Latest News

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 551 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. 20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 104 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം നെഗറ്റീവാണ്.

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, മറ്റുള്ളവരുമായി സമ്പർക്കം കൂടുതലുള്ളവർ എന്നിവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇതിൽ 611 എണ്ണം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധന വ്യാപകമാകുന്നതിൻ്റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകളാണ് പരിശോധിച്ചത്.

 

ആർട്ടിക്ക് മേഖലയ്ക്ക് മുകളിലെ ഓസോൺ പാളിയിലുണ്ടായിരുന്ന ഏറ്റവും വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോർട്ട്. പത്തുലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഓസോണിലെ വിള്ളൽ ഇല്ലാതായെന്ന് യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെയായിരുന്നു ഉത്തരധ്രുവത്തിനു മുകളിൽ ഓസോണിൽ ദ്വാരം കണ്ടെത്തിയത്.

തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാർ വോർട്ടെക്സ്(Polar Vortex) എന്ന പ്രതിഭാസം ദുർബലപ്പെട്ടതാണ് വിള്ളൽ അടയാൻ കാരണമായി പറയുന്നത്. പോളാർ വോർട്ടെക്സ് പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും മറ്റും കാരണമാകുന്നത്. ഉത്തരധ്രുവത്തിൽ ആദ്യമായി ഓസോൺ ദ്വാരം കണ്ടെത്തിയത് 2011 ജനുവരിയിലായിരുന്നു. ഇത് ചെറിയ വിള്ളലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം അന്തരീക്ഷ മലനീകരണത്തിലുണ്ടായ കുറവ് ഓസോൺ പാളിയിലെ ദ്വാരമടയുന്നതിനു കാരണമായിട്ടില്ലെന്നാണ് പറയുന്നത്.

ചർമ കാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികരണങ്ങളിൽ നിന്നും ഓസോൺ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന വിള്ളലുകൾ വലിയ ഭീഷണിയാണ്. ഇപ്പോഴത്തെ റിപ്പോർട്ടുകൾ വലിയ ആശ്വസമാണ് ഉണ്ടാക്കിയിരിക്കുന്നത്.അന്തരീക്ഷ താപനില മൈനസ് 42 ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോൺ ശോഷണം ഏറ്റവുമധികം സംഭവിക്കുന്നത്. 62 ഡിഗ്രിവരെ മൈനസ് താപനിലയുള്ള ദക്ഷിണ ധ്രുവത്തിലാണ് ഓസോൺ ശോഷണം ആദ്യം നടക്കുന്നത്.

ബെർലിൻ: ലോകമെമ്പാടും ഉള്ള പ്രവാസികളായ മലയാളി ആരോഗ്യ പ്രവർത്തകർ അത്ര ആശാവഹമായ സാഹചര്യങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്. കൊറോണ വൈറസ് ഏറ്റവും മോശമായ രീതിയിൽ ബന്ധിച്ച യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. ഇതുവരെ ഒരു മലയാളിയുടെ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജർമ്മനിയിൽ നിന്നും ആണ് മലയാളി മനസ്സിനെ വിഷമിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

യൂറോപ്പിൽ ഏറ്റവും കാര്യക്ഷമമായി കോഡിനെ പ്രതിരോധിച്ച ജർമ്മനിയിൽ നേഴ്‌സായി ജോലി ചെയ്‌തിരുന്ന മലയാളി നഴ്‌സ് പ്രിൻസി സേവ്യർ (54) ആണ് ഇന്ന് മരണത്തിന് കീഴങ്ങിയത്. ചങ്ങനാശ്ശേരി സ്വദേശി കാര്‍ത്തികപിള്ളിൽ സേവ്യർ (ജോയ്മോൻ) ആണ് ഭര്‍ത്താവ്. ആതിരയാണ് മകള്‍.

പരേതനായ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസഫിന്റെ മകളാണ് മരിച്ച പ്രിൻസി. കുടുംബം  ജര്‍മ്മനിയില്‍ റെസിഡൻസി നേടിയവരാണ്. ശവസംസ്ക്കാരം ജർമ്മനിയിൽ തന്നെ ആണ് നടത്തപ്പെടുക.

യെസ് ബാങ്ക് അഴിമതിക്കേസിൽ പ്രതികളായ ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ സിബിഐ കസ്റ്റഡിയിൽ. കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവരെയാണ് സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം 9ന് പശ്ചിമ മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലെ ഫാം ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇരുവരും പിടിയിലായിരുന്നു. തുടർന്ന് പാഞ്ചഗണിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി.

എന്നാൽ, ക്വാറന്റീൻ കാലാവധി കഴിഞ്ഞെന്നും യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ പ്രതികളായ ഇവരെ കസ്റ്റഡിയിൽ എടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികളെ മോചിപ്പിക്കരുതെന്ന് സത്താറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. യെസ് ബാങ്ക് മേധാവി റാണ കപൂറുമായുള്ള ബന്ധം ഉപയോഗിച്ച് വലിയ തോതിൽ സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്നാണ് കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവർക്കെതിരെയുള്ള കേസ്.

