തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ സോളാര്‍ കേസ് പരാമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ വിവാദമുണ്ടായപ്പോള്‍ താന്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ വിവാദമുണ്ടായപ്പോള്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയി. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് വന്ന ആരോപണങ്ങളില്‍ താന്‍ സന്തോഷിക്കുന്നില്ല. സോളാര്‍ ആരോപണത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും. സ്വര്‍ണ്ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാട് ദുരൂഹമാണെന്നും ഇപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് കാര്യങ്ങള്‍ തന്നിലേക്ക് നീങ്ങുമെന്ന് ഭയക്കുന്നതിനാലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്പ്രിംക്ളര്‍ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സെക്രട്ടറിയെ മാറ്റിനിര്‍ത്തിയില്ല എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതു പോലെയുള്ള അവതാരങ്ങള്‍ എങ്ങനെ വന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ പുറത്ത് പറയാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.