നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.
മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.
മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.
പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.
സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.
മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.
പൗരത്വബില്ലിലെ എതിർത്ത് ബോളിവുഡും മല്ലുവുഡും ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ പ്രതികരിക്കുമ്പോൾ മോഹൻലാലിന് തുറന്ന കത്തുമായി സംവിധയകാൻ ആലപ്പി അഷറഫ്. ” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….” എന്ന അഭ്യർത്ഥനയുമായി തുടങ്ങുന്ന കത്തിൽ, ലാലിൻറെ പല സാമൂഹ്യ വിഷയത്തിലും എഴുതിയ ബ്ലോഗിനെ പരമർശിക്കുന്നു. കേരളത്തിന്റെ മത സ്വാഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ പൗരത്വ പ്രശ്‌നം കേരളത്തിലും മാറുന്നത് നമ്മൾ കണ്ടതാണ്, അതുകൊണ്ടും തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ ഇതേ പറ്റി പ്രതികരിക്കണ്ടത്തിന്റെ ആവിശ്യകത വർധിച്ചു വരുവാണ്. സാമ്പത്തികമാന്യം, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടികൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ പൗരത്വബില്ലിന്റെ പേരിൽ ഉള്ള പ്രശ്ങ്ങൾ മറ്റൊരു വിധത്തിൽ ജനശ്രദ്ധ മാറിപ്പോകുന്നതിനും കാരണം ആകുന്നുണ്ട്.
അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
പ്രിയ മോഹൻലാലിന് ഒരു
തുറന്ന കത്ത്..
പ്രിയ മോഹൻലാൽ ..
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ….
സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,
” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….”
പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.
തുറന്നു പറയുമ്പോൾ നീരസമരുത്… മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..
അങ്ങു ഇതിന് മുൻപ് പല പല
പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?
ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?
എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,
ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരുജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ… ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ…
സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്
കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ചത് മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീ. യുവതിയെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് പോലീസ്. ബക്കറ്റില്‍ മുക്കി കൊന്നശേഷം കടലില്‍ ഉപേക്ഷിച്ചതാണെന്നാണ് വിവരം.
സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ വെങ്കിട്ട രമണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.
വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഫുട്ബാൾ മത്സരം നടക്കുന്നതിനിടെ കാമുകിയെ ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ. ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് തീവ്ര പ്രണയത്തോടെ സ്പാനിഷുകാരനായ ഡേ വി ആൻഡ്രെഡ് എന്ന യുവാവ് തന്റെ കാമുകിയെ ചുംബിച്ചത്.
സ്റ്റേഡിയത്തിൽ ക്യാമറ ഉണ്ടെന്നും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാതോടെ ഡേ കാമുകിയുടെ ദേഹത്ത് നിന്ന് കെെയ്യെടുത്ത് അൽപം നീങ്ങിയിരിക്കുകയായിരുന്നു. ഫുട്ബാൾ ഗ്യാലറിയിലിരുന്ന കാണികൾ മാത്രമായിരുന്നില്ല ഇത് കണ്ടിരുന്നത്.
ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി തന്റെ ഭാര്യയും ‘ആസ്വദിക്കുന്നുണ്ടായിരുന്നു’ എന്ന വിവരം ഏറെ വൈകിയാണ് ഈ യുവാവ് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പമാണ് കളി കാണാൻ പോകുന്നതെന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്.
ഭാര്യയുടെ പിണക്കം എങ്ങനെയെങ്കിലും മാറ്റാൻ ഡേ ശ്രമിക്കുകയും ചെയ്തു. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ ഡേ ക്ഷമാപണം നടത്തി. ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോ ഡേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭാര്യയോട് മാപ്പ് ചോദിച്ച് കൊണ്ടുള്ള മറ്റ് പോസ്റ്റുകളും ഡേ പങ്കുവച്ചു. വീഡിയോയ്ക്ക് താഴേ ചിലർ രസകരമായ കമന്റുകൾ ഇട്ടിട്ടുണ്ട്.
When you kiss your side chick and realize your marriage is over cuz you’re on camera 😂😂😂
— Roger Gonzalez (@RGonzalezCBS) January 19, 2020
ദുബായ്: വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് 21-ാമത് ദുബായ് മാരത്തോണ്‍ അരങ്ങേറുന്നത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിനാണ് സംഘാടന ചുമതല. 42.195 കിലോമീറ്ററിന്റെ ക്ലാസിക് മാരത്തോണ്‍ മൂന്ന് സമയങ്ങളിലായാണ് തുടങ്ങുന്നത്. വീല്‍ചെയര്‍ അത്‍ലറ്റുകള്‍ക്ക് രാവിലെ 5.55നും മറ്റുള്ളവര്‍ക്ക് 6 മണിക്കും ഏഴ് മണിക്കുമാണ് തുടക്കം. മാരത്തോണിന് പുറമെ 10 കിലോമീറ്റര്‍ റോഡ് റേസിലും നാല് കിലോമീറ്റര്‍ ഫണ്‍ റേസിലും ആളുകള്‍ പങ്കെടുക്കും.
42.195 കിലോമീറ്റര്‍ മാരത്തോണ്‍ ഉമ്മു സുഖൈം റോഡില്‍ നിന്നാണ് ആരംഭിക്കുന്നത്. അല്‍സുഫൂഹ് റോഡ് വഴി മദീനത്ത് ജുമൈറയിലേക്കും ജുമൈറ ബീച്ച് റോഡ് വഴി ബുര്‍ജ് അല്‍ അറബിന് മുന്നിലൂടെ ഉമ്മു സുഖൈം റോഡില്‍ ദുബായ് പൊലീസ് അക്കാദമിക്ക് എതിര്‍വശത്ത് അവസാനിക്കുകയും ചെയ്യും.
10 കിലോമീറ്റര്‍ ഫണ്‍ റേസ് സുഫൂഹ് റോഡില്‍ മദീനത്ത് ജുമൈറയ്ക്ക് എതിര്‍വശത്ത് നിന്ന് ആരംഭിച്ച് പാം ജുമൈറയുടെ പ്രവേശന കവാടത്തില്‍ യു-ടേണ്‍ തിരിഞ്ഞ് അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ അവസാനിക്കും.
നാല് കിലോമീറ്റര്‍ ഫണ്‍ റേസ് രാവിലെ 11 മണിക്ക് അല്‍ സൂഫൂഹ് റോഡില്‍ എതിര്‍വശത്ത് ആരംഭിക്കും. അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ തന്നെ അവസാനിക്കുകയും ചെയ്യും.
പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം ഒരു മണി വരെ റോഡുകള്‍ അടച്ചിടും.
ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.
ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.
I strongly rubbish the false FIR filed against me in Aurangabad. I’m consulting my legal team, and would be taking actions as necessary pic.twitter.com/6XrembCP7T
— Mohammed Azharuddin (@azharflicks) January 22, 2020
വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് 1 15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി.
തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ, ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു.
സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.
വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.
ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മര്‍ദ്ദനവും തുടർന്നതിനാൽ സിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് പ്രശോഭ് സിനിയുടെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തില്‍ രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.