രണ്ടാംഘട്ട ലോക് ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. സംസാരിക്കാന്‍ അവസരമില്ലാത്തത് കാരണം. പകരം ചീഫ് സെക്രട്ടറി പങ്കെടുത്തു. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന് കേരളം അറിയിച്ചു. നിലപാട് അമിത് ഷായെ മുഖ്യമന്ത്രി അറിയിച്ചു. ഗുജ്റാത്ത്,ബിഹാര്‍,ഒഡിഷ തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം ലഭിക്കുക.

ലോക് ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ഏഴ് സംസ്ഥാനങ്ങള്‍. കോവിഡ് ബാധയില്ലാത്ത ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നും നിര്‍ദേശം. പ്രവാസികളുടെ മടക്കവും, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചയാകും.

കൊല്ലം പറവൂരിലെ വയോധികയുടെ മരണത്തില്‍ മകളും ചെറുമകനും അറസ്റ്റില്‍. തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം മനപൂര്‍വമല്ലെന്നാണ് പ്രതികളുടെ മൊഴി.

പുത്തന്‍കുളം സ്വദേശി കൊച്ചു പാര്‍വതി ബുധനാഴ്ച്ചയാണ് മരിച്ചത്. സ്വാഭാവിക മരണമാണെന്നാണ് വീട്ടുകാര്‍ അയല്‍ക്കാരോട് പറഞ്ഞത്. കോവിഡ് ജാഗ്രതയുള്ളതിനാല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തി. കൊച്ചു പാര്‍വതിയും മകള്‍ ശാന്തകുമാരിയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍. ശാന്തകുമാരിയെയും ഇവരുടെ മകന്‍ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്‍പത്തിയെട്ടുകാരിയെ വഴക്കിനിടയില്‍ മുറിയിലേക്ക് വലിച്ച് ഇഴച്ചു കൊണ്ട് പോകുന്നതിനിടയില്‍ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. ആകെ കേസുകള്‍ 27,892 ആയി ഉയര്‍ന്നു. ഇതില്‍ 6185 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാനയിലും കേസുകള്‍ ആയിരം കടന്നു. ഡല്‍ഹി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയില്‍ ഏഴു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ഡൗണ്‍ കഴിയാതെ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയയ്‍ക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48 പേരുടെ ജീവന്‍ നഷ്ടമായി. 382 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 8068 കേസുകളാണ് സംസ്ഥാനത്ത് സ്ഥീകരിച്ചിട്ടുള്ളത്. മരണം 342 ആയി. 3301 കേസുകളുമായി ഗുജറാത്ത് ആണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 151 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ ആകെ കേസുകള്‍ 2918 ആണ്. ഡല്‍ഹി രോഹിണി അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനില്‍ ആകെ സംഖ്യ 2221 ആയി. തെലങ്കാനയില്‍ ആകെ കേസുകള്‍ ആയിരം കടന്നു. ആയിരത്തിലധികം കേസുകളുള്ള ഒന്‍പതാമത്തെ സംസ്ഥാനമായി തെലങ്കാന. ഇതിനിടെ, കോവിഡ് ചികില്‍സയ്‍ക്ക് പ്ളാസ്മ തെറാപ്പി ഫലപ്രദമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ രോഗമുക്തി നേടിയ 200 തബ്ലലീഗ് പ്രവര്‍ത്തകര്‍ പ്ളാസ്മ ദാനത്തിന് സന്നദ്ധത അറിയിച്ചു.

ലോക്ഡൗണ്‍ കഴിയാതെ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയയ്‍ക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ വ്യക്തമാക്കി. തൊഴിലാളികള്‍ ഇപ്പോള്‍ മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും ഭക്ഷണം, ചികില്‍സ, താമസം എന്നിവ ഒരുക്കിനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്. രാജ്യത്താകെ 37000 ക്യാമ്പുകളിലായി പതിനാലര ലക്ഷം തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ലോകത്തെ ആയുധകച്ചവടം നിയന്ത്രിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുമ്പോൾ തന്നെ വിദേശരാജ്യങ്ങളിലേക്കുള്ള യുകെയുടെ കയറ്റുമതിയിൽ മുന്നൂറ് ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്. യുകെ-യുടെ ആയുധ വിൽപ്പന 2018-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒരു ബില്യൺ പൌണ്ട് ആയി വർദ്ധിച്ചെന്നാണ് കണക്കുകൾ. ആയുധ വിൽപനയിലെ പുതിയ കണക്കുകളെ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ആയുധ നിയന്ത്രണ പ്രചാരകർ ശക്തമായ അപലപിക്കുകയാണ്.

