കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.
രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മാർച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ലോക്ക് ഡൗണിനിടെ അതിർത്തിയിൽ പൊലീസ് തടഞ്ഞയാൾ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ദുരന്തം. കർണാടകത്തിലെ ബീജാപൂരിലാണ് സംഭവം.
ബീജാപൂർ-ബാഗൽകോട്ട് ജില്ലകൾക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാൾ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റർ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിർത്തി ഗ്രാമത്തിലാണ് കെഎസ്ആർടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകൾ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തിൽ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല.
ഒടുവിൽ ഭാര്യയെയും കുഞ്ഞിനെയും അതിർത്തി കടന്ന് നടന്നുപോകാൻ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മർദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.
ബ്രസീലിൽ യാനോ മാമി ആദിവാസി ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് മരണം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 15 കാരനാണ് മരിച്ചത്. വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനെയാണ് വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.
ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നഗരമേഖലയില്‍ താമസിച്ചിരുന്ന രണ്ട് പേര്‍ ഇതിന് മുന്‍പ് കൊവിഡ് 19 ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ നദിക്കരയില്‍ കൊളംബിയയ്ക്കും പൊറുവിനും സമീപത്തായി താമസിക്കുന്ന കൊകാമ ഗോത്രത്തിലുള്ളവര്‍ക്ക് രോഗബാധയുള്ളതായാണ് സംശയിക്കുന്നത്. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയോടെ 18176 കൊവിഡ് 19 കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മരണസംഖ്യ രണ്ടിരട്ടി വര്‍ധിച്ച് 957 ആയെന്നാണ് ബ്രസീലിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം. മോദി ട്വീറ്റ് ചെയ്തു.
Lord Christ devoted his life to serving others. His courage and righteousness stand out and so does his sense of justice.
On Good Friday, we remember Lord Christ and his commitment to truth, service and justice.
— Narendra Modi (@narendramodi) April 10, 2020
ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെത്തിച്ച മൂന്ന് ടൺ പഴകിയ മത്സ്യം പിടികൂടി. ഏറ്റുമാനൂരിലെ മൊത്തവ്യാപാരിക്കായി കന്യാകുമാരിയിൽ നിന്ന് രണ്ടര ടൺ പഴകിയ മീനാണ് എത്തിച്ചത്. വൈക്കത്ത് പിടികൂടിയ എഴുനൂറ് കിലോ മീൻ വ്യാപാരികൾക്ക് വിട്ട് നൽകാനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്റെ നിർദേശം വിവാദമായി.
ഗാന്ധിനഗറിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് രണ്ടര ടൺ പഴകിയ മീൻ പിടിച്ചത്. കന്യാകുമാരിയിൽ നിന്ന് മീനുമായെത്തിയ ലോറിയിൽ ശീതീകരണ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് ശേഖരിച്ച ഐസ് ലോറിയിൽ നിറയ്ക്കുന്നതിനിടെയാണ് ഉദ്യാഗസ്ഥർ പരിശോധനയ്ക്കെത്തിയത്. മാസങ്ങളോളം പഴക്കമുള്ള മൽസ്യം അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് ലോറിയിൽ കയറ്റിയതെന്നു ഡ്രൈവർ പറഞ്ഞു. പൊലീസ്, ആരോഗ്യ വകുപ്പ്, നഗരസഭ അധികൃതർ സംയുക്തമായാണ് പരിശോധന നടത്തിയത്. വൈക്കം കോവിലകത്തും കടവ് മാർക്കറ്റിൽ നിന്നാണ് 700 കിലോ മീൻ പിടിച്ചത്. മതിയായ രേഖകളില്ലാതെയാണ് മീൻ എത്തിച്ചത്.
മീൻ പിടിച്ചെടുക്കാൻ തുടങ്ങിയതോടെ കച്ചവടക്കാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. ഫോർമാലിനുണ്ടോ എന്ന് മാത്രം പരിശോധിച്ച് മീൻ വ്യാപാരികൾക്ക് വിട്ടുനൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി. ഇതോടെ മീൻ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. റിനി മരിയ മാനുവൽ, ഭക്ഷ്യ സുരക്ഷാ വകുപ്പ്ഒരാഴ്ചക്കിടെ ജില്ലയിൽ 20 ടണ്ണിലേറെ പഴകിയ മീനാണ് പിടികൂടിയത്.
