സ്പിരിച്വല് ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക ദേവാലയത്തില് പ്രാര്ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്ത്ഥനാ നിരതമായ ജീവിതമാണ് നയിച്ചിരുന്നത്. ദൈവീകമായ കാര്യങ്ങള് ധ്യാനിച്ചും വിശുദ്ധ ഗ്രന്ഥപഠനത്തിലും നിര്ദ്ദിഷ്ടമായ ജോലികള് നിര്വ്വഹിച്ചുമാണ് അവള് സമയം ചെലവഴിച്ചത്. നമ്മള് ദൈവ സേവനത്തില് എത്രമാത്രം തല്പരരാണെന്ന് ചിന്തിക്കേണ്ടതാണ്. ദൈവകല്പനകള് അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്റെ ചുമതലകള് അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്പ്പിച്ചിട്ടുള്ള ജോലികള് വിശ്വസ്തതാ പൂര്വ്വം നിര്വ്വഹിക്കുന്നതിലും നാം എത്രമാത്രം തല്പരരാണ്??
പ്രാര്ത്ഥന.
ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന് സകല ഗുണസമ്പൂര്ണ്ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള് അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്ക്ക് ശക്തി നല്കട്ടെ. ആകെയാല് ദിവ്യ ജനനീ, ഞങ്ങള് അങ്ങയുടെ സുകൃതങ്ങള് അനുകരിച്ചു കൊണ്ട് പരിപൂര്ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്ക്ക് നല്കേണമേ. സജീവമായ വിശ്വാസവും അചഞ്ചലമായ പ്രത്യാശയും തീഷ്ണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള് പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീതയെ അങ്ങ് പരിഹരിക്കണമേ..
സുകൃതജപം.
ദാവീദിന്റെ കോട്ടയായ മറിയമേ…
നാരകീയ ശക്തിയോടുള്ള പോരാട്ടത്തില് ഞങ്ങള്ക്ക് നീ അഭയമാകേണമേ…
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള് മലയാളികളുടെ അടുക്കളയില് വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില് തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്ഷിച്ച ഈ പംക്തിയില് ഇത്തവണയെത്തുന്നത് ബാംഗ്ളൂരില് സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില് കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര് ജില്ലയിലെ കുടിയാന്മലയില്. ഭര്ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില് ജോലി ചെയ്യുന്നു. മൂന്നു മക്കള്. എലിസബത്ത്, ജേക്കബ്ബ്, ജോണ്. മൂവരും സ്കൂള് വിദ്യാര്ത്ഥികളാണ്.
മലയാളികള്ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന് മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്പെഷ്യല്. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഉണക്ക ചെമ്മീന് മുരിങ്ങക്കോല് തക്കാളിക്ക കറി
ചേരുവകള്
ഉണക്ക ചെമ്മീന് 60g
വെളിച്ചെണ്ണ. 4 ടേബിള് സ്പൂണ്
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല് 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്പ്പൊടി അര ടീ സ്പൂണ്
മുളക് പൊടി ഒരു ടീ സ്പൂണ്
പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന് വെള്ളത്തില് നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്ത്ത് മിക്സിയില് നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്ചട്ടിയില് 2 ടേബിള് സ്പൂണ് വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച
മുരിങ്ങക്കോല്, മഞ്ഞള്പ്പൊടി, മുളക് പൊടി എന്നിവ ചേര്ത്ത് നന്നായി ഇളക്കുക. തുടര്ന്ന് ചേരുവകള്ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില് ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള് കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല് ഇപ്പോള് ഉണ്ണുന്നതിനെക്കാള് ഇരട്ടിചോറ് ഉണ്ണാന് സാധിക്കുമെന്ന് അനു പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് താമസിക്കുന്ന മലയാളി കുടുംബിനികള് സ്വയം പരീക്ഷിച്ച് ഞങ്ങള്ക്കായ്ച്ചുതന്ന നാടന് വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്ക്ക് ഈ സംരഭത്തില് പങ്കെടുക്കാന് ഞങ്ങള് അവസരമൊരുക്കുകയാണ്. നിങ്ങള് ചെയ്യേണ്ടത് ഇത്രമാത്രം.
