Latest News

ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് അമിതാഭ് ബച്ചൻ. പകരക്കാരനില്ലാത്ത പ്രതിഭ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. ആ താരസാന്നിധ്യത്തോട് അടുത്തു നിൽക്കാൻ കഴിയുന്നതിനെ അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. കല്യാൺ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒന്നിച്ചത്.

സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിടാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു.

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

 

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നരവയസ്സുകാരി ആല്‍ഫൈനിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ സമർപ്പിക്കുന്ന മുന്നാമത്തെ കുറ്റപത്രമാണ് ആൽഫൈൻ കേസിലേത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിനുള്ള മുന്നൊരുക്കമായിയിരുന്നു ഒന്നരവയസ്സുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാജു സിലി ദമ്പതികളുടെ മകളായിരുന്നു ആൽഫൈൻ. ആസൂത്രിതമായാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവച്ചു.

ഈ നീക്കം അറിയാതെയായിരുന്നു ഷാജുവിന്‍റെ സഹോദരി ആന്‍സി കുഞ്ഞിന് ബ്രഡ് നല്‍കുകിയത് എന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. 2014 ലാണ് ഈ കൊലപാതകം നടന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച കൂടത്തായി പരമ്പരിയിലെ ആവസാന മരണമായ സിലിയുടെ കൊലപാകത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിലിയെ അപസ്മാര രോഗത്തിന് ഓമശ്ശേരി ആശുപത്രിയിൽ എത്തിക്കുകയും മരുന്നിനൊപ്പം സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തിൽ സിലിയുടെ ഭർത്താവ ഷാജുവിന് പങ്കില്ലെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1020 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. മുന്ന കേസുകളിലും ജോളി ഒന്നാം പ്രതിയാണ്. ജോളിയുടെ സുഹൃത്ത് മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ.

മോദി ഭരണകൂടത്തെയും നയങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്. ‘ഇന്‍ടോളറന്റ് ഇന്ത്യ (അസഹിഷ്ണുത ഇന്ത്യ)’ എന്ന തലക്കെട്ടോടെ ഇറങ്ങിയ ഇപ്രാവശ്യത്തെ ദ ഇക്കണോമിസ്റ്റ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എയെയും എന്‍.ആര്‍.സിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ദ ഇക്കണോമിസ്റ്റിന്റെ സഹസ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ജനാധിപത്യ സൂചികാ പട്ടികയില്‍ 10 സ്ഥാനം താഴ്ന്ന റാങ്ക് ലഭിച്ചതിനു പിന്നാലെയാണ് ദ ഇക്കണോമിസ്റ്റിന്റെ കവറായി രൂക്ഷവിമര്‍ശന ലേഖനം വന്നത്.

പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന ആശയത്തെ അപകടത്തിലാക്കുന്നതാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന്റെ കവര്‍ചിത്രം ട്വീറ്റ് ചെയ്തും വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് അപകടത്തിലാക്കുന്നത്’ എന്നാണ് ട്വീറ്റ്.

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി വിഭാഗീയത സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം.

ദേശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കി മോദിയുടെ ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് 80 കളിലെ രാമക്ഷേത്ര നിര്‍മാണ മൂവ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ച് ലേഖനത്തില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താനെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന എന്‍.ആര്‍.സി 130 കോടി ജനങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ ഇതിന്റെ പേരില്‍ വലിച്ചിഴക്കെപ്പെടും. പട്ടിക വീണ്ടും വെല്ലുവിളിക്കപ്പെടുകയും വീണ്ടും പുതുക്കുകയും പിന്നെയും മാറ്റുകയും ചെയ്യേണ്ടിവരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോക ജനാധിപത്യ രാജ്യങ്ങളിലെ പട്ടികയില്‍ ഇന്ത്യ താഴ്ന്നു പോയിരുന്നു. 10 സ്ഥാനങ്ങള്‍ താഴ്ന്ന് 165 രാജ്യങ്ങള്‍ക്കിടയില്‍ 51-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. 10 ല്‍ 6.9 മാര്‍ക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചതും.

