തൊടുപുഴില്‍ വനിത എസ്‌ഐയ്ക്ക് നേരെ അപമാനിക്കാന്‍ ശ്രമം. പോലീസ് ജീപ്പിനുള്ളില്‍ വെച്ചാണ് പോലീസ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് ഡ്രൈവറായ സിയാദിനെ സസ്‌പെന്റ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്‌ഐയ്ക്കാണ് ദുരനുഭവമുണ്ടായത്.
ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് അപമാനിക്കാന്‍ ശ്രമം നടത്തിയത്. പിറ്റേ ദിവസം എസ്‌ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി എആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.
സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്ത് നിന്നും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക പോകേണ്ട അജ്ജയ്യ രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നതാണ്. അതെസമയം 3 പേരുടെ രോഗം ഭേദമായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ 526 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായത് കണ്ടു കെവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കെവിന്റെ കണ്ണീരോര്‍മ്മകള്‍ നിറയുന്ന പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവുമുണ്ട്.
കോട്ടയം കരിയംപാടത്ത് നാല്‌സെന്റ് ഭൂമിയിലാണ് നാല് മാസം കൊണ്ട് വീടൊരുങ്ങിയത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്വന്തം വീടെന്ന സ്വപ്‌നം സഫലമായിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും പിഎം ആവാസ് യോജനയില്‍ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം കൂട്ടിയാണ് വീടുപണി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ടു. മാര്‍ച്ചില്‍ പണി പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം അവസാനമാണ് കെവിന്റെ കുടുംബം പുതിയ വീട്ടിലേക്കു മാറിയത്. സ്വന്തമായി ഒരു വീട് എന്നായിരുന്നു കെവിന്റെ സ്വപ്നമെന്ന് അച്ഛന്‍ ജോസഫ് പറയുന്നു. ഇനി മകള്‍ കൃപയുടെ വിവാഹം നടത്തണം.
കെവിന്റെ ഭാര്യ നീനു കേരളത്തിനു പുറത്ത് പഠിക്കുകയാണ്. പതിവായി ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കെവിന്റെ അമ്മ മേരി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ നീനുവിനു വരാന്‍ കഴിഞ്ഞിട്ടില്ല.
2018 മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ പിതാവും ഹോദരനുമടങ്ങിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ്, റെയില്‍ ഗതാഗതം അടക്കം എല്ലാ യാത്രാ മാര്‍ഗങ്ങളും അടച്ചു.
ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ സംസ്ഥാനത്ത് പ്രവേശിക്കാനോ ഇറങ്ങാനോ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റോഡ് മാര്‍ഗം കര്‍ണാടകയിലേക്ക് പ്രവേശിക്കാനും അനുവദിക്കില്ല. അതേസമയം, ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസും കുറച്ചു.
ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ വന്നതിലൂടെയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 2,418 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 781 രോഗികള്‍ സുഖം പ്രാപിക്കുകയും 47 പേര്‍ മരിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണെങ്കിലും പുറത്തുനിന്ന് വരുന്നവര്‍ക്കാണ് രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ച 135 കേസുകളില്‍ 118 എണ്ണവും മറ്റ് ഇടങ്ങളില്‍ നിന്ന് എത്തിയവരാണ്.
നേരത്തെ മെയ് 18ന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം കര്‍ണാടക നിരോധിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പരസ്പര സമ്മതത്തോടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. എന്നാല്‍ താമസിയാതെ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിച്ചു.
കേരളത്തിൽ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണെന്നും അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയെ തുടര്‍ന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലെ കളക്‌ട്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
പശ്ചിമവാതങ്ങളുടെ ശക്തി വര്‍ധിച്ചതോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേയ്ക്കും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗത്തേയ്ക്കും ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം എന്നിവയുടെ ശേഷിക്കുന്ന ഭാഗത്തേയ്ക്കും നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറും.
അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് മധ്യ ഭാഗത്തായി മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ ജൂണ്‍ 1 മുതല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത ഏറെയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 29 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ പടിഞ്ഞാറ് മധ്യഭാഗത്ത് മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുത്. മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്കു മധ്യ ഭാഗത്ത് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്തും സമീപ സമതല പ്രദേശങ്ങളിലും മെയ് 28 മുതല്‍ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മധ്യ ഇന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും അടുത്ത 3 – 4 ദിവസത്തിനുള്ളില്‍ താപനിലയില്‍ മൂന്ന് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് സംഭവിച്ചേക്കാം. നിലവിലെ ഉഷ്ണതരംഗം ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അുഭവപ്പെടുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ വളരെ കനത്ത മഴയ്ക്കും, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി
കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ധോണിയുടെ വിരമിക്കല്‍ ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് സാക്ഷിയെ ചൊടിപ്പിച്ചു.

ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. താന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്. ജീവിക്കാനനുവദിക്കണം’ ധോണി റിട്ടയേഴ്‌സ് എന്ന ടാഗില്‍ ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ രൂക്ഷപ്രതികരണം.എന്നാല്‍ നിമിഷങ്ങള്‍ക്കകം സാക്ഷി അത് ഡിലിറ്റ് ചെയ്തു.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ. ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത് ഇതാണ്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
കൊറോണ വൈറസിന്റെ വ്യാപനം ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. ഇതിനോടകം ഒരുപിടി മലയാളികൾ മരണപ്പെടുകയും ചെയ്‌തു. ഇന്ന് കുവൈറ്റിൽ മരിച്ചത് തിരുവല്ല സ്വദേശിനി റിയ എബ്രഹാം ആണ് (58 വയസ്സ്). വിടപറഞ്ഞ റിയ, എബ്രഹാം കോശിയുടെ ഭാര്യയാണ്.
കുടുംബസമേതം കുവൈറ്റിൽ ആയിരുന്ന ഇവർ രോഗം പിടിപെട്ട് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം കീഴ് പ്പെടുത്തുന്നത്. ഇന്ന് പ്രാദേശിക സമയം വെളിപ്പിന് ആണ് സംഭവിക്കുന്നത്. ഇന്ന് തന്നെ കുവൈറ്റിൽ ശവസംസ്ക്കാരം നടക്കുന്നു. ഒരു മകളാണ് ഇവർക്കുള്ളത്. ബാംഗ്ലൂരിൽ ആണ് മകൾ ഇപ്പോൾ ഉള്ളത്. ഭർത്താവ് എബ്രഹാം കുവൈറ്റ് ഹെൽത്ത് മിനിസ്ട്രിയിലെ പ്രോഗ്രാമർ ആണ്.
റിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുകയും ചെയ്യുന്നു.
പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ ശ്രീ പി ജെ ജോസഫ് എം എൽ എ ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു .
കേരളത്തിലേക്ക് വിമാനസർവീസ് പ്രതീക്ഷിച്ചു ഇംഗ്ലണ്ടിൽ കഴിയുന്ന ഇരുന്നൂറ്റിയന്പതിലധികം വരുന്ന വിദ്യാർത്ഥികളും , ഗർഭിണികളും സീനിയർ സൈറ്റിസിൻസും ഉൾപ്പെടെയുള്ള മലയാളികളുടെ വിവരം പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ശ്രി ബിജു ഇളംതുരുത്തിൽ , ശ്രീ ജിപ്സൺ എട്ടുത്തൊട്ടിയിൽ, ജിസ് കാനാട്ട് തുടങ്ങിയവർ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വന്ദേ ഭാരത് മിഷന്റ്റെ ഭാഗമായി ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് മെയ് 19 നു ഒരു എയർ ഇന്ത്യ വിമാനം അനുവദിച്ചിരുന്നെങ്കിലും 150 ല് താഴെ മലയാളികൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. 300 ലതികം മലയാളികൾ ഇപ്പോഴും എംബസ്സിയിൽ രജിസ്റ്റർ ചെയ്തു വിമാനം കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോക്ക് ഡൌൺ മൂലം കടകമ്പോളങ്ങൾ അടച്ചാതിനാൽ ൽ വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തിനും പാർട്ട് ടൈം ജോലികൾ നഷ്ടപ്പെടുകയും വാടകക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സന്ദർശക വിസയിൽ ഇംഗ്ലണ്ടിലെത്തി ലോക്ക് ഡൗണിൽ അകപ്പെട്ട പലരും മരുന്നുകൾക്കും മറ്റും ബുദ്ധട്ടിമുട്ടുന്ന സാഹചര്യം ശ്രീ പിജെ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തോമസ് ചാക്കോ
ലണ്ടൻ : ഈ കൊറോണ കാലത്ത് യുകെയിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ മിസോറാം ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ളയുടെ ശക്തമായ ഇടപെടൽ. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകരായ ബാല സജീവ്കുമാറും , അജിത്ത് വെണ്മണിയും സംയുക്തമായി നൽകിയ നിവേദനം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയശങ്കറിന് കൈമാറുകയും , കൂടാതെ ഫോണിലൂടെ യുകെ മലയാളികൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിൻറെ ശക്തമായ ഇടപെടൽ വേണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
യുകെയിൽ ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും മറ്റുള്ളവർക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം , ഒസിഐ കാർഡും ആണും ഉള്ളത്. ബന്ധുക്കളുടെ മരണാനാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ പോകേണ്ടി വന്നാൽ പോലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് പോകുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത് .
അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ യുകെയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിൽ എത്താനായി കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നും , ഓരോ ആഴ്ചയിലും കൂടുതൽ വിമാന സർവീസ്സുകൾ അനുവദിക്കണമെന്നുള്ള ആവശ്യവും യു എം ഒ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട് . കഴിഞ്ഞ തവണ അനുവദിച്ച വിമാന സർവീസ്സിൽ പല മലയാളികൾക്കും യാത്രാനുമതി ലഭിച്ചിട്ടും അവസാന നിമിഷം യാത്ര സാധ്യമായിരുന്നില്ല. ഈ വിഷയത്തിലുള്ള അടിയന്തിര ഇടപെടലും നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു എം ഒ യ്ക്ക് വേണ്ടി അജിത്ത് വെണ്മണി തന്റെ നാട്ടുകാരനും , കുടുംബ സുഹൃത്തുമായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഉടൻ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

