Latest News

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

എന്നാല്‍ പൊതുഗതാഗതത്തില്‍ ഒരു കാരണവശാലും ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാന്‍ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. വ്യോമ-റെയില്‍ ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുതെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്,

1.റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി
2.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
3.കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും
4.വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല
5.അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
6.വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും
7.പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം
8.മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം
9.പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം
10.മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം
11.ആരാധനാലയങ്ങള്‍ തുറക്കരുത്
12.ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്
13.മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം
14.ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി

കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് ആഗോള ഗവേഷണ സർവകലാശാലയായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിക്കുന്ന എംഐടി ടെക്‌നോളജി റിവ്യൂ മാഗസിൻ. കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ഏപ്രിൽ 13 ന് സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് വിശദീകരിക്കുന്നത്.

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിനിലെ ഈ ലേഖനത്തിൽ കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്. നിപ്പയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. 120 വർഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റർ ഗിഡിയോൺ ലിച്ചഫീൽഡാണ്.

രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവർത്തിച്ചുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചുനിന്നപ്പോൾ ദ്രുതഗതിയിൽ കേരളം പ്രതിരോധപ്രവർത്തങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നെന്നും ലേഖനത്തിലുണ്ട്. ജനുവരിയിൽ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കിയെന്നും പറയുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാർ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു- ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. തീവ്രദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോൾ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നൽനൽകിയതെന്നും ലേഖിക വിശദീകരിക്കുന്നുണ്ട്.

കൊവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശി ദുബായിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പാണ് ഷാജി മരിച്ചത്. ദുബായിയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലില്‍ വച്ചാണ് മരണം. യുഎഇയിലെ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്ക് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്.

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി ഉയര്‍ന്നു. പുന്നവേലി ഇടത്തിനകം കറിയാച്ചന്‍ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. ഭാര്യ മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കള്‍ ജൂവല്‍, നെസ്സിന്‍

കോവിഡ്- 19…എന്ന കാണാൻ സാധിക്കാത്ത വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന ലോകം… ജനങ്ങൾ … ഇതിനെതിരേ പോരാടുന്ന ലോക രാഷ്ട്രങ്ങൾ, ഭരണാധികാരികൾ …., കർമ്മനിരതരായിരിക്കുന്ന ആതുരശുശ്രൂഷകർ….
വൈറസിനെതിരേ പോരാടുന്നതിനു വേണ്ടി സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഈ കാലഘട്ടത്തിൽ വെറുതെയിരുന്ന് മുഷിയുന്നതിലും നല്ലത് ക്രിയാത്മകമായി എന്തെങ്കിലും പ്രവൃത്തിക്കുക എന്ന ലക്ഷ്യവുമായി വിദ്യാർത്ഥിനികളായ 3 സഹോദരികളാണ് കോവിഡിനെതിരെ സ്വന്തമായി നൃത്തച്ചുവട് രൂപപ്പെടുത്തി രംഗത്ത് എത്തിയത്. ഇരിങ്ങാലക്കൂട നടവരമ്പ ചെങ്ങിനിയാടൻ വീട്ടിൽ ജോൺസന്റെയും ജോളി ജോൺസിന്റെയും മക്കളായ ജിയ ജോൺസൺ, ജീന ജോൺസൺ, ജിംന ജോൺസൺ എന്നീ സഹോദരികളാണ് ഇങ്ങനെയൊരു വിത്യസ്തമായ ഉദ്യമം ഏറ്റെടുത്ത് കടന്നുവന്നത്. മനു മഞ്ചുത്ത് എഴുതി , പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ പാടിയ വരികൾ യാദൃശ്ചികമായി ഇവരുടെ വാട്ട്സ് അപ്പിൽ എത്തുകയായിരുന്നു. വീഡിയോയിലൂടെ കേട്ട കൊറോണയ്ക്ക് എതിരെയുള്ള ഗാനം വളരെ ഹൃദ്യമായി തോന്നിയ ഇവർ ഉടനെ ആ വരികൾക്ക് സ്വന്തമായി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തി. മൂത്ത സഹോദരി ജിയയും ഉളയ സഹോദരി ജിംനയും വരികളുടെ ഈണത്തിനൊത്ത് നൃത്തചുവട് വെച്ചപ്പോൾ രണ്ടാമത്തെ സഹോദരി ജീന ക്യാമറാക്കണ്ണുകളിലൂടെ അത് ഒപ്പിയെടുത്ത് എഡിറ്റ് ചെയ്തു ഭംഗീയാക്കി. ഈ വീഡിയോ ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്. ജിയ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി. ജീന പത്തിലും ജിംന എട്ടിലും പഠിക്കുന്നു.
വീഡിയോ കാണാം. ഇവരെപ്പറ്റി കൂടുതൽ
അറിയാൻ – മൊബൈൽ : 8547494493.

വിമാനടിക്കറ്റുകള്‍ റീഫണ്ട് ചെയ്യില്ലെന്ന് വിമാനക്കമ്പനികള്‍. പകരം ലോക്ഡൗണിന് ശേഷം അധികതുക വാങ്ങാതെ യാത്രാടിക്കറ്റ് നല്‍കും. ലോക് ഡൗണ്‍ നീട്ടിയതോടെ ട്രെയിന്‍, വിമാന സര്‍വീസുകളും മേയ് 3വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ റദ്ദാക്കേണ്ടതില്ലെന്നും പണം അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കുമെന്നും റെയില്‍വേ അറിയിച്ചു. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകള്‍ ഒാടില്ല. മെട്രോ സര്‍വീസുകളുമില്ല.

