യുഎഇയില്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്എഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഉന്നതോദ്യോഗസ്ഥന് അവിഹിത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ആരോപണം. കൊറോണ പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള വിമാനത്തിലാണ് സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും കുടുംബവും അബുദാബി വിട്ടതെന്ന് ദുബായ് കേന്ദ്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ആര് ഷെട്ടിയുടെ കമ്പനിയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഇതിനകം തന്നെ യുഎഇ വിട്ടുകഴിഞ്ഞെന്നും അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്ന ആളാണ് സുരേഷ് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ പ്രതിസന്ധി മൂലം അടിയന്തരമായി ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരെ കൊണ്ടുപോകേണ്ട വിമാനത്തില്‍ ഇയാളും കുടുംബവും എങ്ങനെ കയറിപ്പറ്റി എന്നത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുടെ പങ്കും സംശയനിഴലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ തന്നെ സുരേഷ് കൃഷ്ണമൂര്‍ത്തിയും അയാളുടെ കുടുംബത്തിലെ ആറു പേരും യാത്ര ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നതാണ് യാത്രയ്ക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസുഖങ്ങളുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എങ്ങനെയാണ് ഈ മാര്‍ഗം ദുരുപയോഗപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ സംശയമുര്‍ന്നിരിക്കുന്നത്.
“എന്‍എംസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെങ്ങശനയാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക”, എന്ന് എന്‍എംസി ഹെല്‍ത്തിലെ ജോലിക്കാരിലൊരാള്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. “അയാള്‍ മാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളും യുഎഇ വിട്ടു. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇവിടെ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതുണ്ടായിരിക്കന്നത്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നാണ് അവര്‍ പറഞ്ഞിരിക്കുന്ന കാരണം”, ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ അടിയന്തര സാഹചര്യമാണെങ്കില്‍ പോലും എങ്ങനെയാണ് കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാരേയും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അയയ്ക്കാന്‍ സാധിച്ചത് എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ട് സംശയമുയര്‍ത്തുന്നുണ്ട്. സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ യാത്ര സംബന്ധിച്ചോ തിരിച്ചു വരുന്നതു സംബന്ധിച്ചോ എന്‍എംസി ഹെല്‍ത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.
ഇന്ത്യന്‍ എംബസിയുമായും തങ്ങള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവിടെ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ് ന്യൂസ് പറയുന്നു. അതേ സമയം, ഇത്തരമൊരു സംഭവം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നത്. ആ പട്ടികയില്‍ എങ്ങനെയാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെപ്പോലൊരാള്‍ക്ക് അനധികൃതമായി കയറിക്കൂടാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
ഇതിനകം തന്നെ നിയമനടപടികള്‍ നേരിടുകയും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും അഡ്മിനിസ്ട്രേഷന് ഏറ്റെടുക്കുന്നതുമായ നടപടികളിലുടെ നീങ്ങുന്ന എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തന്നെ രാജ്യം വിട്ടത് ഇവിടുത്തെ ബാങ്ക് മേഖലയേയും അമ്പരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെയാണ് ബി.ആര് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടിയിരുന്ന ആളായിരുന്നു സുരേഷ് കൃഷ്ണമൂര്‍ത്തി. “എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. അതുകൊണ്ടു തന്നെ സുരേഷ് ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതിപ്പോള്‍ മൊത്തത്തില്‍ തമാശയായി മാറിയിട്ടുണ്ട്”, ഒരു ബാങ്കര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.
