മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകൻ നൗഫലാണ് (38) മരിച്ചത്.
ബിവറേജ് പൂട്ടിയതോടെ നൗഫൽ സ്ഥിരമായി ഷേവിംഗ് ലോഷൻ ഉപയോഗിച്ചിരുന്നതായാണ് സൂചന.ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ സലൂൺ ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കൾ: നാസിയ, നാസിക്, നൗറിൻ.
കേരളത്തില്‍ കൊറോണയുടെ സമൂഹപ്പകര്‍ച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി പ്രഖ്യാപനം. ദ്രുതപരിശോധനകളിലേക്ക് (Rapid testing) കടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൊറോണയുടെ സമൂഹവ്യാപനം തിരിച്ചറിയാന്‍ ഏകമാര്‍ഗം ടെസ്റ്റിങ്ങുകളുടെ അളവ് കൂട്ടുകയാണ്. ഈയാവശ്യം ലോകാരോഗ്യ സംഘടന പലതവണയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ റാപിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിക്കുകയും റാപിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതുവഴി സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിൽ ആറ് മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന് പകരം രക്തം പരിശോധിക്കും. ‘ഫാൾസ് പോസിറ്റീവ്’ ഫലത്തിന് സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന് ഇത് ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് റാപിഡ് ടെസ്‌റ്റ് ഉപയോഗിക്കുക.
റാപിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായ് കേരളം അപേക്ഷ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി ലാബ് എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധന ഉള്ളത്. അഞ്ച് സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
ഷാർജയിൽ നിന്നും നാട്ടിലെത്തി കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിയില്‍ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
പതിവ് പരിശോധനകൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലെത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അബ്ദുൾ ഖാദര്‍.
അതേസമയം, നീരീക്ഷണത്തിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി
കേരളത്തിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ അബ്ദുള്‍ ഖാദര്‍ അസ്വസ്ഥനായിരുന്നു എന്നും വിവരമുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൗൺസിലിങ്ങ് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്‌ക്, മലയാളം യുകെ.
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്ത് ഡോക്‌സ് സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണാ വൈറസ് സ്ഥിതീകരിച്ചു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് അഭിവന്ദ്യ മെത്രാപ്പോലീത്തയിപ്പോള്‍. അഭിവന്ദ്യ തിരുമേനിയുടെ സൗഖ്യത്തിനായി മലങ്കര സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അമേരിക്കയില്‍ 1,12,468 പേര്‍ക്കാണ് കോവിഡ്19 സ്ഥിതീകരിച്ചിരിക്കുന്നത്. അതില്‍ 46,108 കെയ്‌സുകളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ആകെ 1878 പേര്‍ മരണപ്പെട്ടപ്പോള്‍ അതില്‍ 828 പേരും മരിച്ചത് ന്യൂയോര്‍ക്കിലാണന്നുള്ളത് എടുത്ത് പറയേണ്ടതുണ്ട്.
ബ്രിട്ടണില്‍ ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 17301 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. 1019 പേര്‍ മരണത്തിന് കീഴടങ്ങി. മരണസംഖ്യ ക്രമാധീതമായി ഉയരുകയാണ്.
അതിർത്തി പാതകൾ അടച്ച് പഴവും പച്ചക്കറിയും അടക്കമുള്ള അവശ്യ സാധനങ്ങളുടെ കേരളത്തിലേക്കുള്ള നീക്കം തടസ്സപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും യെദിയൂരപ്പ സർക്കാർ കടുംപിടിത്തത്തിൽ തന്നെയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കർണാടകക്കാരനായ കേന്ദ്രമന്ത്രി സദാനനന്ദ ഗൗഡ ഇക്കാര്യവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം നൽകുന്ന സൂചനയും മറ്റൊന്നല്ല.
