Latest News

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുന്ന ഘട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. ഇത്തരമൊരു നിയമം എന്തുകൊണ്ടും അനിവാര്യമാണെന്നും ഹിന്ദുക്കള്‍ക്ക് പോകാന്‍ ഈ ലോകത്ത് ഒരിടവും ഇല്ലെന്നുമായിരുന്നു ഗഡ്ഗരിയുടെ വാക്കുകള്‍.

”മുസ്ലിംകള്‍ക്കായി നിരവധി രാജ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്കോ, ഒരൊറ്റ രാജ്യമില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്”- നിതിന്‍ ഗഡ്കരി പറഞ്ഞു

നേരത്തെ നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദു രാഷ്ട്രവുമില്ല. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയവര്‍ എവിടെ പോകും? മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പൗരത്വം നല്‍കുന്ന രാജ്യങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഞങ്ങള്‍ നമ്മുടെ രാജ്യത്തെ ഒരു മുസ്‌ലിം പൗരനും എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കയാണ്.’- ഗഡ്ഗരി പറഞ്ഞു.

2014 ഡിസംബര്‍ 31 ന് മുന്‍പ് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത സമുദായങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. എന്നാല്‍ മുസ് ലീം സമുദായക്കാരായവര്‍ക്ക് പൗരത്വം നല്‍കില്ല.

എന്നാൽ തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.

രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ബംഗാൡ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അനുവദിക്കില്ലെന്ന് മമത ആവര്‍ത്തിക്കുകയും ചെയ്തു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.

സ്വന്തം ലേഖകൻ

ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റ് മതസ്ഥരെയും അവര്‍ മാറ്റിനിര്‍ത്തുമെന്നും. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

” ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്ക്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ”- സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു

6,000 വർഷം മുമ്പ് സ്കാൻഡിനേവിയയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മുഖമാണിത്. എങ്ങിനെ ലഭിച്ചുവെന്നല്ലേ? അതിന് ആ സ്ത്രീക്ക് തന്നെയാണ് നന്ദി പറയേണ്ടത്. ഒരു പുരാതന ‘ച്യൂയിംഗ് ഗം-ത്തില്‍’ പതിഞ്ഞ അവരുടെ പല്ലിന്‍റെ അടയാളമാണ് ശാസ്ത്രജ്ഞരേ സഹായിച്ചത്. പല്ലിന്‍റെ അടയാളത്തിലൂടെ അവരുടെ ഡിഎൻ‌എ-യും അതിലൂടെ ജനിതക കോഡ് മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മനുഷ്യന്‍റെ എല്ലില്‍നിന്നല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളിൽ നിന്ന് പുരാതന മനുഷ്യന്‍റെ ജീന്‍ വേർതിരിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകർ പറയുന്നു.

അവളുടെ തൊലിക്ക് കറുപ്പു നിറമാണെന്നും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളും ഉണ്ടായിരിക്കാം എന്നുമാണ് അനുമാനിക്കുന്നത്. മനുഷ്യാവശിഷ്ടങ്ങൾ ഒന്നും ലഭ്യമല്ലാത്ത കാലഘട്ടങ്ങളിൽ നിന്നുള്ള ച്യൂയിംഗ് ഗം പുരാതന ഡിഎൻ‌എയുടെ വളരെ വിലപ്പെട്ട ഉറവിടമാണെന്ന് കോപ്പൻഹേഗൻ സർവകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ. ഹാൻസ് ഷ്രോഡർ പറയുന്നു. മരത്തിൽ നിന്നുള്ള ഒരുതരം ടാർ ആണ് അന്നത്തെ ച്യൂയിംഗ് ഗം. എല്ലിൽനിന്നല്ലാതെ ഒരു സമ്പൂർണ്ണ പുരാതന മനുഷ്യ ജീനോം കണ്ടെത്താന്‍ കഴിയുക എന്നത് അതിശയകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയുടെ മുഴുവൻ ജനിതക കോഡുകളും ഡീകോഡ് ചെയ്തുകൊണ്ടാണ് അവൾ എങ്ങനെയിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നത്. അക്കാലത്ത് മധ്യ സ്കാൻഡിനേവിയയിൽ താമസിച്ചിരുന്നവരില്‍നിന്നും വ്യത്യസ്തമായി യൂറോപ്പിലെ പ്രധാന വേട്ടക്കാരുമായാണ് അവൾ ജനിതകപരമായി കൂടുതൽ ബന്ധപ്പെടുന്നത്. വേട്ടയാടി ഉപജീവനം നടത്തിയിരുന്ന മനുഷ്യരുടെതിനു സമാനമായ ഇരുണ്ട ചർമ്മവും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും, നീലക്കണ്ണുകളുമാകാം അവളുടെ അഴക്‌. ഹിമാനികൾ ഉരുകിത്തീര്‍ന്നതോടെ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും സ്കാൻഡിനേവിയയിലേക്ക് കുടിയേറിയവരുടെ പ്രതിനിധിയാകാം അവള്‍.

