കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി വൻ അഗ്നിബാധയുണ്ടായി. തീപിടിത്തത്തിൽ മിൽ പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമുണ്ടായില്ല. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മില്ലിന് സമീപം നിർത്തിയിട്ടിരുന്ന ഒരു പിക്കപ്പ് വാനും തീയിൽ കത്തി നശിച്ചു.
വൈകിട്ട് പ്രവർത്തനം അവസാനിപ്പിച്ച് തൊഴിലാളികൾ താമസസ്ഥലങ്ങളിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാകാം തീ പടർന്നതെന്നാണ് തൊഴിലാളികളുടെ നിഗമനം. ആദ്യം തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചെണ്ണയും മറ്റ് ജ്വലനശേഷിയുള്ള വസ്തുക്കളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം വ്യാപിച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ, കൊപ്ര, പൊളിച്ച തേങ്ങ, വിറക് എന്നിവ കത്തിനശിച്ചതോടെ തീ കൂടുതൽ രൂക്ഷമായി. വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളവും ഫോമും ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











Leave a Reply