കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.