മൈസുരുവിൽ നിന്നും മാക്കൂട്ടം വഴി കേരളത്തിലേക്കുള്ള പാത ഒരുകാരണവശാലും തുറക്കുന്ന പ്രശ്‌നമില്ലെന്നും വേണമെങ്കിൽ മൈസുരു- ബാവലി, ചാമ്‌രാജ് നഗർ വഴിയുള്ള റോഡുകളിലൂടെ ഗതാഗതം അനുവദിക്കാം എന്നുമാണ് ഗൗഡ പറയുന്നത്. മാക്കൂട്ടം വഴിയുള്ള പാത തുറക്കാത്തതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത് അത് കരിഞ്ചന്തക്കാർ മാത്രം ഉപയോഗിക്കുന്ന പാതയാണെന്നാണ്. യെദിയൂരപ്പയുടെ തീരുമാനം ഇനിയും അറിവായിട്ടില്ല. ഗൗഡ പറഞ്ഞത് തന്നെയാകണം കർണാടക മുഖ്യന്റെയും നിലപാട്. പ്രധാനമന്ത്രിയിൽ നിന്നും ഇക്കാര്യത്തിൽ മറിച്ചൊരു നിർദ്ദേശം ഉണ്ടാകുമോയെന്നതും കണ്ടറിയുക തന്നെ വേണം.
ഇരിട്ടി കൂട്ടുപുഴയിലെ പാത ഇന്നലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കര്‍ണാടക അധികൃതര്‍ മണ്ണിട്ടടച്ചത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മാക്കൊട്ടത്തിനടുത്ത കൂട്ടുപുഴ അതിർത്തിയിൽ കേരള പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചതിനോടു ചേര്‍ന്നാണ് കര്‍ണാടകം മണ്ണിട്ട് വഴിയടച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിന്റെ അഭ്യർഥന പ്രകാരം കർണാടക പൊലീസ് പണി താൽകാലികമായി നിർത്തിയെങ്കിലും ഉന്നതതല തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി കുടക് കളക്ടര്‍ വഴങ്ങിയില്ല.
അതിര്‍ത്തി അടയ്ക്കുന്നത് വീണ്ടും തുടരുകയാണ് ഉണ്ടായത്. ഇതെത്തുടർന്നാണ് തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ചിട്ട നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് ഇതെന്നും ചരക്കു നീക്കം തടയില്ലെന്ന് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്ന വേളയിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിരുന്നതായും മുഖ്യമന്ത്രി തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനു തൊട്ടുപിന്നാലെയാണ് കൂട്ടുപുഴ പാത തുറക്കില്ലെന്ന കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച് കൊറോണക്കെതിരായ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കർണാടകം പോലുള്ള അതിർത്തി സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കർണാടകത്തിന്റെ ഈ അപ്രതീക്ഷിത നടപടി കനത്ത ആഘാതം തന്നെയാണ്. ഒരു ഭാഗത്ത് ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കി രാജ്യത്തിനാകമാനം മാതൃകയാകുന്ന ഒരു സംസ്ഥാനത്തോടാണ് പ്രധാനമന്ത്രിയുടെ തന്നെ പാർട്ടി ഭരിക്കുന്ന കർണാടകത്തിന്റെ വക കഞ്ഞികുടി മുട്ടിക്കുന്ന ഈ ഏർപ്പാട്.
അതും എല്ലാ ശത്രുതയും മറന്ന് കൊറോണ എന്ന വലിയ വിപത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോർക്കുന്ന വേളയിൽ. മന്ത്രി ഇ പി ജയരാജൻ ആരോപിച്ചതുപോലെ ഏതെങ്കിലും കുബുദ്ധികളുടെയോ വക്രബുദ്ധികളുടെയോ ഉപദേശം കേട്ടിട്ടാണോ യെദിയൂരപ്പ കേരളത്തോട് ഇത്ര വലിയ ദ്രോഹം പ്രവർത്തിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഏതോ കൊടിയ ശത്രുവിനോട് പെരുമാറുന്ന മട്ടിലാണ് യെദിയൂരപ്പയുടെ ഈ നീക്കം. ഒരു പക്ഷെ കേരളത്തോടുള്ള ഒരു യുദ്ധ പ്രഖ്യാപനം ആയിപ്പോലും ഇതിനെ കാണേണ്ടിയിരിക്കുന്നു.
കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ ബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നും ആ രണ്ടു സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണെന്നുമാണ് അതിർത്തി പാതകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു കർണാടക അധികൃതർ നൽകുന്ന വിശദീകരണം. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചു ഉൽകണ്ഠ ഉണ്ടാവുന്നത് വളരെ നല്ലതാണ്. എന്നാൽ കൊറോണ ബാധിച്ച ആളുകളുടെ സഞ്ചാരമല്ലല്ലോ ഇവിടുത്തെ പ്രശ്നം. കർണാടകത്തിൽ നിന്നുള്ള പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണല്ലോ. സാധങ്ങൾ കൊണ്ട് പോകുന്ന ഡ്രൈവർമാരും മറ്റും രോഗ ബാധിതർ അല്ലെന്നു ഉറപ്പു വരുത്തിയാൽ പരിഹരിക്കാവുന്ന ഒന്ന് മാത്രമല്ലേ ഇത്? ഇനി മഹാരാഷ്ട്രയെപ്പോലെ തന്നെ തുടക്കത്തിൽ അലസത കാട്ടിയ കർണാടകത്തിൽ അവിടെയുള്ളതിനേക്കാൾ രോഗികൾ ഇല്ലെന്നതിന് എന്താണ് ഉറപ്പ്? എന്തായാലും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
കർണാടക സർക്കാരിന്റെ കടുംപിടിത്തത്തെ വിമർശിക്കുമ്പോൾ തന്നെ നമ്മൾ കേരളീയർ കാണാതെ പോകാൻ പാടില്ലാത്ത ഒന്നുണ്ട്. എന്തിനും ഏതിനും, അത് പഴമായാലും പച്ചക്കറിയായാലും അരിയായാലും അവയൊന്നും ഇവിടെ കൃഷി ചെയ്യാതെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ ദുശ്ശീലം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വയലേലകൾ തരിശിടുകയോ അവിടെ വലിയ വീടുകളും ഷോപ്പിംഗ് മാളുകളും നിർമിക്കയോ അല്ലാതെ മലയാളി സ്വന്തം മണ്ണിൽ വിയർപ്പു വീഴ്ത്തിയിട്ടു കാലമെത്രയായി? വലിയ കൃഷിയിടങ്ങൾ തന്നെ വേണമെന്നില്ലല്ലോ, ചുരുങ്ങിയത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും കൃഷി ചെയ്യാൻ. അതിന് വീടിന്റെ ടെറസ് മാത്രം മതിയാകും എന്നറിയാമായിരുന്നിട്ടും മെനെക്കെടാൻ വയ്യാത്ത കുഴിമടിയന്മാർക്ക് ഇങ്ങനെയും ചില ശിക്ഷകൾ വന്നു ചേരും. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്ന് പറഞ്ഞതുപോലെ.
കടപ്പാട് : കെഎ ആന്റണി
‘നിങ്ങളുടെ ഭാവിയില്‍ നിന്ന്,’ എന്ന തലക്കെട്ടില്‍ സഹയൂറോപ്യന്‍ പൗരന്മാര്‍ക്ക് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി റോമില്‍ അടച്ചുപൂട്ടലില്‍ കഴിയുന്ന പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് ഫ്രാന്‍സെസ്‌ക മെലാന്‍ഡ്രി എഴുതിയ കത്ത്
‘ഞാന്‍ ഇറ്റിലിയില്‍ നിന്നാണ് നിങ്ങള്‍ക്ക് എഴുതുന്നത്. നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ എഴുതുന്നത് എന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഒരു സമാന്തര നൃത്തത്തില്‍ നമ്മളെല്ലാം ചുറ്റിപ്പിണഞ്ഞിരിക്കുന്നു എന്നാണ് പകര്‍ച്ചവ്യാധിയുടെ രേഖാചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.
വുഹാന്‍ നമ്മളില്‍ നിന്നും ഏതാനും ആഴ്ചകള്‍ മുന്നിലായിരുന്നു എന്നത് പോലെ തന്നെ സമയത്തിന്റെ പാതയില്‍ നിങ്ങളെക്കാള്‍ ഏതാനും ചുവട് മുന്നിലാണ് ഞങ്ങള്‍. ഞങ്ങള്‍ പെരുമാറിയത് പോലെ തന്നെ നിങ്ങള്‍ പെരുമാറുന്നത് ഞങ്ങള്‍ നിരീക്ഷിക്കുന്നു. കുറച്ച് സമയം മുമ്പ് ഞങ്ങള്‍ നടത്തിയ ‘അതൊരു പനി മാത്രമല്ലേ, എന്തിനാണ് ഇത്രയും പരിഭ്രമം?’ എന്ന് ഇപ്പോഴും ചോദിക്കുന്നവരും അതിനെ കുറിച്ച് ഇതിനകം മനസിലാക്കിയിട്ടുള്ളവരും തമ്മിലുള്ള അതേ വാദപ്രതിവാദം നിങ്ങളും തുടരുന്നു.
ഞങ്ങള്‍ ഇവിടെ നിന്നുകൊണ്ട്, നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍, നിങ്ങളുടെ വീടുകളില്‍ സ്വയം തളച്ചിടാന്‍ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍ നിങ്ങളില്‍ പലരും ഓര്‍വെല്ലിനെയും ചിലരെങ്കിലും ഹോബ്‌സിനെയും ഉദ്ധരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, താമസിയാതെ തന്നെ അതിന് പോലും നിങ്ങള്‍ക്ക് സമയമുണ്ടാവില്ല.
ആദ്യമായി, നിങ്ങള്‍ ഭക്ഷണം കഴിക്കും. നിങ്ങള്‍ അവസാനമായി ചെയ്യാന്‍ കഴിയുന്ന അപൂര്‍വം ചില കാര്യങ്ങളില്‍ ഒന്ന് മാത്രമായത് കൊണ്ടല്ല അത്.
നിങ്ങളുടെ ഒഴിവ് വേളകള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കുന്ന ഡസന്‍ കണക്കിന് സാമൂഹ്യ ശൃംഘല സംഘങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ അവയില്‍ അംഗമാകുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച് പൂര്‍ണമായും മറക്കുകയും ചെയ്യും.
നിങ്ങളുടെ പുസ്തകശേഖരത്തില്‍ നിന്നും മഹാദുരന്ത സംബന്ധിയായ പുസ്തകങ്ങള്‍ നിങ്ങള്‍ വലിച്ചെടുക്കും. പക്ഷെ നിങ്ങള്‍ക്ക് അവ വായിക്കാന്‍ തീരെ തോന്നുന്നില്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും.
നിങ്ങള്‍ ഭക്ഷണം കഴിക്കും. പക്ഷെ, നന്നായി ഉറങ്ങില്ല. ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കും.
തടസപ്പെടഞ്ഞുനിറുത്താനാവാത്ത ഒരു സാമൂഹ്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും. മെസഞ്ചറില്‍, വാട്ട്‌സ്ആപ്പില്‍, സ്‌കൈപ്പില്‍, സൂമില്‍…
മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നിങ്ങളുടെ മുതിര്‍ന്ന കുട്ടികളുടെ അഭാവം നിങ്ങള്‍ക്ക് അനുഭവപ്പെടും; അവരെ ഇനി എന്ന് കാണാന്‍ സാധിക്കും എന്ന് ഒരു ധാരണയുമില്ലെന്ന തിരിച്ചറിവ് നിങ്ങളുടെ നെഞ്ചില്‍ ഏല്‍ക്കുന്ന ഒരു ഇടിയായി മാറും.
പഴയ വിദ്വേഷങ്ങളും വഴക്കുകളും അപ്രസക്തമായി തീരും. ഇനിയൊരിക്കലും അവരോട് സംസാരിക്കില്ലെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്ത ആളുകളെ നിങ്ങള്‍ വിളിക്കുകയും ഇങ്ങനെ ചോദിക്കുകയും ചെയ്യും: ‘നിങ്ങള്‍ എങ്ങനെ പോകുന്നു?’
നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ വീട്ടില്‍ വച്ച് മര്‍ദ്ദനമേല്‍ക്കും.
ഭവനരഹിതരായതിനാല്‍ വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെടും. പുറത്ത് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി വിജനമായ തെരുവുകളിലൂടെ പോകുമ്പോള്‍, നിങ്ങള്‍ക്ക് പ്രത്യേകിച്ചും നിങ്ങളൊരു സ്ത്രീയാണെങ്കില്‍, അരക്ഷിതാവസ്ഥ അനുഭവപ്പെടും. സമൂഹത്തിന്റെ തകര്‍ച്ചയാണോ ഇതെന്ന് നിങ്ങള്‍ സ്വയം ചോദിക്കും. ഇത്രയും വേഗത്തില്‍ അത് സംഭവിക്കുമോ? ഇത്തരം ചിന്തകളെ നിങ്ങള്‍ക്ക് നിങ്ങള്‍ തടയിടുകയും വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ വീണ്ടും ഭക്ഷണം കഴിക്കുകയും ചെയ്യും.
നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. ശാരീരികക്ഷമതാ വ്യായാമങ്ങള്‍ക്കായി നിങ്ങള്‍ ഓണ്‍ലൈനില്‍ പരതും.
നിങ്ങള്‍ ചിരിക്കും. നിങ്ങള്‍ അനിയന്ത്രിതമായി ചിരിക്കും. നിങ്ങള്‍ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത രീതിയില്‍ ക്രൂരഫലിതങ്ങള്‍ ചമച്ചിറക്കും. എന്തിനെയും സഹഗൗരവത്തോടെ മാത്രം സമീപിച്ചിരുന്ന ആളുകള്‍ പോലും ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ, സര്‍വതിന്റെയും അസംബന്ധത്തെ കുറിച്ച് പര്യാലോചിക്കും.
കുറച്ച് സമയത്തേക്കെങ്കിലും സുഹൃത്തുക്കളെയും നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും നേരിട്ടു കാണുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ വരികളിലെ സ്ഥാനത്തിനായി നിങ്ങളെ നേരത്തെ ബുക്ക് ചെയ്യും. പക്ഷെ സാമൂഹ്യ അകലത്തിന്റെ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ടായിരിക്കും ഇത്.
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സകല കാര്യങ്ങളും നിങ്ങളുടെ പരിഗണനയില്‍ വരും.
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ യഥാര്‍ത്ഥ പ്രകൃതം നിങ്ങളുടെ മുന്നില്‍ പൂര്‍ണ വ്യക്തതയോടെ പ്രകാശിപ്പിക്കപ്പെടും. നിങ്ങള്‍ക്ക് സ്ഥിരീകരണങ്ങളും അത്ഭുതങ്ങളും അവ സമ്മാനിക്കും.
വാര്‍ത്തകളില്‍ സര്‍വ്യാപികളായിരുന്ന പണ്ഡിതക്കൂട്ടങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയും അവരുടെ അഭിപ്രായങ്ങള്‍ അപ്രസക്തങ്ങളായി തീരുകയും ചെയ്യും; ചിലര്‍ സഹാനുഭൂതിയുടെ കണിക പോലുമില്ലാത്ത യുക്തിവല്‍ക്കരണത്തില്‍ അഭയം തേടുകയും അതിനാല്‍ തന്നെ ജനങ്ങള്‍ അത് അവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. മറിച്ച്, നിങ്ങള്‍ അവഗണിച്ചിരുന്ന വ്യക്തികള്‍ ധൈര്യം പകരുന്നവരും മഹാമനസ്‌കരും വിശ്വസിക്കാവുന്നവരും പ്രയോഗികബുദ്ധിയുള്ളവരും അതീന്ദ്രിയജ്ഞാനികളുമായി തീരും.
