കൊച്ചി∙ ആലുവ സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർഥം എത്തിയ ഇദ്ദേഹത്തിന് കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്കു തിരിച്ചുപോകാൻ സാധിച്ചിരുന്നില്ല. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ∙ തമിഴ്നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസുകാരനെ സഹപാഠിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൈകള്‍ പിന്നിലേക്കു കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ തൊട്ടുത്തുള്ള ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമുണ്ടായിരുന്നു.
പലതവണ പെൺകുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. അന്‍പഴകന്‍ വീട്ടിലെത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴു വയസുള്ള സഹോദരനും പിടികൂടി കൊലപെടുത്തുകയായിരുന്നു.
പിന്നീട് മൃതദേഹം ടെറസില്‍ ഉപേക്ഷിച്ചു. ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നത് വീട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. കൊലയുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവരെ പിന്നീട് ചിദംബരം പൊലീസ് അറസ്റ്റ് ചെയ്തു. ചിദംബരം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ. അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു.
”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് പ്രചരിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് ടീമിംഗ് സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന റിഷഭ് പന്ത് തന്റെ അടുത്ത സുഹൃത്തെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേയ്ക്ക് പന്തുമായി ഒരു മത്സരമില്ലെന്നും സഞ്ജു പറയുന്നു.
താന്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതും എത്താതിരിക്കുന്നതുമെല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കും. പന്തുമായി സ്ഥാനത്തിനു വേണ്ടി മല്‍സരം നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഒരിക്കലും അങ്ങനെ താന്‍ ചിന്തിച്ചിട്ടില്ല. മറ്റൊരു താരവുമായി മല്‍സരിച്ച് ടീമില്‍ സ്ഥാനം നേടിയെടുക്കുകയാണ് ക്രിക്കറ്റെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും സഞ്ജു വ്യക്തമാക്കി.
എല്ലാവരും താനും പന്തും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ പന്തുമായുള്ള സൗഹൃദമാണ് മനസ്സിലേക്കു വരാറുള്ളതെന്നു സഞ്ജു വ്യക്തമാക്കി. പന്തും താനും ഒരുമിച്ച് ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരുമിച്ച് കളിക്കുക മാത്രമല്ല ഒരുപാട് തമാശകള്‍ പങ്കിടുകയും ചെയ്തിട്ടുള്ള നല്ല സൗഹൃത്ത് കൂടിയാണ് പന്ത്.
ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് തന്റേതും പന്തിന്റേതും. മുമ്പ് ഞങ്ങള്‍ ഇതു പല തവണ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പന്തിനെ പുറത്താക്കി ടീമിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് പന്തിനൊപ്പം കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. പന്തുമായി ഒരു തരത്തിലുള്ള മല്‍സരവും തനിക്കില്ലെന്നും സഞ്ജു പറയുന്നു.
2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴാണ് സഞ്ജു ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത്. എന്നാല്‍ അന്നു ധോണി വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ പന്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സിംബാബ്വെയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്ജു വീണ്ടും ടീമിലെത്തി. അന്ന് ഒരു ടി20യില്‍ താരം അരങ്ങേറുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങളോളം സഞ്ജു ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
2019-20ലെ വിജയ് ഹസാരെ ട്രോഫിയിലെ ഡബിള്‍ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി നേടിയ 91 റണ്‍സും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വീണ്ടും വഴിയൊരുക്കി. ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ പരിക്കേറ്റ ശിഖര്‍ ധവാന് പകരമായിരുന്നു സഞ്ജുവിനു നറുക്കുവീണത്. മൂന്നു ടി20കളില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയെങ്കിലും വെറും 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ലോകപ്രശസ്തമായ റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തര്‍. വിമര്‍ശനാത്മക ചിന്തകളും മാനുഷിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും മാനിച്ചാണ് പുരസ്‌കാരം. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു.
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ആദ്യ പുസ്തകം ‘ദി സെല്‍ഫിഷ് ജീന്‍’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. തന്റെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.
പ്രമുഖ ഇംഗ്ലീഷ് ബയോളജിസ്റ്റ് റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ബഹുമാനാര്‍ഥമുള്ള അവാര്‍ഡ് എത്തിസ്റ്റ് അലയന്‍സ് ഓഫ് അമേരിക്കയാണ് എല്ലാവര്‍ഷവും സമ്മാനിക്കുന്നത്. സിഎഎ, തബ്്ലീഗ് ജമാഅത്ത്, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനം ജാവേദ് അക്തര്‍ ഉയര്‍ത്തിയിരുന്നു.
പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് സ്ട്രെച്ചറിൽ നിന്നും മൃതദേഹം കുഴിയിലേക്ക് എടുത്തറിഞ്ഞ ആരോഗ്യ പ്രവർത്തകർക്ക് പുതുച്ചേരി ലഫ്: ഗവർണർ കിരൺ ബേദി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലെ ഭാര്യാവസതിയിൽ എത്തിയ ജ്യോതി മുത്തു (47) വിന്റെ മൃതദേഹം ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ കൊണ്ടുവരുന്നതും സ്ട്രെച്ചറിൽ നിന്ന് മൃതദേഹം ശവക്കുഴിയിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജൂൺ മൂന്നിനാണ് ഇയാൾ പുതുച്ചേരിയിൽ എത്തിയത്. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് പുതുച്ചേരി ഇന്ദിരാഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ മരണത്തിന് കീഴടങ്ങിയ ഇയാളുടെ ശ്രവസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് വ്യക്തമായത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമാണിത്.
ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേയും ഏതാനും സ്വകാര്യാശുപത്രികളിലേയും ചികിത്സ ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയ ഡൽഹി സർക്കാരിന്റെ തീരുമാനം ലെഫ്. ഗവർണർ അനിൽ ബൈജൽ റദ്ദാക്കി. ഡൽഹിയിൽ എല്ലാവർക്കും ചികിത്സ നൽകും. ഡൽഹി നിവാസിയല്ലാ എന്ന കാരണത്താൻ ഒരാൾക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ഗവർണർ നിർദേശിച്ചു.
കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആവശ്യമായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് ആം ആദ്മി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുത്തൊഴുക്ക് തടയുന്നതിനാണിതെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ നിയന്ത്രണങ്ങളില്ല.
ഇക്കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പൊതുജനാഭിപ്രായം തേടിയിരുന്നു. 90 ശതമാനം പേരും ചികിത്സ ഡൽഹിക്കാർക്കു മാത്രമായി ചുരുക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുൾപ്പെടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു അന്തിമതീരുമാനമെടുത്തത്.
കേജരിവാളിന്റെ തീരുമാനം മലയാളികളുൾപ്പടെ ഇതര സംസ്ഥാനക്കാരെ ആശങ്കയിലാഴ്ത്തിയിരുന്നു. കേജരിവാളിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ആരാണ് ഡൽഹി നിവാസിയെന്ന് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടിരുന്നു.
ബി.കോം അവസാന സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജു പി ഷാജിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കോളേജ് അധികൃതർ. വിദ്യാർത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥിനി ഹാൾടിക്കറ്റിന്റെ പിറകിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നെന്നും അധികൃതർ പറഞ്ഞു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാൾടിക്കറ്റും കോളേജ് അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
കോളേജിനെതിരേയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. പെൻസിൽ ഉപയോഗിച്ചാണ് ഹാൾടിക്കറ്റിന് പിറകിൽ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയിൽനിന്നും പാഠഭാഗങ്ങൾ എഴുതിയ ഹാൾടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളിൽനിന്ന് ഒരു മണിക്കൂർ കഴിയാതെ വിദ്യാർത്ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.
പെൺകുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിൻസിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്താൻ പറഞ്ഞതിന് പിന്നാലെയാണ് കോളേജിൽനിന്ന് ഇറങ്ങിപ്പോയതെന്നും അവർ പറഞ്ഞു. വിദ്യാർത്ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് പോലീസിൽ നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്നാണ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും വിശദീകരിക്കുന്നത്. പ്രൈവറ്റ് വിദ്യാർത്ഥിയായതിനാൽ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തിൽ സർവകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല വിശദീകരണം തേടിയതിൽ കൃത്യമായ മറുപടി നൽകുമെന്നും ബിവിഎം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. ഇതോടെ 16 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ്മുക്തരായി.
എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയില്‍വേ വഴി 19,648 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്
മധ്യപ്രദേശിലെ ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കൈയ്യും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഷജാപുർ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്. 11000 രൂപയുടെ ബിൽ അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വയോധികനെ കെട്ടിയിട്ടതെന്നാണ് മൊഴി. ഇയാളെ നാട്ടിലേക്ക് മകളോടൊപ്പം പറഞ്ഞയക്കാനും ആശുപത്രി അധികൃതർ വിസമ്മതിച്ചെന്നും പരാതി ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേൽപ്പിക്കാതിരിക്കാനാണ് ഞങ്ങൾ കെട്ടിയിട്ടത്,’ എന്നായിരുന്നു ആശുപത്രിയിലെ ഒരു ഡോക്ടർ അറിയിച്ചിരുന്നത്.
അതേസമയം, ആശുപത്രിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. ഇതോടെ, ഇത് വാസ്തവമല്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയിൽനിന്ന് വിട്ടയച്ചതെന്നുമായിരുന്നു ആശുപത്രി അധികൃതർ പ്രതികരിച്ചത്.