യെമനിൽ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സൗദി അറേബ്യ 500 ലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സൗദി സകല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തി എന്നാരോപിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനെ കഴിഞ്ഞ ആഴ്ച യു.കെ ന്യായീകരിച്ചത്. സൗദി അറേബ്യക്ക് യുകെ ആയുധ വിൽപ്പന പുനരാരംഭിച്ചതിനെക്കുറിച്ചുള്ള കോമൺസിൽ നിന്നും ഉയര്‍ന്ന അടിയന്തിര ചോദ്യത്തിന് വാണിജ്യ മന്ത്രി ഗ്രെഗ് ഹാൻഡ്സ് മറുപടി നല്‍കിയതോടെയാണ് സൗദിയുടെ അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയത്. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധമാകുമ്പോഴും സൗദി നടത്തിയിട്ടുള്ള എത്ര ബോംബാക്രമണങ്ങള്‍ യു.കെ അവലോകനം ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
സൗദി നടത്തിയ ഓരോ ആക്രമണങ്ങളെ കുറിച്ചും യുകെ സർക്കാർ റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിക്കില്ലെന്നും ഗ്രെഗ് ഹാൻഡ്സ് വ്യക്തമാക്കി. വിവരങ്ങളുടെ രഹസ്യ സ്വഭാവം പരിഗണിച്ച് അങ്ങിനെ പരസ്യപ്പെടുത്താന് അദ്ദേഹത്തിന് സ്വാതന്ത്ര്യമില്ല എന്നാണ് പറഞ്ഞത്. 2015 മുതൽ യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യം ഏത്ര അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന ലേബർ എംപി സറാ സുൽത്താനയുടെ രേഖാമൂലമുള്ള ചോദ്യത്തെത്തുടർന്നാണ് സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതമായാത്. ‘ജൂലൈ 4 വരെ, യെമനിൽ അന്താരാഷ്ട്ര മാനുഷിക നിയമം (ഐഎച്ച്എൽ) ലംഘിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം പ്രതിരോധ മന്ത്രാലയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് 535 ആണ്’ എന്നാണ് പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പി നല്‍കിയ മറുപടി.
യുകെ സർക്കാർ 2017 ഡിസംബറില്‍ അവസാനമായി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ 318 അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സൗദിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷത്തിനിടെ 200 സംഭവങ്ങളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
സംസ്ഥാന എക്‌സൈസ് വകുപ്പിലെ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടറായി ചുമതലയേറ്റ് ഇതുവരെയുള്ള എക്‌സൈസ് വകുപ്പിന്റെ ചരിത്രം തിരുത്തി ഒ സജിത. വനിതകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ സജിതയാണ് ഇന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റത്.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി 2014ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്. എക്‌സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു സജിത. കഴിഞ്ഞ വർഷം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
സജിതയ്ക്ക് എക്‌സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫീസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെയു മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂർ സ്വദേശി അജി ഗംഗാധരന്റെ ഭാര്യയാണ്. ഷൊർണൂർ കാർമൽ സിഎംഐ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇന്ദുവാണ് മകൾ.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അഞ്ചാം വാർഡിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലൊട്ടാകെയായി നിരവധി പേരോട് സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നേരത്തേ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.
കഴിഞ്ഞ ദിവസം പുളിങ്കുന്ന് കണ്ണാടി കൊണത്തു വാക്കാൽ ചിറ കുഴഞ്ഞു വീണു മരിച്ച ബാബു (52) വയസു കോവിഡ് സ്ഥിതീകരിച്ചിരിന്നു
അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ വഴിയാത്രക്കാർ വാഹനം നിർത്തി ഇറങ്ങുവാനോ ഇവിടെനിന്ന് ആളുകളെ കയറ്റുവാനോ പാടുളളതല്ല.
അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങളിലും ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കും.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.
ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗഹ്ലോട്ട്, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല , അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തെത്തിയിരുന്നു.
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയത്.
കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പത്ത് ഇന്ത്യക്കാരെ സിംഗപ്പൂര്‍ നാട് കടത്തി. വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെയാണ് സിംഗപ്പൂര്‍ നാടുകടത്തിയത്. ഇനി രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇവരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
വാടകയ്ക്കെടുത്ത താമസസ്ഥലത്ത് നിയമം ലംഘിച്ച് ഒത്തുകൂടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ജോലി ചെയ്തിരുന്നവരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ നാടു കടത്തിയതെന്ന് സിംഗപ്പുര്‍ പോലീസും എമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്പോയിന്റ് അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നേരത്തെ 2000 മുതല്‍ 4500 സിംഗപ്പുര്‍ ഡോളര്‍വരെ പിഴ ചുമത്തപ്പെട്ടവരാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ഇവര്‍ക്ക് അനുവദിച്ചിരുന്ന പാസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും നാടു കടത്തുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇനി അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹികഅകലം പാലിക്കല്‍ അടക്കമുള്ളവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസയും വര്‍ക്ക് പാസും റദ്ദാക്കുമെന്നും സിംഗപ്പുര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ കത്തിനില്‍ക്കെ പുതിയ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്ന് കെപി ശര്‍മ പറയുന്നു. ഇതിനു പുറമെ, ശ്രീരാമന്‍ ഇന്ത്യക്കാരനല്ല നേപ്പാളിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കഴിഞ്ഞ മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് കെപി ശര്‍മയുടെ പുതിയ വാദം.