ഈ കുഴപ്പങ്ങളെയെല്ലാം ഗ്രഹത്തിന്റെ പുനരുജ്ജീവനമത്തിനുള്ള അവസരമായി കാണാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നവര്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണാന്‍ നിങ്ങളെ സഹായിക്കും. അവര്‍ നിങ്ങളെ വല്ലാതെ ശല്യപ്പെടുത്തുന്നതായും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും: കൊള്ളാം കാര്‍ബണ്‍ വികിരണം പകുതിയായത് മൂലം ഗ്രഹം കൂടുതല്‍ നന്നായി ശ്വസിക്കുന്നുണ്ട്. പക്ഷെ അടുത്ത മാസത്തെ ബില്ലുകള്‍ നിങ്ങള്‍ എങ്ങനെ അടച്ചുതീര്‍ക്കും?
പുതിയൊരു ലോകം ജന്മം കൊള്ളുന്നത് വീക്ഷിക്കുക എന്നത് വളരെ ആഡംബരപൂര്‍ണമായ അല്ലെങ്കില്‍ ശോചനീയമായ ഒരിടപാടാണെന്ന് നിങ്ങള്‍ക്ക് മനസിലാവും.
നിങ്ങളുടെ ജനാലകളില്‍ നിന്നും പുല്‍ത്തകിടികളില്‍ നിന്നും നിങ്ങള്‍ പാട്ടുപാടും. ഞങ്ങള്‍ മട്ടുപ്പാവുകളില്‍ നിന്നും സംഗീതം പൊഴിച്ചപ്പോള്‍ ‘ഓ, ആ ഇറ്റലിക്കാര്‍,’ എന്ന് നിങ്ങള്‍ അത്ഭുതം കൂറി. പക്ഷെ നിങ്ങള്‍ പരസ്പരം ഉത്തേജിപ്പിക്കുന്ന പാട്ടുകള്‍ പാടുമെന്ന് ഞങ്ങള്‍ക്കറിയാം. ഞാന്‍ അതിജീവിക്കും എന്ന് നിങ്ങള്‍ ജനാലകളില്‍ നിന്നുകൊണ്ട് ഉറക്കെ അലറുമ്പോള്‍, കഴിഞ്ഞ ഫെബ്രുവരിയില്‍, തങ്ങളുടെ ജനാലകളില്‍ നിന്നുകൊണ്ട് പാട്ടുപാടിയ വുഹാനിലെ ജനങ്ങള്‍ ഞങ്ങളെ വീക്ഷിച്ച് തലയാട്ടിയത് പോലെ ഞങ്ങളും നിങ്ങളെ നോക്കി തലയാട്ടും.
അടച്ചുപൂട്ടല്‍ അവസാനിച്ചാലുടന്‍ താന്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം വിവാഹമോചനത്തിന് ഹര്‍ജി നല്‍കുക എന്നതായിരിക്കും എന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴും.
നിരവധി പേര്‍ ഗര്‍ഭം ധരിക്കപ്പെടും.
നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസം നേടും. അവര്‍ വലിയ ഉപദ്രവകാരികളായി മാറും; അവര്‍ നിങ്ങള്‍ക്ക് ആഹ്ലാദം പകരും.
വഴക്കാളികളായ കൗമാരക്കാരെ പോലെ പ്രായമായവര്‍ നിങ്ങളെ ധിക്കരിക്കും: പുറത്തേക്ക് പോകുന്നതില്‍ നിന്നും രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അവരുമായി വഴക്കുണ്ടാക്കേണ്ടി വരും.
