Latest News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തി എണ്ണൂറ്റിപതിനഞ്ചായി. 24 മണിക്കൂറിനിടെ 29 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 353 ആണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1463 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായവരുടെ എണ്ണവും ആയിരം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പത്തേഴായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. പൂര്‍ണ സജ്ജമായ 602 കോവിഡ് ആശുപത്രികള്‍ ഉണ്ട്. 33 ലക്ഷം ആര്‍.ടി പി.സി.ആര്‍ കിറ്റുകള്‍ക്ക് ഒാര്‍ഡര്‍ നല്‍കി. 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടനെത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

22 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം ആയിരത്തിഅഞ്ഞൂറ് കവിഞ്ഞു. നഗരങ്ങളില്‍ ഇന്‍ഡോറിന് പിന്നാലെ ജയ്പ്പൂരിലും ആശങ്കയുണര്‍ത്തി കോവിഡ് രോഗം പടരുകയാണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ രണ്ട് വയസുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.

എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കോവിഡിനെ തുടര്‍ന്ന് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ട് മലയാളി നഴ്സുമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തിറക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ അവലോകന യോഗം വിളിച്ചു.

നടി ശ്രിയ ശരണിന്റെ ഭർത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ. ശ്രിയയുടെ ഭർത്താവ് ആൻഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ ബാർസലോണയിലെ ആശുപത്രിയിൽ ഭർത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കിൽ രോഗമില്ലാത്തവർക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടർന്നാണ് ആൻഡ്രൂ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ഭർത്താവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

റഷ്യൻ പൗരനായ ആൻഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവിൽ താമസിക്കുന്ന സ്‌പെയിനിൽ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.

നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.

ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ആയിരക്കണക്കിനാളുകള്‍ ലോക്കഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലേക്കെത്തി. കുടിയേറ്റ തൊഴിലാളികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയാണ്. ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാമൂഹിക അകലം അടക്കമുള്ളവ ലംഘിച്ചാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.

സമരവുമായെത്തിയവരെല്ലാം ദിവസക്കൂലിക്ക് നഗരത്തില്‍ പലവിധ ജോലികള്‍ ചെയ്യുന്നവരാണ്. കൈയില്‍ പൈസയില്ലാതാകുകയും പലരും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും സ്വന്തം നാടുകളിലേക്ക് പോകാന്‍ വഴിയില്ല. എല്ലാവര്‍ക്കും മൂന്നുനേരത്തെ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം മഹാരാഷ്ട്രയില്‍ കൊറോണ കേസുകളില്‍ വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്. 2000-ത്തിനടുത്ത് കൊറോണ കേസുകള്‍ സംസ്ഥാനത്തു മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. 160 പേര്‍ മരിക്കുകയും ചെയ്തു.

കൊവിഡ്-19 ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. തമിഴ്‌നാടും ഡൽഹിയും മഹാരാഷ്ട്രയും അതീവ ജാഗ്രതയിലാണ്. എന്നാൽ നടൻ വിജയ് ആശങ്കയിലായിരിക്കുന്നത് മകനെ ഓർത്താണ്. കാനഡയിലാണ് വിജയ്‌യുടെ മകൻ.

മകനെകുറിച്ചോർത്താണ് വിജയ് ആശങ്കയിലായിരിക്കുന്നത്. വിജയ്‍യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണ്. മകൻ ഉപരിപഠനത്തിനായി കാനഡയിലും. കാനഡയിൽ ഇതുവരെ 24000 പേർക്കാണ് കൊവിഡ് പോസിറ്റീവായത്.

എന്തായാലും ചെന്നൈയിലേക്ക് തിരികെ വരാനും സാധിക്കാത്ത അവസ്ഥയാണ്. കാരണം, അസുഖബാധിതരുടെ എണ്ണവും മരണനിരക്കും തമിഴ്‌നാട്ടിൽ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്.

കൊവിഡ് 19 എന്ന വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. ലോകം മുഴുവന്‍ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്കായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരുടെ സേവനത്തിന് ആദരമൊരുക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍.

ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറില്‍ ഡോക്ടറുടെ വേഷം ആലേഖനം ചെയ്തതാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം ഒരുക്കിയത്. സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും അണിഞ്ഞ് നില്‍ക്കുന്ന തരത്തിലാണ് സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിനെ ഒരുക്കിയത്. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയാണ് ആദരം അര്‍പ്പിച്ചത്.

പിന്നാലെ വിവിധ ഡോക്ടര്‍മാരുടെ ചിത്രങ്ങളും തെളിഞ്ഞുവരുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നേരത്തെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രതിമയില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിരുന്നു. കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയില്‍ പുതപ്പിച്ചിരുന്നത്.

