Latest News

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്.മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഡൽഹിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. മറ്റ് സംസ്ഥാന കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡൽഹി നിർദേശിച്ചു.തുടർന്ന് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ലോക്ക്ഡൗൺ പിൻവലിക്കാൻ കേരളവും ആവശ്യപ്പെട്ടില്ല.

കാരൂർ സോമൻ

ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്.  ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക് അഭിമാനകരമാണ്. ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടങ്ങി പല പ്രമുഖർക്കും കൊറോണ -കോവിഡ്  രോഗബാധയുണ്ടായത് ഇവിടുത്തുകാർക്ക് മാത്രമല്ല ലോക ജനതക്ക് തന്നെ ആശങ്കയാണുണ്ടാക്കിയത്. അവരെല്ലാം രോഗമുക്തരായി വരുന്നതിൽ ആശ്വസിക്കാം. ലോകത്ത്‌  പകർച്ചവ്യാധി, മഹാമാരികളാൽ  ലക്ഷകണക്കിന് ജീവൻ പൊലിഞ്ഞുപോയിട്ടുണ്ട്. ക്രിസ്തുവിന് അയ്യായിരം, രണ്ടായിരത്തി അഞ്ഞുറു  വർഷങ്ങൾക്ക് മുൻപ് ചൈന, ഗ്രീസ്, സ്പെയിൻ, ബ്രിട്ടനിലും അത് കണ്ടു. നാം എത്ര പുരോഗമിച്ചാലും മാലിന്യമനസ്സുകൾ പഠിക്കാത്തത് പലതുമുണ്ടെന്ന് മാരക രോഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു.  മനുഷ്യന് പഠിക്കാൻ, പഠിപ്പിക്കാൻ സാധിക്കാത്തത് അണുക്കൾ വൈറസ്സുകളായി നമ്മെ പഠിപ്പിക്കുന്നു. അതിൽ വിശുദ്ധി, സത്യം, നീതിബോധം, യഥാർത്ഥ ഭക്തി എല്ലാം കടന്നു വരുന്നു.  പഠിച്ചില്ലെങ്കിൽ കൊന്നുകളയും. കൊറോണ കോവിഡിന് പാസ്പോർട്ട് വേണ്ട, വിസ വേണ്ട. എവിടെയും കടന്നുചെല്ലാൻ വിസയുണ്ട്. നമ്മളെല്ലാം വൈറസിനെ ഭയന്ന് ഒളുവിൽ പാർക്കുന്നു. പുറത്തിറങ്ങിയാൽ പിടികൂടും.  വൻശക്തികളുടെ മരകായുധങ്ങളേക്കാൾ ശക്തിമാൻ.   മനുഷ്യൻ മനുഷ്യബോംബായി നടക്കുന്ന കാലം
പോത്തു കുത്താൻ വരുമ്പോൾ മർമ്മം നോക്കി നില്കരുതെന്നൊരു പഴമൊഴിയുണ്ട്. ഇവിടെ ആദ്യം നോക്കി നിന്നതിന്റ ഫലമാണ് കൊറോണ കുത്തിക്കൊല്ലാൻ കാരണമായത്. ഇപ്പോൾ കണ്ടത് പഠിച്ചതും പഠിക്കാത്തതും ഒന്നുപോലെ.  മനുഷ്യർ പഠിക്കുന്നത് അത് പയറ്റാനാണ്. ഈ മാരക വൈറസ് രോഗം പടർന്ന് പന്തലിച്ചപ്പോഴാണ് ഇവിടുത്തെ ആരോഗ്യരംഗമുണർന്നത്.  ആദ്യം വേണ്ടുന്ന പ്രതിരോധ നടപടികൾ എടുത്തില്ല. അതുകൊണ്ടാണല്ലോ പ്രധാനമന്തിപോലും രോഗത്തിന് അടിമപ്പെട്ടത്.  