Latest News

കൊറോണ വൈറസില്‍ നിന്നും മുക്തിക്കായ് പ്രാര്‍ഥിച്ചുകൊണ്ട് റോമിലെ വിജനമായ തെരുവുകളിലൂടെ നടന്നു ഫ്രാൻസിസ് മാർപാപ്പ. ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾ ഇല്ലാതെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍നിന്നും അദ്ദേഹം ഇറങ്ങിയത്. സാന്റാ മരിയ മഗിയൂറിലെ ബസിലിക്കയിൽ പ്രാർത്ഥന നടത്തുകയും റോമിലെ ഒരു പ്രധാന തെരുവിലൂടെ നടന്ന് സാൻ മാർസെല്ലോ അൽ കോർസോ പള്ളി സന്ദർശിക്കുകയുമാണ് ലക്ഷ്യം. 1522-ൽ റോമിനെ പ്ലേഗെന്ന മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുമരത്തിനു മുന്നിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തും.

മഹാമാരി അവസാനിപ്പിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് പോപ്പിന്‍റെ നടത്തം തുടങ്ങിയത്. രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണവും മരുന്നും നല്‍കുന്നവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. മാർപ്പാപ്പയും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ശൂന്യമായ വിയ ഡെൽ കോർസോയിലൂടെ ഇറങ്ങി നടന്നു. സാധാരണ ഞായറാഴ്ചകളില്‍ ജനനിബിഡമാകാറുള്ള തെരുവാണത്.

നേരത്തെ, വിജനമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു മുകളിലുള്ള ബാൽക്കണിയില്‍ നിന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹം നല്‍കിയിരുന്നു. അവിടെ പൊതുജനങ്ങള്‍ക്കു വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ജലദോഷം ഉണ്ടെങ്കിലും ഒരു തീർത്ഥാടനത്തിലെന്നപോലെ തെരുവിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

കൊറോണ ഏറ്റവും ശക്തമായി ഇറ്റലിയെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ വത്തിക്കാനിലെ എല്ലാ മതപരമായ ചടങ്ങുകളും സ്വകാര്യമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിധരുള്ളത് ഇറ്റലിയിലാണ്. ഇന്നലെവരെ അവിടെ 24,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,809 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ ഭീതിയില്‍ വീടുകളിലേക്ക് ആളുകള്‍ ഒതുങ്ങുമ്പോള്‍ വീട്ടിലിരിക്കാന്‍ ഭയപ്പെടുകയാണ് ഇടുക്കിയിലെ ഹൈറേഞ്ച് വാസികള്‍. അടിക്കടിയുണ്ടാവുന്ന ഭൂചലനങ്ങളുടെ ഭീതിയിലാണ് ഇവര്‍. ഏത് സമയവും ഉണ്ടാവുന്ന ‘വിറയല്‍’ ഇവരുടെ സാധാരണ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നു. 15 ദിവസത്തിനിടെ ഇരുപതിലധികം തവണയാണ് ഇടുക്കിയില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. അപകടകരമായ തോതിലേക്ക് ഇവ വളര്‍ന്നില്ല.

എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഭൂചലനങ്ങള്‍ മൂലം വീടും നാടും ഉപേക്ഷിച്ച് പോവേണ്ടി വരുമോ എന്ന ആശങ്കയും ഹൈറേഞ്ച് വാസികളില്‍ നിലനില്‍ക്കുന്നു. അതേ സമയം ഇടുക്കിയിലെ ഭൂചലനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് കേന്ദ്ര കാലാവവസ്ഥാ വകുപ്പിനോട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയില്‍ 12 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത് രാവിലെ അഴ് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ് ഇവ അനുഭവപ്പെട്ടത്. നെടുങ്കണ്ടം, വാഗമണ്‍, കുമളി, കട്ടപ്പന, ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ രണ്ടില്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക് കൂടുതലായും അനുഭവപ്പെടുക.

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിന് സമീപം ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.8 ആണ് രേഖപ്പെടുത്തിയത്. വലിയ മുഴക്കത്തോടെയുണ്ടായ ഭൂചലനം 70 സെക്കന്‍ഡ് നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ഇടുക്കി അണക്കെട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശത്ത് ചലനമുണ്ടായത് നാട്ടുകാരെ വലിയ തോതില്‍ ഭീതിയിലാഴ്ത്തി. നെടുങ്കണ്ടം മേഖലയിലെ പല വീടുകള്‍ക്കും ഭൂചലനത്തില്‍ നേരിയ വിള്ളലുകളും ഉണ്ടായി. ‘കഴിഞ്ഞ മാസം ഒടുക്കം മുതല്‍ പല തവണയായി ഭൂമി കുലുക്കം ഉണ്ടാവുന്നുണ്ട്. ചിലത് നമുക്ക് ശരിക്കും തിരിച്ചറിയാന്‍ കഴിയും. നന്നായി വിറയ്ക്കും. ചിലത് നേരിയ ഒരു അനക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിങ്ങനെ ഇടക്കിടെ ഉണ്ടാവുന്നത് കൊണ്ട് വീട്ടില്‍ കഴിയാനുള്ള മനസമാധാനം പോയി.

രാത്രിയെങ്ങാനും വലിയ കുലുക്കം വന്നാലോ എന്ന പേടിയാണ്. ഇപ്പോള്‍ വിള്ളല്‍ മാത്രമെ ഉണ്ടായുള്ളൂ. നാളെ അത് കുറച്ചൂടെ കൂടുതലായാല്‍ ഞങ്ങളുടെ ജീവനും അപകടമാണ്.’ നെടുങ്കണ്ടം സ്വദേശിയായ ഹരിഹരന്‍ പറയുന്നു.

ഫെബ്രുവരി 27ന് ഉച്ച മുതലാണ് ഇടുക്കിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. 1988 ജൂണില്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി ഹൈറേഞ്ച് നിവാസികള്‍ പറയുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായി. അന്ന് പലരും നാട്ടില്‍ നിന്ന് മാറിത്താമസിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇടുക്കിയിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ ആണ് അപകടകരമെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.

കേരളത്തില്‍ പെരിയാര്‍ ബെല്‍റ്റും, പാലക്കാട് ചുരമുള്‍പ്പെടുന്ന മേഖലയും ഭൂചലന സാധ്യതാ മേഖലകളാണ്. ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമശാസ്ത്രജ്ഞരും പറയുന്നു. ഭൗമപാളികളില്‍ ഉണ്ടാവുന്ന തെന്നിമാറലും ക്രമീകരണങ്ങളും മൂലം നേരിയ ചലനങ്ങള്‍ ഉണ്ടാവുന്നതില്‍ അസ്വാഭാവികതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ‘ 1988ലെ ചലനങ്ങള്‍ കൂടാതെ 2005ല്‍ ഈരാറ്റുപേട്ടയില്‍ ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട്, ഇടുക്കി എല്ലാം ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ അത് അപകടകരമായ രീതിയിലേക്ക് മാറുന്നത് ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഇടക്ക് നേരിയ ചലനങ്ങള്‍ ഉണ്ടായി പ്രഷര്‍ റിലീസ് ചെയ്ത് പോവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ആ പ്രദേശത്ത് മര്‍ദ്ദം സ്വരൂപിക്കപ്പെടുകയും അത് വലിയ ചലനങ്ങള്‍ക്ക് സാധ്യതയേറ്റുകയും ചെയ്യും. എന്നാല്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇടക്കിടെ ഇത് പ്രതീക്ഷിക്കുകയും ചെയ്യാമെങ്കിലും ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല.’ ഭൗമ ശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാര്‍ പറയുന്നു.

എന്നാല്‍ അടിക്കടി ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ സംവിധാനമൊരുക്കണമെന്നതാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ ആവശ്യം. പത്തിലധികം വര്‍ഷമായി ഭൂചലനങ്ങളെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സംവിധാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഇതേവരെ പരിഗണിച്ചിട്ടില്ല.

കൊവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം. തൃശൂരിലാണ് സംഭവം. കൊവിഡ് സംശയിച്ച് തൃശൂരിൽ ഫ്ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്നാണ് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു.

ഡോക്ടര്‍ നൽകിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നടപടി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറും മാതാപിതാക്കളും അടുത്തിടെ വിദേശത്ത് പോയി വന്നിരുന്നു. ഇതാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളിൽ ചിലർ ഇവരോട് മോശമായി പെരുമാറുന്നതിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്‌.ആരാച്ചാർ മീററ്റ് സ്വദേശി പവൻ ജല്ലാദിനോട് നാളെ ഹാജരാകണമെന്നു തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. വെള്ളിയാഴ്ച പുലർച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി നിർദേശം.

പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ്കുമാർ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. നാലുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷാ നടപടികൾ വീണ്ടും ആരംഭിച്ചത്. നാളെ ആരാച്ചാർ എത്തിയതിന് ശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും.

