കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല് നമ്മള് പ്രഥമശുശ്രൂഷ നല്കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്ക്കും പ്രഥമശുശ്രൂഷ നല്കാന് സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്ത്തിക്കുന്ന റോള്ഡന്റ്സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില് പൊതുജനങ്ങള്ക്ക് ഫോണ് വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്ത്തന പരിചയമുള്ള വോളന്റിയര്മാരുടെ സേവനമാണ് ആദ്യഘട്ടത്തില് ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്ക്ക് ഓണ്ലൈന് കൗണ്സിലിങ്ങും നല്കും. ഈ സേവനങ്ങള് തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്ഡന്റ് റെജുവിനേഷന് മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന് റോള്ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര് 7025917700
ക്വാറന്റീനില് കഴിയാതെ കറങ്ങി നടന്ന മണ്ണാര്ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര് അറിയിച്ചു. ഹോം ക്വാറന്റീന് നിര്ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര് ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന് കെഎസ്ആര്ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന് മാര്ച്ച് 17 ന് കെഎസ്ആര്ടിസിയില് ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര് ബസ്സിലാണ് ഇയാള് ഡ്യൂട്ടി എടുത്തത്. മാര്ച്ച് 18 ന് ഇയാള് പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള് ജോലി ചെയ്ത ബസ്സുകളില് യാത്ര ചെയ്തിരുന്നവര് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര് നിര്ദേശിച്ചു.
മണ്ണാര്ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്ത്ഥാടനം കഴിഞ്ഞ് മാര്ച്ച് 13 നാണ് ഇയാള് ദുബായില് നിന്ന് നാട്ടില് തിരിച്ചെത്തിയത്. വീട്ടില് ക്വാറന്റീനില് കഴിയണമെന്ന നിര്ദേശം ലംഘിച്ച് ഇയാള് നാട്ടില് കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില് യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്, ബാങ്കുകള്, യത്തീം ഖാന, പള്ളികള് എന്നിവിടങ്ങളില് ഇയാള് പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന് പോയതായാണ് സംശയം ഉയര്ന്നിട്ടുള്ളത്.
പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ കരഞ്ഞുതളർന്ന് മലയാളി യുവതി ദുബായിൽ. കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്ന് മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർക്കുകയാണിവർ. എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി അഭയകേന്ദ്രത്തിൽ താമസിക്കുന്ന ബിജിമോളാണ് ഇൗ നിർഭാഗ്യവതി.
കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്.
യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്ന് ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോ വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്തതിൽ ബിജി ഏറെ കരഞ്ഞുതളർന്നു.
ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വിഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു.
എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. പക്ഷേ, മഹാമാരി ലോകത്തെ പിടികൂടിക്കൊണ്ടിരിക്കുമ്പോൾ അതിന് പെട്ടെന്ന് കഴിയുമോ എന്ന് ഇവർക്കറിയില്ല. ഇത്രയും നാൾ സുഹൃത്തുക്കളുടെ മുറിയിലായിരുന്ന താമസം. കഴിഞ്ഞ ദിവസം അബുഹായിലിലെ വഴിയരികിൽ ഇരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഒരു മലയാളി അബുഹായിലിൽ താമസ സൗകര്യം ഒരുക്കിയതാണ് ഏക ആശ്വാസം. അദ്ദേഹം തന്നെ ഭക്ഷണത്തിനുള്ള സഹായവും നൽകി. എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. അതിന് ശേഷം നാട്ടിൽ ചെന്ന് മക്കളെ ഒരുനോക്കു കണ്ട ശേഷം ജീവിത പ്രതിസന്ധികളെ പൊരുതി തോൽപിക്കാനാണ് ബിജിയുടെ ആഗ്രഹവും പ്രാർഥനയും.
ഇന്ത്യ വീട്ടിലിരിക്കുമ്പോൾ നിരത്തുകൾ ശൂന്യമാണ്. കടലും കായലും പുഴയുമെല്ലാം ശാന്തമായി. മുംബൈ നഗരത്തിൽ ഇപ്പോൾ അതിഥികളുടെ വരവാണ്. മാലിന്യവും തിരക്കും ഇല്ലാതായതോടെ മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ എത്തിത്തുടങ്ങി. ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇൗ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതായി.
The air in Mumbai is so nice, light and fresh ..!!! I can’t believe it 😃… and it seems dolphins were sighted just off the shore near Breach Candy club ..!!! This shutdown of cities is not so bad after all #CoronavirusPandemic pic.twitter.com/t94vhFyPRy
— Juhi Chawla (@iam_juhi) March 21, 2020
കൊറോണയെ തടയാന് രാജ്യം മുഴുവന് പോരാടുമ്പോള് കാശ്മീരില് ലോകം അവസാനിക്കാന് പോകുന്നുവെന്ന് വ്യാപക പ്രചാരണം.ലോകാവസാനത്തിന്റെ ലക്ഷണങ്ങള് സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള് കണ്ടുവെന്ന പ്രചരണമാണ് കശ്മീരില് വ്യാപകമാകുന്നത്.
പ്രചരണങ്ങള് കൈവിട്ടതോടെ ശ്രീനഗറുള്പ്പെടെ കശ്മീരിലെ ഉള്ഭാഗങ്ങളില് വരെ രാത്രിയില് പ്രാര്ഥനയ്ക്കുള്ള ആഹ്വാനം വന്നു. അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര് വീടിനു പുറത്തിറങ്ങി കാത്തിരുന്നു.
മാര്ച്ച് 26ന് ഭൂമിക്ക് സമീപത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്ത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീര് താഴ്വരിയില് പ്രചരിക്കുന്നത്. ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കശ്മീരികള്ക്കിടയില് പൊതുവായുണ്ട്.
അതേസമയം കാശ്മീരില് കോവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്ട്ട് ചെയ്തു.ശ്രീനഗറിലുള്ള 65 വയസുള്ള വ്യക്തിയാണ് മരിച്ചത്.കശ്മീരില് 11 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില് 1,13,120 പേര് രോഗവിമുക്തി നേടി. 3,18,543 പേര് ചികിത്സയിലാണ്. ഇതില് 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില് 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില് മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്ക്കാണ് ഇറ്റലിയില് കൊറോണ സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില് 443 മരണങ്ങളും ഇറാനില് 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള് കൂടി പുറത്തുവന്നതോടെ മരണനിരക്കില് ചൈനയെ പിന്തള്ളി സ്പെയിന് രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില് മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില് ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില് മുതിര്ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്ദേശായിയുമായുള്ള അഭിമുഖത്തില് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന് കരുതലുകള് വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില് പിടിച്ചുനില്ക്കുമെന്നായിരുന്നു രാജ്ദീപ് സര്ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില് ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന് കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില് കൂടുതല് പേര് രോഗികളായി മാറിയാല് അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള് എടുത്ത സാഹചര്യത്തില് വലിയ തോതില് രോഗികളുടെ എണ്ണം വര്ധിക്കാന് സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല് രോഗികളെ പാര്പ്പിക്കാനും, ക്വാറന്റൈന് ചെയ്യാനുമുള്ള സംവിധാനങ്ങള് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്ഷന്, ആരോഗ്യ സുരക്ഷ പദ്ധതികള്, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള് തുടങ്ങിയ ഉള്പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില് രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്ക്കാര് പരിശോധന കൂടുതല് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്ക്കുകൂടിയാണ് കേരളത്തില് രോഗം സ്ഥിരീരിച്ചത്. ചികില്സയില് ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്ക്ക് വൈറസ് ബാധ വന്നതില് 91 പേര് വിദേശ രാജ്യങ്ങളില്നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില് കൊറോണ ബാധ ഉണ്ടായതു മുതല് സംസ്ഥാനത്തെ അവസ്ഥകള് വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്ത്ത സമ്മേളനം ഇന്നുമുതല് ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള് ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്ക്കാര് എടുക്കുന്ന പ്രതിരോധ പ്രവര്ത്തനങ്ങള് ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്ത്ത സമ്മേളനങ്ങളായിരുന്നു.
ഉത്തര്പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘മാ ആദി ശക്തി’ എന്ന് സ്വയം വിളിക്കുന്ന ഒരു ആള്ദൈവമാണ് പൊലീസിനെയും ജനങ്ങളെയും കുറച്ചുനേരം മുള്മുനയില് നിര്ത്തിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിക്കപ്പെട്ട ലോക്ക്ഡൗണ് സമയത്താണ് ഇവര് യോഗം സംഘടിപ്പിച്ചത്. പ്രാര്ത്ഥനകളും മറ്റും നടക്കുന്നത് കണ്ട നാട്ടുകാര് ഉടന് പൊലീസില് വിവരമറിയിച്ചു. രണ്ട് ട്രക്ക് പൊലീസ് സ്ഥലത്തെത്തി.
പൊലീസ് എത്തിയപ്പോള് വാള് ഉയര്ത്തിപ്പിടിച്ച് നില്ക്കുന്ന ‘അമ്മ’യെയാണ് കണ്ടത്. വാള് ഉപേക്ഷിക്കാന് ആവശ്യപ്പെട്ടപ്പോള് അവര് തയ്യാറായില്ല. വെല്ലുവിളിയും തുടങ്ങി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
സ്ഥലത്ത് നൂറോളം പേര് എത്തിയിരുന്നു. എല്ലാവരും ‘അമ്മ’യ്ക്കൊപ്പം പ്രാത്ഥിക്കാന് എത്തിയതാണ്. പൊലീസ് ചെറിയ തൊതില് ഒരു ലാത്തിച്ചാര്ജ് സംഘടിപ്പിച്ചതോടെ അവരും ഒഴിഞ്ഞുപോയി.
ഒരു ഡോക്ടർ ദമ്പതികൾക്കും അവരുടെ കുട്ടിയുമുൾപ്പടെ പത്തോളംമലയാളികൾക്ക് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു .ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം പതിനെട്ടായി ഉയർന്നു , ബ്രിട്ടനിലെ ആശുപത്രികളിലും കെയർ ഹോമുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന ഡോക്ടർമാർ , നഴ്സ് മാർ ഉൾപ്പടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് മലയാളി സമൂഹത്തിൽ കൂടുത ആശങ്ക ക്കിടയാക്കിയിട്ടുണ്ട്.
കോവിഡ് 19 വ്യാപനം ബ്രിട്ടനിൽ അനുനിമിഷം അനിയന്ത്രിതമായി വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അടിയന്തിരാവസ്ഥക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിനോ , ജോലിക്കു പോകുവാനോ, തിരികെ വരുവാനോ , മരുന്നുകളും മറ്റും വാങ്ങുന്നതിനോ അല്ലാതെ മറ്റു കാര്യങ്ങൾക്കായി ആരും വീട് വിട്ടു പുറത്തു പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത് .
ദിവസത്തിൽ ഒരു തവണ ഓടുകയോ , നടക്കുകയോ പോലുള്ള ഏതെങ്കിലും വ്യായാമം ചെയ്യുന്നതിനായി പുറത്തിറങ്ങുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.ആളുകൾ , വീടുകളിൽ തന്നെ കഴിയണം , സുഹൃത്തുക്കളെയോ ,ബന്ധുക്കളെയോ സന്ദര്ശിക്കുവാനോ ആരും ശ്രമിക്കരുത് ,ആരെയും വീടുകളിലേക്ക് സന്ദർശനത്തിനും അനുവദിക്കരുത് , രണ്ടോ അധിലധികമോ ആളുകൾ ഒന്ന് ചേർന്ന് പൊതു നിരത്തുകളിലോ , പൊതു സ്ഥലങ്ങളിലൊ കൂട്ടം ചേരുവാനോ സഞ്ചരിക്കുവാനോ പാടില്ല .
ലൈബ്രറികളും ,ആരാധനാലയങ്ങളും അടക്കണം . തീരെ അത്യാവശ്യമില്ലാത്ത സേവനങ്ങൾ നൽകുന്ന എല്ലാ കടകളും അടച്ചിടുവാനും മാമോദീസ , വിവാഹം , മറ്റു പൊതുപരിപാടികൾ എന്നിവയും ക്യാൻസൽ ചെയ്യണം , വരുന്ന മൂന്നാഴ്ചത്തേക്കാണ് തല്ക്കാലം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കു സ്പോട്ട് ഫൈൻ ഉൾപ്പടെ ചുമത്തുവാൻ പൊലീസിന് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട് .
എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും നിർത്തലാക്കിയിട്ടില്ല , ഇതും ജനം പാലിച്ചില്ല എങ്കിൽ രാജ്യം പൂർണ്ണമായും ലോക് ഡൌൺ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
എന്നാൽ ഈ പ്രഖ്യാപനങ്ങൾക്കുശേഷവും രാജ്യത്തിൻറെ പല ഭാഗത്തും പൊതു സ്ഥലങ്ങളിലും ,ബസുകളിലും , ലണ്ടൻ നഗരത്തിലെ അണ്ടർ ഗ്രൗണ്ട് ട്യൂബുകളിലും ഒക്കെ വലിയ തിരക്കായിരുന്നു അനുഭവപ്പെടുത്തിരുന്നത് ഏതൊക്കെ ജോലികൾ ആണ് അത്യാവശ്യ സർവീസുകളിൽ പെടുന്നതെന്നും , ഏതൊക്കെ ജോലികൾക്കായുള്ളവരാണ് പുറത്തിറങ്ങാൻ സാധിക്കാത്തതെന്നും വ്യക്തമാക്കാതിരുന്നതിനാൽ രാജ്യമെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട് ഇന്ന് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത് .
ഇത്രയധികം ആളുകൾക്ക് മരണം സംഭവിക്കുകയും , രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രാജ്യത്തെ എയർപോർട്ടുകൾ അടക്കാത്തതിനെതിരെയും കർശന വിമർശനമാണ് ഉയർന്നു വരുന്നത് .വിദേശങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ടു ദിവസം കൂടി രാജ്യത്തെ എയർപോർട്ടുകളിൽ കൂടി ഇങ്ങോട്ടേക്ക് എത്താമെന്നും സർക്കാർ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സർക്കാർ അഭ്യർഥിച്ചു .
കൊറോണ വ്യാപകമായി ട്ടുള്ള നിരവധി രാജ്യങ്ങളിൽ താസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ യാതൊരു നിയന്ത്രണവുംഇല്ലാതെ എയർപോർട്ടുകളിൽ കൂടി ബ്രിട്ടനിൽ എത്തിയാൽ രോഗത്തിന്റെ വ്യാപനം കൂടുതൽ ശക്തമാവുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട് .
ഇതിനിടെ ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ചെയ്തത് പോലെ കൊറോണ രോഗ ബാധിതർക്കായി പ്രത്യേകം ആശുപത്രികൾ ഉണ്ടാക്കുവാനുള്ള നടപടികളും ബ്രിട്ടൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട് .ലണ്ടനിലെ എക്സൽ കൺവെൻഷൻ സെന്റർ പോലെയുള്ള ബൃഹുത്തായ കൺവെൻഷൻ സെന്ററുകളും മറ്റും സ്പെഷ്യൽ കോവിഡ് ആശുപത്രിയാക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട് .
കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള് ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.
കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്്സ്വാനയും ദക്ഷിണ സുഡാനുമാണ് കോറോണ റിപ്പോര്ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന് എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെ 194 രാജ്യങ്ങളിലും അവയുടെ ടെറിറ്ററികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലിബിയ,യെമന് തുടങ്ങിയ രാജ്യങ്ങളില് വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക അത്ര എളുപ്പമല്ല.
അയല്രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്സ്വാനയും ദക്ഷിണ സുഡാനും. ഉത്തര കൊറിയയും കോവിഡ് ബാധയില്ലെന്ന നിലപാടിലാണ്.
എന്നാല് ഇത് ലോക രാജ്യങ്ങള് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ഒരേയൊരാള് മാത്രമാണ് കോവിഡ് ബാധയെത്തുടര്ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. ഇതും അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള് പറയുന്നത്.
70000ല് പരം ആളുകള്ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്പെയിനിലും സ്ഥിതിഗതികള് അതീവ ആശങ്കാജനകമാണ്.
ജര്മനിയില് 33000 രോഗികള് ഉണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണ്. അയല്രാജ്യങ്ങളെ അപേക്ഷിച്ച് ജര്മനിയിലെ ആശുപത്രികളില് അത്യഹിത വിഭാഗത്തില് കൂടുതല് കിടക്കകളുണ്ട്.
രോഗികള്ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന് കഴിയുന്നതാണ് ജര്മനിയിലെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് ഡോക്ടര്മാര് അവകാശപ്പെടുന്നു. ജര്മനിയുടെ ഈ മാതൃക സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പെയിന് അടക്കമുള്ള രാജ്യങ്ങള്.