Latest News

പ്രാരാബ്ധങ്ങളെ പൊതുതിത്തോൽപ്പിച്ചു കൊണ്ട് ശ്രീധന്യ കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ, കടന്നുവന്ന വഴികളുടെ കഷ്ടപ്പാട് വ്യക്തമാക്കുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യയെ വീട്ടിെലത്തി സന്ദർശിച്ചൊരു സെലിബ്രിറ്റി ഉണ്ട്. ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ അതിനുള്ള മാർഗവും കണ്ടെത്തി. കുട്ടികൾക്ക് കിടക്കാൻ കട്ടിലും സാധനങ്ങൾ വയ്ക്കാൻ അലമാരയും അദ്ദേഹം നൽകുകയുണ്ടായി. മറ്റാരുമല്ല നടൻ സന്തോഷ് പണ്ഡിറ്റ് ആണ് അന്ന് വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ ഭവനത്തിലെത്തി സഹായം നൽകിയത്.

ശ്രീധന്യ അസിസ്റ്റന്റ് കലക്ടർ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ ആ വിഡിയോയും സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകിയ ശേഷമാണ് താരം മടങ്ങിയത്. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്താണ് ഉടൻ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നൽകിയത്. ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നൽകിയെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ആവശ്യം പറഞ്ഞപ്പോൾ തന്നെ, അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛൻ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദർശിക്കുന്ന വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

ഇന്ത്യന്‍ ടീമില്‍ സ്ഥിര സാനിധ്യമല്ലെങ്കിലും മലയാളി താരം സഞ്ജു വി. സാംസണ്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ത ബാറ്റ്സ്മാനാണ്. ഐപിഎലില്‍ സഹതാരങ്ങളുമായി നല്ല ബന്ധവും താരത്തിനുണ്ട്. ഇപ്പോള്‍ ഓസീസ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തുമായുള്ള രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സഞ്ജു.

സ്മിത്തിനെ ‘ചാച്ചു’ എന്നാണ് താന്‍ വിളിക്കുന്നതെന്നും സ്മിത്ത് തിരിച്ച് വിളിക്കുന്നതും അതുതന്നെയാണെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഈ പേര് വന്ന സംഭവവും സഞ്ജു വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ കണ്‍സല്‍റ്റന്റ് ഇഷ് സോധിയുമൊത്തുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ”ബ്രാഡ് ഹോഡ്ജാണ് ഇത് തുടങ്ങിയത്. അദ്ദേഹമാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഡ്ജി പോയതിനു ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചു തുടങ്ങി. തിരിച്ച് സ്മിത്തും എന്നെ ചാച്ചു എന്നാണ് വിളിക്കുന്നത്. ആ പേര് പരസ്പരം വിളിക്കുന്നത് ഞങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്”- സഞ്ജു പറയുന്നു. സ്മിത്തുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ മാതൃകയാക്കിയാണ് താനും പരാജയങ്ങളെ അംഗീകരിക്കാന്‍ പഠിച്ചതെന്ന് സഞ്ജു പറയുന്നു. കഴിവ് മനസ്സിലാക്കാനും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനും പഠിച്ചെന്നും ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹിതയായ കാമുകിയെ കണ്ടത് വിവാദമായതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന കോവിഡ് ഉപദേഷ്ടാവും മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ധനുമായ പ്രൊഫ.നീല്‍ ഫെര്‍ഗൂസണ്‍ രാജി വച്ചു. ടെലിഗ്രാഫ് പത്രമാണ് കോവിഡ് ഉപദേഷ്ടാവിന്റെ ലോക്ക് ഡൗണ്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. യുകെ ഗവണ്‍മെന്റിന്റെ സ്റ്റേ അറ്റ് ഹോം സ്ട്രാറ്റജി പ്രധാനമായും മുന്നോട്ടുവച്ചത് നീല്‍ ഫെര്‍ഗൂസണ്‍ ആണ്. സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (എസ് എ ജി ഇ) അംഗമാണ്. കോറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനപങ്കാണ് സേജിനുള്ളത്.