ആദ്യം മുതൽ സി.പി.ഇ (പേർസണൽ പ്രൊട്ടക്ഷൻ എക്യുമെന്റ്) കൊടുത്തിരിന്നുവെങ്കിൽ,  ഐസൊലേഷൻ വാർഡുകൾ, ക്വാറൻറ്റൈൻ, വിമാനത്താവളങ്ങൾ, രാജ്യത്തിന്റ ബോർഡറുകൾ, പോലീസ് പരിശോധനകൾ നടന്നിരുന്നെങ്കിൽ കൊറോണ കോവിഡ് ഇത്രമാത്രം ജീവൻ കവർന്നെടുക്കില്ലായിരുന്നു.  ഇപ്പോൾ ബ്രിട്ടൻ പയറ്റികൊണ്ടിരിക്കുന്നു.
ഇവിടെ മരിച്ച നഴ്‌സായ മെയ് മോൾ ഹഡേഴ്സ് ഫീൽഡിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും അരികിലെങ്കിലും അന്ത്യചുംബനം നൽകാൻ പോലും കഴിയാതെ തകർന്ന ഹ്ര്യദയവുമായി  ഇവിടെയുള്ള  പ്രിയപ്പെട്ടവരുണ്ട്.  ജനിച്ചു വളർന്ന നാടിനും ജന്മം നൽകിയ അമ്മയ്ക്കും അച്ഛനും, ഇളം തളിരുകൾപോലെ വളരുന്ന കുഞ്ഞുങ്ങൾക്കും അവൾ അന്യമായി. ഇങ്ങനെ വിനയ മധുരമായ പെരുമാറ്റ ശിശ്രുഷകൾ കൊണ്ട് കുടുംബത്തിനും  ദേശത്തിനും പ്രകാശദീപമായി നിന്ന ആരോഗ്യരംഗത്തെ സഹോദരി സഹോദരങ്ങളുടെ വേർപാടിൽ വീർപ്പുമുട്ടി കഴിയുന്നവരാണ് പ്രവാസലോകത്തുള്ളവർ.
ആരോഗ്യ രംഗത്ത് ഏറ്റവും മുൻനിരയിൽ എപ്പോഴും രോഗികൾക്കൊപ്പം സഞ്ചരിക്കുന്നത് നേഴ്സസ് ആണ്. അവരുടെ ജീവൻ സംരക്ഷിക്കേണ്ടത് ആശുപത്രി അധികൃതരാണ്. ചില അധികാരികളുടെ മനോഭാവം ആനപ്പുറത്തിരിക്കുമ്പോൾ (രാഷ്ട്രീയമടക്കം) എന്തിന് ഭയക്കണമെന്നാണ്. മരണപറമ്പിൽ ഭയപ്പെടുന്നത് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. അവർ ആശങ്കയിലെന്ന കാര്യം ആരും മറക്കരുത് . അവർക്ക് ആവശ്യമായ ധൈര്യവും കരുതലും കൊടുക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയും കർത്തവ്യവുമാണ്.  രോഗിയെ ശിശ്രുഷിക്കാൻ പോയി ഒരു കുടുബത്തിന്റ അത്താണിയായ വ്യക്തിയുടെ ജീവൻ അപകടത്തിലായാൽ ആരാണ് ഉത്തരവാദി? അതിർത്തി കാക്കുന്ന പട്ടാളക്കാരനും ബുള്ളെറ്റ് പ്രൂഫ് കാറിൽ സഞ്ചരിക്കുന്ന, പോലീസ് വലയത്തിലുള്ള  ഭരണാധിപനും ജീവന് സംരക്ഷണമുണ്ട്.  ഈ പകർച്ചവ്യാധിയെ നേരിടാൻ ലോകമെങ്ങുമുള്ള ഡോക്ടർസ്, നേഴ്സസ്, ലാബിൽ ജോലി ചെയ്യുന്നവർ, പാരാമെഡിക്കൽ സ്റ്റാഫ് ഇവർക്ക് എന്തൊക്കെ പരിരക്ഷ, സംരക്ഷണം നമ്മൾ കൊടുക്കുന്നു?  ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്. സമൂഹത്തിൽ നടത്തുന്ന ശക്തമായ ഇടപെടുകൾ,  ജാഗ്രത ആരോഗ്യ രംഗത്തും അത്യാവശ്യമാണ്.  ആരോഗ്യരംഗത്തു് പ്രവർത്തിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.  നാടിന്റ വിളക്കാണവർ.