2000-ത്തില്‍ എന്‍എംസി ഹെല്‍ത്തില്‍ ചേര്‍ന്ന സുരേഷ് കൃഷ്ണമൂര്‍ത്തി പടിപടിയായി ഉയര്‍ന്ന് സ്ഥാപനത്തിന്റെ സി.എഫ്.ഒ ആയി നിയമിതനാവുകയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്കിയ ആളാണ് കൃഷ്ണമൂര്‍ത്തി എന്നാണ് എന്‍എംസി വെബ്സൈറ്റ് തന്നെ പറയുന്നത്. ഷെട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള മറ്റു രണ്ടു പേര് പാലക്കാടുകാരായ സഹോദരങ്ങള്‍ പ്രശാന്ത് മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ്
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യുഎഇ എക്സ്ചേഞ്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ഫിനാബ്ലറാണ് കോടികള്‍ വായ്പ എടുത്ത കാര്യത്തില്‍ അന്വേഷണം നേരിടുന്നത്. തന്റെ സ്ഥാപനങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനുശേഷം താന്‍ തിരികെ പോകുമെന്നുമാണ് അബുദാബിയില്‍ നിന്ന് മുങ്ങിയതിനെ കുറിച്ച് ഷെട്ടി പിന്നീട് പ്രതികരിച്ചത്. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മശ്രീ നല്കി ഷെട്ടിയെ ആദരിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും അതിനേക്കാള്‍ പ്രാധാന്യത്തോടെ തന്റെ ആഡംബര ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് ബ്രസീല്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ജെറ്റ് സ്കീ സവാരി നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കൊവിഡ് മൂലം ഇതിനകംതന്നെ ബ്രസീലിൽ 1,56,061-ലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പതിനായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കേയാണ് അദ്ദേഹം അവധിദിന ആഘോഷങ്ങളില്‍ മുഴുകുന്നത്.
പകർച്ചവ്യാധിയോടുള്ള ബോൾസോനാരോയുടെ മനോഭാവത്തെ ആഭ്യന്തരവും അന്തർദേശീയവുമായി വ്യാപകമായി അപലപിക്കപ്പെടുന്നതാണ്. രോഗവ്യാപനം ബ്രസീലിൽ മാരകമായ പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ നിരത്തപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെയാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബോൾസോനാരോ മുന്നോട്ടു പോകുന്നത്. സ്വന്തം ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകൾ ലംഘിച്ച് ഉല്ലസിച്ച് നടക്കുന്ന അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രസീലില്‍ നിന്നും ഉയരുന്നത്. തുടക്കത്തിൽ 30 അതിഥികളുമായി ഒരു ബാർബിക്യൂ പാര്‍ട്ടിയാണ് അദ്ദേഹം ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വിമർശനങ്ങൾ കനത്തതോടെ ആ പ്ലാന്‍ ഉപേക്ഷിക്കേണ്ടിവന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകം, ബ്രസീലിയയിലെ പരാനോ തടാകത്തിൽ ഒരു ജെറ്റ്-സ്കീ സവാരി നടത്തുകയായിരുന്നു അദ്ദേഹം.
സവാരിയുടെ വീഡിയോ വൈറലായതോടെ അതിനടിയില്‍ ‘10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു’ എന്നാണ് ഇടതുപക്ഷ രാഷ്ട്രീയക്കാരനായ മാർസെലോ ഫ്രീക്സോ ട്വീറ്റ് ചെയ്തത്. ഏപ്രിൽ 28 ന്, രാജ്യത്ത് വൈറസ് മരണം 5,000 കവിഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരു പത്രപ്രവര്ത്തകന് ബോൾസോനാരോയോട് ഒരു ചോദ്യം ചോദിച്ചു ‘അതിനെന്താ…? ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്നായിരുന്നു ക്ഷുഭിതനായ അദ്ദേഹം പ്രതികരിച്ചത്.
തീവണ്ടികള്‍ ക്രമാനുഗതമായി ഓടി തുടങ്ങുമെന്നും ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്നും മുംബെ, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് 30 തീവണ്ടികള്‍-15 അങ്ങോട്ടും 15 തിരികെയും- ഓടുമെന്നും സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രയെ സഹായിക്കും.
. വണ്ടി പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരണം. തീവണ്ടി പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.