ലോകത്ത് ജനങ്ങളുടെ സ്വാതന്ത്രത്തിന് ഒട്ടും വിലകൽപ്പിക്കുന്നില്ലെന്ന് പറപ്പെടുന്ന രാജ്യങ്ങളാണ് ആയുധങ്ങൾ കൂടുതൽ സ്വന്തമാക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനാധിപത്യ അനുകൂല സ്ഥാപനമായ ‘ഫ്രീഡം ഹൌസ്’ ഒട്ടും സ്വാതന്ത്യമില്ലെന്ന് തരംതിരിക്കുന്ന 48 രാജ്യങ്ങളിൽ 26 എണ്ണത്തിന് 2019 ൽ 1.3 ബില്യൺ പൗണ്ട് വിലവരുന്ന ആയുധങ്ങളാണ് യു.കെ വിറ്റതെന്നാണ് റിപ്പോർട്ടുകൾ. 2018-ല്‍ 310 മില്യൺ പൗണ്ടിന്‍റെ കച്ചവടമാണ് നടന്നിരുന്നത്.

2018-ൽ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പറയപ്പെടുന്ന രാജ്യങ്ങള്‍ക്ക് 173 മില്യൺ പൌണ്ട് വിലവരുന്ന ആയുധങ്ങളാണ് യു.കെ വിറ്റത്. കഴിഞ്ഞ വർഷം ഇത് 849 മില്യൺ പൌണ്ടായി ഉയര്‍ന്നു, 390 ശതമാനം വർധനവ്!. ‘ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ എത്രത്തോളം ശക്തമാണെന്ന് യുകെ സർക്കാർ എല്ലായ്പ്പോഴും ഞങ്ങളോട് പറയാറുണ്ട്. എന്നാല്‍ എന്താണ് സത്യമെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മനുഷ്യാവകാശ ധ്വംസകകരും, സ്വേച്ഛാധിപതികളുമാണ് യു,കെ-യുടെ ആയുധ വ്യവസായ രംഗം കൈകാര്യം ചെയ്യുന്നത്’ എന്ന് Campaign Against Arms Trade-ന്‍റെ വക്താവായ ആൻഡ്രൂ സ്മിത്ത് പറഞ്ഞു.

സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം യു.കെ-യില്‍നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്. എന്നാലും, കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ പുറത്തുവന്ന സൗദി അറേബ്യയിലേക്കുള്ള ആയുധ വിൽപ്പന മരവിപ്പിച്ച കോടതി വിധികയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൂടെ ഇല്ലായിരുന്നെങ്കില്‍ വില്‍പ്പന പൊടിപൊടിക്കുമായിരുന്നു.

ലോകരാജ്യങ്ങളിൽ കോവിഡ് പകർന്ന് പിടിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ തിടുക്കപ്പെട്ട് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ താർപര്യമറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളെ കണ്ടെത്താൻ നോർക്ക ആരംഭിച്ച രജിസ്ട്രേഷനോടും വലിയ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.

ഇന്നലെ വൈകീട്ടോട്ടെയായിരുന്നു നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. നടപടി ഒരു രാത്രി പിന്നിട്ടപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടു. രാവിലെ ആറുമണിയോടെയാണ് രജിസ്ട്രേഷൻ ഒന്നരലക്ഷത്തോട് അടുത്തത്.  www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം എത്തിക്കുക എന്നൊരു തീരുമാനം ഇല്ലെന്ന് നേരത്തെ തന്നെ നോർക്ക വ്യക്തമാക്കിയിരുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ തന്നെ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃകർ ചൂണ്ടിക്കാട്ടുന്നു. വിദേശത്തെ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് വഴി ച‍ർച്ചയും നടത്തിയിരുന്നു.

അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങൾ ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ആദ്യം ദിനം തന്നെ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനി സംഭവിക്കാൻ പോവുന്നത് പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവാണെന്ന സൂചനകൂടിയാണ് ലഭ്യമാവുന്നത്. എന്നാൽ, പ്രവാസികള്‍ തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നാട്ടിലെത്തിക്കാനും നോര്‍ക്ക ഇടപെടൽ ശക്തമാക്കും. ഇതിനായുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.

സൗദി അറേബ്യയിൽ നിലവിലുണ്ടായിരുന്ന ചാട്ടവാറുകൊണ്ടുളള അടി ശിക്ഷ നിരോധിച്ച് സൌദി സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ കേസുകളിൽ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവർക്ക് ഇനി പിഴയോ തടവു ശിക്ഷയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ലഭിക്കുക.

ചാട്ടയടി ശിക്ഷയായുള്ള എല്ലാ കേസുകളിലും ഇനി തടവോ പിഴയോ മാത്രമാകും ശിക്ഷയായി ലഭിക്കുക. സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറേയും നേരിട്ടുള്ള നിർദേശത്തിൻറെ ഭാഗമായാണ് ഉത്തരവ്.

രാജ്യത്ത് നടപ്പിലാക്കുന്ന മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡണ്ട് ഡോ. അവ്വാദ് ബിൻ സാലിഹ് അൽ അവ്വാദ് പറഞ്ഞു. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രവർത്തരും സ്വദേശികളും തീരുമാനത്തിന് ട്വിറ്ററിൽ പിന്തുണയറിയിച്ചു.

RECENT POSTS
Copyright © . All rights reserved