ഇവിടെയുള്ള യൂറോപ്യൻസ് കഴുകൻമാരുടെ കോലാഹലങ്ങൾ പോലെ പെരുമാറുന്നുണ്ട്. അവരുടെ രാജ്യത്തു് പന്ത് കളിച്ചു് കാലുമുറിഞ്ഞാലും ചികിത്സ തേടി വരുന്നത് ലണ്ടനിലാണ്.  ആശുപത്രിയിൽ അവനെ നോക്കുന്ന ഡോക്ടർപോലും അവന് കൊറോണയുണ്ടോയെന്ന് നോക്കാറില്ല. ഇവിടുത്തെ ചെറിയ വിമാനത്താവളങ്ങളിലൂടെയാണ് ഇവരുടെ വരവ്. യാതൊരു വിധ മെഡിക്കൽ പരിശോധനയോ സ്ക്രീനിംഗ് ഇല്ലാതെ പുറത്തേക്ക് പോകുന്നു.  അവരുടെ ജനസംഖ്യയെടുത്താൽ അറുപത് വയസ്സിന് മുകളിലുള്ളവർ ഇവിടെയുള്ള ബ്രിട്ടീഷ്, ഏഷ്യാക്കാരെക്കാൾ വളരെ കുറവാണ്. അതിനാൽ രോഗികളുടെ എണ്ണത്തിൽ കൂടുതൽ ബ്രിട്ടീഷ് ഏഷ്യക്കാരാണ്.  ജീർണ്ണമായ പാശ്ചാത്യ സംസ്കാരത്തിനുടമകളായ ഈ കൂട്ടർ മാരക വൈറസ്സുമായി നടക്കുകയാണോ അതുമറിയില്ല. എന്റെ വീടിന് മുന്നിലെ റോഡ് തൂക്കുന്ന യൂറോപ്യൻ പോലും  ഒരു മാസ്‌കോ, കയ്യുറയോ ഇട്ട് കണ്ടില്ല. പലരും നടക്കുന്നത് കണ്ടാൽ ഇതുപോലൊരു മാരക വൈറസ് ലോകത്തുണ്ടോ അവർക്കറിയുമോ എന്ന് തോന്നും. കടിഞ്ഞാണില്ലാത്ത കുതിരയെപോലെ നടക്കുന്നു. അത് പാർക്കുകളിലും കാണാം. ബസ് സ്റ്റോപ്പിൽ നിന്ന് തുപ്പുന്നതും കണ്ടിട്ടുണ്ട്. ദരിദ്ര രാജ്യത്തു് നിന്ന് സമ്പന്ന രാജ്യത്തു് വന്നിട്ടുള്ള ഈ കൂട്ടരേ കാണുമ്പൊൾ വൃത്തിയില്ലാത്ത ബംഗ്ളാദേശികളെയാണ് ഓർമ്മ വരുന്നത്. ചെറുപ്പം മുതലേ അച്ചടക്കവും അനുസരണയും പഠിച്ചുവളർന്ന ബ്രിട്ടീഷ്‌കാരും ഇന്ത്യക്കാരും വീടിനുള്ളിൽ കൊറോണ കൊവിഡിനെ ഭയന്നു തന്നെയാണ് കഴിയുന്നത്. അച്ചടക്കം പരിപാലിക്കുന്നു.
2001 ൽ ബ്രിട്ടനിലെ ഇന്ത്യൻ ജനസംഖ്യ 1.1 മില്യനെങ്കിൽ 2011 ൽ 1,412,958 മില്യനാണ്. ഇവിടുത്തെ ആരോഗ്യ രംഗം ലോകോത്തരനിലവാരത്തിൽ വളരെ മുന്നിലെന്ന് പറയാൻ കാരണം ഞനൊരു ഡയബെറ്റിക്ക് ഇൻസുലിൻ എടുക്കുന്ന വ്യക്തിയാണ്. എനിക്ക് ഏത് മരുന്നും പണം കൊടുക്കാതെ ലഭിക്കുന്നു.  ഇതുപോലെ ലക്ഷകണക്കിന് രോഗികൾക്കാണ്   പണച്ചിലവില്ലാതെ വൈദ്യ സഹായം ലഭിക്കുന്നത്.  അത് വലിയ വലിയ ശാസ്ത്രക്രിയകളിലും കാണാം. അങ്ങനെയുള്ള ഒരു രാജ്യത്തു് എന്തുകൊണ്ടാണ് ഈ മാരകരോഗത്തെ തടഞ്ഞു നിർത്താൻ സാധിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒന്നാം എലിസബത്ത് രാഞ്ജിയുടെ 1558 -1603 ൽ ലണ്ടനിലടക്കം പ്ളേഗ് മൂലം മരിച്ചത്  അൻപത്തയ്യായിരത്തിലധികമാണ്. ബ്രിട്ടനിൽ ഏറ്റവും വലിയ പ്ളേഗ് ബാധയുണ്ടായത് 1665 – 1666 ൽ രണ്ട് ലക്ഷം മനുഷ്യരുടെ ജീവനാണ് അപഹരിച്ചത്.  കാലാകാലങ്ങളിലായി യൂറോപ്യൻ രാജ്യങ്ങളിൽ വൈറസുകൾ പടർന്നു പിടിച്ചു് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്.