അത്യാസന്ന വിഭാഗത്തിലെ ഏകാന്ത മരണത്തെ കുറിച്ച് ആലോചിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.
എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും കാലടികളില്‍ റോസാപ്പൂക്കള്‍ വിതറാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
ഈ സാമൂഹ്യ ഉദ്യമാങ്ങളില്‍ സമൂഹം ഒറ്റക്കെട്ടാണെന്നും നിങ്ങളെല്ലാം ഒരേ വള്ളത്തിലാണെന്നും നിങ്ങളെ ബോധ്യപ്പെടുത്തും. അത് സത്യമായിരിക്കും. ഒരു വിശാല ലോകത്തിന്റെ വ്യക്തിഗത ഭാഗമെന്ന നിലയില്‍ നിങ്ങളെ സ്വയം എങ്ങനെ മനസിലാക്കുന്നു എന്നതിനനുസരിച്ച് ഈ അനുഭവം ഗുണപരമായി മാറും.
എന്നാല്‍, വര്‍ഗ്ഗം എല്ലാ വ്യത്യാസങ്ങള്‍ക്കും കാരണമാകുന്നു. മനോഹരമായ പൂന്തോട്ടമുള്ള ഒരു വീട്ടില്‍ അല്ലെങ്കില്‍ ജനനിബിഢമായ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ പൂട്ടിയിടപ്പെടുന്നത് ഒരുപോലെയാവില്ല. അതുപോലെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നതും ഒരു പോലെയാവില്ല. മഹാമാരിയെ തടയുന്നതിനായി നിങ്ങള്‍ തുഴതുന്ന വള്ളം എല്ലാവര്‍ക്കും സമാനമാവില്ല അല്ലെങ്കില്‍ യഥാര്‍ത്തില്‍ എല്ലാവര്‍ക്കും സമാനാമായിരിക്കില്ല: അതൊരിക്കലും അങ്ങനെയായിരുന്നില്ല.
അത് കഠിനമാണെന്ന് ഏതെങ്കിലും ഒരു നിമിഷത്തില്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ ഭയചകിതരാവും. ഒന്നുകില്‍ നിങ്ങളുടെ ഭീതികള്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ പങ്കുവെക്കും അല്ലെങ്കില്‍ അവരെ കൂടി ആകുലരാക്കേണ്ട എന്ന് കരുതി അത് നിങ്ങളില്‍ തന്നെ ഒതുക്കി വയ്ക്കും.
നിങ്ങള്‍ വീണ്ടും ഭക്ഷണം കഴിക്കും.
ഞങ്ങള്‍ ഇറ്റലിയിലാണ്. നിങ്ങളുടെ ഭാവിയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്നത് ഇതാണ്. പക്ഷെ ഇത് ചെറിയ അളവിലുള്ള ഒരു ഭാഗ്യപ്രവചനമാണ്. ഞങ്ങള്‍ വിലക്കപ്പെട്ട പ്രവാചകരാണ്.
നിങ്ങള്‍ക്കും എന്തിന് ഞങ്ങള്‍ക്ക് പോലും അജ്ഞാതമായ ഭാവിയിലേക്ക്, കൂടുതല്‍ വിദൂരമായ ഭാവിയിലേക്ക് നമ്മള്‍ നോട്ടം തിരിക്കുമ്പോള്‍, ഇതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാന്‍ സാധിക്കുക: ഇതെല്ലാം കഴിയുമ്പോള്‍, ലോകം മറ്റൊന്നായിരിക്കും.
ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നാട്ടിലേയ്ക്ക് മടങ്ങാനായി തടിച്ചുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരെ, ഇന്ത്യന്‍ പൗരന്മാരെ വീടുകളിലേയ്ക്ക് മടങ്ങുന്നതില്‍ ഇത്തരത്തില്‍ യാതന അനുഭവിക്കാനും അനിശ്ചിതത്വത്തിലേയ്ക്കും വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം നേരിടാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിനില്ല എന്നത് ലജ്ജാകരമാണ്. ഇതിലൊരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടെങ്കില്‍ അത് നൂറുകണക്കിനാളുകള്‍ക്ക് പകരുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഹെഡ് ശ്രീവാസ്തവ, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് താഴെ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ ചെയിന്‍ റിയാക്ഷന്‍ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെത്തും. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും ശ്രീവാസ്തവ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശ്, ഡൽഹി സർക്കാരുകൾ തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി പബ്ലിക്ക് ട്രാൻസ്പോർട്ട് ബസുകൾ ഏർപ്പെടുത്തി. 1000 ബസുകളാണ് യുപി സർക്കാർ ഏർപ്പെടുത്തിയത്.
അതേസമയം ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ 2000ത്തിനടുത്ത് പേരെയാണ് ഇന്നലെ രാത്രി മുതൽ തടഞ്ഞത്. പ്രധാനമന്ത്രിക്ക് ജനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടായിരുന്നെങ്കില്‍, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതിന് പരമാവധി പബ്ലിസിറ്റി നേടാന്‍ നോക്കുന്നതിനേക്കാള്‍ വ്യക്തമായ പരിഹാര നിര്‍ദ്ദേശങ്ങളോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു അദ്ദേഹം ശ്രമിക്കുക എന്ന് ട്വിറ്ററില്‍ വിമര്‍ശനമുയര്‍ന്നു.
ഇന്നലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയില്‍ നിന്ന് യുപിയിലെ വീടുകളിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്തത്. യുപിയിലെ ഉന്നാവോയില്‍ 80 കിലോമീറ്റര്‍ ദൂരമാണ് തൊഴിലാളികള്‍ നടന്നത്. യുപിയിലെ ബുദ്വാനില്‍ വീടുകളിലേയ്ക്ക് മടങ്ങാനായി റോഡിലിറങ്ങി നടന്ന തൊഴിലാളികളെ പൊലീസ് മുട്ടുകുത്തിച്ച് നടത്തിയത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഗുജറാത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം വീടുകളിലേയ്ക്ക് കൂട്ടത്തോടെ കാല്‍നടയായി മടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് പറഞ്ഞ് പൊലീസ് തൊഴിലാളികളെ മര്‍ദ്ദിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. പശ്ചിമ ബംഗാളിലെ തൊഴിലാളികള്‍ പൊലീസ് മര്‍ദ്ദിക്കന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പരാതിപ്പെട്ടിരുന്നു. ഫാക്ടറി, കമ്പനി ഉടമകളും വീട്ടുടമകളും താമസിക്കുന്ന സ്ഥലത്ത നിന്ന് ഇറക്കിവിടുന്നതും വരുമാനം മുടങ്ങുന്നതുമാണ് മിക്കവാറും തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നതിന് കാരണം.
Out of work & facing an uncertain future, millions of our brothers & sisters across India are struggling to find their way back home. It’s shameful that we’ve allowed any Indian citizen to be treated this way & that the Govt had no contingency plans in place for this exodus. pic.twitter.com/sjHBFqyVZk
— Rahul Gandhi (@RahulGandhi) March 28, 2020
The government only cares when you can afford a plane ticket.
This is the state of the country right now.
Thousands of migrants at Anand Vihar Bus station trying to get home. #CoronaLockdown #MigrantsOnTheRoad #CitizensAboveCitizenship
pic.twitter.com/onHJ4HGrYZ— We The People of India (@ThePeopleOfIN) March 28, 2020
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവായതായി അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ കോവിഡ് ചികിൽസയിലായിരുന്ന വിദേശിയും ഇന്ന് സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഒരുലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
അഞ്ച് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും വിശദീകരിച്ചിരുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്‌ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.
ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്‌ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകുമെന്ന് എം.എ യൂസഫലിയും അഞ്ചു കോടി നൽകുമെന്ന് പ്രഖ്യാപിച്ച് രവി പിള്ളയും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒട്ടേറേ പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവിപിള്ള അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.