രണ്ട് തവണയാണ് സാമൂഹിക അകലം സ്ംബന്ധിച്ച കോവിഡ് വ്യവസ്ഥകള്‍ ലംഘിച്ച് കാമുകി, ഫെര്‍ഗൂസന്റെ വീട്ടിലെത്തിയത് എന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് പ്രൊഫ.ഫെര്‍ഗൂസണ്‍ സിഎന്‍എന്നിനോട് പറഞ്ഞു. സേജില്‍ നിന്ന് ഫെര്‍ഗൂസണ്‍ പിന്മാറി. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് എല്ലാവരേയും സംരക്ഷിക്കാനാണ്. സാമൂഹിക അകലം സംബന്ധിച്ച സന്ദേശങ്ങളെ അവഗണിച്ചതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. രോഗലക്ഷണങ്ങളൈ തുടര്‍ന്ന് രണ്ടാഴ്ച ക്വാറന്റൈന്‍ ചെയ്തിരുന്നതായും നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു.

സംസ്ഥാനത്ത് മേയ് 13 മുതൽ കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് ചെത്താന്‍ തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്. മറ്റ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. മദ്യശാലകള്‍ സ്ഥിരമായി അടച്ചിടുക എന്ന നയം സര്‍ക്കാരിനില്ല. അതേസമയം നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോളുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇതെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം – മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മേയ് നാല് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ മാർഗരേഖ, കണ്ടെയ്ൻമെൻ്റ് സോണുകളിലൊഴികെ എല്ലാം സോണുകളിലും മദ്യവിൽപ്പന ശാലകൾക്ക് അനുമതി നൽകിയിരുന്നു. അതേസമയം ബാറുകൾക്ക് മേയ് 17 വരെ കേന്ദ്രം അനുമതി നൽകിയിട്ടില്ല. മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് മിക്കവാറും സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന തുടങ്ങുകയും മഹാരാഷ്ട്രയിലും ഡൽഹിയിലും മറ്റും ശാരീരിക അകലം സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തി മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കുണ്ടാവുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയം അടക്കം എട്ട് ജില്ലകളിൽ കോവിഡ് രോഗികളില്ല. ആലപ്പുഴയും തിരുവനന്തപുരവും കോവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. കോട്ടയത്ത് ആറ് പേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 30 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 502 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

14670 പേർ നിരീക്ഷണത്തിലാണ്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ ജില്ലയിൽ 18 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് നിലവിൽ രോഗികളുള്ളത്. കാസറഗോഡ് 3, കണ്ണൂര്‍ 18, വയനാട് 4, പാലക്കാട് 1, ഇടുക്കി 1, കൊല്ലം 3 എന്നിങ്ങനെയാണ്. 1154 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകളില്‍ 2147 എണ്ണം നെഗറ്റീവ് ആണ്.

 

കോവിഡ് ലോക്ക് ഡൗണ്‍ മൂലം മുടങ്ങിയ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ നടത്തും. പരീക്ഷകൾ പൂർത്തിയാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ക്ലാസുകൾ നടത്തും. ഓൺലൈനിലും മൊബൈലിലും ഇത് ലഭ്യമാക്കും. വിക്ടേഴ്സ് ചാനൽ നൽകുന്നുണ്ടെന്ന് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ഡിടിഎച്ച് സേവനദാതാക്കളും ഉറപ്പുവരുത്തണം. ഈ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി തുടങ്ങിയിരുന്നു. ഇത് പൂര്‍ത്തിയാക്കും.

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടുത്തം ഉണ്ടായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരെ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് സംഭവ സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നല്‍കി.

ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി 9.04 ന് അബ്കോ ടവറിന്റെ പത്താം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മുകളിലേക്ക് തീ പടരുകയായിരുന്നു. 49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ 38 നിലകളില്‍ താമസക്കാരുണ്ട്. ഇവരെ ഉടന്‍ തന്നെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു.