നാടന് ഭക്ഷണത്തിന്റെ റെസീപ്പികള് നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്ക്ക് ഇമെയില് ചെയ്യുക.
Email [email protected]
എടത്വാ: ആലപ്പുഴ ഡവലപ്മെൻ്റ് റസ്പോൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.
എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ഐ: സിസിൽ ക്രിസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ആനി ഈപ്പൻ, അംഗങ്ങളായ തങ്കച്ചൻ ആശാം പറമ്പിൽ,
ശ്യാമള രാജൻ, ടി.ടി. ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ഹരീന്ദ്രനാഥ് തായംങ്കരി, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, സാനിച്ചൻ ആൻ്റണി ,ജീമോൻ ജോസഫ്, വിജയകുമാർ തായംങ്കരി , വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ സംബന്ധിച്ചു.
എടത്വാ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി ,മാവേലി സ്റ്റോർ ,റേഷൻ കടകൾ, ആയുർവേദ ആശുപത്രി, കൃഷി ഭവൻ, എ ടി എം മെഷിനുകൾ ,ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.
ചീഫ് കോർഡിനേറ്റർ പ്രേം സായി ഹരിദാസ്, കോർഡിനേറ്റർ ലിജു നിസാർ ,ജീജ ,ബിന്ദു ഹരിദാസ്, രതീഷ് ,വിജേഷ്, കൊച്ചുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പത്തി അഞ്ച് അംഗ സംഘമാണ് വിവിധ ഇടങ്ങളിലെ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.
ഇടുക്കിയുടെ പ്രഥമ മെത്രാനും കുടിയേറ്റ കർഷകരുടെ പ്രിയങ്കരനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തെ തുടർന്ന് ഫാദർ ജോസഫ് പൗവത്തിൽ എഴുതിയ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. മരണശേഷവും പിതാവിനെ അധിക്ഷേപിച്ചവർക്കുള്ള രൂക്ഷ വിമർശനങ്ങളാണ് ഫാദറിൻെറ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്.
ഫാദർ ജോസഫ് പൗവ്വത്തിലിൻെറ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണരൂപം
അഭിവന്ദ്യപിതാവേ വിട….
ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ
സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ
കാനാൻദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.
അശാന്തിയുടെ പോർക്കളത്തിന് നടുവിൽ
തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ
ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ ……
തനിയെ യാത്രയാവുന്നു.
ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദികശ്രേഷ്ഠൻ.
സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും , പങ്കുവയ്ക്കലിന്റെയും ,
പുത്തൻശീലുകൾ പകർന്നു നൽകി
ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ
നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ
ഈ പുതുതലമുറക്ക്
നന്മയുടെ ജീവിതശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ
മരണരഥത്തിൽ
ഇപ്പോൾ തനിച്ച് യാത്രയാവുന്നു.
1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.
2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ
സഹായി ആയി
എന്നെ നിയോഗിച്ചു.
അഭിവന്ദ്യ പിതാവിന്റെ
ആദ്യത്തെ റീജൻസിക്കാരൻ
എന്ന നിലയിൽ
എന്നോട് പ്രത്യേകപരിഗണന കാട്ടി.
ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ
പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും
എന്നെ ഏറെ സ്വാധീനിച്ചു.
2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.
3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും
തുടർന്നും പിതാവിന്റെ
സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.
ആരോടും പകയില്ലാതെ
ഉള്ള കാര്യങ്ങൾ
വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു.
തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ്
ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.
അഭിവന്ദ്യ പിതാവേ അങ്ങ്
ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.
അങ്ങയുടെ വാക്കുകൾ
രാഷ്ട്രീയകോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല ,
നാടിന്റെനന്മയാണ്
ആവശ്യമെന്ന്
അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി.
രാഷ്ട്രീയത്തിനും
മതത്തിനും
സമുദായത്തിനും
അപ്പുറത്ത്
മനുഷ്യനെമനുഷ്യനായി കാണാൻ,
സഹോദരനെ സഹോദരനായി കാണാൻ
അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……
അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ
രാഷ്ട്രീയതിമിരം
ബാധിച്ച അന്ധകാരശക്തികൾക്കു വേണ്ടി……
ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ
ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു.
മരണശേഷവും
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം.
കർഷകർക്കു വേണ്ടി
അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ
അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരുവശത്ത്.
* മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ.
ഒരു കാര്യം സത്യമാണ്.
ഈ കിട്ടിയ മൃഗീയ
* ഭൂരിപക്ഷത്തെക്കാൾ
കൂടുതൽ *ആളുകൾ
അങ്ങയുടെ *കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന
ഒരുകാലം സമീപത്തുണ്ട്.
*അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയകളികൾക്ക് നേതൃത്വം നൽകുന്ന
ഭരണപക്ഷംമറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക്
ആ അവകാശം നിഷേധിക്കപ്പെട്ടു.
ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.
മരിച്ചവരെ കാണരുത് എന്ന്
ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ.
അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് *അരമനകയറിനിരങ്ങിയ
ഒരു ജനപ്രതിനിധിക്കും
നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു.
*അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ
ഈ
*ജനപ്രതിനിധികൾ
ഇടിച്ചുകയറുമ്പോൾ
അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.
പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു.
അങ്ങ് സമാധാനത്തോടെ പോവുക.
അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച
ഒരു രാഷ്ട്രീയ നേതാക്കൻമാരും
അങ്ങയുടെ വിടവാങ്ങൽ യാത്രയിൽ
*മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ…
വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………
പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..
ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്.
ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാൻ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ.
കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മർദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശിശുമരണനിരക്ക് ഉയർന്ന രാജ്യങ്ങളിൽ ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗൺ, കർഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളെയാണു നേരിടേണ്ടി വരിക. കോവിഡ് ചികിത്സയ്ക്കു നിയോഗിക്കപ്പെടുന്നതിനാൽ ആരോഗ്യജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോർ പറയുന്നു. മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
തൻ്റെ സഹോദരനും പാലായിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വക്കേറ്റ് മാത്യൂസ് എം ശ്രാമ്പിക്കലിൻ്റെ നിര്യാണത്തിൽ പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ നന്ദി അറിയിച്ചു.
രണ്ടു മണിക്ക് ആരംഭിച്ച ശവസംസ്കാരച്ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥന നിർവഹിക്കുകയും പ്രസംഗിക്കുകയും ചെയ്തു .അതോടൊപ്പം പാലാ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആണ് ഇടവകപള്ളിയിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകിയത്.
തൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടും മറ്റ് മെത്രാന്മാരോടും പുരോഹിതന്മാരോടും അല്മയരോടും ഉള്ള നന്ദിയും കടപ്പാടും മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു.
മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദർശൻ. ഇതിനോടകം 94 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹമാണ് മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും ഒരുക്കിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് മലയാളത്തിലെ മോഹൻലാൽ- പ്രിയദർശൻ ജോഡി എന്നതും ശ്രദ്ധേയമാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകൻ എന്ന റെക്കോർഡും കൈവശമുള്ള പ്രിയദർശൻ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും സിനിമകളൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ഹംഗാമ 2 എന്ന ഹിന്ദി ചിത്രമൊരുക്കുന്ന പ്രിയദർശൻ അടുത്തതായി ചെയ്യന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് വേണ്ടിയൊരു ചിത്രമാണ്.