കാരൂർ സോമൻ
കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്റ തേരോട്ടമായിരിന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവും ചെയ്യാതെ നിശ്ശബ്‌ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടെമാകെ ഇപ്പോൾ അലർച്ചകൾ മാത്രം. നിർമ്മലമായ നീലിമയാർന്നു കിടന്നയിടം മലീനസമാക്കാൻ ഭൂമിയിൽ നിന്ന് മനുഷ്യർ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.
കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീർ കണ്ടാൽ കാണുന്നവർ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ ശാസ്ത്രലോകത്തിന് ധാരാളം സംഭവനകൾ ചെയ്ത താൻ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്റെ കാരണങ്ങൾ പലതാണ്. ശശി തന്റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടർ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗത്തുമുള്ള തന്റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്റെ കലങ്ങിയ മനസ്സിന് വിടർന്ന മിഴികളുള്ള സുന്ദരിമാർ അനുരാഗത്തെക്കാൾ സ്‌നേഹവർഷങ്ങൾ കൊണ്ടു മുടാറുണ്ട്. ക്ഷണനേരത്തെ ആ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനൽ രാവിലെ തന്നെ വീട്ടിലെത്തിയത്. അവർ തന്നെയാണ് കതകിൽ മുട്ടിയത്. ശശി കതക് തുറന്നു. മുന്നിൽ ചാനലുകാർ. അവർ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങൾ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവർ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെകുട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാർ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.
“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം.. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവർ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്” ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്റെ പണിതുടങ്ങി.
“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിര്‍ത്താതെ കരയുന്നത്?
ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ കരച്ചിൽ കണ്ടു കാണണം. അമ്മക്ക് മുറിയിൽ വരാൻ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയിൽ നിന്ന് പല പൊട്ടിത്തെറികളു൦, ശബ്തങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിത തൻ്റെ പരീക്ഷണ ശാലയിൽ കണ്ടത് കരച്ചിലാണ്. എല്ലാമോർത്തു് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ചാനലുകാര്‍ക്കും സങ്കടം വന്നു തുടങ്ങി. മിന്നൽപ്പിണർപോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞൻ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തുചെയ്യും. ശശിയുടെ കരച്ചിലിന്റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തിൽ സംഗീതമാക്കി. ചാനലുകാർ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോട് ചോദിച്ചു.
“സാറെ കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികൾ വല്ല പാരയും പണിതോ?
“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു.
“എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് ഉത്തരം കൊടുത്തു.
ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.
“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതർക്ക് തൊഴിൽ കിട്ടുന്നു. പാവങ്ങൾക്ക് തൊഴിൽ കിട്ടുന്നില്ല. പല പേരിൽ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാർ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതിൽ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?
”അത് മാത്രമല്ല ” അമർഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.
”ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മൾ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതിൽ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമെന്ന് വരാനിരിക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാൾ മതത്തെ സ്‌നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങൾ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പൊൾ കരച്ചിൽ വരുന്നു”
ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാർ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.
”ഞാന്‍ കരയുന്നത് ചിലപ്പോള്‍ എൻ്റെ മനസ്സിന്റ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി
തന്റെ വചനപ്രഘോഷണം ആരംഭിച്ചു.
”കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍കൊള്ളുന്ന അനേകായിരം ജീവികളിൽ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ-അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാതെ സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ശാസ്ത്ര രംഗത്തെ ശിഷ്യരെ താൻ കടിച്ചുകീറി. ഇപ്പോഴവർ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവർ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റികൊടുത്തതുപോലെ എല്ലാവരും മുപ്പതുവെള്ളിക്കാശിന് ഓരോന്നിനെ ഒറ്റികൊടുത്തു ജീവിക്കുന്നു”.
ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്‌നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോൾ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്റെ ദുഃഖമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കുവാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികൾ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പുനിറഞ്ഞിരിക്കുന്നു. അതിനാല്‍ ജീവന്റെ ഉപ്പിനെ തിരിച്ചറിഞ്ഞ ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാം പാപഭാരവും കരഞ്ഞു തീർക്കട്ടെ. ചാനലുകാർ പുറത്തിറങ്ങുമ്പോഴും ശശി തൻ്റെ നീണ്ട താടി മാറിമാറി തലോടികൊണ്ടിരിന്നു.
സൗദിയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മക്കക്കടുത്ത് ജുമൂമിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാര്‍ (49) ആണ് അപകടത്തില്‍ മരിച്ചത്.
അല്‍ശുഐബ റോഡില്‍ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ബിനോജ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിക്ക് തീപിടിക്കുകയും അതില്‍പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ മറ്റു രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച ബിനോജ് പതിമൂന്ന് വര്‍ഷമായി നാദക്ക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: അയ്യപ്പന്‍, മാതാവ്: ദാക്ഷായണി, ഭാര്യ: ഷില്‍ജ, മക്കള്‍: മിലന്ദ് കുമാര്‍, വിഷ്ണു. മക്ക കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.