ഇവിടെയുള്ള ചില ഏഷ്യൻ ചെറുകിട കച്ചവടക്കാരെപ്പറ്റി പറഞ്ഞാൽ കൊള്ളലാഭം കൊയ്യാൻ അവരും മറന്നില്ല.  അഞ്ചുകിലോ ടോയിബോയ് അരിക്ക് 6.40 പൗണ്ടെങ്കിൽ ഇപ്പോൾ വാങ്ങിയത് 10 -13 രൂപ. എലിഫന്റ് ആട്ട 8 പൗണ്ടിന് വിറ്റത് 20 പൗണ്ടിന്. ഇതൊന്നും ബ്രിട്ടീഷ് കടകളിൽ കാണുന്ന കാര്യമല്ല.  ചതിയും വഞ്ചനയും നടത്തി കാശുണ്ടാക്കുന്നവർ. തൂലിക ടി.വി. എഡിറ്റർ ജി.സാമുവേൽ ഇത് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. എന്ത്കൊണ്ട് ഉടനടി ഫോണിൽ വിളിച്ചു് പരാതിപ്പെട്ടില്ല. ഉടനടി അദ്ദേഹം പറഞ്ഞത്   ജീവൻ നിലനിർത്താൻ ഒരു മണിക്കൂർ ക്യുവിൽ നിന്നാണ് അരി വാങ്ങിയത്. അതിനിടയിൽ പരാതിപ്പെടാൻ എവിടെ സമയം? ഇപ്പോൾ അവരുടെ കൊയ്ത്തുകാലമാണ്. പിന്നെ മലയാളിയുടെ സ്വഭാവമറിയാമെല്ലോ. വിദ്വാന് മൗനം ഭൂഷണമെന്നപോലെ മൗനികളല്ലേ?  ആദ്യമൊക്കെ കടകളിൽ ആഹാര സാധങ്ങൾ നന്നേ കുറവായിരിന്നു. എല്ലവരുമങ്ങു് വാരിക്കൂട്ടി. ഇപ്പോൾ അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രമുഖ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ ഇതുപോലുള്ള ചൂഷണങ്ങൾ നടക്കില്ല.  എന്നാൽ ഈ കടകളിൽ ഇന്ത്യൻ സാധനങ്ങൾ വളരെ കുറവാണ്.
ചന്ദ്രനിൽ കൂടുകെട്ടാൻ വെമ്പല്കൊള്ളുന്ന മനുഷ്യൻ, വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ തീറ്റിപോറ്റുന്ന   ഭരണകൂടങ്ങൾ,  ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുന്ന ജൈവ വൈറസുകൾ  എല്ലായിടവും ഇറക്കുമതി ചെയ്ത് പാവങ്ങളെ കൊന്നൊടുക്കിയാൽ അരുമതറിയില്ല. ഒടുവിലവർ വവ്വാലുകളിലും മൃഗങ്ങളിലും കൊണ്ടുവന്ന് കെട്ടിവെച്ചു് രക്ഷപ്പെടും. ഇതൊക്കെ ഒന്നാം ലോയകമഹായുദ്ധത്തിൽ നമ്മൾ കണ്ടതാണ്.  യുദ്ധകാലത്താണ് ഇതൊക്കെ കൂടുതൽ കാണുന്നത്. ഇറാക്ക് യുദ്ധകാലത്തു് സദാം ഹുസ്സയിൻ വിഷവാതകം കടത്തിവിടുമോയെന്ന് ഭയന്ന് സൗദിയിൽ മുറികൾ സീൽ ചെയ്ത്, മാസ്ക്ക് ധരിച്ചിരുന്നത് ഓർത്തുപോയി.