കോവിഡ് ഭീതിയിൽ ആശ്വാസം പകരുന്ന സൂചനകളാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്. 70 കൊറോണവൈറസ് വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണെന്നും ഈ വാക്സിനുകളിൽ മിക്കതും ആദ്യഘട്ട വിജയം കൈവരിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ മൂന്നെണ്ണം മനുഷ്യരിലും പരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇപ്പോൾ 70 കോവിഡ്-19 വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം ഇതിനകം തന്നെ മനുഷ്യ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ ആദ്യത്തേത് ഹോങ്കോങ്ങിന്റെ കാൻസിനോ ബയോളജിക്സും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത വാക്സിനാണ്. വാക്സിൻ വികസനം ഇതിനകം രണ്ടാം ഘട്ടത്തിലെത്തി.

മറ്റ് രണ്ട് കൊറോണ വൈറസ് വാക്സിനുകൾ യുഎസിലെ മരുന്ന് നിർമ്മാതാക്കളാണ് വികസിപ്പിച്ചെടുക്കുന്നത്. മോഡേണ, ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് എന്നിവരാണ്. ഇവരുടെ രണ്ടും ആദ്യഘട്ടം വിജയിച്ചു കഴിഞ്ഞു. മോഡേണയുടെ വാക്‌സിനിൽ ഒരു ലാബിൽ നിർമ്മിച്ച മെസഞ്ചർ ആർ‌എൻ‌എ അല്ലെങ്കിൽ എം‌ആർ‌എൻ‌എ എന്ന ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. എം‌ആർ‌എൻ‌എ അടിസ്ഥാനപരമായി ഒരു ജനിതക കോഡാണ്, അത് എങ്ങനെ പ്രോട്ടീൻ രൂപപ്പെടുത്താമെന്ന് സെല്ലുകളെ നിർദ്ദേശിക്കുന്നു.

വൈറസ് പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം സെല്ലുലാർ സംവിധാനങ്ങളെ mRNA പറയുന്നു, അങ്ങനെ ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നു.കൂടാതെ, ഫാർമസ്യൂട്ടിക്കൽ ലോകത്തെ പ്രധാന സ്ഥാപനങ്ങളായ ഫൈസർ, സനോഫി, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരും വാക്സിനുകൾക്കായി പ്രവർത്തിക്കുന്നുണ്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തി എണ്ണൂറ്റിപതിനഞ്ചായി. 24 മണിക്കൂറിനിടെ 29 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 353 ആണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1463 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായവരുടെ എണ്ണവും ആയിരം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പത്തേഴായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. പൂര്‍ണ സജ്ജമായ 602 കോവിഡ് ആശുപത്രികള്‍ ഉണ്ട്. 33 ലക്ഷം ആര്‍.ടി പി.സി.ആര്‍ കിറ്റുകള്‍ക്ക് ഒാര്‍ഡര്‍ നല്‍കി. 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടനെത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

22 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം ആയിരത്തിഅഞ്ഞൂറ് കവിഞ്ഞു. നഗരങ്ങളില്‍ ഇന്‍ഡോറിന് പിന്നാലെ ജയ്പ്പൂരിലും ആശങ്കയുണര്‍ത്തി കോവിഡ് രോഗം പടരുകയാണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ രണ്ട് വയസുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.

എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കോവിഡിനെ തുടര്‍ന്ന് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ട് മലയാളി നഴ്സുമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തിറക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ അവലോകന യോഗം വിളിച്ചു.

നടി ശ്രിയ ശരണിന്റെ ഭർത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ. ശ്രിയയുടെ ഭർത്താവ് ആൻഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ ബാർസലോണയിലെ ആശുപത്രിയിൽ ഭർത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കിൽ രോഗമില്ലാത്തവർക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടർന്നാണ് ആൻഡ്രൂ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ഭർത്താവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

റഷ്യൻ പൗരനായ ആൻഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവിൽ താമസിക്കുന്ന സ്‌പെയിനിൽ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.

നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.

ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ആയിരക്കണക്കിനാളുകള്‍ ലോക്കഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലേക്കെത്തി. കുടിയേറ്റ തൊഴിലാളികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയാണ്. ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാമൂഹിക അകലം അടക്കമുള്ളവ ലംഘിച്ചാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.

സമരവുമായെത്തിയവരെല്ലാം ദിവസക്കൂലിക്ക് നഗരത്തില്‍ പലവിധ ജോലികള്‍ ചെയ്യുന്നവരാണ്. കൈയില്‍ പൈസയില്ലാതാകുകയും പലരും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും സ്വന്തം നാടുകളിലേക്ക് പോകാന്‍ വഴിയില്ല. എല്ലാവര്‍ക്കും മൂന്നുനേരത്തെ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം മഹാരാഷ്ട്രയില്‍ കൊറോണ കേസുകളില്‍ വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്. 2000-ത്തിനടുത്ത് കൊറോണ കേസുകള്‍ സംസ്ഥാനത്തു മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. 160 പേര്‍ മരിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved