Latest News

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ബംഗാളിൽ ചികിത്സയിൽ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു 19 പേർക്ക് സ്ഥിരീകരിച്ചു. വിദേശത്ത് മൂന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. ഇറാൻ, ഈജിപ്ത്, സ്വീഡൻ എന്നിവടങ്ങളിലാണ് മരണം.

നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. കാര്‍ഗോ വിമാനസര്‍വീസിന് ഇത് ബാധകമല്ല.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ 19 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങൾ ഭാഗികമായും അടയ്ക്കും. 12 സ്വകാര്യ ലാബുകള്‍ക്കു പരിശോധനയ്ക്ക് അനുമതി നല്‍കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 89 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. മുംബൈയിൽ 14 പേർക്കും പുണെയിൽ ഒരാൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 29 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കർണാടകയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം 28 ആയി.

പഞ്ചാബിൽ സംസ്ഥാന സർക്കാർ പൂർണ കർഫ്യു പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾക്കു മാത്രമാണ് ഇടവ്. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറയ്ക്കും. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ മറികടന്നു പുറത്തിറങ്ങിയാൽ പാസ്പോർട്ട് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 

മഹാമാരിയായ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ വീണ്ടും മാറ്റിവെച്ചേക്കുമെന്ന് സൂചന. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്ക് നീക്കിവച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായാല്‍ തിയതി വീണ്ടും നീട്ടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് അറിയുന്നു.

ഐപിഎല്‍-2020 ഈ വർഷം അവസാനത്തോടെ നടത്താന്‍ ആലോചനയുള്ളതായാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പറയുന്നത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായേക്കും. മാരക വൈറസ് വ്യാപനം നിയന്ത്രണവിധേയമാകാതിരുന്നാല്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കും എന്നും സൂചനയുണ്ട്.

ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ ഭാവി ചർച്ച ചെയ്യാന്‍ ചൊവ്വാഴ്‍ച നിർണായക യോഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഫറന്‍സ് കോളിലൂടെയാണ് ബിസിസിഐയും ഫ്രാഞ്ചൈസികളും ഇക്കാര്യം ചർച്ച ചെയ്യുകയെന്നാണ് വാർത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോർട്ട്. കൊവിഡ് 19 ഭീതിയെ തുടർന്ന് മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചതോടെയാണ് യോഗം കോണ്‍ഫറന്‍സ് കോള്‍ വഴിയാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ഇതുവരെ 427 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർക്ക് ജീവന്‍ നഷ്‍ടമായി. രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനം മൂന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. പതിനാലായിരത്തിലേറെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷിന്റെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തി. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും റോയൽ ഒമാൻ പൊലീസിന് ലഭിച്ചു. ഇരുവരും ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു.

‘അൽ റഹ്‍മ’ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വാഹനങ്ങൾ വാദികൾ മുറിച്ചുകടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാത്രിയിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി

മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്.

അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.

ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്.

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

കനികയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.കനിക ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.

‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം. 75 ജില്ലകൾ പൂർണമായും അടച്ചിടാൻ ഞായറാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടപടികൾ കർക്കശമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുളള കേന്ദ്രത്തിന്റെ ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 415 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിക്കുള്ളിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം പൂർണ അടച്ചിടലിലേക്ക് നീങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.

ലോക്ക്‌ഡൗണിനെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട്‌ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.

കോവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.

ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. ന്യുയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ഫെസിലിറ്റിയില്‍ ഐസോലേനിലാണ് ഹാര്‍വി ഇപ്പോള്‍ ഉള്ളത്. ഹാര്‍വിയെ കൂടാതെ രണ്ട് തടവുകാരുടെ കൂടി കൊവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടവിലുള്ളവര്‍ക്ക് കവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കൊറോണ സ്ഥിരീകരിച്ച കാര്യം തങ്ങള അറിയിച്ചില്ലെന്നാണ് ഹാര്‍വിയുടെ അഭിഭാഷകന്‍ പറയുന്നത്. ഹാര്‍വിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അതീവ ഉത്കണ്ഠയിലാണെന്നും അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്. വെന്റേയിലേക്ക് മാറ്റുന്നതിനു മുമ്പ് ന്യൂയോര്‍ക്കില്‍ തന്നെയുള്ള റിക്കേഴ്‌സ് ഐലന്‍ഡിലെ ജയിലില്‍ ഹാര്‍വിയെ പാര്‍പ്പിച്ചിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.

ലോകമാകമാനം പ്രകമ്പനം കൊള്ളിച്ച മീ ടൂ കാമ്പയിന്‍ തുടങ്ങുന്നത് ഹാര്‍വിക്കെതിരേയുള്ള ചലച്ചിത്ര നടിമാരുടെ ലൈംഗികാരോപണങ്ങളില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഹാര്‍വിക്കെതിരേ കേസ് എടുക്കുകയും കോടതി അദ്ദേഹത്തെ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയുമായിരുന്നു. 2019 മാര്‍ച്ച് 11 ന് ആയിരുന്നു ഹാര്‍വിയെ അറസ്റ്റ് ചെയ്യുന്നത്.നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നത്. മലയാള ചലച്ചിത്രലോകത്ത് വരെ മീ ടൂ കാമ്പയിന്‍ വലിയ പ്രതികരണം ഉണ്ടാക്കിയിരുന്നു.

നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.

അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.

രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.

ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാതി, മത, സാമ്പത്തിക ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാന്‍ വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ വൈറസ് വ്യാപനം തടയാന്‍ സാധ്യമല്ല, ഒന്നിച്ചു നിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു.

കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ”പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക”-അക്തര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ചൈനയെ വിമര്‍ശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപിക്കാന്‍ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തല്‍. ‘എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങള്‍ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന് അക്തര്‍ ചോദിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved