Latest News

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച്‌ മോഹന്‍ലാലിന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഗുരുതര പിഴവ് വന്നതിന്റെ പേരില്‍ ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍.

ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജീവിച്ചിരിക്കുന്ന മോഹന്‍ലാലിന്റെ അമ്മയെ കുറിപ്പില്‍ മരിച്ചതായി പരാമര്‍ശിച്ചതുള്‍പ്പെടെ കുറിപ്പ് പ്രസിദ്ധീകരിച്ചതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തിയാണ് നടപടി.

ശനിയാഴ്ച പത്രത്തില്‍ ‘അമ്മ പൊന്നമ്മ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സാരമായ തെറ്റ് സംഭവിച്ചത്. “രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്ന ഭാഗത്താണ് അതീവ ഗുരുതരമായ തെറ്റ് സംഭവിച്ചത്.

വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായതിനെ തുടർന്ന് ഞായറാഴ്ച സംഭവിച്ച പിശകുകളില്‍ പത്രം നിർവ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റർ അനില്‍ കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്

സാലിസ്ബറി സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന ആ പുണ്യ ദിനം അതേ ഒരു കൂട്ടായ്മ മാത്രമായിരുന്ന ഈ സമൂഹത്തെ ഒരു മിഷൻ ആയി പ്രഖ്യപിക്കണമേ എന്ന ആദ്യ ആഗ്രഹം (19/09/2024) വ്യാഴാഴ്ച വൈകിട്ട് നടന്നു. മിഷൻ പ്രഖ്യാപനത്തിനായി സാലിസ്ബറിയിലേക്ക് കടന്നു വന്ന സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനും പിതാവുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ മിഷൻ ഡയറക്ടർ ഫാ. തോമസ് പറക്കണ്ടത്തിൽ അച്ചൻ കത്തിച്ച മെഴുകുതിരി നൽകിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിനെ കൈക്കാരൻമാരായ ബോസ്സും ,ജയ്സണും ബൊക്കെ നൽകിയും സ്വീകരിച്ചു. തുടർന്ന് സീറോ മലബാർ സഭയുടെ സുറിയാനി ഭാഷയിലുള്ള ഔദ്യോഗിക ഗാനം രാജേഷ് ടോമിൻ്റെ നേതൃത്വത്തിലുള്ള ക്വയർ സംഘം പാടി പള്ളിയിലേയ്ക്ക് സ്വീകരിച്ചു.

അഭിവന്ദ്യ പിതാക്കൻമാരെയും ബഹുമാനപ്പെട്ട വൈദികരെയും വിശിഷ്ഠാതിഥികളെയും വന്നുചേർന്ന മുഴുവൻ വിശ്വസ സമൂഹത്തെയും ബഹുമാനപ്പെട്ട തോമസ്സച്ചൻ സ്വാഗതം ചെയ്തു . തുടർന്ന് സാലിസ്ബറി കൂട്ടായ്മയെ “OUR LADY OF IMMACULATE CONCEPTION എന്ന നാമകരണം നൽകി മിഷൻ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ കൽപന പിതാവിൻ്റെ സെക്രട്ടറി ബഹുമാനപ്പെട്ട റവ: ഡോ. ടോം ഓലിക്കരോട്ട് അച്ചൻ വായിക്കുകയും തുടർന്ന് മിഷൻ ഡയറക്ടർ തോമസ്സ് പാറക്കണ്ടത്തിൽ അച്ചനും കൈക്കാരൻമാരായ ബോസ്സ് ചാക്കോ, ജയ്സൺ ജോൺ എന്നിവർ ചേർന്ന് മേജർ ആർച്ച്ബിഷപ്പിൽ നിന്നും ബൂള സ്വികരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന ദിവ്യബലിയ്ക്ക് അഭിവന്ദ്യമേജർ ആർച്ച്ബിഷപ് മാർ റാഫൽ തട്ടിൽ പിതാവും,ജോസഫ് സ്രാമ്പിക്കൽ പിതാവും ചേർന്ന് ബലിയർപ്പിച്ചു ഫാദർ മാത്യു തുരുത്തിപള്ളി, ഫാദർ ഡോ . റ്റോം ഓലിക്കരോട്ട്, ഫാദർ തോമസ്സ് പാറക്കണ്ടത്തിൽ, ഫാദർ ജോൺ പുളിന്താനം, ഫാദർ ബിനോയി അമ്പഴത്തിനാൽ, ഫാദർ അബിൻ കൊച്ചു പുരയ്ക്കൽ തുടങ്ങിയവർ സഹകാർമ്മികരുമായിരുന്നു. വിശുദ്ധബലിമദ്ധ്യേ മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകുകയും എത്രയും പെട്ടെന്നു തന്നെ മിഷൻ ഇടവകയായി തിരുവൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവും സാലിസ്ബറി കൂട്ടായ്മയെ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും മിഷൻ എത്രയും വേഗം ഇടവകയായി തീരുവാൻ വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

കുർബാനയ്ക്കും മറ്റും ഗാനങ്ങൾക്ക്‌ രാജേഷ് ടോം,ജോബിൻജോൺ, ജ്യോതി മെൽവിൻ, ജാക്കുലിൻ എന്നിവർ ആണ് നേതൃത്വം നൽകിയത്. കൈക്കാരൻ ബോസ്സ് അഭിവന്ദ്യ പിതാക്കൻമാർക്കും . വിശിഷ്ടാതിഥികൾക്കും സമൂഹത്തിനും നന്ദിയും പറഞ്ഞു.

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രസ്റ്റ് ക്യാൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന ആറിനെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചതായി അറിയിക്കുന്നു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.. .

ദയവായി ഈ ഓണകാലത്ത് നിങ്ങളുടെ ഒരു ചെറിയ സഹായം ഇവർക്കു നൽകി സഹായിക്കണമെന്ന് ഞങ്ങൾ വിനയപൂർവം അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നൽകുക. ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികൾ ചെയ്തു നന്നായി മുൻപോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്‌നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് ..

ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ്റ് ക്യൻസറിനു ചികിൽസിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം ,ദയവായി ഇവരെ നിങ്ങൾ കൈവിടരുത്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോഴിക്കോട് ചെറുവള്ളൂർ തടത്തിൽ ജയ്പാൽ നൻപകാട്ട് കുവൈത്തിൽ നിര്യാതനായി. കുവൈത്ത് എൻസിആർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു പ്രായം.

കുവൈത്തിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിലെ അധ്യാപിക രേഖാ ജയ്പാൽ ആണ് ഭാര്യ. മക്കൾ: ആദിത്യ ജയ്പാൽ മായാ ജയ്പാൽ.

ജയ്‌പാൽ നൻപകാട്ടിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ്് റിക്രൂട്ടമെന്റ് നടക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ആ കമ്ബെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. CAP-ല്‍ പങ്കെടുക്കാന്‍ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്.

കമ്ബെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലാഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ന്യൂസിലാന്‍ഡിലെ നഴ്‌സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും. റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബറിലും അറിയിക്കാവുന്നതാണ്.

ജോലിക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ആറാളുടെ പേരിൽ തമിഴ്‌നാട് പോലീസ് കേസെടുത്തു. സെയ്ദാപ്പേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. ചലച്ചിത്രനിർമാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസാണ്‌ (27) പരാതി നൽകിയത്.

സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ പാർവതി നായരുടെ വീട്ടിലെ ജോലികളിലും സുഭാഷ് സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്ത് വീട്ടിൽ മോഷണം നടന്നെന്നും സുഭാഷിനെ സംശയമുണ്ടെന്നും കാണിച്ച് പാർവതി നായർ പോലീസിൽ പരാതിനൽകിയിരുന്നു. സുഭാഷ് അറസ്റ്റിലായി.

നടിയും സുഹൃത്തുക്കളും ചേർന്ന്‌ തന്നെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നുകാണിച്ച് സുഭാഷും പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

വീട്ടിൽനിന്ന് ഒൻപതുലക്ഷം രൂപയും ഐ ഫോണും ലാപ് ടോപ്പും കാണാതായതിനെത്തുടർന്നാണ് പോലീസിൽ പരാതിനൽകിയതെന്നും സുഭാഷിനെ മർദിച്ചിട്ടില്ലെന്നുമാണ് പാർവതി നായർ പറയുന്നത്.

നടിയും സുഹൃത്തുക്കളായ ഇളങ്കോവൻ, സെന്തിൽ, അരുൾ മുരുകൻ, അജിത് ഭാസ്കർ, രാജേഷ് തുടങ്ങിയവരും ചേർന്നാണ് മർദിച്ചതെന്നാണ് സുഭാഷ് പരാതിയിൽ പറയുന്നത്.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തില്‍ മഴ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും മ്യാന്മാറിന് മുകളിലുമായി രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് വീണ്ടും മഴ മുന്നറിയിപ്പിന് കാരണം.

ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനത്തില്‍ നാളെയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കേരളത്തില്‍ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നടന്‍ മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരടക്കം ഏഴുപേര്‍ക്കെതിരെ പീഡനപരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് തമിഴ്നാട് പോലീസിന് കൈമാറണോ എന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. 16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെണ്‍കുട്ടി മൊഴി നൽകിയത്.

സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് കേസ് കൈമാറണോ എന്നകാര്യം പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച്‌ കേസിലെ തുടര്‍നടപടികളിലേക്ക് കടക്കാമെന്നാണ് റൂറല്‍ പോലീസിന്റെ തീരുമാനം.

ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയില്‍ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തുടര്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതോടെ റൂറല്‍പോലീസ് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി.

ഇവിടെത്തന്നെ അന്വേഷണം നടത്താമെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണസംഘം കേസിന്റെ തുടര്‍നടപടികളിലേക്ക് കടക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്നാട് പോലീസാണെന്ന നിര്‍ദേശം ലഭിച്ചാല്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറും.

അതിനിടെ, പരാതിക്കാരിയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച്‌ പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി.

നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പോക്സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.

അതേസമയം, സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രണ്ട് കേസുകള്‍ കൂടി ഏറ്റെടുത്തു. കൊച്ചി ഇന്‍ഫോ പാര്‍ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയത്.

ജൂനിയര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരാതിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.

ഇവരില്‍ രണ്ട് പേര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട് ക്രൂ അംഗങ്ങള്‍ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളായ രണ്ടു ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തത്. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നത് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആശ പറയുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറന്‍സിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്ബതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്. കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം പൂരം കലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് എം. ആർ അജിത്കുമാർ ആണെന്നാണ് പി.വി അൻവർ എംഎൽഎയും പ്രതിപക്ഷവും ആരോപിക്കുന്നത്. യുഡിഎഫും എൽഡിഎഫിലെ മറ്റുകക്ഷികളും റിപ്പോർട്ടിനോട് എങ്ങ​നെ പ്രതികരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അന്വേഷണ റിപ്പോർട്ട് 24 ന് മുമ്പ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാൻ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് ഉയർന്ന ആരോപണം.

RECENT POSTS
Copyright © . All rights reserved