 

കൊറോണ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ എത്യോപ്യയിൽനിന്നുള്ള അനധികൃത തൊഴിലാളികളെ മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ഐക്യാരാഷ്ട്രസഭ. ഇത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎൻ ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം സൗദി അറേബ്യ ഇതുവരെ 2,870 എത്യോപ്യൻ കുടിയേറ്റക്കാരെയാണ് അഡിസ് അബാബയിലേക്ക് നാടുകടത്തിയതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചിട്ടുള്ളത്. നാടുകടത്തൽ നടക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

200,000 എത്യോപ്യൻ കുടിയേറ്റക്കാരെ സൗദി നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് യുഎൻ അധികൃതർ റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തി. മറ്റ് ഗൾഫ് അറബ് രാജ്യങ്ങൾ, കെനിയ, മറ്റ് അയൽ രാജ്യങ്ങൾ എന്നിവയും എത്യോപ്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നീക്കത്തിലാണെന്നാണ് വിവരം.അതേസമയം, യുഎൻ നിർദേശത്തോട് സൗദി മാധ്യമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

“ഒരു വടക്കൻ വീരഗാഥ” റിലീസ് ചെയ്തിട്ട് ഇന്ന് 31 വർഷം…..

മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ചലച്ചിത്രകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം നിരയിൽ നിർത്താവുന്ന “ഒരു വടക്കൻ വീരഗാഥ”പുറത്ത് വന്നിട്ട് ഇന്ന് 31 വർഷം. വിജയിച്ചവന്റെ കഥകൾ പാടി നടന്നിരുന്ന വടക്കൻ പാട്ട് സിനിമകൾ മാത്രം കണ്ട് ശീലിച്ച മലയാളികൾക്ക് , ഈ സിനിമ കൈകാര്യം ചെയ്ത, ചതിയൻ ചന്തുവിന്റെ വീരഗാഥ ഒരു പുതിയ അനുഭവം ആയിരുന്നു…
മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയ ഈ ചിത്രം, എം.ടിയുടെ അതിശക്തമായ തിരക്കഥാനൈപുണ്യം കൊണ്ട് മഹാവിജയം നേടുകയായിരുന്നു..

കൂടല്ലൂർ മന, മമ്മിയൂർ ആനക്കോട്ട, കൊല്ലംകോട് കൊട്ടാരം , ഗുരുവായൂർ ആനപ്പന്തി , ഭാരതപ്പുഴ എന്നിവിടങ്ങളിൽ വച്ചാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്..
ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമയിൽ – മമ്മൂട്ടി , മാധവി, ബാലൻ.കെ. നായർ , സുരേഷ് ഗോപി , ഗീത , ക്യാപ്റ്റൻ രാജു, ദേവൻ , ഭീമൻ രഘു , സുകുമാരി , ചിത്ര ,രാജലക്ഷ്മി, ജോമോൾ, വിനീത് കുമാർ, സൂര്യ…തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു.

ബോംബെ രവി സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും, കെ.ജയകുമാറും ആയിരുന്നു.. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി ഗംഗാധരൻ, ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഈ പടം 1989 ലെ വിഷു ചിത്രമായിരുന്നു.. അക്കൊല്ലത്തെ നാല് ദേശീയ പുരസ്‌കാരങ്ങളും, കേരള സർക്കാരിന്റെ ആറ് അവാർഡുകളും നേടിയ ഈ ചിത്രം 300 ദിവസത്തിലധികം കേരളത്തിൽ പ്രദർശിപ്പിച്ചു. ഈ ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം… “മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗന്ദര്യവർണ്ണനാ ഗാനവും, “കളരി വിളക്ക് തെളിഞ്ഞതാണോ… “ഏറ്റവും മികച്ച പുരുഷസൗന്ദര്യ വർണ്ണനാഗാനവുമാണ്… കാലം കടന്ന് പോയിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒട്ടേറെ സംഭാഷണങ്ങൾ ഈ സിനിമയ്ക്ക് സ്വന്തം…ഉദാ:”മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്?? നീ അടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും…ചിരിച്ചു കൊണ്ട് കരയും…മോഹിച്ചു കൊണ്ട് വെറുക്കും…!!

സിനിമയിലുടനീളം ചന്തുവിനെ നയിച്ചിരുന്നത് അയാൾക്ക്‌ ഉണ്ണിയാർച്ചയോടുള്ള പ്രണയമായിരുന്നു. അങ്ങനെ നോക്കുമ്പോൾ പൂർവകാല കാമുകിയെ തേടി ചെല്ലുന്ന കാമുക ഹൃദയത്തിന്റെ കഥയാണ് “ഒരു വടക്കൻ വീരഗാഥ”.

ഉത്തര്‍പ്രദേശ്: കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ ദമ്പതികളാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ് ഭീതി വിതച്ചെത്തിയപ്പോള്‍ രക്ഷകനായി എത്തിയത് സോപ്പും സാനിറ്റൈസറും ആയിരുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത്. ഇത് തന്നെയാണ് കുഞ്ഞിന് ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.

നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് ആന്ധ്രപ്രദേശില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്ക് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നുംം മാതാപിതാക്കള്‍ പേര് നല്‍കിയതുംവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തില്‍ നടന്നു.

ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് മരിച്ച വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണന്‍. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാല്‍ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത ബന്ധുക്കള്‍ വൈകിയാണ് എല്ലാവരെയും അറിയിച്ചത്.

RECENT POSTS
Copyright © . All rights reserved