നടന്‍ മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരടക്കം ഏഴുപേര്‍ക്കെതിരെ പീഡനപരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് തമിഴ്നാട് പോലീസിന് കൈമാറണോ എന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. 16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെണ്‍കുട്ടി മൊഴി നൽകിയത്.
സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് കേസ് കൈമാറണോ എന്നകാര്യം പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് കേസിലെ തുടര്‍നടപടികളിലേക്ക് കടക്കാമെന്നാണ് റൂറല്‍ പോലീസിന്റെ തീരുമാനം.
ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയില്‍ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തുടര്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതോടെ റൂറല്‍പോലീസ് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി.
ഇവിടെത്തന്നെ അന്വേഷണം നടത്താമെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണസംഘം കേസിന്റെ തുടര്‍നടപടികളിലേക്ക് കടക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്നാട് പോലീസാണെന്ന നിര്‍ദേശം ലഭിച്ചാല്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറും.
അതിനിടെ, പരാതിക്കാരിയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി.
നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പോക്സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.
അതേസമയം, സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രണ്ട് കേസുകള്‍ കൂടി ഏറ്റെടുത്തു. കൊച്ചി ഇന്‍ഫോ പാര്‍ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയത്.
ജൂനിയര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരാതിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.
ഇവരില്‍ രണ്ട് പേര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട് ക്രൂ അംഗങ്ങള്‍ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളായ രണ്ടു ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തത്. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.
മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നത് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആശ പറയുന്നു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറന്‍സിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്ബതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്. കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
അതേസമയം പൂരം കലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് എം. ആർ അജിത്കുമാർ ആണെന്നാണ് പി.വി അൻവർ എംഎൽഎയും പ്രതിപക്ഷവും ആരോപിക്കുന്നത്. യുഡിഎഫും എൽഡിഎഫിലെ മറ്റുകക്ഷികളും റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അന്വേഷണ റിപ്പോർട്ട് 24 ന് മുമ്പ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാൻ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് ഉയർന്ന ആരോപണം.
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ സംഗീതം നല്കി പുരസ്കാര സമർപ്പണ വേദിയിൽ പ്ളേ ചെയ്താണ് സംഘാടകർ യുവകവികളെ ആദരിച്ചത്.
മുതിർന്നവർക്കായി ‘പ്രൗഡ്’, കുട്ടികൾക്കായി ‘യുവക് ‘ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി. യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തിൽ എൻട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ ആഭിമുഖ്യത്തിൽ സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ സെപ്റ്റംബർ 7 ന് സംഘടിപ്പിച്ച ചടങ്ങിലാണ് സാഹിത്യ ക്ളബ്ബിൻ്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ലോക കേരള സഭാ മെമ്പർ ഡോ. ജോജി കുര്യാക്കോസ് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഫോക്കസ് ഫിൻഷുവർ മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ്, സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ളിനിക്സ് ഹൾ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎംപി ഹൾ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് കോർഡിനേറ്റർ ബിനോയി ജോസഫ് ക്ളബ്ബിൻ്റെ ഭാവി പരിപാടികൾ വിശദീകരിച്ചു.
കവിതാ പുരസ്കാര വിതരണ ചടങ്ങിൻ്റെയും വിജയികളുടെ കവിതകളും ഉൾപ്പെടുത്തിയ യുട്യൂബ് ലിങ്ക്
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2024’ പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകളിൽ ഉൾപ്പെട്ട ദുരിതബാധിതർക്കും ജീവൻ നഷ്‌ടപ്പെട്ടവർക്കും പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ട് ‘പൊന്നോണം 2024’ ന് ആരംഭമായി. സർഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നൽകിയിരുന്നു. തുടർന്ന് ഓണാനുബന്ധ ദൃശ്യാവിഷ്കാര പ്രദർശനം നടന്നു.
പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച് തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നൻ ആഗതനായപ്പോൾ ആർപ്പോ വിളിച്ചും ഹർഷാരവം മുഴക്കിയും ആവേശോജ്ജ്വല സ്വീകരണമാണ് സദസ്സ് നൽകിയത്. തുടർന്ന് സർഗം ഭാരവാഹികൾ മാവേലിയോട് ചേർന്ന് ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സർഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
‘തിരുവോണം’ പ്രമേയമാക്കി നൃത്ത ശകലങ്ങൾ കോർത്തിണക്കിയും, കഥകളി സമന്വയിപ്പിച്ചും നടത്തിയ ‘വെൽക്കം ഡാൻസും’, ഓണ വേഷ വിധാനങ്ങളുടെ കടൽ കടന്ന സൗന്ദര്യം ഒപ്പിയെടുത്ത് ചരിതം കുറിച്ച ‘ഫാഷൻ ഷോ’യും, ഗാനാനുഭൂതിയും, സംഗീത സാന്ദ്രതയും പകർന്ന ‘മെഡ്ലി’യും, ‘മെഗാ തിരുവാതിര’യും ‘പൊന്നോണം 2024’ നെ വർണ്ണാഭമാക്കി. ‘സ്റ്റീവനേജ് പയ്യൻസ്’ അവതരിപ്പിച്ച നൃത്താഞ്ജലിയും, ‘നൃത്തം ഡാൻസ് അക്കാദമി’ ഒരുക്കിയ ഡാൻസുകളും, ‘ജയൻ’ഫാൻസൊരുക്കിയ ‘ബെൽബോട്ടംസ് ‘ സ്കിറ്റും ആഘോഷത്തിന് കൊഴുപ്പേകി.
ഓണപ്പരിപാടികളുടെ ഏറ്റവും ഹൈലൈറ്റായ 25 ഇനം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയ ‘ഓണ സദ്യ’ മുഖ്യാതിഥി സ്റ്റീവനേജ് മേയർ ജിം ബ്രൗണും, ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കലും അടക്കം ഏവരും ഏറെ ആസ്വദിച്ചു കഴിച്ചു. ഓണസദ്യയ്ക്ക് ശേഷം മുഖ്യാതിഥിയായ മേയർ ജിം ബ്രൗൺ, അതിഥികളായ ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കൽ, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവരെ സർഗ്ഗം ഭാരവാഹികൾ സ്റ്റേജിലേക്ക് സ്വീകരിച്ചാനയിക്കുകയും തുടർന്ന് മേയറും, അഡ്വ.എബിയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റൺ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ച ജെഫ് അനി ജോസഫ്, യുക്മ സംഘടിപ്പിച്ച നാഷണൽ അത്‌ലറ്റിക്ക് മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ, എ-ലെവൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ നിഗ്ഗി ജേക്കബ്, ജിസിഎസ്ഇ യിൽ ഉയർന്ന ഗ്രേഡ് കിട്ടിയ ജോഷ് ജിസ്റ്റിൻ, ‘പുഷ്‌പരഹിത പൂക്കളം’ ഒരുക്കിയ ബിജു തങ്കപ്പൻ എന്നിവർക്ക് ട്രോഫിയും കാഷ് പ്രൈസും മേയർ വിതരണം ചെയ്തു. സർഗ്ഗം ഭാരവാഹികൾ മേയർക്ക് ‘കഥകളി മെമന്റോ’ ഉപഹാരമായി നൽകുകയും ചെയ്തു. ആകർഷകങ്ങളായ കലാപരിപാടികൾ കണ്ടും ആസ്വദിച്ചും മണിക്കൂറുകൾക്കു ശേഷമാണ് അതിഥികൾ വേദി വിട്ടത്. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശനം നിർവ്വഹിച്ചു.
സത്യൻ തമ്പി, ടെസ്സി ജെയിംസ് എന്നിവർ അവതാരകരായി തിളങ്ങി. ദീപു ജോർജ്ജ് , റോബിൻ കോയിക്കര, ബോണി എന്നിവർ പ്രോഗ്രാം ഫോട്ടോഗ്രാഫി &വിഡിയോഗ്രഫിക്കു നേതൃത്വം നൽകി. ആതിര ഹരിദാസ്, അനിതാ, ബെല്ലാ ജോർജ്ജ്, അൽക്ക എന്നിവർ കലാപരിപാടികൾക്കുള്ള പരിശീലനങ്ങളിലും ഒരുക്കുന്നതിനും നേതൃത്വം വഹിച്ചു. മഹാബലിയായി ജെഫേഴ്സൺ, പുലിവേഷത്തിൽ നോയൽ & ടീമും, ചെണ്ടമേളം ഫെയിം ‘സർഗ്ഗ താളം സ്റ്റീവനേജ്’, പ്രവേശന കവാടം അടക്കം ആകർഷകവും തനിമയാർന്നതുമായ അലങ്കാരങ്ങൾ ഒരുക്കി ഹരിദാസ് തങ്കപ്പൻ എന്നിവർ ആഘോഷത്തിന് ഊർജ്ജം പകർന്നു.
വൈസ് ഫിനാൻഷ്യൽ സർവ്വീസസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്സ്, സെവൻസ് ട്രേഡേഴ്സ്, കറി വില്ലേജ് എന്നിവർ സർഗ്ഗം പൊന്നോണം 2024 നു പ്രായോജകരായിരുന്നു.
ലക്ഷ്മിത പ്രകാശിന്റെ കീബോർഡ്, ആൻറണി ടോം, ഇവാ അന്ന ടോം, ടിന തോംപ്സൺ എന്നിവരുടെ ഗാനാലാപനവും, വൈഗാ വിവേകിന്റെ ഡാൻസിനും ശേഷം നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി എന്നിവർ ചുവടുവെച്ചു. അഞ്ജു ടോംമും നിസ്സി ജിബിയും ചേർന്ന് പാടിയ യുക്മ ഗാനം, ഇഷ ബിപിൻ നായർ നടത്തിയ നൃത്തവും ആകർഷകമായി. നവ തലമുറയിൽ നിന്നുള്ള മാത്യൂസ്, ഷെർവിൻ, ക്രിസ്, ജൊഹാൻ, അദ്വൈത തുടങ്ങിയവർ നേതൃത്വം നൽകി മുതിർന്നവരോടൊപ്പം തകർത്തടിച്ച ‘സർഗ്ഗതാളം ചെണ്ടമേളം’ ഏറെ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.
ബെല്ലാ ജോർജ്ജ്, ഹൃദയ, ടെസ്സ, കഥകളി ആർട്ടിസ്റ്റ് ഷാനിക എന്നിവർ തീം ഡാൻസിനു മിഴിവേകി. നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി സൈറാ സുനിൽ, മരിസ്സ ജോസഫ്, റീത്ത്, ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജിനേഷ് എന്നിവർ നൃത്തം ചെയ്തു. വേദിയിൽ സംഗീതസാന്ദ്രത പകർന്ന മെഡ്‌ലിക്കായി തേജിൻ തോമസ്, ജോസ് ചാക്കോ, ജെസ്ലിൻ വിജോ, ആതിര ഹരിദാസ്, ഡോ.ആരോമൽ എന്നിവർ ഗാന ശകലങ്ങൾ കോർത്തിണക്കി ആലപിച്ചു. എൽഇഡി സ്ക്രീനിലൂടെ പകർന്ന പശ്ചാത്തല ദൃശ്യ മാസ്മരികത ആഘോഷത്തിന് വശ്യത പകർന്നു.
ആദ്യ ആദർശ്, ഇവാ അന്ന,ആന്റണി ടോം എന്നിവരും, അദ്വ്യത ആദർശ്, അക്ഷര സന്ദീപ് എന്നിവരും, ആതിര ഹരിദാസ്, ടെസ്സി ജെയിംസ്, ശാരിക, അനഘ എന്നിവർ ചേർന്നും നടത്തിയ സംഘനൃത്തം വർണ്ണാഭമായി. ആൻ വർഗ്ഗീസ്, ആൻ മരിയ അജിമോൻ, ദിയ സെബാസ്റ്റ്യൻ, നിന ലൈജോൺ, നിയ ലൈജോൺ, ക്രിസ്സി ജിസ്റ്റിൻ, ജിഗിഷ മനോജ് ,ഡേവിഡ് വിജോ, ജെന്നി വിജോ, ലക്സ്മിത പ്രശാന്ത്, അമേയ എന്നിവരുടെ സംഘനൃത്തങ്ങൾ ആഘോഷത്തിന് മാറ്റേകി. ടിന തോംസൺ അവതരിപ്പിച്ച ഡാൻസ് ആകർഷകമായി.
സരോ സജീവിന്റെ നേതൃത്വത്തിൽ നടന്ന മെഗാ തിരവാതിര ശ്രദ്ധേയമായി. ‘സ്റ്റീവനേജ് പയ്യൻസ്’ നു വേണ്ടി നോയൽ മാത്യു, ജോഷ് ജിസ്റ്റിൻ,ക്രിസ് ബോസ്, കൃഷ്ണ കുമാർ, ആൽബി ഷൈൻ,ജെഫ് അനി എന്നിവർ നിറഞ്ഞാടി. സെമി ക്ലാസ്സിക്കൽ ഡാൻസുമായി ടെസ്സ അനിയും, ജോസ് ചാക്കോ, മരിയ അനി, തേജിൻ തോമസ്, ടാനിയ അനൂപ് എന്നിവർ ഗാനങ്ങളുമായും വേദിയെ കീഴടക്കി. ജോസ് ചാക്കോ-ജെസ്ലിൻ വിജോ പാടിയ യുഗ്മ ഗാനം ഏറെ ഹൃദ്യമായി.
അഞ്ജലി ജേക്കബിന്റെ നേതൃത്വത്തിൽ ക്രിസ് ബോസ്, ഷെർവിൻ ഷാജി, അഖിൽ ജേക്കബ്, പോൾ പ്രിൻസ്, മനു തോമസ്, ലിജിൻ റോക്കി അലീന ബോസ്, ജീത്ത് ജോസ്, ആൻ സൂസൻ പോൽ,ബിയ മെറിൻ എന്നിവർ ചേർന്നവതരിപ്പിച്ച സംഘ നൃത്തം വേദിയെ കോരിത്തരിപ്പിച്ചു. സദസ്സിനു ഹാസ്യരസം പകർന്ന ജയൻ ഫാൻസൊരുക്കിയ ‘ബെൽബോട്ടംസ്’ സ്കിറ്റിനു പ്രിൻസൺ പാലാട്ടി, ലൈജോൺ ഇട്ടീര, ഡിക്‌സൺ മാത്യു, തോംസൺ, ഹരിദാസ് തങ്കപ്പൻ, ടെറീന ഷിജി, വിൽസി പ്രിൻസൺ അജീന എന്നിവർ വേഷമണിഞ്ഞു.
പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരൻ, ട്രഷറർ ജെയിംസ് മുണ്ടാട്ട്, വൈസ് പ്രസിഡണ്ട് വിൽസി പ്രിൻസൺ, ജോ.സെക്രട്ടറി പ്രവീൺ തോട്ടത്തിൽ, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ, നന്ദു കൃഷ്ണൻ, നീരജ പടിഞ്ഞാറയിൽ എന്നിവർ പൊന്നോണം 2024 നു നേതൃത്വം നൽകി.
ഗംഗ. പി
ഈ വർഷത്തെ മലയാളംയുകെ ഓണം സ്പെഷ്യലിൽ ധാരാളം കഥകളും യാത്രാവിവരണവും ലേഖനവും കവിതകളുമുണ്ട്. ഓരോന്നും പുതുമയാർന്നതും വ്യത്യസ്തതയുമുള്ളതാണ്. ഓണത്തിന്റെ ഓർമ്മകളും മാത്രമല്ല വിവിധതര പ്രമേയങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന എഴുത്തുകളിൽ ഞാൻ വായിച്ച ഏതാനും ചില കഥകളും കവിതകളും എടുത്തു പറയേണ്ടതാണ്.
റ്റിജി തോമസിന്റെ “തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ “എന്ന കഥയാണ് ആദ്യമായി ചൂണ്ടി കാട്ടേണ്ടത്. സത്യമേത് കഥയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കുഴയ്ക്കുന്ന തിലകവതിയെന്ന പെൺകുട്ടിയുടെ കഥ. സ്വന്തം വേര് തേടിയുള്ള ഏതൊരു മനുഷ്യന്റെയും യാത്രയായി കാണാം. ഇന്നും മനുഷ്യൻ സ്വന്തം അസ്തിത്വം തിരയുന്ന സാഹചര്യത്തിൽ, ഏതൊരു കാലഘട്ടത്തിലും പ്രസക്തമായ പ്രമേയമാണ്.
“നന്മയുടെ ഓണം എന്ന രാജു കാഞ്ഞിരങ്ങാടിന്റെ കവിത. ഓണത്തിന്റെ നല്ല ഓർമ്മകൾ പകരുന്നതിനൊപ്പം തന്നെ സമൂഹത്തിന്റെ തിന്മയും വറ്റാത്ത നന്മയും കാട്ടി തരുന്നു. ആരുമില്ലാത്തവളെ ചേർത്തു പിടിക്കേണ്ട സമൂഹം തന്നെ അവളെ ചൂഷണം ചെയ്യുന്നു. നന്മയുടെ അംശം അവശേഷിക്കുന്നതിന്റെ തെളിവാണ് ഇതിലെ കഥാപാത്രമായ അമ്മ, ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഓണക്കോടി സമ്മാനിക്കുന്നത്.
ഓണക്കാലത്തെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതാണ് ശ്രീകുമാരി അശോകൻ എഴുതിയ “ഓണത്തുമ്പി പാടൂ നീ “എന്ന കവിത. അതുപോലെ” മാമ്പഴം “എന്ന കവിതയെ കൂടി അനുസ്മരിപ്പിക്കുന്നതാണ് ജേക്കബ് പ്ലാക്കന്റെ കവിത “ഓർമ്മപ്പൂക്കൾ “.ബാബുരാജ് കളമ്പൂരിന്റെ “തപ്തശ്രാവണം ” എന്ന കൃതി നഷ്ടപ്പെട്ടു പോയ ഓണക്കാലവും നന്മയും സന്തോഷവും കൃഷിയും ഓണം ബന്ധപ്പെട്ട എല്ലാത്തിനെയും ഓർമ്മപ്പെടുത്തുന്നു. അവ തിരികെ കിട്ടില്ലെന്ന തിരിച്ചറിവിൽ,എങ്കിലും തിരികെ കിട്ടാനായി ആശിക്കുന്ന മനസ്സിന്റെ വെമ്പലും മനോഹരമായി അവതരിപ്പിക്കുന്നു.
പ്രണയത്തിലെ ചതിയും പ്രതികാരവും അതിന്റെയിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ് ഡോ. മായാഗോപിനാഥിന്റെ “പ്രണയനീലം “എന്ന കഥ. പ്രണയത്തിന്റെ ഇരുണ്ടമുഖം കൂടി തുറന്നു കാട്ടുന്നു.
കേരളത്തിൽ കോളിക്കം സൃഷ്ടിച്ച ഒരു റിപ്പോർട്ടും അതിനു പിന്നാലെയുള്ള ചില വെളിപ്പെടുത്തലുകളും പാതാളത്തിൽ വസിക്കുന്ന മാവേലിയെ പോലും പേടിപ്പെടുത്തി. സത്യങ്ങൾക്ക് ഇടയിലെ അസത്യങ്ങൾ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ചില നുണകഥകളും മാധ്യമങ്ങളുടെ കച്ചവടക്കണ്ണും വയനാട്ടിലെ ദുരന്തത്തിന്റെ ഓർമ്മപെടുത്തലും സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന് ഇടയിൽ ഓണവും വരവായി. സമൂഹത്തിലേക്ക് കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ കഥ തന്നെയാണ് ഷിജോ തോമസ് ഇലഞ്ഞിക്കലിന്റെ “മഹാബലി കമ്മീഷൻ റിപ്പോർട്ട് “.