. എല്ലാ യാത്രക്കാരെയും രോഗ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
. പ്രത്യേക തീവണ്ടികളില്‍ ഏസി ഉണ്ടാവും. എന്നാല്‍ വിരിപ്പ്, ബ്ലാങ്കറ്റ്, കര്‍ട്ടനുകള്‍ എന്നിവ യാത്രക്കാര്‍ക്ക് നല്‍കില്ല. അതിനാല്‍ കിടക്കവിരികളും പുതയ്ക്കാനുള്ളവയും യാത്രക്കാര്‍ തന്നെ കൊണ്ടുവരണമെന്ന് റെയില്‍വേ അറിയിച്ചു.
. വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ടിക്കറ്റ് റദ്ദാക്കാനാവൂ. റദ്ദാക്കിയാല്‍ പകുതി തുക നഷ്ടമാകും.
. കോവിഡ്-19 നിരീക്ഷണ ആപ്പായ ആരോഗ്യസേതു തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
. അത്യാവശ്യം സാധനങ്ങളുമായി മാത്രമേ യാത്രക്കാര്‍ യാത്ര ചെയ്യാവൂ എന്ന് മുതിര്‍ന്ന റയില്‍വേ ഓഫീസര്‍ അരുണ്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുകയും യാത്രയില്‍ ഉടനീളം മുഖാവരണം ധരിക്കുകയും വേണം.
. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് ഒരു നിശ്ചിത ക്രമത്തില്‍ മാത്രം തീവണ്ടികളുടെ സഞ്ചാരം റയില്‍വേ അനുവദിക്കൂ.
. ഓണ്‍ലൈനില്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ: ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കും.
. സ്ഥിരീകരിക്കപ്പെട്ട ഇ-ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കൂ. സ്റ്റേഷനുകളിലേക്കും പുറത്തേക്കും യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ അനുവദിക്കപ്പെടുന്നതും ഇ-ടിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.
. ഉദ്ദിഷ്ടസ്ഥലത്ത് എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍, യാത്രക്കാര്‍ ആ സംസ്ഥാനത്തെ ആരോഗ്യ മാര്‍ഗ്ഗരേഖകള്‍ പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു.
വിശാഖപട്ടണത്ത് വാതക ലീക്കുണ്ടായ ബഹുരാഷ്ട്ര കമ്പനി എല്‍ജി പോളിമേഴ്സിന്റെ കെമിക്കല്‍ ഫാക്ടറി 2019ന്റെ മധ്യം വരെ പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. ആവശ്യമായ പരിസ്ഥിതി അനുമതിയില്ലാതെയാണ് തങ്ങള്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കമ്പനി 2019 മെയ് മാസത്തില്‍ നല്കിയ അഫിഡവിറ്റില്‍ പറയുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി നീട്ടിക്കിട്ടാന്‍ വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സമ്മതിക്കുന്നത്. ദി ഗാര്ഡിയന് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“ഈ തീയതി വരെയും ഞങ്ങളുടെ വ്യവസായത്തിന് പാരിസ്ഥിതിത അനുമതി ലഭിച്ചിട്ടില്ല” എന്ന് അഫിഡവിറ്റില്‍ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് കമ്പനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ സംഭവിച്ച വാതകച്ചോര്‍ച്ചയില്‍ 12 പേരാണ് മരിച്ചത്. മൂന്നു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ വാതക ചോര്‍ച്ച വ്യാപിക്കുകയുണ്ടായി.
പ്ലാന്റില്‍ നിന്ന് ചോര്‍ന്നത് സ്റ്റൈറീന്‍ വാതകമായിരുന്നു. ഇത് പോളിവിനൈല്‍ ക്ലോറൈഡ് (PVC) വാതകമെന്നും അറിയപ്പെടാറുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണിത്.
കേരളത്തിന് പുതിയ നിര്‍മാണ സംസ്കാരം സമ്മാനിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) കൊച്ചി വിടാനൊരുങ്ങുന്നു. ഡിഎംആര്‍സി ഏറ്റെടുത്ത കരാര്‍ പ്രകാരമുള്ള മെട്രോ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ പേട്ടവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.
നിര്‍മാണം പുരോഗമിക്കുന്ന ചമ്പക്കര പുതിയ പാലത്തിന്റെയും സൗത്ത് സ്റ്റേഷന്റെ പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളുടെയും മുട്ടത്തെ പവര്‍സപ്ലൈ കെട്ടിടത്തിന്റെയും നിര്‍മാണം ഓഗസ്റ്റോടെ പൂര്‍ത്തിയാക്കി സംസ്ഥാനം വിടാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത്. ഏതു പദ്ധതിയും വര്‍ഷങ്ങള്‍ വൈകി പൂര്‍ത്തിയാക്കിയിരുന്ന കേരളത്തിന്റെ പതിവ് ശീലത്തിന് വിപരീതമായിരുന്നു ഡിഎംആര്‍സിയുടെ നിര്‍മാണ പോളിസി.
നിശ്ചയിച്ച സമയത്തിനു മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചും എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയും കേരളത്തെ അത്ഭുതപ്പെടുത്തി. ഇടയ്ക്കുണ്ടായ ചില തൊഴില്‍സമരങ്ങളുടെ തടസങ്ങള്‍ ഒഴിവാക്കിയാല്‍ മികച്ചയൊരു നിര്‍മാണ സൗഹൃദ സാഹചര്യം ഡിഎംആര്‍സിക്ക് ഒരുക്കിക്കൊടുക്കാൻ കേരളത്തിനും കഴിഞ്ഞു.
മെട്രോ നിര്‍മാണത്തിനു പുറമേ ഗതാഗതസൗകര്യങ്ങളുടെ ആധുനികവത്കരണവും ഡിഎംആര്‍സി ഏറ്റെടുത്തു നടത്തി. വീതികുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ തിങ്ങിനിരങ്ങി പോയിരുന്ന കൊച്ചിയുടെ പഴയചിത്രം ഡിഎംആര്‍സിയുടെ വരവോടെ മാറി. മെട്രോ കടന്നുപോകുന്ന വഴികള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറുറോഡുകള്‍ പോലും ആധുനികനിലവാരത്തില്‍ പുനര്‍നിര്‍മിക്കപ്പെട്ടു.
നഗരത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടായിരുന്ന നോര്‍ത്ത്, ഇടപ്പള്ളി ഭാഗത്തെ മേല്‍പ്പാലങ്ങള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള എ.എല്‍. ജേക്കബ് മേല്‍പ്പാലം, പച്ചാളം മേല്‍പ്പാലം, ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ചമ്പക്കര മേല്‍പ്പാലം എന്നിവയൊക്കെ ഡിഎംആര്‍സി നിശ്ചയിച്ച സമയത്തിനു മുന്‍പ് പൂര്‍ത്തീകരിച്ചവയാണ്.
ആലുവ മുതല്‍ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ ചുമതലയുമായാണു ഡിഎംആര്‍സി കേരളത്തില്‍ വന്നത്. തലപ്പത്ത് രാജ്യത്തിന്റെ മെട്രോമാന് ഇ. ശ്രീധരനും. 2004 ഡിസംബര്‍ 22 നാണ് കൊച്ചി മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്. 2006ല്‍ പണി തുടങ്ങി 2010 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആലോചന. എന്നാല്‍ കേന്ദ്രാനുമതി ലഭിച്ചത് 2012 മാര്‍ച്ച് 22 നാണ്.
അതിനു മുന്‍പുതന്നെ നോര്‍ത്ത് മേല്‍പ്പാലം, സലീം രാജന് പാലം, ബാനര്‍ജി റോഡ് വീതികൂട്ടല്‍, എംജി റോഡ് വീതികൂട്ടല്‍ എന്നിങ്ങനെയുള്ള പ്രവൃത്തികൾ തുടങ്ങി. 2012 സെപ്റ്റംബര്‍ 13നു മെട്രോയുടെ കല്ലിടല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് നിര്‍വഹിച്ചു. 2013 ജൂണ്‍ ഏഴിന് കൊച്ചി മെട്രോയുടെ നിര്‍മാണം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
2017 ജൂണ്‍ 17നു പാലാരിവട്ടം വരെയുള്ള ആദ്യ സ്ട്രക്ച്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മഹാരാജാസ് സ്റ്റേഡിയം വരെയുള്ള പാത 2017 ഒക്ടോബര്‍ രണ്ടിനും തൈക്കൂടം വരെയുള്ള പാത 2019 സെപ്റ്റംബര്‍ മൂന്നിനും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഡിഎംആര്‍സി നിര്‍മിച്ച കാന്‍ഡിലിവര്‍ ഹാങിംഗ് ബ്രിഡ്ജ് കൊച്ചിയിൽ സൗത്ത് റെയില്‍വേ ലൈനുകള്‍ക്ക് മുകളിലൂടെയാണ്.
ലോക്ക്ഡൗണ്‍ വന്നില്ലായിരുന്നെങ്കില്‍ പേട്ട വരെയുള്ള പാത ഇതിലും നേരത്തെ പൂര്‍ത്തിയാകുമായിരുന്നു. കഴിഞ്ഞ നാലിന് ട്രെയിനുകള്‍ നിശ്ചിത വേഗതകളില്‍ ഓടിച്ച് സിംഗ്നലിംഗ് പരിശോധന നടത്തി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അന്തിമ പരിശോധനയാണ് ഇനി ശേഷിക്കുന്നത്.
ലണ്ടൻ: കോവിഡ് വ്യാപനത്തിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബ്രിട്ടനിൽ കുടുങ്ങിയവരെയും കൊണ്ടുള്ള ആദ്യ വിമാനം പാക്കിസ്ഥാനിലേക്ക് തിരിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് 1,500 പാക്കിസ്ഥാനികളാണ് ബ്രിട്ടനിൽ കുടുങ്ങിയത്.
ഇവരെ സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ആറ് ചാർട്ടേഡ് വിമാനങ്ങളാണ് പാക്കിസ്ഥാൻ ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യ വിമാനത്തിൽ 200 പേരാണുള്ളതെന്നാണ് വിവരം. മറ്റുള്ളവരെ തൊട്ടുത്ത ദിവസങ്ങളിൽ മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്നും പാക് ഭരണാധികാരികൾ വ്യക്തമാക്കി.ഇതിനൊപ്പം, അമേരിക്കയിൽ കുടുങ്ങിയ 150 പാക് വിദ്യാർഥികൾക്കായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിമാനവും പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചിരുന്നു.
വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കരുതി വൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് അപ്രതീക്ഷിതമായാണ്. കാരണം, തലേദിവസം അതേ വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു- ട്രംപ് പറഞ്ഞു. അത്യാവശ്യ സേവനങ്ങൾക്കുള്ള ആളുകൾ മാത്രമേ ഇപ്പോൾ വൈറ്റ്ഹൗസിൽ വന്നു പോകുന്നുള്ളുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനയിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ കോവിഡ് പരിശോധനകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. മുൻപ് 1,50,000 പേർക്കാണ് ഒരു ദിവസം പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 3,00,000 ആയി ഉയർന്നെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതുവരെ ഒൻപത് മില്യണ്‍ ആളുകൾക്ക് കോവിഡ് പരിശോധന നടത്തി കഴിഞ്ഞുവെന്നും ഈ അടുത്തയാഴ്ചയോടെ അത് 10 മില്യണായി ഉയരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതു ഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യോഗം തുടരുകയാണ്. ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ ആവശ്യപ്പെടുമ്പോഴാണ് സംസ്ഥാനസര്‍ക്കാരുകള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. രാജ്യം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്ലാവരും പറയുന്നത്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകള്‍ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകള്‍ നോക്കി തന്ത്രമാവിഷ്കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആലോചന.
പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയിലെ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ മകൾ സ്നേഹ മാത്യു (30) ആണ് മരിച്ചത്. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
നാട്ടിൽപോകാൻ വേണ്ടി ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു. രണ്ട് മക്കളുണ്ട്. തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മൂത്ത മകൾ എയ്ഞ്ചൽ. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.