കേരളത്തിൽ മാരകമായ വസൂരി പടർന്ന് പിടിച്ചപ്പോൾ 1931 ൽ നെയ്യാറ്റിൻകരയിൽ വീടുവീടാന്തരം കയറിയിറങ്ങി രോഗ സ്ഥീതി അറിയുമായിരിന്നു. കേരളത്തിൽ നടത്തുന്ന ആരോഗ്യ സംരക്ഷണനടപടികൾ എന്ത്കൊണ്ട് ഇതുവരെ ഗൾഫിൽ നടത്തുന്നില്ല? പ്രവാസികളെ എന്നും കറവപശുക്കളെപോലെയാണ് ഭരണാധികാരികൾ കണ്ടിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ ഇന്നുള്ള തന്ത്രം ആ പാർട്ടിയിലുള്ളവർക്ക് സർക്കാർ ചിലവിൽ എന്തെങ്കിലും പദവി കൊടുത്തിരുത്തും.  സർക്കാരിനെ കുറ്റപ്പെടുത്തി ഒന്നും പറയരുത്. പണമൊഴിഞ്ഞ പെട്ടിപോലെ പാവം പ്രവാസി ഇതെല്ലം കണ്ടിരിക്കും.  കേരളത്തിലെ സാഹിത്യരംഗത്തുള്ളവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. പ്രവാസികൾ നാടിന്റ പട്ടിണി മാറ്റി എന്നൊക്കെ പ്രസംഗിക്കും. എന്നാൽ ഇന്നുവരെ അവർക്കായി എന്ത് ചെയ്തുവെന്നോ അവർ വിദേശ രാജ്യങ്ങളിൽ എത്രയുണ്ടോ അതുപോലുമറിയില്ല. ഗൾഫ് ഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഉടനടി സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ഇടപെടണം.  തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണം. രോഗികൾക്ക് മരുന്നുകൾ എത്തിക്കുമെന്ന് നമ്മുടെ കേന്ദ്രമന്ത്രി പറഞ്ഞത് ഒരാശ്വാസമാണ്.
പാശ്ചാത്യ രാജ്യങ്ങളിലും പ്രയാസങ്ങൾ അനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരുടെ രോദനങ്ങൾ കേൾക്കാൻ ആരുമില്ല. അതിൽ ഒരു കൂട്ടരാണ് നിത്യവും കടകളിൽ ജോലിചെയ്ത് ജീവിക്കുന്നവർ.  ഇന്ന് ജോലിയില്ല. ഇങ്ങനെ വിവിധ മേഖലകളിൽ ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് കേരള സർക്കാർ എന്തെങ്കിലും ചെയ്യുമോ? ഇവരിൽ പലരും ഇവിടുത്തെ പൗരന്മാരല്ല. വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്ക് ഊടും പാടും നെയ്യുന്നവർക്ക് അതൊന്നും കാണാൻ കണ്ണില്ല.  ഫെയ്‌സ് ബുക്കിലെ പ്രതികരണ തൊഴിലാളികളെപോലെ അനുസരണ തൊഴിലാളികളാണല്ലോ. അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മൾ കടന്നിരിക്കുന്നത്. ചൈന പുറത്തുവിട്ട ഭൂതം ഏറ്റവുമധികം തങ്ങി നിൽക്കുന്നത് വികസിത രാജ്യങ്ങളിലാണ്. എന്തുകൊണ്ടെന്ന് ഇന്നും വ്യക്തമായിട്ടില്ല. ഇവിടെയെല്ലാം മലയാളികളുള്ളത് കേരള സർക്കാർ മറക്കരുത്. ഈ ഭീഷണി നേരിടാൻ നാം സുരക്ഷിതരായിരിക്കാൻ സർക്കാരിനൊപ്പം ചേരണം.  ഇനിയെങ്കിലും മനുഷ്യൻ മനുഷ്യനോട്,  മൃഗത്തോടെ, പ്രപഞ്ചത്തോടെ കൂടുതൽ ദയാലുവാകുക.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി.

ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

അതിനിടെ യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. മറ്റു വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം.

വിദേശകാര്യ മന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ദുബൈ കെ.എം.സി.സി കോടതിയെ അറിയിച്ചു. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹരജിയിൽ പറയുന്നു.

ലോക്ക്ഡൗൺ കാരണം സീരിയലുകളും റിയാലിറ്റി ഷോകളും ഉൾപ്പെടെ എല്ലാ മലയാള ടെലിവിഷൻ ഷോകളുടെയും ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതിനെ എങ്ങിനെ നേരിടാൻ ആകും എന്ന ചിന്തയിലാണ് ചാനലുകാരും. അതിന്റെ ഭാഗമായി പഴയ പല പരമ്പരകൾ ചില ചാനലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല നിരവധി പരിപാടികളും പുതുതായി കൊണ്ടുവരികയും ചെയ്തു. അതിൽ ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന പരിപാടിയാണ് വീണ്ടും ചില വീട്ടുവിശേഷങ്ങൾ. മലയാളടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ്, രജിത് കുമാർ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയിൽ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങൾ സംസാരിക്കുകയുണ്ടായി. പരിപാടിയ്ക്കിടയിൽ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുകയും, ഒപ്പം ഏഷ്യാനെറ്റ് എന്ന ചാനൽ തനിക്ക് തന്ന നല്ല നിമിഷങ്ങളെക്കുറിച്ചും രജിത് വാചാലനാകുന്നുണ്ട്.

മാത്രവുമല്ല, മുൻപ് താൻ കേട്ട സ്ത്രീവിരുദ്ധൻ, സാമൂഹ്യവിരുദ്ധൻ, പ്‍സ്യൂഡോ സയൻസ് വിവാദങ്ങളെ കുറിച്ചും താരം വാചാലൻ ആകുന്നുണ്ട്. ഇതിനിടയിലാണ് ടിനിയുടെ ആവശ്യത്തിന് രജിത് മറുപടി നൽകിയത്. താൻ ബിഗ് ബോസ് കാണാറുണ്ടെന്നും ആ സമയത്താണ് താനും പ്രചോദും ചേർന്ന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് നിശയിൽ താൻ ബിഗ് ബോസിനെഅനുകരിച്ചു ഒരു സ്‌കിറ്റുമായി എത്തിയതെന്നും ടിനി ടോം പറയുന്നു.അന്ന് രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും ടിനി വ്യക്തമാക്കി. എന്നാൽ അതിനുശേഷം രജിത് ആർമി എന്ന് പറയുന്ന സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നിന്നും തെറി വിളി ആണെന്നും സാർ അതൊന്നു അവസാനിപ്പിക്കാൻ അവരോട് പറയണമെന്നും ടിനി രജിത്തിനോട് അഭ്യർത്ഥിച്ചു. ഇതിനു രജിത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയത്. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം”

“അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നു”, എന്നും രജിത് വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ അഭിപ്രായ സര്‍വെകളിലാണ് കൊറോണ വൈറസ് ബാധയെ നേരിടുന്ന സമീപനം ട്രംപിന് തിരിച്ചടിയായതായി തെളിയുന്നത്. ട്രംപിന്റെ സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് സൂചന. ദിവസവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നാണ് സൂചന.

കൊറോണ ബാധ തുടങ്ങുന്നതിന് മുമ്പ് ട്രംപിന്റെ ജനപ്രതീയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ അത് എത്തിയിരുന്നു. എന്നാല്‍ വൈറസ് അമേരിക്കയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് സ്ഥിതിഗതികള്‍ മാറിയത്. കൊറോണയെ നേരിടുന്നതില്‍ ട്രംപിനെ പിന്തുണച്ചവരുടെ ശതമാനം കഴിഞ്ഞയാഴ്ച 48 ശതമാനമായിരുന്നത് ഈയാഴ്ച 42 ശതമാനമായി കുറഞ്ഞു. മൊത്തത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനം 40 ശതമാനമാണ്. റോയിട്ടേഴ്‌സ് -ഇപ്‌സോസ് അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. സിഎന്‍എന്റെ സര്‍വെ പ്രകാരം 45 ശതമാനം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ സമീപനത്തെ പിന്തുണച്ചത്.

എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായ തിരിച്ചടിയാണ് ട്രംപ് ക്യാമ്പിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. സിഎന്‍എന്‍ സര്‍വെ പ്രകാരം 53 ശതമാനമാണ് ഇപ്പോള്‍ ബിഡനെ പിന്തുണയ്ക്കുന്നവര്‍. റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ വിഭാഗത്തില്‍ 42 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവരായുള്ളത്
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനമാണ് ട്രംപിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ നിഗമനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. “ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ പ്രസിഡന്റിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസിലെ ചിലരുടെയും വിലയിരുത്തല്‍”, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയിലൊരിക്കലായി വാര്‍ത്ത സമ്മേളനങ്ങള്‍ കുറയ്ക്കണമെന്ന് ട്രംപിനെ റിപ്പബ്ലിക്കന്‍പാര്‍ട്ടിയിലെ ചിലര്‍ ഉപദേശിച്ചതായും സൂചനയുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമൊ എന്നകാര്യത്തില്‍ അടുത്ത നാല് മുതല്‍ എട്ട് വരെ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ഫെഡറല്‍ റിസര്‍വിലേക്ക് ട്രംപ് നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്ന സ്റ്റീഫന്‍ മോര്‍ പറഞ്ഞു.
പൊതുവില്‍ ട്രംപിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന പത്രങ്ങളും കൊറോണ വാര്‍ത്ത സമ്മേളനങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ എതിര്‍ക്കുകയാണ്. വൈറസ് വ്യാപനത്തെക്കുറിച്ചും മറ്റും ജനങ്ങളെ അറിയിക്കുന്നതിനായി തുടങ്ങിയ വാര്‍ത്ത സമ്മേളനം ട്രംപിലേക്ക് ചുരുങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിന്റെ കാര്യത്തില്‍ ട്രംപിന് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡേറെ പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. ഇതിനകം 17000-ത്തിലധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. വൈറസ് ബാധ തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അടുത്തു തന്നെ ഇളവ് വരുത്തണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അടുത്ത ആഴ്ച സാമ്പത്തിക മേഖല വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ട്രംപ് തീരുമാനമെടുക്കുമെന്നാണ കരുതുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാവിലെ 11ന്. കൊവിഡ് ബാധ കൂടുതല്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. ലോക്ക്ഡൌണ്‍ നീട്ടേണ്ടിവരുമെന്ന സൂചന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നല്‍കിയിരുന്നു.

ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വന്തമായ പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നതായി വിവരമുണ്ട്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ സ്വന്തം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. യഥാക്രമം മെയ് 1 വരെയും ഏപ്രില്‍ 30 വരെയും ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീളും. മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായത്തിലാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകം ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. മോദിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറയുന്നത്. വൈറസ് ബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രങ്ങള്‍ മാത്രം ലോക്ക് ചെയ്യുന്ന നടപടിയായിരിക്കും കര്‍ണാടകം പിന്തുടരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയുമുണ്ടായി. ഇന്നത്തെ യോഗത്തിനു ശേഷം ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. രണ്ടാം സാമ്പത്തിക പാക്കേജും ഉടന്‍ പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്ലെങ്കില്‍ ഒരു രോഗിയില്‍ നിന്ന് മുപ്പത് ദിവസത്തിനിടെ 406 പേര്‍ക്ക് കോവിഡ് പടരാം എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. ലോക്ക്ഡൗണ്‍ തുടരണമെന്ന് യുപിയും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും തെലങ്കാനയും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ വന്നിട്ടുണ്ട്. കേരളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഒഡീഷ ഏപ്രില്‍ 30 വരെയും പഞ്ചാബ് മേയ് 1 വരെയും ലോക്ക്ഡൗണ്‍ ഇതിനകം നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നതായുള്ള ആശങ്ക പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പങ്കുവച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. പഞ്ചാബില്‍ വിദേശയാത്രാ ചരിത്രമില്ലാത്ത 27 പേര്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രീച്ച് കാൻഡി ആശുപത്രിയിലുൾപ്പടെ നഗരത്തിലെ വിവിധ ആശുപത്രികളിലായി 70ഓളം മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്.

മൂന്ന് ഘട്ടങ്ങളിലായി ജില്ലാതലങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യാമെന്നാണ് കേരളം കരുതുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ കൊവിഡ് മരണവും ഇന്നലെയാണ് സ്ഥിരീകരിച്ചത്. അസമിലെ സിൽച്ചര്‍ ജില്ലയിൽ 65 വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഡൽഹിയിൽ 120 പേർക്കം രാജസ്ഥാനിൽ 489 പേർക്കം രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കുന്നത് അബദ്ധമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവരെ 6761 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 206 ആയി.

ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മാർച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തി.

ലോക്ക് ഡൗണിനിടെ അതിർത്തിയിൽ പൊലീസ് തടഞ്ഞയാൾ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ദുരന്തം. കർണാടകത്തിലെ ബീജാപൂരിലാണ് സംഭവം.

ബീജാപൂർ-ബാഗൽകോട്ട് ജില്ലകൾക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാൾ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റർ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിർത്തി ഗ്രാമത്തിലാണ് കെഎസ്ആർടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകൾ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തിൽ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല.

ഒടുവിൽ ഭാര്യയെയും കുഞ്ഞിനെയും അതിർത്തി കടന്ന് നടന്നുപോകാൻ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മർദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.

ബ്രസീലിൽ യാനോ മാമി ആദിവാസി ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് മരണം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 15 കാരനാണ് മരിച്ചത്. വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനെയാണ് വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.

ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നഗരമേഖലയില്‍ താമസിച്ചിരുന്ന രണ്ട് പേര്‍ ഇതിന് മുന്‍പ് കൊവിഡ് 19 ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ നദിക്കരയില്‍ കൊളംബിയയ്ക്കും പൊറുവിനും സമീപത്തായി താമസിക്കുന്ന കൊകാമ ഗോത്രത്തിലുള്ളവര്‍ക്ക് രോഗബാധയുള്ളതായാണ് സംശയിക്കുന്നത്. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയോടെ 18176 കൊവിഡ് 19 കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മരണസംഖ്യ രണ്ടിരട്ടി വര്‍ധിച്ച് 957 ആയെന്നാണ് ബ്രസീലിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved