Latest News

പത്തിലധികം വിരലുകൾ ഉള്ളവരെ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു കുടുംബത്തിലെ 25 ആളുകൾക്കും പത്തിലധികം വിരലുകൾ ഉണ്ടായ അസാധാരണത്വം മധ്യപ്രദേശിലാണ്. പോളിഡാക്റ്റിലി എന്ന ജനിതകരോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ചിലരുടെ കൈകളിലാണ് 10 വിരലുകളെങ്കിൽ ചിലർക്ക് കാലുകളിലാണ്.

കൂട്ടുകാർ കളിയാക്കുന്നതു കൊണ്ട് കുട്ടികള്‍ക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്ന് മുതിർന്നവർ പറയുന്നു. താഴ്ന്ന വരുമാനമുള്ള തങ്ങൾ സർക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. സാധാരണ ചെരിപ്പുകളൊന്നും ഇവരുടെ കാലിൽ പാകമാകാറില്ല. ഈ ശാരീരികാവസ്ഥ മൂലം കുടുംബത്തിൽ പലർക്കും ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്.

ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.

കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂരില്‍ മനു സി.പുളിക്കല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് മനു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം. നിലവിൽ ഫിഷറീസ് സർവകലാശാല ജനറൽ കൗൺസിലിലും യുവജനക്ഷേമ ബോർഡിലും അംഗമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മനു മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കടുത്തത്രികോണ മല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്താണ് സ്ഥാനാര്‍ഥി. മണ്ഡലത്തിന്റെ ചുമതലയുള്ള ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രഖ്യാപിച്ച പേര് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

കോന്നിയിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്കായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ്കുമാറിന്റെ പേര് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ എം.എസ് രാജേന്ദ്രന്റെ പേരുകൂടി സെക്രട്ടേറിയറ്റ് ചര്‍ച്ചയ്ക്കെടുത്തു. എതിര്‍പ്പുകള്‍ ഉണ്ടായതോടെ അന്തിമമായി ജനീഷ്കുമാറിന് നറുക്കുവീണു. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച എറണാകുളത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകന്‍ മനു റോയി സ്ഥാാര്‍ഥിയാകും.

2006ല്‍ മഞ്ചേശ്വരത്തുനിന്ന് എം.എല്‍.എയായ സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും പോരിനിറക്കാന്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രണ്ടായിരത്തിയാറിലേതിന് സമാനമായ സാഹചര്യമാണ് മഞ്ചേശ്വരത്ത് നിലനില്‍ക്കുന്നതെന്ന് സി.എച്ച്. കുഞ്ഞമ്പു മനോരമ ന്യൂസിനോട് പറഞ്ഞു. ഞായറും തിങ്കളുമായി നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനുകളോടെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമാകും.

അതേസമയം അരൂരില്‍ അഡ്വ. എസ്. രാജേഷിന്റെ പേരാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥികളാകും. ടി.ജെ. വിനോദാണ് എറണാകുളത്തെ സ്ഥാനാര്‍ഥി. സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിന് കൈമാറും.

പുരുഷൻമാരിൽ മാത്രം മൂത്രാശയത്തിന്റെ താഴെയായി കാണുന്ന വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷൻമാരിൽ കാൻസര്‍ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സു പിന്നിട്ടവരിലാണ് കൂടുതലും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. പ്രായം കൂടുന്തോറും ഈ രോഗസാധ്യതയും കൂടും.

രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതാണു പ്രത്യേകത. വളരെയധികം വ്യാപിച്ചതിനു ശേഷമേ ലക്ഷണങ്ങളായി പുറത്തു വരാറുള്ളു. വളരെ നേരത്തേതന്നെ രോഗം കണ്ടുപിടിക്കാൻ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) എന്ന പ്രോട്ടീന്റെ അളവു സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതാണ് ഈ പ്രോട്ടീൻ. പിഎസ്എയുടെ അളവ് കൂടിയിരുന്നാൽ ബയോപ്സി പരിശോധന നടത്തേണ്ടി വരും. ഇതുവഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

പാരമ്പര്യ ഘടകങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു കാരണമാകാറുണ്ട്. അച്ഛനോ സഹോദരങ്ങൾക്കോ പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ കാൻസറിന്റെ സാധ്യത കൂടുതലാകും. അടുത്ത ബന്ധുക്കളിലെ പ്രോസ്റ്റേറ്റ് കാൻസറും സാധ്യത വർധിപ്പിക്കുന്നു.

പുകവലി ഈ രോഗത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നുണ്ട്. പുകയിലയിലെ കാഡ്മിയവും പുകവലി മൂലമുള്ള ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മറ്റു വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. ലൈംഗിക അച്ചടക്കമില്ലായ്മയും ധാരാളം പങ്കാളികളുണ്ടാകുന്നതും അണുബാധയ്ക്കു കാരണമാകുകയും കാൻസറിലേക്കു വഴിതെളിക്കുകയും ചെയ്യും. പൊണ്ണത്തടി ഈ കാൻസറിന്റെ സങ്കീർണതയും വ്യാപനവും കൂട്ടും.

അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ ഈ രോഗസാധ്യത കുറവാണ്. രോഗത്തിന്റെ ഗ്രേഡനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുറഞ്ഞ ഗ്രേഡിലുള്ള കാൻസറുകൾ വലിയ അപകടകാരികളല്ല. ഉയർന്ന ഗ്രേഡിലുള്ളവ വലിയ അപകടമുണ്ടാക്കുന്നു.

ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന് കനത്ത തിരിച്ചടിയായി ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സാർഥമാണ് കിമ്മിന്റെ രാജി. പലവട്ടം കൈവിട്ട ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ഇക്കുറി സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.

ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം പരിശീലക വേഷത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് കിം ഉണ്ടായിരുന്നത്. എന്നാൽ, ഈ ചെറിയ കാലയളവിനുള്ളിൽ താരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കിമ്മിന്റെ പടിയിറക്കം. ഏതാനും ആഴ്ചകൾക്കു മുൻപ് ഭർത്താവിന് പക്ഷാഘാതം വന്നതോടെയാണ് കിം ഇന്ത്യ വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ന്യൂസീലൻഡിലാണ് കിം.

രാജ്യാന്തര ബാഡ്മിന്റനിൽ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്നു കിം. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരിൽ പുറത്താക്കപ്പെട്ടതോടെയാണ് സിന്ധുവിന്റെ പരിശീലകയായത്. മുഖ്യ പരിശീലകൻ പുല്ലേല ഗോപചന്ദ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കൊപ്പം പെട്ടെന്ന് ഇണങ്ങിയ കിം നൽകിയ നിർദ്ദേശങ്ങളാണ് ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ഇക്കുറി കിരീടം നേടാൻ സിന്ധുവിനെ സഹായിച്ചത്.

∙ കിം കോച്ചാണ്, ഡോക്ടറും!

‘കോച്ച് ഒരു ഡോക്ടറെപ്പോലെയാണ്. പ്രകടനം മോശമായാൽ, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് കോച്ചിന്റെ കടമ.’ ഇത്തവണത്തെ ലോക ചാംപ്യൻഷിപ് ആരംഭിക്കുന്നതിനു മുൻപ് സിന്ധുവിന്റെ ദക്ഷിണ കൊറിയക്കാരി കോച്ച് കിം ജി ഹ്യുൻ പറഞ്ഞത് ഇങ്ങനെ. കിമ്മിന്റെ വാക്കുകൾ അച്ചട്ടായി. ‘ഫൈനൽപ്പേടിയുടെ’ പേരിൽ പഴികേട്ടിരുന്ന സിന്ധുവിനു മുന്നിൽ ഇക്കുറി ഒകുഹാര പച്ച തൊട്ടില്ല. ഫൈനലിനിടെ, ഇന്ത്യൻ പരിശീലകൻ പി.ഗോപീചന്ദിനൊപ്പമിരുന്നു സിന്ധുവിനെ ഉത്തേജിപ്പിച്ച അതേ കിമ്മാണു സ്വർണം എത്തിപ്പിടാക്കാനുള്ള ‘മരുന്ന്’ സിന്ധുവിനു കുറിച്ചു കൊടുത്തതും!

ഈ വർ‌ഷം ആദ്യം മുതൽ കിമ്മിനു കീഴിലായിരുന്നു സിന്ധുവിന്റെ പരിശീലനം. ഗോപീചന്ദിനെക്കാളേറെ ഇക്കാലയളവിൽ സിന്ധുവിനെ നിയന്ത്രിച്ചിരുന്നതും കിം തന്നെ. സിന്ധുവിനു കായികശേഷിയുണ്ടെങ്കിലും കൈമിടുക്കിലെ പോരായ്മയാണു തിരിച്ചടി എന്നായിരുന്നു കിമ്മിന്റെ കണ്ടെത്തൽ. കിമ്മിന്റെ ശിക്ഷണത്തിൽ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാമെന്ന സിന്ധുവിന്റെ സ്വപ്നത്തിനു കൂടിയാണ് രാജിയോടെ തിരിച്ചടിയായത്.

കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ആണ് മരിച്ചത്. ഡൽഹി സ്വദേശിനിയാണ്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക വിവരം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിലെ സി ബ്ലോക്ക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ഒന്നാം വർഷ പരീക്ഷയിൽ രണ് വിഷയങ്ങൾക്ക് തോറ്റിരുന്നു. പിന്നീട് ഇന്ന് റിവാല്യൂവേഷൻ ഫലം പുറത്തുവന്നപ്പോഴും മാർക്കിൽ വ്യത്യാസം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാൽ കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നും മറ്റു ദുരൂഹതയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം അമൃത ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ എത്തിയ ഉടൻ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെ അയയ്ക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്നം ഇന്ന് പൂവണിയും. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഒപ്പമുണ്ടാകും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പിന് യുഎഇ ഒരുങ്ങി. സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടും. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.

യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ എത്തിച്ചു.

സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. 6 മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നു പ്രതീക്ഷിക്കുന്നു. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ ഒപ്പം യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി അറബ് ലോകത്തുനിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെതാരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ആണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. എന്നാൽ, ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറിയാൽ തടയുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്.

പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം പിറവം സെന്റ് മേരിസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഓർത്തഡോക്സ് വിഭാഗം താല്‍കാലികമായി പിന്മാറിയിരുന്നു. പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് പള്ളിയിൽ പ്രവേശിക്കാതിരുന്നതെന്നും ബുധനാഴ്ച പള്ളിയിൽ പ്രവേശിക്കുമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കിയിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സർക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അച്ഛൻ കെ സി ഉണ്ണി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സം​ഗീത സംവിധായകൻ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോട് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്കറിന്റെ ബന്ധുക്കൾ തള്ളുകയാണ്. ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി നൽകിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കാമെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും.

പാകിസ്താനില്‍ അനുഭവപ്പെട്ട് വന്‍ ഭൂചലനത്തില്‍ എട്ട് മരണവും 300-ലധികം ആളുകള്‍ക്ക് പരിക്ക് ഏറ്റതായും പാക് മാധ്യമം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇസ്ലാമാബാദ്, പാക് അധീന കാശ്മീരിലെ മിറാപൂര്‍, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, സിയാകോട്ട്, സര്‍ഗോദ, മല്‍ഷേറാ, ഗുജറാട്ട്, ചിത്രല്‍, മാല്‍ഖണ്ഡ്, മുള്‍ട്ടാന്‍, ഷാങ്‌ല, ബാജൂര്‍, സ്വാട്ട്, സഹിവാള്‍, റഹിം യാര്‍ ഖാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

എട്ട്-പത്ത് സെക്കന്‍ഡോളം പ്രകമ്പനം സൃഷ്ടിച്ച ഭൂചലനത്തില്‍ വടക്കന്‍ പാകിസ്താനിലെ ഒട്ടേറെ റോഡുകളും വാഹനങ്ങളും കെട്ടിടങ്ങളും നശിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. കാശ്മീരിലും, ചണ്ഡിഗണ്ഡിലും ന്യൂഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ എത്തി.

സ്വകാര്യ ഭൂചലന നീരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബര്‍ പഷ്തൂണ്‍ പ്രദേശങ്ങളിലും വന്‍ ഭൂചലനമുണ്ടായി എന്നാണ്. 173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം.

 

RECENT POSTS
Copyright © . All rights reserved