2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയക്കേസ് സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെചെയ്യുകയായിരുന്നു.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തില്‍ എത്തിയ 5 ഫ്രഞ്ചുകാര്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊല്ലത്തെ റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന 10 വയസ്സുകാരന്‍ പനി ബാധിച്ചു മരിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തില്‍ ആയിരുന്നു ഈ ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്.കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശികളെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണു 10 വയസ്സുകാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിരുന്നോയെന്നു വ്യക്തമല്ല.

സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

പ്രഭാത ഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. മരിച്ച അബ്ദുൽ അസീസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

കോവിഡ് 19 പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കേ ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് രജിത് കുമാര്‍ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.മനുഷ്യ ജീവനേക്കാള്‍ വില താരാരാധനയ്ക്കില്ലെന്ന് എറണാകുളം ജില്ല കളക്ടര്‍ പറഞ്ഞു.

കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു . 
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

മദ്യലഹരിയിൽ പിതാവിനെ മർദിച്ച മകനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പിതാവ് അറസ്റ്റിൽ. മൂന്നിലവ് കൊന്നയ്ക്കൽ ജോൺസൺ ജോബി (35) ആണു മരിച്ചത്. പിതാവ് ചാക്കോയെ (പാപ്പൻ –68) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ദൃക്സാക്ഷിയായ, ചാക്കോയുടെ മാതാവ് മറിയാമ്മ (91) കുഴഞ്ഞുവീണു മരിച്ചു.

മാതാവിന്റെ മൃതദേഹം ബന്ധുവീട്ടിലെത്തിച്ച ശേഷം വീട്ടിലെത്തി മകന്റെ മൃതദേഹം കൊക്കയിൽ തള്ളിയെന്നു പൊലീസ് പറയുന്നു. മേലുകാവ് കോണിപ്പാട് ഇരുമാപ്ര റോഡിൽ പള്ളിക്കു സമീപം കൊക്കയിൽ 20 അടിയോളം താഴ്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലായിരുന്നു. മദ്യപനും ലഹരിക്ക് അടിമയുമായ ജോൺസൺ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാളുടെ മദ്യപാന ശല്യവും ഉപദ്രവവും കാരണം ഭാര്യ പിണങ്ങിപ്പോയതായി പൊലീസ് പറഞ്ഞു.

ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകവീട്ടിലായിരുന്നു താമസം. ഈ മാസം 9നു ചാക്കോയുടെ വീട്ടിലെത്തിയ ജോൺസണും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായി. 11നു രാത്രി ഒൻപതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തിയ ജോൺസൺ വീട്ടുപകരണങ്ങൾ നശിപ്പിച്ചു. ഇതിനിടെ ജോൺസനെ ചാക്കോ ചുറ്റിക കൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു..

വഴക്കിനിടെ കുഴഞ്ഞുവീണ മാതാവിനെ ചാക്കോയും ഭാര്യയും ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു മൃതദേഹം അഞ്ചുകുടിയാറിലുള്ള ബന്ധുവീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വീട്ടിലെത്തി. പുലർച്ചെ മൂന്നോടെ ജോൺസന്റെ മൃതദേഹം പ്ലാസ്റ്റിക് കയർ കെട്ടി ജീപ്പിൽ കയറ്റി ഇരുമാപ്രയിലെ കൊക്കയിൽ തള്ളുകയായിരുന്നുവത്രേ.

ഇതിനു ശേഷം മാതാവിന്റെ സംസ്കാരച്ചടങ്ങിൽ ചാക്കോ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു. സംഭവദിവസം ജോൺസൻ മൂന്നിലവിൽ വന്നിറങ്ങിയതായും വീട്ടിലെത്തി വഴക്കുണ്ടായതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാക്കോയെ ചോദ്യം ചെയ്തതോടെയാണു കൊലപാതകം വ്യക്തമായത്.

വീട്ടിൽ നിന്നു രക്തക്കറയും കെട്ടിവലിക്കാൻ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങളും കണ്ടെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്ഐ ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്ഐ ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.

കോവിഡ് ബാധിതനായ ബ്രിട്ടിഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് ലഭിക്കുന്നത് വിമാനം ടേക്ക് ഓഫിനെടുക്കുന്നതിന് 15 മിനിറ്റ് മുമ്പ്. അതിവേഗമായിരുന്നു തുടർന്നുള്ള നീക്കങ്ങൾ. വിമാനം പിടിച്ചിടാൻ കളക്ടറുടെ നിർദേശമെത്തുമ്പോൾ മുഴുവൻ ജീവനക്കാരുടെയും ബോർഡിങ് പൂർത്തിയായിരുന്നു. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ അതിനിർണായകമായിരുന്നു 8.45ന് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കലക്ടർക്കെത്തിയ ആ സന്ദേശം. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്കു പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം.

ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് കലക്ടർ മുതിരുകയായിരുന്നു. കൊച്ചി നഗരത്തിലെ ക്യാംപ് ഓഫിസിൽ നിന്നും നെടുമ്പാശേരിയിലേക്കു കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കാനും നിർദേശം നൽകി. ഭാര്യാസമേതനായെത്തിയ ബ്രിട്ടിഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്കു കയറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ തിരക്കിട്ട കൂടിയാലോചന. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവരുമായി ഫോണിൽ ആശയവിനിമയം.

ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, എസ്.പി കെ.കാർത്തിക്, സിഐഎസ്എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച. വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്കു വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി വിമാനം പറന്നുയരുമ്പോൾ സമയം 12.47. പരിശോധന വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം അവിടെ തീർന്നില്ല. വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ കണ്ടെത്തലായിരുന്നു അടുത്ത നടപടി. വിമാനത്താവള ജീവനക്കാരും സിഐഎസ്എഫ് സുരക്ഷാഭടൻമാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാൻ നടപടി. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സിസിടിവി നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കലക്ടർ നിർദേശം നൽകി. ഇവർക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകും.

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. ഇളയ ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റേഴ്സ് സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് അരങ്ങേറി. ആരാധകർക്ക് ആവേശമേറ്റി കറുപ്പ് അണിഞ്ഞാണ് വിജയ് വേദിയിലെത്തിയത്. കറുപ്പ് സ്യൂട്ടും ബ്ലേസറുമണിഞ്ഞെത്തിയ താരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.

ലോകേഷ് കനകരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓഡിയോ ലോഞ്ചിൽ ആരാധകർ കാത്തിരുന്നത് വിജയിയുടെ വാക്കുകൾക്കായിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡും ക്ലീൻ ചിറ്റ് നൽകലിനുമൊക്കെ ശേഷം പൊതു വേദിയിൽ താരമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ലോഞ്ചിന്.

ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് പരോക്ഷ പരാമർശം നടത്തുകയും ചെയ്തു വിജയ്. ചെറുപ്പകാലത്തെ വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന് അവതാരകൻ ചോദിച്ചപ്പോൾ എനിക്ക് എന്റെ പഴയ ജീവിതം തിരികെ വേണം. അത് റെയ്ഡുകളൊന്നുമില്ലാതെ വളരെ സമാധാനപരമായിരുന്നു എന്നാണ് താരം മറുപടി നൽകിയത്.

സഹതാരമായ ശന്തനു ഭാഗ്യരാജിനും സംഗീത സംവിധായകൻ അനിരുദ്ധ് രവി ചന്ദറിനുമൊപ്പം തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് വിജയ് വേദി കീഴടക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ പ്രശസ്ത വാചകങ്ങളിലൂടെ പ്രസംഗം തുടങ്ങി. ‘എൻ നെഞ്ചിൽ കുടിയിറുക്കും…ആദ്യം തന്നെ ക്ഷമാപണം നടത്തുന്നു. എന്റെ ആരാധകർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ. കൊറോണ വൈറസ് കാരണം ചെറിയ ചടങ്ങായാണ് നടത്തുന്നത്’. വിജയ് പറഞ്ഞു.

തമിഴകത്തെ മറ്റൊരു സൂപ്പർ താരമായ അജിത്തിനെക്കുറിച്ച് താരം പറഞ്ഞതാണ് മറ്റൊരു പ്രത്യേകത. എന്റെ സുഹൃത്തായ അജിത്തിനെപ്പോലെ ഞാനും ബ്ലേസർ ധരിച്ചാണ് എത്തിയിരിക്കുന്നത്. ഞാനും അജിത്തും രണ്ട് വ്യക്തികളല്ല. ഒന്നാണ്.

വിജയ് സേതുപതി ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറിയിരിക്കുന്നു. നമ്മൾ പല തരത്തിലുള്ള വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ വിജയ് സേതുപതിയുടെ മാസ്റ്റേഴ്സിലെ കഥാപാത്രം അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നതായിരിക്കും. ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു എന്താണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന്. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇഷ്ടമായതുകൊണ്ടാണെന്നാണ്. താരം പറയുന്നു.

Copyright © . All rights reserved