 

വലിയ തുക കൈയ്യിൽ നിന്നും വീണുപോയതോടെ അത് ഇനി തിരിച്ച് കിട്ടില്ലെന്ന് കരുതി വിഷമിച്ച ഓട്ടോ ഡ്രൈവർക്ക് തുണയായി ‘കൊവിഡ് ഭീതി’. മനഃപൂർവ്വം കൊവിഡ് പരത്താനായി ആരോ പണം റോഡിൽ ഉപേക്ഷിച്ചതാണെന്ന് തെറ്റിദ്ധരിച്ച ജനക്കൂട്ടം പണം തൊട്ടുപോലും നോക്കാതെ മാറി നിൽക്കുകയായിരുന്നു. ഇതാണ് ഓട്ടോ ഡ്രൈവർക്ക് തുണയായത്. ബീഹാറിലെ ഓട്ടോഡ്രൈവറായ ഗജേന്ദ്ര ഷായ്ക്കാണ് കൊവിഡ് ഭയം അനുഗ്രഹമായത്. ആളുകൾ നോട്ടിൽ തൊടാൻ മടിച്ചപ്പോൾ ഷായ്ക്ക് തന്റെ നഷ്ടമായ 20,500 രൂപ തിരികെ കിട്ടി.

മഹുവ ബസാറിലേക്ക് ടിൻ ഷെഡ് വാങ്ങാനായി ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് 25,000 രൂപയുമായി ഷാ പുറപ്പെട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പാണ് 29 കാരനായ ഗജേന്ദ്ര തന്റെ പോക്കറ്റിൽ നിന്ന് 25000 രൂപയുടെ ഒരു ഭാഗം നഷ്മായതായി അറിയുന്നത്. ചവയ്ക്കാനായി പുകയില പോക്കറ്റിൽ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടത്. പക്ഷെ എവിടെവച്ചാണ് അത് സംഭവിച്ചതെന്ന് ഓർമ്മയില്ലാത്തതിനാൽ ഓട്ടോയിൽ നിന്ന് ഇറങ്ങി പണം തേടി ഏതാനും കിലോമീറ്ററുകൾ പിന്നോട്ട് നടന്നെന്നും ഗജേന്ദ്ര പറഞ്ഞു.

പക്ഷേ പണം ലഭിക്കാത്തതിനെ തുടർന്ന് ഗജേന്ദ്ര വീട്ടിലേക്ക് മടങ്ങി. പിന്നീട് അയൽക്കാർ പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ഒരു വാർത്ത ഗജേന്ദ്ര അറിഞ്ഞത്. കൊറോണ വൈറസ് പ്രചരിപ്പിക്കാൻ ഉപേക്ഷിച്ച നോട്ടുകൾ ഉദകിഷ്ഗഞ്ച് പോലീസ് കണ്ടെടുത്തു എന്നായിരുന്നു ആ വാർത്ത. കൊവിഡ് 19 ഭയന്ന് ആളുകൾ പണത്തിൽ തൊടാൻ തയ്യാറായിരുന്നില്ല. നാട്ടുകാർ പോലീസിനെ വിവരംഅറിയിക്കുകയായിരുന്നു. പോലീസെത്തി മുഴുവൻ തുകയും കണ്ടെടുത്തു.

നോട്ടുകളിലൂടെ കൊറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി റോഡിൽ കിടക്കുന്ന പണത്തെക്കുറിച്ച് അറിയിക്കാൻ രാവിലെ 7.30 ഓടെ തനിക്ക് കുറച്ച് കോളുകൾ ലഭിച്ചതായി ഉദകിഷ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശശി ഭൂഷൺ സിങ് പറയുന്നു. പിന്നീടാണ് വിവരമറിഞ്ഞ് രാവിലെ പത്ത് മണിയോടെ ഗജേന്ദ്ര സാക്ഷികളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇയാളുടെ അവകാശവാദം പോലീസ് പരിശോധിക്കുകയും രേഖാമൂലം സമർപ്പിക്കാൻ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പോലീസ് പണം അയാൾക്ക് കൈമാറിയെന്ന് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം എവറസ്റ്റ് കൊടുമുടി ബിഹാറിലെ ഒരു ഗ്രാമത്തില്‍ ദൃശ്യമായിരിക്കുകയാണ്.

ബിഹാറിലെ സിങ്ഖ് വാഹിനി ഗ്രാമത്തിലാണ് മൗണ്ട് എവറസ്റ്റ് കാഴ്ച ദൃശ്യമായത്. വായുമലിനീകരണം കുറഞ്ഞതാണ് ഇതിന് കാരണം. ഐഎഫ്എസ് ഓഫീസറായ പ്രവീണ്‍ കസവാന്‍ ഈ മനോഹരമായ കാഴ്ച തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ മലിനീകരണം കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ നിന്നും ധൗലധര്‍ കണ്ടതും ഉത്തര്‍പ്രദേശിലെ സഹരാന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകളെ കണ്ടതും ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയതും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂബ്ലി നദിയില്‍ ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ തിരിച്ചെത്തിയതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

 

ഭർത്താവിന്റേയും മൂത്തമകളുടേയും മുഖം അവസാനമായി ഒരു നോക്കു കാണാൻ നിറവയറുമായി പ്രസവ വാർഡിൽ നിന്നും വീട്ടിലേക്കു വന്ന ഒരു വീട്ടമ്മയുടെ ദുരന്തം. സഹതപിക്കാനോ സ്വന്തനിപ്പിക്കാനോ കഴിയാതെ ഒരു ഗ്രാമം വിറങ്ങലിച്ചു നിന്ന നിമിഷം .മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റി അർധബോധാവസ്ഥയിൽ ഇരിക്കുന്ന രേവതിയുടെ അവസ്ഥ കണ്ട് ഒരു നാടാകെ വിങ്ങിപ്പൊട്ടി. നിറവയറിൽ കൈകൾ ചേർത്തുവച്ച് പരിതപിച്ച രേവതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവരുടെ അമ്മയും കണ്ണീർ മറയ്ക്കാൻ പാടുപെട്ടു.

ദേശീയപാതയിൽ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷിന്റെയും (35), മകൾ അർച്ചനയുടെയും (എട്ട്)സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആശുപത്രിയിൽനിന്ന് രേവതി വീട്ടിലേക്ക് മടങ്ങിയത്.

ഭർത്താവിന്റെയും മകളുടെയും മരണവാർത്ത രേവതിയെ അറിയിച്ചിരുന്നില്ല. അപകടത്തിൽ പരിക്കുപറ്റി എന്നുമാത്രമാണ് അറിയിച്ചിരുന്നത്. ഇരുവരും വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിക്ക് പ്രഹരമാവുകയായിരുന്നു മിനിറ്റുകൾക്കകം ഭർത്താവ് മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്കെത്തിച്ച സംഭവവും.

രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂർ ഇഎസ്‌ഐസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം.

ഇരുവരുടെയും മരണത്തെ തുടർന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകൾ നൽകിയില്ല. ചൊവ്വാഴ്ച രാവിലെയോടെ രേവതിയെ മജേഷിനും മകൾക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാൽ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ ഉച്ചയ്ക്ക് 1.50ഓടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം രേവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.

കോവിഡ് 19 നിർദേശങ്ങൾ പാലിച്ച് പോലീസിന്റെ സഹായത്തിലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പിടി തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, മുൻ എംഎൽഎ എഎം യൂസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.

പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബിജെപി തൃക്കാക്കര അയ്യനാട് ഏരിയ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായിരുന്നു മരിച്ച അർച്ചന. കാക്കനാട് അത്താണി ശ്മശാനത്തിൽ ഇരുവരുടെയും സംസ്‌കാരം നടത്തി.

RECENT POSTS
Copyright © . All rights reserved