അസ്തികളിലാല്ലാതെ ച്യൂയിംഗ് ഗം പോലുള്ള വസ്തുക്കളില്‍ ഒളിച്ചിരിക്കുന്ന ഇത്തരം രഹസ്യങ്ങള്‍ പുരാതന മനുഷ്യ ജീവിതങ്ങളുടെ ഛായാചിത്രം പ്രദാനം ചെയ്യുന്നു. അവരുടെ വംശപരമ്പര, ഉപജീവനമാർഗ്ഗം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ച്യൂയിംഗ് ഗം-ത്തില്‍ നിന്നുള്ള ഡിഎൻ‌എ വിവരങ്ങള്‍ കാലാകാലങ്ങളായി മനുഷ്യ രോഗകാരികൾ എങ്ങനെ വികാസം പ്രാപിച്ചു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും നല്‍കുന്നു.

നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.

പുനപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നാണ് പ്രതിയുടെ അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.

ദയാഹര്‍ജി നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകൻ എപി സിംഗിന്‍റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നൽകാൻ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന്‌ പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,

കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു, ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയിൽ പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു.
കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡേ ഹാജരായിരുന്നു

ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുത്. കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ലെന്നും സമത്വം വേണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കല്‍. തെറ്റുചെയ്‍തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം താൻ സഭയിൽ തന്നെ തുടരും. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും അംഗീകരിക്കില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ആത്മകഥ ‘കര്‍ത്താവിന്‍റെ നാമത്തില്‍’ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍. വൈദികനായ ഫ്രാങ്കോയ്‍ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ വീണ്ടും വീണ്ടും മാനസിക പീഡനത്തിന് ഇരയായി.

എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാതെ സഭാനേതൃത്വം ഫ്രാങ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും പരിപാടിയില്‍ സംസാരിക്കവേ സിസ്റ്റര്‍ കുറ്റപ്പെടുത്തി. ആത്മകഥ കര്‍ത്താവിന്‍റെ നാമത്തിലൂടെ സിസ്റ്റര്‍ വൈദികര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും സിസ്റ്റർ പുസ്‍തകത്തിലൂടെ ആരോപിച്ചിരുന്നു.

ഇസ്​ലാമാബാദ്∙ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു പാക്ക് കോടതി വധശിക്ഷ വിധിച്ചതായി പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ വിധിച്ചിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്.

അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഡിസംബര്‍ 5-നുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.”എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും”, ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ തന്നെ സീലംപൂരിൽ സം‌ഘർഷം അണപൊട്ടുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല”, അമിത് ഷാ പറഞ്ഞു. ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.

ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ”സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്.

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിൽ നിര്‍ണായക തീരുമാനവുമായി വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്‍റെ ചരിത്ര പ്രഖ്യാപനം.

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറുകയും വേണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.

കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!

കാറ്റിനരികെ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ഹരിശങ്കര്‍ പാടിയ ഏറ്റവും പുതിയ ഗാനം സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കപ്യൂച്ചിന്‍ വൈദികനായ റോയ് ജോസഫ് കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റിനരികെ. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് ഒരു പുരോഹിതന്‍ സിനിമാ സംവിധായകനാകുന്നത്.

ഈ ചിത്രത്തിലെ ‘നീലാകാശം ചൂടാറുണ്ടേ നീഹാര താരാഗണങ്ങള്‍…’എന്നു തുടങ്ങുന്ന ആദ്യഗാനമാണ് ഹരിശങ്കര്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് കാറ്റിനരികെയിലെ മ്യൂസിക് പുറത്തിറക്കുന്നത്. ‘ജീവാംശമായി…’ ‘പവിഴമഴയേ…’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ യുവഗായകനാണ് ഹരിശങ്കര്‍. വിശാല്‍ ജോണ്‍സന്റെ വരികള്‍ക്ക് നോബിള്‍ പീറ്ററിന്റേതാണ് സംഗീതം.

സംവിധായകരായ ലാല്‍ ജോസ്, വി.കെ. പ്രകാശ്, വിജി തമ്പി, മണിയന്‍പിള്ള രാജു, സിനിമാതാരങ്ങളായ മിയ ജോര്‍ജ്, നിഖില വിമല്‍ എന്നിവരാണ് അവരുടെ സ്വന്തം സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്.

അശോകനും സിനി ഏബ്രാഹാമും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അതിമനോഹരമായ ലൊക്കേഷനും സിനിമാറ്റോഗ്രഫിയുമാണ് കാപ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന കാറ്റിനരികെയിലെ ആദ്യ ഗാനത്തിലൂടെ വെളിവാകുന്നത്. വാഗമണ്ണിന്റെ ഇതുവരെ ആരും കാണാത്ത അതിമനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതാണ് ഷിനൂബ് ടി. ചാക്കോയുടെ കാമറയെന്ന് ഈ ഗാനരംഗങ്ങള്‍ വ്യക്തമാക്കുന്നു.

ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്.

ആന്റണി എല്‍. കപ്പൂച്ചിനും റോയ് കാരക്കാട്ട് കപൂച്ചിന്‍ എന്നിവരുടെ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്മിറിന്‍ സെബാസ്റ്റിയനും റോയ് കാരയ്ക്കാട്ടും ചേര്‍ന്നാണ്. അസോസിയേറ്റ് ഡയറക്ടര്‍ സ്‌റ്റെബിന്‍ അഗസ്റ്റിന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

ക്രൗഡ് ഫണ്ടിംഗിലൂടെ പുറത്തിറക്കുന്ന ചിത്രത്തിന് ബോബി ചെമ്മണ്ണൂരും കെഎസ്എഫ്ഡിസിയും പിന്തുണ നല്കുന്നു.

RECENT POSTS
Copyright © . All rights reserved