എന്നാൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്നങ്ങൾ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രവും അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രവുമാണ്. ഇപ്പോൾ കേസിൽ കിടക്കുന്ന രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർന്നാൽ ആ പ്രൊജക്റ്റ് പ്രിയദർശൻ ഏറ്റെടുക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. തനിക്കു എം ടിയുടെ രചനയിൽ ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതൊരിക്കലും രണ്ടാമൂഴം പോലെയൊരു ബ്രഹ്മാണ്ഡ ചിത്രമല്ല എന്നുമാണ് പ്രിയൻ പറയുന്നത്. കാഞ്ചിവരം പോലത്തെ ഒരു ചെറിയ റിയലിസ്റ്റിക് ചിത്രമൊരുക്കാനാണ് എം ടിയുമായിഒന്നിക്കുമ്പോൾ താൽപര്യമെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വെളിപ്പെടുത്തി. നേരത്തെ രണ്ടു മൂന്നു ചിത്രങ്ങൾ തങ്ങൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും മറ്റു ചില നിര്ഭാഗ്യകരമായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതു കൊണ്ട് ആ പ്രൊജെക്ടുകൾ നടന്നില്ല എന്നും അതുകൊണ്ട് തന്നെ താനിപ്പോൾ ഒന്നും നേരത്തെ പ്ലാൻ ചെയ്തു ചെയ്യാൻ ശ്രമിക്കാറില്ലായെന്നും അദ്ദേഹം വിശദീകരിച്ചു.
ഷാറൂഖ് ഖാന് നിര്മ്മിക്കുന്ന വെബ് സിരീസ് ബേതാള് ട്രെയിലര് പുറത്തുവിട്ടു. നെറ്റ്ഫ്ളിക്സുമായി സഹകരിച്ച് റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് നിര്മ്മിച്ച ചിത്രമാണ്. സോംബി ത്രില്ലര് വിഭാഗത്തില്പ്പെട്ട ചിത്രമാണിത്. ഭയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവിട്ടത്.
ഈ മാസം 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂര ഗ്രാമമാണ് പശ്ചാത്തലം. ദുരൂഹസാഹചര്യത്തില് ഒരുകൂട്ടം ആളുകള് മരണപ്പെടുന്നു.
കാസര്കോട് രണ്ടുപേര് കൂടി രോഗമുക്തി നേടിയതോടെ ജില്ലയില് ചികില്സയിലുളളത് ഇനി ഒരാള് മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത കാസര്കോട് ജില്ലയില് 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള് കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.
കോവിഡ് പ്രതിരോധത്തില് കേന്ദ്രസര്ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്കോട് ഇനി ചികില്സയിലുളളത് ഒരാള് മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില് 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്സയിലുളളത്. മാര്ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില് 178പേര്ക്കാണ് ജില്ലയില് രോഗം സ്ഥിരീകരിച്ചത്. ഇതില് 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില് ഇപ്പോഴത് ആയിരത്തില് താഴയെത്തി. ലോക്ക് ഡൗണ് നിയന്ത്രണങ്ങള് കര്ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്കോട് ജില്ലയില് ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള് ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള് കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്സയിലും ജില്ല മുന്നിട്ട് നിന്നു.
പരിമിതമായ സൗകര്യത്തില് 89പേരെയാണ് കാസര്കോട് ജനറല് ആശുപത്രിയില് ചികില്സിച്ചത്. നാല് ദിവസം കൊണ്ട് കാസര്കോട് മെഡിക്കല് കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.
ലോക്ക് ഡൗണ് വിലക്കുകള് ലംഘിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തില് ബിജെപി നേതാവ് ഉള്പ്പടെ 5പേര് അറസ്റ്റില്. തൃശ്ശൂര് എരുമപ്പെട്ടിക്ക് സമീപമാണ് സംഭവം.
ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന് ഉള്പ്പടെ നാലുപേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ് നിയന്ത്രണങ്ങള് ലംഘിച്ച് ഭാഗവത പാരായണം നടത്തിയത്. ചടങ്ങില് 100ഓളം പേരാണ് പങ്കെടുത്തതെന്ന് പോലീസ് പറയുന്നു.
ആര്എസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള് ചിതറിയോടുകയും ചെയ്തു. ലോക്ക്ഡൗണ് നിയന്ത്രണങ്ങള് ലംഘിച്ചുകൊണ്ട് ആളുകള് കൂടിയതിന്റെ അടിസ്ഥാനത്തില് പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗണ് ഏര്പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില് നിത്യവും പൂജ നടത്തിയിരുന്നു. ഇവിടെയാണ് ഭാഗവത പാരായണം നടത്തിയത്.