സി.എ.എയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത വെടിയുമായി ബി.ജെ.പി എം.പി വീണ്ടും രംഗത്ത്. ഇത്തവണ കൊല്ലം ജില്ലയിലെ പൊന്നപ്പന്റെ ചായക്കച്ചവടം പൂട്ടിക്കുകയാണെന്ന ആരോപണവുമായാണ് കര്‍ണാടകയിലെ ശോഭ കരന്ത്‌ലജെ എന്ന എം.പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റിപ്പുറത്തെ കുടുംബത്തിന് കുടിവെള്ളം മുടക്കിയെന്ന നട്ടാല്‍ മുളക്കുന്ന ട്വീറ്റിട്ടതു വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എം.പിയായ ശോഭ കരന്ത്‌ലജെക്ക് അവിടെത്തെ കാര്യങ്ങളില്‍ ഇടപെടാനില്ലേ എന്നണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കേരളമാണ്. ഇവിടെ വിദ്വേഷം പരത്താന്‍ പുറത്തുനിന്ന് ആളുകളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഇവര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് കുറ്റിപ്പുറം പൊലിസ് വ്യക്തമാക്കുന്നത്. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ വീണ്ടും വിവേചനമാണ്. ഫേസ്ബുക്കില്‍ പൗരത്വ അനുകൂല പോസ്റ്റിട്ടതിനോടുള്ള പ്രതികാരമായി കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന് ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുതിയ ട്വീറ്റിലെ ആരോപണം. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന്‍ മനീഷ് താപ്പ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാലാണ് ഇദ്ദേഹം ബീജിങിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സമീപിച്ചിട്ടുണ്ട്.

ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരി ഇപ്പോഴുള്ളത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.

കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച  41 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആരാധനയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി.

കൊറോണ വൈറസ് ബാധിച്ച് മരണം  41 ആയതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 13 നഗരങ്ങള്‍ ചൈന അടച്ചത്. മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞു.

29 പ്രവിശ്യകളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങ്, മക്കാവൂ, തയ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‍ലന്‍ഡ്, യു.എസ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചു.

അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.

15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മണ്ണ് മാന്തിയുടെ ഉടമയുടെ സംഘാംഗം ബൈക്കുമായി കാവലുണ്ട

12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയർത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു.

ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പർ ഉടമകൾ പിന്നീട് ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാ‍ൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.

ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.

പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു കുടുംബത്തിന്റെ വിളക്ക് കെടുത്തി മടങ്ങു മ്പോൾ സമയം 1 മണി കഴിഞ്ഞു. വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് മാത്രമായില്ല.

മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.

മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിൻ. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ,കാട്ടാക്കട സിഐ ഡി.ബിജുകുമാർ,എസ്.ഐ ഗംഗാപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.അന്വേഷണം തുടങ്ങി.

ഇല്ലാത്ത ഉദ്ഘാടനത്തിന് കരിവള്ളൂരിലെത്തി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങി. കരിവള്ളൂർ എവി സ്മാരക സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിൽ മൂന്ന് കോടി രൂപ ചിലവിട്ട് മൂന്ന് നിലക്കെട്ടിടം നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു.

ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും ചേർന്ന് വലിയ ആഘോഷപൂർവം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും അസൗകര്യങ്ങളുള്ളതിനാൽ എത്താനാവില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

കടുത്ത നിരാശയിലായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ അധികൃതർ ഉദ്ഘാടനം നീട്ടിവച്ചു. ഇതിനിടയിലാണ് മന്ത്രി തിയതി മാറിപ്പോയി കരിവള്ളൂരിലെത്തിയത്. സ്കൂൾ മുറ്റത്തെത്തി ഹയർസെക്കന്ററി ബ്ലോക്ക് ചോദിച്ചു. അകമ്പടി പൊലീസുകാരൻ ഹയർസെക്കന്ററിയിലെത്തി ഉദ്ഘാടനം നടക്കാനുള്ള സ്ഥലം ചോദിച്ചപ്പോൾ പ്രിൻസിപ്പലും അധ്യാപകരും ഞെട്ടി. പെട്ടെന്ന് തന്നെ അബദ്ധം മനസിലായതോടെ മന്ത്രി കാറിൽ കയറി സ്ഥലംവിട്ടു.

ഹിന്ദി സീരിയൽ താരം സേജൽ ശർമ്മ ജീവനൊടുക്കി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വീട്ടില്‍ വെള്ളിയാഴ്ച്ചയാണ് സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2017 ൽ ആണ് സേജൽ അഭിനയം ആരംഭിച്ചത്. ഉദയ്പൂർ സ്വദേശിനിയാണ് ഇവർ. ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയത്. ചില പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

താൻ പത്ത് ദിവസം മുമ്പ് കാണുമ്പോള്‍ സേജലിന് പ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സഹതാരം അരുൺ കെ.വര്‍മ്മ പറഞ്ഞു. സംഭവം വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.‍

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയത്. നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരത്തേയും ചോദ്യംചെയ്യുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.

തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നീക്കം സ്വാഗതം ചെയ്യുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷനീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതികള്‍ ഉചിതമായ ഫോറത്തില്‍ പറയണം. ഇത് തന്റെ സർക്കാരാണ്. ഏറ്റുമുട്ടാനാവില്ല. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും ഉപദേശിക്കാനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. തന്നെ അറിയിക്കാതെ സര്‍ക്ക‍ാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

Copyright © . All rights reserved