Latest News

ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക ഘട്ടത്തില്‍ സഹായത്തിനെത്തിയത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണെന്ന് മുന്‍ പാക് താരം സഖ്ലയിന്‍ മുഷ്താഖ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിനകത്തും പുറത്തും ശത്രുക്കളായി ഏറ്റുമുട്ടുന്ന കാലത്ത് പോലും തന്നെ സഹായിച്ച കുംബ്ലെയെ കുറിച്ചാണ് സഖ്ലയിന്‍ വാചാലനായത്. 2004ലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായാരുന്നു സഖ്ലയ്ന്‍.

കുംബ്ലെ തന്നെ സഹായിച്ചതിനെ കുറിച്ച് സഖ്ലയിന്‍ പറയുന്നു.- അന്ന് തങ്ങള്‍ ഇംഗ്ലണ്ടിലായിരുന്നു. മത്സരശേഷം കുംബ്ലെയുമായി സംസാരിക്കുന്നതിനിടയില്‍ കാഴ്ചയുടെ കാര്യവും താന്‍ പറയുകയുണ്ടായി. പാക്കിസ്ഥാനിലെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കുംബ്ലെയാണ് ലണ്ടനിലെ ഡോക്ടറായ ഭരത് റുഗാനിയെ നിര്‍ദ്ദേശിച്ചത്. സൗരവ് ഗാംഗുലിയും കുംബ്ലെയും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. കുംബ്ലെ അദ്ദേഹത്തിന്റെ നമ്പര്‍ തരികയും താന്‍ ഡോക്ടറെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് സഖ്ലയിന്‍ പറഞ്ഞു. ഡോക്ടര്‍ തന്നെ പരിശോധിക്കുകയും കണ്ണട തരികയും ചെയ്തു.

ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം തനിക്ക് കാഴ്ച തിരികെ കിട്ടിയെന്നും സഖ്ലയിന്‍ വെളിപ്പെടുത്തി. അനില്‍ കുംബ്ലെ തന്റെ രക്ഷയ്ക്കെത്തിയിരുന്നില്ലെങ്കില്‍ കരിയര്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും മുന്‍ സ്പിന്നര്‍ പറയുന്നുണ്ട്. ടീമുകള്‍ പരസ്പരം പോരടിക്കുമ്പോഴും കളിക്കാര്‍ തമ്മില്‍ കളത്തിന് പുറത്ത് സുഹൃത്തുക്കളായിരുന്നെന്നാണ് താരം പറയുന്നത്. ചികിത്സയ്ക്കുമുന്‍പ് ഫീല്‍ഡ് ചെയ്യാന്‍ അത്യധികം ബുദ്ധിമുട്ടിയിരുന്നു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പിച്ചില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ചികിത്സയ്ക്കുശേഷം കാഴ്ച തിരിച്ചുകിട്ടി. തനിക്ക് മൂത്ത സഹോദരനെപോലെയാണ് കുംബ്ലെയെന്ന് സഖ്ലയ്ന്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തില്‍ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. 13 കോടി രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മഠം നല്‍കുന്നതെന്ന് അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക.

കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

മക്കളെ കൊലപ്പെടുത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന പെറ്റമ്മമാരുടെ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിറയുകാണ്. അത്തരത്തില്‍ അമ്മയെന്ന പരിശുദ്ധമായ വാക്കിന് കളങ്കമേല്‍പ്പിച്ചുകൊണ്ട് തന്റെ അഞ്ച് മക്കളെ പുഴയിലെറിഞ്ഞു കൊന്ന ഒരു പെറ്റമ്മയുടെ വാര്‍ത്തയാണ് ഇന്ന് പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗീറാബാദിലാണ് സംഭവം. ഒരു തൊഴിലാളിസ്ത്രീയാണ് തന്റെ അഞ്ച് കുഞ്ഞുങ്ങളെയും ഗംഗാനദിയിലെറിഞ്ഞത്‌. ഇതില്‍ പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ചയാണു സംഭവം. മഞ്ജുയാദവ് എന്നസ്ത്രീയാണ് നൊന്തു പ്രസവിച്ച അഞ്ച് മക്കളെയും പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് കുട്ടികളെ ഇവര്‍ നദിയിലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, പട്ടിണിയായതിനെ തുടര്‍ന്നാവാം മഞ്ജുയാദവ് മക്കളെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസക്കൂലിയില്‍ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റാന്‍ലി ചെറയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 80നോടടുത്തായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. കൊവിഡ് ബാധിതനായവരില്‍ ഒരാള്‍ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും ആണ് മാര്‍ച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

വര്‍ധിച്ചു വരുന്ന കൊവിഡ് സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ട്രംപ് മാധ്യമങ്ങള്‍ക്ക് ചോദ്യത്തിനു മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചത്.

കൊവിഡ് രോഗം ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നതിനിടെ രോഗം പരിശോധിക്കുന്നതിന് വേണ്ടിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തമിഴ്‌നാട്ടിലേക്ക് ഇനിയും എത്തിയില്ല. ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇതോടെ തമിഴ്‌നാട്ടിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്.

കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിന്നാണ് തമിഴ്‌നാട് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഓർഡർ ചെയ്തത്. എന്നാൽ ആ കിറ്റുകൾ ഇന്ത്യയിൽ ഇത് വരെ എത്തിയിട്ടില്ല. ഇന്ത്യയിൽ എത്തിയാൽ ഉടൻ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം 50000 കിറ്റുകൾ അധികമായി വീണ്ടും ഓർഡർ ചെയ്തിരുന്നു. മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ലക്ഷം കിറ്റുകളാണ് വീണ്ടും ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ നാല് ലക്ഷം കിറ്റുകൾ ആണ് ഓർഡർ ചെയ്തതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖം ശനിയാഴ്ച പറഞ്ഞു.

നേരത്തെ, ജർമ്മനിയും ഫ്രാൻസും അമേരിക്കയ്‌ക്കെതിരെ സമാനമായ പരാതിയുമായി രംഗതെത്തിയിരുന്നു. ഹോങ്കോങിൽ നിന്നും തങ്ങൾക്ക് അനുവദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക തട്ടിക്കൊണ്ടു പോയതായാണ് രാഷ്ട്രങ്ങൾ ആരോപിച്ചിരുന്നത്.

ലോക്ക് ഡൗണിനിടെ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് മിനിലോറി പാഞ്ഞുകയറി. എറണാകുളം ടൗണ്‍ഹാളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ലോക്ക് ഡൗണായതിനാല്‍ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്ത് നിന്ന അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ മിനി ലോറി പാഞ്ഞുകയറുകയായിരുന്നു.

കടുത്ത വെയിലും ചൂടുമായതിനാല്‍ തണല്‍ തേടി മരത്തിന്റെ ചുവട്ടിലാണ് അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് എറണാകുളം നോര്‍ത്ത് പാലം ഭാഗത്ത് നിന്നുവന്ന വെളളകുപ്പി കയറ്റി വന്ന ലോറി പാഞ്ഞുകയറിയത്.

ശേഷം സമീപത്തുളള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. വികാരി ലാസര്‍ വരമ്പകത്തിനെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം വൈദീകന്‍ കുരിശ് മല കയറിയത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആളായിരുന്നു വൈദികന്‍.

ദുബൈയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വൈദീകനോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്പര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തി. ഇതിനിടെയാണ് വൈദീകന്‍ വിശ്വാസികള്‍ക്കൊപ്പം മല കയറിയത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി. 24 മണിക്കൂറിനിടെ 34പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 308 ആയി. മഹാരാഷ്ട്രയില്‍ 1985 രോഗികള്‍, മരണം 149. മധ്യപ്രദേശ് 36, ഗുജറാത്ത് 25, ഡല്‍ഹി 24പേരും മരിച്ചു. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന് നഴ്സുമാര്‍ക്കും പുണെയില്‍ ഒരു നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 47 ആയി. മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

ആറുദിവസം കൂടുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം വൈകാതെയുണ്ടാകും. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നുമുതല്‍ ഒാഫീസുകളില്‍ എത്തുമെന്നാണ് സൂചന.

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തന്‍പുര കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ആണ് മരിച്ചത്. 18 വയസ്സുമാത്രമേ പ്രായമുള്ളൂ.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മലാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അക്ബര്‍ ഷാ.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടി.

കേന്ദ്രത്തില്‍ നിന്ന് ലോക്ക്‌ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Copyright © . All rights reserved