പ്രൊഫ. കവിയൂർ ശിവപ്രസാദിന്റെ എഴുത്ത് നമുക്ക് ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നു. ഓണസങ്കൽപ്പവും ഓണത്തെ കുറിച്ചുള്ള പല രേഖകളിലുള്ള പരാമർശവും ബുദ്ധമതസ്വാധീനവും സംഭാവനകളും ആര്യന്മാരുടെ അധിനിവേശവും ഓണം ബന്ധപ്പെട്ട കളികളിൽ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും എന്നു വേണ്ട ഓണത്തെ പറ്റിയുള്ള ചരിത്രം തന്നെ ഗ്രഹിക്കാൻ സാധിക്കും.
കലാലയജീവിതത്തിലെ ഓണാഘോഷ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഓർമ്മകുറിപ്പാണ് ഡോ. ഐഷ. വിയുടെ “കലാലയ കാലത്തെ ഒരു ഓണാഘോഷം “. പല നാട്ടുകാരായ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം യഥാർത്ഥത്തിൽ ഒത്തൊരുമയുടെ പ്രതീകമാണ്. ഒപ്പം ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വവും വടക്കൻ കേരളത്തിലെ സദ്യയും എല്ലാം കൊണ്ടും സമ്പന്നമായ ഓണം.
കെ. ആർ. മോഹൻദാസിന്റെ “കാവിലെ സന്ധ്യ”എന്ന കഥ വായിച്ചു കഴിയുമ്പോൾ ഗ്രാമത്തിലെ വേനലാവധിക്കാല ഓർമ്മകൾ മാത്രമല്ല ഒടുവിൽ ചേച്ചിയുടെ പോലെ തന്റെയും പ്രണയത്തിനായിട്ടുള്ള കാത്തിരിപ്പ് തുടങ്ങുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്.
തിരിച്ചറിയാതെ പോകുന്നയൊരു പ്രണയത്തിന്റെ കഥയാണ് “പെയ്തൊഴിയാതെ “എന്ന തന്റെ കഥയിലൂടെ സതീഷ് ബാലകൃഷ്ണൻ നമ്മളോട് പറയുന്നത്. ചില മനുഷ്യർക്ക് തനിക്ക് ചുറ്റുമുള്ള ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല. അതേസമയം സുജാതാ അനിലിന്റെ “നീയും ഞാനും തനിച്ചാകുമ്പോൾ “എന്ന കവിത പ്രണയത്തിലെ സൗന്ദര്യത്തെ പകർന്നു തരുന്നു. പ്രണയം മനസ്സുകൾ തമ്മിലാണെന്ന് പഠിപ്പിച്ചു തരുന്ന അതിമനോഹരമായ കഥയാണ് എം. ജി. ബിജുകുമാർ പന്തളത്തിന്റെ “അമൃതവർഷിണി “.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാ രംഗത്തെ ചൂഷണങ്ങളെ ആസ്പദമാക്കി ശ്രീനാഥ് സദാനന്ദൻ എഴുതിയ കഥ “അഡ്ജസ്റ്റ്മെന്റ് “. കഴിവുള്ളവരെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിൽ എഴുതുന്ന വൈശാഖിന്റെ പ്ലാൻ ബി എന്ന കവിത വായിക്കുന്നവരിൽ ഒട്ടേറെ അർത്ഥതലങ്ങൾ ജനിപ്പിക്കുന്നതാണ്
നഗരത്തിലെ ഓണവും നാട്ടിൻപുറത്തെ ഓണവും തമ്മിൽ ഒത്തിരി അന്തരമുണ്ട്. നഷ്ടപ്പെട്ടുപോയ ഗ്രാമജീവിതവും ഓണാഘോഷവും ബാല്യവുമെല്ലാം ഓർത്തെടുക്കലാണ് അനുജ സജീവിന്റെ “പൂക്കൾ “എന്ന ചെറുകഥയിലൂടെ. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിൽ കൊതിയൂറുന്ന നാടൻ പലഹാരങ്ങളുടെയും പേരുകൾ പങ്കുവെക്കുന്നു ഡോക്ടർ എ. സി. രാജീവ് കുമാർ തന്റെ ലേഖനം “ഒറോട്ടി “യിലൂടെ. അങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത എഴുത്തുകളും പ്രമേയങ്ങളും ഇനിയും ബാക്കിയാണ്.
ഗംഗ. പി : ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം
വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ മിഷൻ നിലവിൽ വരുന്നു. സെൻറ് അൽഫോൻസാ മിഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് നടത്തും. സെപ്റ്റംബർ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങൾക്കും ഉത്ഘാടന ചടങ്ങുകൾക്കും മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നൽകും. കിത്തിലിയിലെ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
കിത്തിലി കേന്ദ്രീകൃതമായി സീറോ മലബാർ സഭയ്ക്ക് ഒരു മിഷൻ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സെന്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിന്റെ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം (MCBS ) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കിത്തിലിയിലെ സീറോ മലബാർ സമൂഹം നിലവിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷൻ കൂടി നിലവിൽ വരുന്നതോടുകൂടി വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് ഒരു പുതിയ നാഴിക കല്ലാകും.
വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികൾ നൽകിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തുമ്പോൾ കിത്തിലി ആയിരുന്നു അദ്ദേഹത്തിൻറെ ആസ്ഥാനം. കിത്തിലി നിവാസികൾ നൽകിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയിൽ വിശാലമായി കിടക്കുന്ന വെസ്റ്റ് യോർക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി. ലീഡ്സ് ആസ്ഥാനമായി വെസ്റ്റ് യോർക്ക് ഷെയറിലെ വിശ്വാസികൾ ഫാ. ജോസഫ് പൊന്നോത്തിൻ്റെ നേതൃത്വത്തിൽ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികൾ സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകളാണ് നൽകിയത്.
പുതിയ മിഷന്റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മിഷൻ ഡയറക്ടർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അറിയപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസ്റ്റു കൂടിയായ എം.എം ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15 നാണ് ജനനം.
സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ് : യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകൾക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജിൽ സീസൺ 8 നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ’ ആണ്.
യു കെ യുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിൽ പ്രശസ്തവുമായ കേംബ്രിഡ്ജിൽ ‘ദി നെതെർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാർച്ചനയുമായി നിരവധി ഗായക പ്രതിഭകൾ ഗാന വിരുന്നൊരുക്കുമ്പോൾ 7 ബീറ്റ്‌സ് സംഗീതോത്സവം നാളിതുവരെയുള്ള വർഷങ്ങളിൽ ഓ എൻ വി സാറിനായി ഒരുക്കുന്ന കലാ സമർപ്പണം കൂടിയാവും സംഗീതോത്സവം.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക് സാധിച്ചിട്ടുണ്ട്.
കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
Venue:-
The Netherhall School, Queen Edith’s Way, Cambridge, CB1 8NN
പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണവും ബള്‍ഗേറിയയില്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ല. നോര്‍ട്ട ഗ്ലോബല്‍ ബള്‍ഗേറിയയില്‍ നിന്ന് തായ്‌വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബി.എ.സി കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നത്.
അതേസമയം റിന്‍സന്‍ ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും അദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് റിന്‍സന്‍ അവസാനം നാട്ടിലെത്തിയത്. റിന്‍സന്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായാണ് നോര്‍വയിലേക്ക് പോയത്.