ലോക്ഡൗണ്‍ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നഞ്ചമ്മയ്ക്കും പെന്‍ഷന്‍ പണം വീട്ടിലെത്തി. ആ സന്തോഷവും നഞ്ചമ്മ പങ്കിട്ടത് പാട്ട് പാടികൊണ്ടാണ്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേഝിലൂടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”ക്ഷേമ പെന്‍ഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്,”
”ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”
”പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍,” തോമസ് ഐസക് കുറിക്കുന്നു.
വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് നിയന്ത്രണരേഖയിലെ കെരാന്‍ സെക്ടറില്‍ പാകിസ്താന്‍ ആര്‍മിയുടെ ആയുധകേന്ദ്രം ആക്രമിച്ചതായി ഇന്ത്യന്‍ ആര്‍മി. ബൊഫോഴ്‌സ് പീരങ്കികള്‍ കൊണ്ടാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ ദുരിതമനുഭവിക്കുന്നതിനിടെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം. കുപ്വാരയില്‍ അഞ്ച് സ്‌പെഷല്‍ ഫോഴ്‌സ് സൈനികര്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് ഇന്ത്യയുടെ പ്രത്യാക്രമണം. പാക്ക് സേനാകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ടു. ഡ്രോണ്‍ ക്യാമറയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന ഭീകര കേന്ദ്രങ്ങളും അമ്മ്യൂണിഷന്‍ ഡംപും ഗണ്‍ പൊസിഷനുകളും ലക്ഷ്യം വച്ചതായി ഇന്ത്യന്‍ ആര്‍മി അറിയിച്ചു.
ലോകത്താകെ കൊവിഡ് 19 മൂലമുള്ള മരണം ഒരു ലക്ഷം കടന്നു. 1,00,166 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 1,639,763 കൊവിഡ് കേസുകളാണ് ഇതുവരെ ലോകത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 3,69,017 പേര്‍ക്ക് അസുഖം ഭേദമായി. യുഎസില്‍ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേയ്ക്കടുക്കുകയാണ്. ഇതുവരെ രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഒരേയൊരു രാജ്യം യുഎസ് ആണ്. 17909 പേര്‍ ഇതുവരെ യുഎസില്‍ കൊവിഡ് മൂലം മരിച്ചു. 1218 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 9378 കേസുകളും. 26094 പേര്‍ക്കാണ് ഇതുവരെ അസുഖം ഭേദമായത്.
മരണസംഖ്യയില്‍ ഇറ്റലി തന്നെയാണ് മുന്നില്‍. യുഎസ് രണ്ടാമതും. ഇറ്റലിയില്‍ ഇതുവരെ 18849 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3951 കേസുകള്‍ പുതുതായി വന്നു. 570 മരണങ്ങളും. 30,455 പേര്‍ രോഗമുക്തി നേടി. 1,47,577 കേസുകളാണ് ഇതുവരെ വന്നത്. സ്‌പെയിനില്‍ 15,970 പേരാണ് ഇതുവരെ മരിച്ചത്. 1,57,053 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3831 കേസുകള്‍ പുതുതായി വന്നു. 523 മരണങ്ങളും. 55,668 പേര്‍ സുഖം പ്രാപിച്ചു.
ഫ്രാന്‍സില്‍ 12210 പേര്‍ മരിച്ചു. യുകെയില്‍ 8931 പേരും ഇറാനില്‍ 4232 പേരും ചൈനയില്‍ 3336 പേരും ഇതുവരെ മരിച്ചു. ചൈനയില്‍ പുതുതായി ഒരു മരണവും 42 കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെല്‍ജിയത്തില്‍ മരണം 3000 കടന്നു. നെതര്‍ലാന്‍ഡ്‌സിലും ജര്‍മ്മനിയിലും 2000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലും 1000ലധികം പേര്‍ മരിച്ചു.
കോവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക പോലീസ് എന്ന് അവകാശപ്പെടുന്ന അമേരിക്ക. അമേരിക്കയിലെ ദുരവസ്ഥ പറയുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സിന്‍സി അനില്‍ പറയുന്നു
സിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ… അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു….
അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ …ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്…
അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്… ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി… ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ…
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു…
ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു…ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട് ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല…
സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്…ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി… കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക…ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു…
എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്….വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്… .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല…അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും…ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു… 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല… ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..
ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട… കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല…ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും…. അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും… intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും…പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ….
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്…എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല… എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു…ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ…ഞാൻ മാത്രം… കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ…. അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..
Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു… അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്…അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു…
ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്‍റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ…