കൊറോണ വൈറസ് ബാധയെത്തുടര്ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന് ചെയ്തിരുന്ന കപ്പലില് രണ്ട് വൈറസ് ബാധിതര് മരിച്ചു. ഡയമണ്ട് പ്രിന്സസ് ആഡംബര ക്രൂയിസ് ഷിപ്പില് 542 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലുള്ളവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. അതേസമയം ചൈനീസ് മെയിന്ലാന്ഡില് 394 പുതിയ കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ചൈനയില് മൊത്തം കൊറോണബാധിതരുടെ എണ്ണം 74500 കടന്നു. ചൈനയിൽ മരണസംഖ്യ കഴിഞ്ഞ ദിവസം 2000 കടന്നിരുന്നു.
ഇന്ത്യയില് എട്ട് ചൈനീസ് പൗരന്മാര് നിരീക്ഷണത്തിലാണ്. ഇതില് രണ്ട് ഷിപ്പ് ക്രൂ അംഗങ്ങള് ഉള്പ്പെടുന്നു. ഷിംലയില് ആറ് പേര് നിരീക്ഷണത്തിലാണ്. ഇവര് ചൈനീസ് പൗരന്മാരാണ്. അതേസമയം ഇവര് വുഹാനില് പോയിട്ടില്ല. ഇറാനില് കൊറോണ പോസിറ്റീവ് ആയ രണ്ട് പേര് മരിച്ചു. കൊറോണ വൈറസ് ലോകസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി.
ട്വന്റി 20, ഏകദിന പരമ്പരകള് കഴിഞ്ഞു, ന്യൂസിലന്ഡിനെതിരെ ടെസ്റ്റ് പരമ്പരകള്ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നാളെ വെല്ലിംഗ്ടണിലാണ് രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ് വേദിയാകുമ്പോള് 52 വര്ഷങ്ങള്ക്കു ശേഷം ഈ വേദിയില് ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്.
വെല്ലിങ്ടണില് 1968 ല് വിജയം നേടിയ ശേഷം ഇന്ത്യ പിന്നീടൊരിക്കലും ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. 1968-ല് ആയിരുന്നു ഈ വേദിയില് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില് ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില് പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്ഷങ്ങള്ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര് ഉറ്റുനോക്കുന്നത്. ന്യൂസീലന്ഡ് മണ്ണില് ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില് മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള് തോറ്റപ്പോള് 10 എണ്ണം സമനിലയിലായി.
വെല്ലിങ്ടണില് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ 1968 – ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം, 1976 ല്ന്യൂസീലന്ഡ് ഇന്നിങ്സിനും 33 റണ്സിനും വിജയിച്ചു, 1981 – ന്യൂസീലന്ഡിന് 62 റണ്സ് ജയം, 1998 – ന്യൂസീലന്ഡിന് നാലു വിക്കറ്റ് ജയം, 2002 – ന്യൂസീലന്ഡിന് 10 വിക്കറ്റ് ജയം,2009 – സമനില, 2014 – സമനില
ആദ്യ ടെസ്റ്റില് രോഹിത് ശര്മയുടെ അഭാവത്തില് മായങ്ക് അഗര്വാളിനൊപ്പം പൃഥ്വി ഷാ ഓപ്പണറായേക്കും. ന്യൂസിലന്ഡില് നേരത്തെ കളിച്ചിടുള്ള ഇഷാന്ത് ആദ്യ മത്സരത്തില് ഇറങ്ങുമെന്നാണ് സൂചന. കളിക്കാരുടെ പരിശീലനം നോക്കിയാല് ഋഷഭ് പന്ത് അന്തിമ ഇലവനില് കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില് പരിശീലന മത്സരത്തില് സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ലഭിച്ചേക്കും.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്ഡ് ടീമില് മാറ്റ് ഹെന്റിയെ ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ന്യൂസിലന്ഡ് ടീമിനൊപ്പം ചേരാത്ത നീല് വാഗ്നര്ക്ക് പകരക്കാരനായിട്ടാണ് ഹെന്റിയെ ഉള്പ്പെടുത്തിയത്. ഹെന്റി ന്യൂസിലന്ഡായി 12 ടെസ്റ്റുകള് കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില് ഉള്പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല് ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്.
ഏറ്റുമാനൂര് മോഡല് റസിഡന്ഷ്യല്(എംആര്എസ്) സ്കൂളിലെ 13 വിദ്യാര്ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില് പോക്സോ കേസില് അറസ്റ്റ് ചെയ്യപ്പെട്ട സംഗീതാധ്യാപകന് ആത്മഹത്യ ചെയ്തു. വൈക്കം സ്വദേശി നരേന്ദ്ര ബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നു കിട്ടിയ ആത്മഹത്യ കുറിപ്പില്, സ്കൂളിലെ മുന് മാനേജറും കൗണ്സിലറും ഡ്രൈവറും ചേര്ന്ന് ഗൂഢാലോചനയെ നടത്തിയാണ് തന്നെ പോക്സോ കേസില് കുടുക്കിയെന്ന ആരോപണമുള്ളതായി വൈക്കം പൊലീസ് പറയുന്നുണ്ട്. മറ്റ് നടപടികള് സ്വീകരിച്ചു വരികയാണെന്നും കൂടുതല് അന്വേഷണങ്ങള് നടത്തുമെന്നും വൈക്കം സര്ക്കിള് ഇന്സ്പെക്ടര് അറിയിച്ചു.
പോക്സോ കേസില് അറസ്റ്റ് ചെയ്യപ്പെട്ട നരേന്ദ്ര ബാബുവിനെ റിമാന്ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില് ഇദ്ദേഹം റിമാന്ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച്ച പുലര്ച്ചയോടെയായിരുന്നു ഇയാള് ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.
2019 ഒക്ടോബര് 23 ന് ആയിരുന്നു നരേന്ദ്ര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള സര്ക്കാര് സംവിധാനമായ മോഡല് റസിഡന്ഷ്യല് സ്കൂളുകളില് ഒന്നായ ഏറ്റുമാനൂര് എംആര്എസില് അഞ്ച്, ആറ് ക്ലാസുകളില് പഠിക്കുന്ന പത്തിനും പന്ത്രണ്ടിനും ഇടയില് പ്രായമുള്ള പന്ത്രണ്ട് കുട്ടികളുടെ പരാതിയെ തുടര്ന്നായിരുന്നു നരേന്ദ്ര ബാബുവിനെതിരേ കേസ് ചാര്ജ് ചെയ്യുന്നത്. അധ്യാപകനില് നിന്നും തങ്ങള്ക്ക് നേരിട്ട ലൈംഗികാതിക്രമം കുട്ടികള് സ്റ്റുഡന്സ് കൗണ്സിലറോടാണ് പറയുന്നത്. കൗണ്സിലര് ഈ വിവരം അന്നത്തെ സ്കൂള് മാനേജര്ക്ക് റിപ്പോര്ട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ വിവരം മറച്ചുവയ്ക്കാന് ശ്രമം നടന്നതായി ആരോപണമുയര്ന്നതോടെ വിഷയം വലിയ വിവാദമായിരുന്നു.
മാതാപിതാക്കള് കുട്ടികള്ക്കു നേരെ നടന്ന അതിക്രമത്തിന്റെ വിവരം അറിയുന്നതോടെയാണ് പൊലീസില് പരാതിയെത്തുന്നത്. ആദ്യം എംആര്എസിന്റെ വെല്ഫെയര് കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ല കളക്ടറെയാണ് പരാതിയുമായി സമീപിക്കുന്നത്. തുടര്ന്ന് കളക്ടര്, വിഷയത്തില് അന്വേഷണം നടത്തുകയും പൊലീസില് വിവരം അറിയിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് നരേന്ദ്ര ബാബുവിനെതിരേ എഫ് ഐ ആര് രജിസ്റ്റര് ചെയ്യുന്നതും പോക്സോ വകുപ്പ് ചുമത്തുന്നതും. തുടര്ന്ന് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്ഡില് അയക്കുകയായിരുന്നു.
കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള് കണ്ടുപിടിച്ച കംപ്യൂട്ടര് സയന്റസ്റ്റ് ആയ ലാറി ടെസ്ലര് അന്തരിച്ചു. 74 വയസ്സായിരുന്നു. 1945ല് ന്യൂയോര്ക്കില് ജനിച്ച ടെസ്ലര്, സ്റ്റാന്ഫോഡ് യൂണിവേഴ്സിറ്റിയില് നന്ന് കംപ്യൂട്ടര് സയന്സ് ബിരുദം നേടി. 1973ല് സിറോക്സിന്റെ പാലോ ആള്ട്ടോ റിസര്ച്ച് സെന്ററിലാണ് (പിഎആര്സി) ലാറി ടെസ്ലറിന്റെ പ്രൊഫഷണല് കരിയര് തുടങ്ങിയത്. ഇവിടെ വച്ചാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നിവ ടെസ്ലര് ഡെവലപ്പ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കംപ്യൂട്ടര് ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായതും അവഗണിക്കാൻ കഴിയാത്തതുമായ കാര്യങ്ങളായി ഇവ മാറി.
ടെസ്ലര്ക്ക് ആദരാഞ്ജലി അര്പ്പിച്ചുകൊണ്ട് സിറോക്സ് ഇങ്ങനെ ട്വീറ്റ് ചെയ്തു – കട്ട, കോപ്പി, പേസ്റ്റ്, ഫൈന്ഡ്, റീപ്ലേസ് ഇങ്ങനെയൊക്കെയും ഇതിനപ്പമുറവുമായിരുന്നു സിറോക്സിലെ മുന് ഗവേഷകനായ ലാറി ടെസ്ലര്. നിങ്ങളുടെ തൊഴില്ദിനങ്ങള് അനായസകരമാക്കിയതില് ലാറിയുടെ വിപ്ലവകരമായ ആശയങ്ങള്ക്ക് നന്ദി പറയണം. ലാറി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തെ നമുക്ക് ആഘോഷിക്കാം. ആ ആഘോഷത്തില് പങ്കുചേരൂ.
മറ്റ് പല സിറോക്സ് ജീവനക്കാരേയും പോലെ ടെസ്ലറും 1980കളില് സ്റ്റീവ് ജോബ്സിന്റെ ആപ്പിളില് ചേര്ന്നു. ആപ്പിള് കംപ്യൂട്ടറുകളില് കൂടുതല് ശ്രദ്ധിക്കുന്നതായും സിറോക്സ് കൂടുതലായും ഫോട്ടോകോപ്പിയര് നിര്മ്മാണത്തില് ശ്രദ്ധിക്കുന്നതായും കണ്ടതുകൊണ്ടാണ് താന് ആപ്പിളിലേയ്ക്ക് തിരിഞ്ഞത് എന്ന് ടെസ്ലര് പറഞ്ഞിരുന്നു. ലിസ അടക്കമുള്ള ആപ്പിള് കംപ്യൂട്ടറുകള് നിര്മ്മിക്കുന്നതില് ടെസ്ലര് കാര്യമായ സംഭാവനകള് നല്കി. ആപ്പിള് വിട്ടതിന് ശേഷം 2001 മുതല് 2005 വരെ ആമസോണില് പ്രവര്ത്തിച്ചു. 2005 മുതല് 2008 വരെ യാഹൂവില്. 2009 മുതല് അദ്ദേഹം സ്വതന്ത്ര കണ്സള്ട്ടന്റ് ആയി പ്രവര്ത്തിച്ചുവരുകയായിരുന്നു
ചെന്നൈ: ഇന്ത്യന്-2 സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്ത്തകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന് കമല്ഹാസന്. മരിച്ചവരെ സന്ദര്ശിച്ച് ആദരാഞ്ജലികള് അര്പ്പിച്ച കമല് അവരുടെ കുടുംബങ്ങള്ക്ക് ഒരു കോടി രൂപ കൈമാറും എന്നും പറഞ്ഞു. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്ക്കുമായാണ് തുക നല്കുക.
‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള് പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്ഷം മുന്പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല് ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്. ഇനി ഇത്തരം അപകടങ്ങള് ആവര്ത്തിക്കാതിരിക്കാന് ഞാന് പറ്റാവുന്നതെല്ലാം ചെയ്യും’, കമല് പറഞ്ഞു.
ഇന്ത്യന്- 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില് ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്ണമായി തകര്ന്നു. ഇതിനുള്ളില് കുടുങ്ങിയാണ് സഹ സംവിധായകന് കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന് നിര്മാണസഹായി മധു എന്നിവര് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഒന്പത് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഷൂട്ടിങ് പൂര്ത്തിയാക്കി കമല്ഹാസനും സംവിധായകന് ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന് തിരിച്ചെത്തി രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കി. അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന് ഓപ്പറേറ്റര്ക്കെതിരെ കേസ് റജിസ്റ്റര് ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് കൈമാറി.
1938 ഫെബ്രുവരി 20, 82 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി ആദ്യമായി നിരത്തിലിറങ്ങുന്നത്. ഐക്യ കേരളം എന്ന ആശയത്തിന് മുൻപ് തിരുവിതാം കൂറിൽ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് പദ്ധതി സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിക്ക് അന്നത്തെ പേര് ട്രാവൻ കൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്നായിരുന്നു.
സർക്കാർ വകയിലെ ബസ് സർവീസ് എന്നത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു എന്നാണ് രേഖകൾ പറയുന്നത്. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർക്കായിരുന്നു പരിപാടിയുടെ ചുമതല. ഗതാഗതവകുപ്പിന്റെ സൂപ്രണ്ടായിരുന്നു സാൾട്ടർ. 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം. പിന്നാലെ മഹാരാജാവും ബന്ധുജനങ്ങളും യാതികരായി.
കോയമ്പത്തൂര് അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർ
സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയിരുന്നു എന്നും രേഖകൾ പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി.
പിന്നീട് രാജഭരണം ഇല്ലാതായി. 1950-ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം നിലവിൽ വന്നു. കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. ഇന്നത്തെ കെഎസ്ആർടിസിയുടെ രൂപത്തിലേക്കുള്ള പരിണാമം അവിടെ തുടങ്ങുന്നു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളരുകയായിരുന്നു.
പിന്നീട് പ്രതിസന്ധികളോട് പോരാടിയും തളർന്നും വളർന്നും കെഎസ്ആർടിസി മലയാളികളുടെ ജിവിതത്തിന്റെ ഭാഗയമായി. ഇന്ന് 82ാം ജൻമദിനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയത് എന്ന് വിശേഷിപ്പിക്കാവുന്ന അപടകത്തിൽ പെട്ട് ചോരയൊലിച്ച് നിൽക്കുകയാണ്. 19 പേർക്കാണ് കോയമ്പരത്തൂരിന് സമീപം അവിനാശിയിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച് ബസ്സിൽ 48 യാത്രികരായിരുന്നു ഉണ്ടായിരുന്നത്. മരിച്ച 19 പേരിൽ കർണാടക സ്വദേശിയായ ഒരാളൊഴികെ എല്ലാവരും മലയാളികളുമാണ്. ഇതിൽ അഞ്ച് പേർ സ്ത്രീകളും.
കൊച്ചിയില് നിന്ന് സേലത്തേക്കു പോയ എറണാകുളം റജിസ്ട്രേഷന് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടൈലുകളുമായി ഇന്നലെ രാത്രിയാണ് ലോറി സേലത്തേക്ക് തിരിച്ചത്. മരിച്ചവരിൽ ഭുരിഭാഗവും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്ക്ക് നേരിയ പരുക്കളോടെ രക്ഷപ്പെട്ടു. ഡിവൈഡര് തകര്ത്ത് മറുവശത്തുകൂടി പോയ ലോറി ബസില് ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ച 19 പേരും മലയാളികളാണ്. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണെന്നാണ് വിവരം. 48 പേരുമായി ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്.
കൊച്ചിയില് നിന്ന് സേലത്തേക്കു പോയ എറണാകുളം റജിസ്ട്രേഷന് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടൈലുകളുമായി ഇന്നലെ രാത്രിയാണ് ലോറി സേലത്തേക്ക് തിരിച്ചത്. മരിച്ചവരിൽ ഭുരിഭാഗവും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്ക്ക് നേരിയ പരുക്കളോടെ രക്ഷപ്പെട്ടു. ഡിവൈഡര് തകര്ത്ത് മറുവശത്തുകൂടി പോയ ലോറി ബസില് ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിൽ മരിച്ചവർ-
എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എംസി മാത്യു (30) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കിരൺ കുമാർ എം.എസ് (33), കെ.ഡി. യേശുദാസ് (40) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചു. . ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
കോയമ്പത്തൂര് അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർ
അതിനിടെ, കോയമ്പത്തൂരിലെ അപകടത്തിൽ പ്രധാനന്ത്രി നരേന്ദ്രമോദി അപലപിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. പരിക്ക് പറ്റിയവര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിൽസാ ചിലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇവരെ നാട്ടിലെത്തിച്ച് ചികിൽസിക്കാനാണ് ശ്രമിക്കുന്നത്. പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന് 20 ആമ്പുലന്സുകള് അയച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. പത്ത് കനിവ് 108 ആമ്പുലന്സുകളും പത്ത് മറ്റ് ആമ്പുലന്സുകളുമാണ് അയയ്ക്കുന്നത്. പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി നാല് മണിക്ക് ശേഷവും നടപടികൾ തുടരും. മന്ത്രി വി എസ് സുനിൽകുമാറാണ് പോസ്റ്റ്മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നത്. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
വിനയം കൊണ്ടും ലാളിത്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരം കൂടിയാണ് പ്രണവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോ ഇതിന്റെ തെളിവാണ്.
ചെന്നൈ വിമാനത്താവളത്തിൽ വലിയ ക്യാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം നടന്നുപോകുന്ന പ്രണവിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുക്കുകയായിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ.പ്രണവ്, കല്യാണി പ്രിയദര്ശന് എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ് കുര്യന്, വിജയരാഘവന്, ദര്ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്.
നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് സ്വയം പരുക്കേല്പിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫെബ്രുവരി 16നായിരുന്നു സംഭവം.
ജയില് അധികൃതര് പ്രതികളെ കര്ശനമായി നിരീക്ഷിച്ചു വരികയാണ്. തലപൊട്ടി ചോരയൊലിച്ച വിനയ് ശര്മ്മയെ അധികൃതര് പെട്ടെന്ന് തന്നെ ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കുകയും ചെയ്തു.പുതിയ മരണവാറന്റ് വന്നതോടെ വിനയ് ശര്മ്മയുടെ മനോനില തന്നെ തെറ്റിയ നിലയിലാണെന്നാണ് ജയില് കൗണ്സല് എപി സിംഗ് പറയുന്നത്.
അതേ സമയം, പ്രതികളെ മാർച്ച് 3നാണ് തൂക്കിലേറ്റുക. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.
അശ്ലീല സൈറ്റിൽ തന്റെ സെൽഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതിൽ രോഷവുമായി നടൻ ഉണ്ണി മുകുന്ദൻ. ചെറി എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ്.
സോഷ്യൽ മീഡിയയിൽ ഇനി സെൽഫികൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയെന്ന് ഉണ്ണി പറയുന്നു. ‘അബദ്ധത്തില് ആരെങ്കിലും ഈ അക്കൗണ്ടില് കയറിപ്പോവുകയാണെങ്കില് ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്ക്കു പോകാന് എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’
ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില് പറയുന്നു.
ഇതിനുമുൻപും സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾക്കെതിരെ താരം രംഗത്തുവന്നിട്ടുണ്ട്. നടന്റെ പേരില് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന് പോലീസ് സ്റ്റേഷനില് പരാതി നല്കിയതും വാര്ത്തയായിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില് ഐഡി ഉണ്ടാക്കുന്നവര്ക്കെതിരെയും നടന് പരാതി നല്കിയിട്ടുണ്ട്.