങ്ങളിൽ യുകെയിൽ വിവിധ രോഗ ബാധകളും മരണ സംഖ്യയും പൊതുവെ ഉയരാറുണ്ട്. എന്നാൽ കൊറോണ ബാധ വീണ്ടും കനത്തതോടെ മരണ സംഖ്യ ഈ വര്ഷം അനിയന്ത്രിതമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ബാധ മൂലം വിൻറ്ററിലെ മരണ സംഖ്യ , ഒന്നാം ഘട്ടത്തേക്കാൾ ഉയരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം പതിനയ്യായിരത്തോളം പേർ ഇപ്പോൾ NHS ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. അതിൽ 1355 പേർ വെന്റിലേറ്ററിൽ ആണുള്ളത്. വെളളിയാഴ്ച മാത്രം 376 പേർ കൊറോണ ബാധ മൂലം യുകെയിൽ മരണപ്പെട്ടു. ഇതിന് പുറമെ 27,331 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ആരാധകര്‍ക്ക് ദീപാവലി സമ്മാനാവുമായി ‘മാസ്റ്റര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിജയ് ആരാധകര്‍ക്കും വിജയ് സേതുപതി ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. വിജയ്‌യും സേതുപതിയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.

ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ‘വാത്തി കമ്മിങ്’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സത്യന്‍ സൂര്യ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിന് ഇടയിൽ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോ​ഗം. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺ​ഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റ് വിട്ടുനല്‍കാമെന്ന നിലപാടിലാണ് സിപിഐ. കൂടുതൽ സീറ്റുകൾ വിട്ടുനല്‍കണമെന്ന് സിപിഎം അറിയിച്ചെങ്കിലും സിപിഐ അതിന് തയ്യാറായില്ല.

ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റും, പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ സിപിഐ തയ്യാറല്ല. പാലായിൽ 13 സീറ്റും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റുമാണ് കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള കോൺ​ഗ്രസിന് വേണ്ടി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചർച്ചയ്ക്കില്ലെന്നും പറഞ്ഞു.

എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു. എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസം കൂടി തുടരും.

എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന്, സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി നിലനിൽക്കെ കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്‍റെ വരവോടെ എല്‍ഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുര്‍ബലമാകുമെന്നും കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞു.

സ്ത്രീകൾ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ച ഇക്കാലത്തും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്ന് സോനം കപൂർ. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്നും സോനം പറയുന്നു. ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോടാണ് താരത്തിന്റെ പ്രതികരണം.

‘ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും, നടപ്പും പെരുമാറ്റവുമൊക്കെ ചിലരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവർ ഇന്നും സിനിമാരംഗത്തുണ്ട് . സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുളള സിനിമകളിൽ നിന്ന് സ്ത്രീകൾ സ്വയം പിന്മാറിയാൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്’. സോനം കോസ്‌മോപോളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി .

അത്തരം സിനിമയിൽ പ്രവർത്തിക്കാൻ നടിമാർ തയ്യാറാവുന്നതോടെ നാം സ്വയം ഇല്ലാതാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ച തെരച്ചിലാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികള്‍ ആറ്റില്‍ ചാടിയ വിവരം പോലീസിനെ അറിയിച്ചത്.

പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ മുങ്ങല്‍ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെ, സ്ത്രീയുടെ നിലവിളിയോ എന്നും തോന്നാം. പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍.

നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ‘സോണിഫിക്കേഷന്‍’. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കുന്നു.

 

 

View this post on Instagram

 

A post shared by Hubble Space Telescope (@nasahubble)

RECENT POSTS
Copyright © . All rights reserved